•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

വന്‍കുടല്‍ അര്‍ബുദം പ്രതിരോധം സാധ്യമാണോ?

രു ദിവസം അമ്പതിനുമേല്‍ പ്രായമുള്ള ഒരു വ്യക്തി ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. മൂന്നു മാസത്തോളമായി മലത്തില്‍ക്കൂടി രക്തം കുറഞ്ഞ അളവില്‍ പോകുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രശ്‌നം. മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നുംതന്നെയില്ല. ഈ ലക്ഷണങ്ങള്‍ ആദ്യം അവഗണിച്ചു. പിന്നീട് വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണു ചികിത്സ തേടിയെത്തിയത്. തനിക്കു വെറും അര്‍ശസ് അഥവാ മൂലക്കുരുവിന്റെ കുഴപ്പം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂവെന്നാണ് അദ്ദേഹം കരുതിയത്.

പ്രാഥമികപരിശോധനയ്ക്കുശേഷം കൊളോണോസ്‌കോപ്പി (വന്‍കുടലില്‍ ക്യാമറ കടത്തിയുള്ള പരിശോധന) നിര്‍ദേശിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിനു വന്‍കുടലില്‍ കാന്‍സര്‍ ആണെന്നു സ്ഥിരീകരിച്ചു.
രോഗനിര്‍ണയത്തെത്തുടര്‍ന്ന് വളരെ സങ്കീര്‍ണമായ സര്‍ജറി, റേഡിയേഷന്‍ തുടങ്ങിയ ചികിത്സകളിലൂടെ അദ്ദേഹത്തിനു കടന്നുപോകേണ്ടിവന്നു. അദ്ദേഹത്തിന്റെ അനുഭവം പ്രധാനപ്പെട്ട ഒരു ചോദ്യം ഉയര്‍ത്തുന്നു. ഈ ദുര്‍വിധി തടയാമായിരുന്നോ?
എന്താണു വന്‍കുടല്‍ കാന്‍സര്‍?
ഒറ്റവാക്കില്‍ വന്‍കുടലില്‍ വളരുന്ന അര്‍ബുദമാണ് 'കൊളോന്‍ കാന്‍സര്‍' എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യശരീരത്തില്‍ ഏകദേശം രണ്ടു മീറ്റര്‍ നീളമുള്ള വന്‍കുടലില്‍ മലദ്വാരത്തോടു ചേര്‍ന്ന ഭാഗത്താണ് കൊളോണ്‍ കാന്‍സര്‍ കൂടുതലായും കണ്ടുവരുന്നത്.
വികസിതരാജ്യങ്ങളില്‍ കുടല്‍കാന്‍സര്‍ കൂടുതലായി കണ്ടുവരുന്നു. നമ്മുടെ നാട്ടിലും അര്‍ബുദത്തിന്റെ തോത് വര്‍ദ്ധിച്ചുവരുന്നതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കുടല്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം?
മറ്റു പല ക്യാന്‍സറിനെയുംപോലെ കുടല്‍ കാന്‍സര്‍ ആദ്യഘട്ടത്തില്‍ ലക്ഷണങ്ങളൊന്നുംതന്നെ കാണിക്കാറില്ല. ഈ സമയത്ത് പരിശോധനയ്ക്കായി രോഗി ആശുപത്രിയില്‍ സാധാരണമായി എത്താറുമില്ല. പലപ്പോഴും രോഗം മൂര്‍ച്ഛിച്ചശേഷമായിരിക്കും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. 
ലക്ഷണങ്ങള്‍
1. മലബന്ധം 2. വയറിളക്കം 3. മലബന്ധവും വളറിളക്കവും മാറിമാറി വരിക. 4. വേദന 5. ആന്തരികരക്തസ്രാവം (സാധാരണ മലത്തില്‍ കലര്‍ന്ന് രക്തം പോകുന്നതായി കാണുന്നു.) 6. കുടലിനു തടസ്സം വരിക 7. ഭാരം കുറയുക 8. കലശലായ ക്ഷീണം 9. ശരീരത്തില്‍ രക്തക്കുറവ് അനുഭവപ്പെടുക.
