വള്ളം വെള്ളത്തിലായിരുന്നു
എങ്കിലും,
വള്ളത്തിന്റെയുള്ളില്‍
വെള്ളം തുള്ളിപോലുമില്ലായിരുന്നു.
ഉള്ളില്‍ വെള്ളം കയറിയാല്‍
കൊള്ളില്ലെന്നാണ്
കൂടെയുള്ളവര്‍ പറഞ്ഞിട്ടുള്ളത്.
അതുകൊണ്ടാണ്,
തന്റെ പള്ളയില്‍
പണ്ടു കൊണ്ടൊരു
മുള്ളിനെയോര്‍ത്ത്
വള്ളത്തിന്റെയുള്ളു നീറിയത്.
അങ്ങനെയിരിക്കേ ഒരുനാള്‍,
മുള്ളിന്റെ ചുറ്റുമൊരു നനവ്!
വരണ്ട ഉള്ളിനൊരു ഉണര്‍വ്!
മെല്ലെ,
നനവൊരു പുഴയായി
വള്ളത്തെ പുണര്‍ന്നു.
ഇരുണ്ട അറകളിലെല്ലാം പ്രളയം,
പ്രണയം!
പുറത്തെ വെള്ളംതന്നെ അകത്തും!
പതുക്കെ,
പതുക്കെപ്പതുക്കെ
വള്ളം വെള്ളത്തിന്റെ
ഉള്ളിലായി!
വെള്ളത്തിലലിയുമ്പോള്‍
തന്റെ മുള്ളിനെയോര്‍ത്ത്
വള്ളം ആദ്യമായി
ദൈവത്തെ സ്തുതിച്ചു!
പിന്നീട്,
വള്ളത്തെയാരും കണ്ടിട്ടില്ല.
വെള്ളമാകട്ടെ,
മുള്ളുകൊണ്ടു പള്ളകീറിയ
മറ്റൊരു വള്ളത്തെപ്പുണരാനായി
അസൂയയോടെ ഒഴുക്കുതുടര്‍ന്നു...