കുരിശുപൂക്കുന്ന കാലം വരും - തിന്മ
കൂരിരുട്ടൊക്കവേ നീങ്ങിടും.
ത്യാഗസുഗന്ധമൊഴുക്കിടും പൂക്കള്‍ - നന്മ
സ്‌നേഹവാഹിയായ് പാരില്‍ പരിലസിക്കും.
സഹനദര്‍ശന ദീപ്തിയാലീലോകം
സര്‍വശുഭതാ ശുഭ്രമായിടും
കുരിശിന്റെ കൈകളിലെന്നെന്നും
കുറ്റവാളിയല്ലാത്ത യേശുവിന്‍ തിരുവുടലെത്തിടും.
ആണികളൊന്നും പാണികളിലേന്താതെ
ആമോദത്തോടെ കൂപ്പുന്നു മാനവര്‍.
ഉയിര്‍ത്തെഴുന്നേറ്റ നാള്‍തൊട്ടു മര്‍ത്ത്യര്‍
ഉണ്മയാം ദൈവപുത്രനെ കാണുന്നു.
മനുജന്റെയഴലാകെ നീക്കുവാന്‍ - മന്നില്‍
മഹിതജന്മം ലഭിച്ചതെത്ര ധന്യം.
വഴിയും സത്യവുമായിട്ടീ വിശ്വമാകെ
വാരുറ്റ ധര്‍മ്മനിരതനായ് ചരിക്കുന്ന ചാരുതേ
ഗാഗുല്‍ത്താമലയുണ്ടെങ്കിലുമങ്ങയെ
ഗഹനക്കുരിശുമെടുപ്പിച്ചു നടത്തില്ലൊരിക്കലും
ചാട്ടവാറുകൊണ്ടടിക്കില്ല, ഭക്തീപവിത്രമാം.
ചൈതന്യപ്പൂമാലയേകിടും.
കാല്‍വരി കണ്ണുനീര്‍ തൂവില്ലിനിയും - പുണ്യനാം
കാരുണ്യരാജനെയിന്നാരു ശിക്ഷിക്കാന്‍?
ആ വചനവാരൊളി ധര്‍മരശ്മികള്‍
ആമോദചിത്തരായ് കര്‍മത്തിലാക്കുക നമ്മള്‍.
ഇനിയും കുരിശുകളുയരാത്ത നാളുകള്‍
ഇഹപര സുകൃതമേകും ശ്രീയേശുദേവനു നല്‍കണം.
വിശ്വശാന്തിസമത്വം പുലരുവാന്‍
വിമലരക്ഷകന്റെയൊപ്പം നടക്കണം.
ജഡരൂപനാണെങ്കിലും ഞാനാ തിരുമെയ്-ദുഃഖ
ജപാമനസ്സനായ് താങ്ങിപ്പിടിച്ചതെത്ര പുണ്യം.
തനുവിന്റെ വേദനയറിഞ്ഞതെത്ര ദുഃഖം.
കുരിശുകള്‍ ഞങ്ങള്‍ പുത്തു-യേശുനാഥാ
ക്രൂശിതനാക്കാനല്ല നിന്റെ ജീവത്യാഗ
കഥാപരിമളം പരത്തുവാന്‍ പൂക്കളാകട്ടെ നാഥാ.