കുടല്‍കാന്‍സര്‍ ചികിത്സിച്ചു ഭേദപ്പെടുത്തുക സാധ്യേമാ?
ചികിത്സയില്‍ നല്ല പ്രയോജനം കിട്ടുന്ന ഒരു കാന്‍സറാണ് കുടല്‍കാന്‍സര്‍. രോഗത്തിന്റെ ആദ്യഘട്ടങ്ങളിലാണെങ്കില്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്. ശസ്ത്രക്രിയ, റേഡിയേഷന്‍, കീമോതെറാപ്പി തുടങ്ങിയ പല ചികിത്സാരീതിയും ഈ രോഗത്തിനുണ്ട്. അനുയോജ്യമായ ചികിത്സാരീതി ഉപയോഗിച്ചാല്‍ രോഗത്തിന്റെ ആദ്യഘട്ടത്തില്‍ രോഗം പൂര്‍ണമായും ഭേദപ്പെടും.
കുടല്‍കാന്‍സര്‍ പ്രതിരോധം സാധ്യമോ?
തീര്‍ച്ചയായും സാധ്യമാണ്. കുടല്‍കാന്‍സര്‍ എല്ലാംതന്നെ കുടലില്‍ ചെറിയ തടിപ്പുകളായാണ്  തുടങ്ങുന്നത്. ഇതു പതുക്കെ വളര്‍ന്ന് ഒരു വലിയ മുഴയായി, കാന്‍സറായി മാറുന്നു. കുടല്‍കാന്‍സറിനു കാരണമായ ചെറിയ മുഴകളെ നാം 'പോളിപ്' എന്നു വിളിക്കുന്നു. ഈ അവസ്ഥയില്‍ നമുക്കു വളരെ ലളിതമായ ചികിത്സ, കൊളോണോസ്‌കോപ്പി പോളിപെക്ടമി വഴി  പോളിപ്പിനെ നീക്കം ചെയ്യാം. ഇതുമൂലം കുടല്‍കാന്‍സര്‍ വരാതെ തടയുകയും ചെയ്യാം.
എന്താണ് പോളിപ്?
കുടലില്‍ വളരുന്ന ചെറിയ തടിപ്പുകളാണ് പൊതുവെ പോളിപ് എന്നറിയപ്പെടുന്നത്. സാവധാനം ഈ പോളിപ് വളര്‍ന്നാണ് ഏറെക്കുറെ എല്ലാ കുടല്‍ അര്‍ബുദവും ഉണ്ടാകുന്നത്. പോളിപ് എന്ന അവസ്ഥയില്‍ കുടല്‍കാന്‍സറിനു കാരണമായ തടിപ്പുകള്‍ കണ്ടെത്തിയാല്‍ നമുക്കു പോളി പെക്ടമി എന്ന ചികിത്സയിലൂടെ കുടല്‍കാന്‍സര്‍ വരാതെ തടയാന്‍ സാധിക്കും.
എങ്ങനെ നമുക്കു പോളിപ് കണ്ടെത്താം?
ഒരു എന്‍ഡോസ്‌കോപി പരിശോധനയിലൂടെ പോളിപ് കണ്ടെത്താം. വന്‍കുടലിന്റെ എന്‍ഡോസ്‌കോപിയെ നമുക്ക് കൊളോണോസ്‌കോപി എന്നു വിളിക്കാം. ഒരു ക്യാമറ ഘടിപ്പിച്ചു കുഴലിന്റെ സഹായത്തോടെ നമ്മുടെ വന്‍കുടലിന്റെ മുഴുവന്‍ നേര്‍കാഴ്ച ഇന്നു സാധ്യമാണ്. ഇതിനെയാണ് കൊളോണോസ്‌കോപി എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത്. മലദ്വാരത്തിലൂടെയാണ് ക്യാമറ ഘടിപ്പിച്ച ട്യൂബ് ഉള്ളില്‍ കയറ്റുന്നത്. തുടര്‍ന്ന് ഏകദേശം രണ്ടു മീറ്റര്‍ വരുന്ന വന്‍കുടല്‍ മുഴുവന്‍ പരിശോധിക്കുന്നു. തടിപ്പുകള്‍, മുഴകള്‍ തുടങ്ങിയവ കൊളോണോസ്‌കോപ്പിയില്‍ വളരെ വ്യക്തമായി കാണാം.
എന്താണ് പോളിപെക്ടമി?
കൊളോണോസ്‌കോപ്പിവഴി കുടലിലെ പോളിപ് നീക്കം ചെയ്യുന്ന ചികിത്സാരീതിയാണ് പോളിപെക്ടമി. ഇങ്ങനെ നീക്കം ചെയ്യുന്ന പോളിപ് പതോളജിയിലെ ബയോപ്‌സി പരിശോധനയ്ക്കായി അയയ്ക്കുന്നു. പോളി പെക്ടമി  ചികിത്സ വളരെ ലളിതമാണ്. ഇതുവഴി നമുക്ക് വയര്‍ തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കാന്‍ സാധിക്കും. ഈ ചികിത്സയ്ക്ക് അധികം വിശ്രമം ആവശ്യമില്ല.
കൊളോണോസ്‌കോപ്പിയും പോളിപെക്ടമിയും 
സുരക്ഷിതമാണോ?
ആധുനിക വൈദ്യശാസ്ത്രശാഖയില്‍ വളരെയധികം പുരോഗമനം വന്നിട്ടുള്ള ഒരു പരിശോധനചികിത്സാരീതിയാണ് എന്‍ഡോസ്‌കോപ്പി. നൂതനമായ എന്‍ഡോസ്‌കോപ്പികള്‍ വളരെ സുരക്ഷിതമാണ്. അപൂര്‍വമായിമാത്രമാണ് കൊളോണോസ്‌കോപ്പി മുഖേന ചില പാര്‍ശ്വഫലങ്ങള്‍ രോഗിക്കുണ്ടാകുന്നത്. അതുപോലെതന്നെ പോളിപെക്ടമി വളരെ ചെലവുകുറഞ്ഞ സുരക്ഷിതമായ ചികിത്സാരീതിയാണ്. പോളിപെക്ടമിവഴി നമ്മള്‍ ഫലത്തില്‍ സര്‍ജറി ഒഴിവാക്കുകയാണ്. അപൂര്‍വമായി വരുന്ന രക്തസ്രാവവും കുടലില്‍ വരുന്ന പൊട്ടലുമാണ് പോളിപെക്ടമിയുടെ സങ്കീര്‍ണതകള്‍.
ആര്‍ക്കാണ് പോളിപ് കണ്ടെത്താന്‍ കൊളോണോസ്‌കോപ്പി വളരെ പ്രയോജനം ചെയ്യുന്നത്?
അമ്പതിനു മുകളില്‍ പ്രായമുള്ള ആളുകള്‍ക്കു പോളിപ് നിരീക്ഷണത്തിനായുള്ള കൊളോണോസ്‌കോപ്പി പ്രയോജനം  ചെയ്യും.
ഇതുകൂടാതെ പാരമ്പര്യമായി കുടല്‍ ക്യാന്‍സര്‍ ഉള്ള വ്യക്തികള്‍, നേരത്തേ പോളിപ് വന്നവര്‍, മുമ്പു കുടല്‍കാന്‍സറിനു ചികിത്സിച്ചവര്‍, സ്റ്റൂള്‍, ബ്ലഡ് ടെസ്റ്റ് പോസിറ്റീവ് ആയവര്‍ തുടങ്ങിയവരും നിര്‍ബന്ധമായും പോളിപ് നിരീക്ഷണത്തിനുള്ള കൊളോണോസ്‌കോപ്പി ചെയ്യണം.
ഇന്നു വന്‍കുടല്‍ കാന്‍സര്‍  പ്രതിരോധിക്കാന്‍ സാധ്യമായ രോഗമാണ്. കൊളോണോസ്‌കോപ്പി എന്ന രോഗനിര്‍ണയപരിശോധനവഴി നേരത്തേതന്നെ പോളിപ് കണ്ടെത്തി രോഗപ്രതിരോധം സാധ്യമാണ്.

ലേഖകന്‍ പാലാ മാര്‍സ്ലീവാ മെഡിസിറ്റിയിലെ മെഡിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റാണ്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)