•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ജനാധിപത്യത്തിന്റെ കഴുത്തിനു പിടിക്കുന്നവര്‍

രോഗ്യകരമായ ജനാധിപത്യത്തിന് ആശയസംവാദങ്ങള്‍ അനിവാര്യമാണ്. ചര്‍ച്ചയും വിയോജിപ്പും വാദപ്രതിവാദങ്ങളും ജനാധിപത്യത്തിന്റെ പ്രാണവായുവത്രേ. യോജിക്കാനുള്ള അവകാശംപോലെ വിയോജിക്കാനുള്ള അവകാശവുമുണ്ട്. എന്നാല്‍, എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കുന്ന രീതി രാജ്യത്തു വ്യാപകമാവുകയാണ്. കേന്ദ്രത്തിലും സംസ്ഥാനത്തും വിരുദ്ധചേരികളില്‍പ്പെട്ടവരാണു ഭരിക്കുന്നതെങ്കിലും എതിരാളികളെ ഒതുക്കുന്നതില്‍ അവര്‍ ഒരേ ശൈലിയാണു സ്വീകരിക്കുന്നത്. പാവപ്പെട്ട നികുതിദായകരുടെ പണത്തില്‍നിന്നു ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരെയും പോലീസ്‌സേനയെയും ദുരുപയോഗം ചെയ്താണ് സര്‍ക്കാരുകള്‍ എതിരാളികളെ വേട്ടയാടുന്നത്.

സംസ്ഥാനത്ത് അടുത്ത കാലത്തു താരമായത് കരിങ്കൊടിയാണ്. കരിങ്കൊടി കാണിക്കുന്നവരെ ആക്രമിച്ചു കീഴ്‌പ്പെടുത്തുന്ന കലാപരിപാടിയാണ് കുറേനാളായി പിണറായി സര്‍ക്കാര്‍ ആഘോഷിക്കുന്നത്. കറുപ്പു കണ്ടാല്‍ ചില നേതാക്കന്മാര്‍ക്കു ഹാലിളകും. പോലീസ് ഏമാന്മാര്‍ ഉറഞ്ഞുതുള്ളും. കറുപ്പിനോടെന്താ ഇത്ര വെറുപ്പ്? നേതാക്കന്മാര്‍ക്ക് കറുത്ത കാറില്‍ നടക്കാം. കറുത്ത കോട്ടിടാം. കറുത്ത മുടിയും താടിയും മീശയുമാകാം. കറുത്തവരുടെ വോട്ടു കൊള്ളാം. പക്ഷേ, കറുത്ത തുണിയോട് കടുത്ത അസഹിഷ്ണുത.
കരിങ്കൊടി നിര്‍ദോഷമാണെന്ന പക്ഷമില്ല. അതില്‍ സങ്കടവും പ്രതിഷേധവുമുണ്ട്. സര്‍ക്കാരും നേതാക്കന്മാരും ഇതുപോലെ അധഃപതിച്ചല്ലോ എന്നോര്‍ത്താണു സങ്കടം. നേതാക്കന്മാരുടെ അസഹിഷ്ണുതയോടും ധിക്കാരത്തോടുമാണു പ്രതിഷേധം. കറുത്ത തുണിയുടെ പിന്നാലെ പോയി പാര്‍ട്ടിക്കാരും പോലീസുകാരും ജന്മം പാഴാക്കരുത്.
മൃഗീയഭൂരിപക്ഷം ജനാധിപത്യത്തെ ദുര്‍ബലമാക്കുമെന്ന നിരീക്ഷണം ശരിയാണ്. ജനാധിപത്യം ബലപ്പെടുന്നത് ശക്തിയുള്ള പ്രതിപക്ഷം ഉണ്ടാകുമ്പോഴാണ്. അംഗബലത്തിന്റെമാത്രം അടിസ്ഥാനത്തില്‍ പ്രതിപക്ഷത്തെ  അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നടപടിയെ ഉത്കണ്ഠയോടെയല്ലാതെ നോക്കിക്കാണാനാവുകയില്ല.
കോണ്‍ഗ്രസ്മുക്തഭാരതം എന്ന കേന്ദ്രസര്‍ക്കാരിന്റെ മുദ്രാവാക്യം ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. ഇന്ത്യപോലൊരു ബഹുസ്വരസമൂഹത്തില്‍ അത് ഏകാധിപത്യത്തിന്റെ സ്വരമാണ്. കോണ്‍ഗ്രസ്മുക്തഭാരതംകൊണ്ടു വിവക്ഷിക്കുന്നത് പ്രതിപക്ഷമില്ലാത്ത ഭാരതംതന്നെയാണ്. ഭാരത് ജോഡോ യാത്രയിലൂടെ പ്രതിച്ഛായ മെച്ചപ്പെടുത്തിയ രാഹുല്‍ ഗാന്ധിയെ കുറ്റക്കാരനാക്കിയതും അയോഗ്യനാക്കിയതും കൃത്യമായ രാഷ്ട്രീയഅജണ്ടയുടെ ഭാഗമാണെന്നു ബോധ്യപ്പെട്ടതുകൊണ്ടാണ് രാഹുലിന് അനുകൂലമായ ചിന്ത അന്താരാഷ്ട്രസമൂഹത്തില്‍നിന്നും മാധ്യമലോകത്തുനിന്നും ഉണ്ടായത്. രാഹുലിനെ ചെറുക്കാന്‍ നടത്തിയ ശ്രമത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ സ്വയം ചെറുതായി എന്നാണ് വിലയിരുത്തല്‍.
കേന്ദ്രസര്‍ക്കാരിന്റെ അതേ തന്ത്രം സംസ്ഥാനസര്‍ക്കാരിനു  വിജയകരമായി നടപ്പാക്കാനാകുകയില്ല. കേന്ദ്രത്തില്‍ ഏകസ്വരമാണ്. തിരഞ്ഞെടുപ്പില്‍ വിജയിക്കാതെ സര്‍ക്കാരുകള്‍ ഉണ്ടാക്കാനുള്ള പണക്കൊഴുപ്പ് അവര്‍ക്കുണ്ട്. ഇ.ഡി യും സി.ബി.ഐ യും കേന്ദ്രത്തിനു സ്വന്തമാണ്. ദേശീയമാധ്യമങ്ങളുടെ വലിയ പിന്തുണയിലാണ് പല പോരായ്മകളും ഒളിച്ചുവയ്ക്കപ്പെടുന്നത്. പാര്‍ലമെന്റില്‍  അതിഥിമാത്രമായ പ്രധാനമന്ത്രിക്ക് ഉത്തരങ്ങളൊന്നും പറയേണ്ടിവരുന്നില്ല. സര്‍ക്കാര്‍നയങ്ങളെ വിമര്‍ശിക്കാന്‍ അധികംപേരില്ല. കോണ്‍ഗ്രസ് എം.പി. ശശി തരൂരും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മോയിത്രയും മാത്രമാണ് വസ്തുതകളുടെ അടിസ്ഥാനത്തില്‍ രൂക്ഷമായി പ്രതികരിക്കുന്ന പ്രതിപക്ഷാംഗങ്ങള്‍.
കേന്ദ്രത്തിന്റെ കരുത്ത് കേരളസര്‍ക്കാരിനില്ലെന്ന കാര്യം വിസ്മരിച്ചാണ് ഭരണപക്ഷത്തെ ചിലര്‍ ധിക്കാരം കാണിക്കുന്നത്. കേരളത്തില്‍ മന്ത്രിമാരുടെ ഉറക്കംകെടുത്താനും ജനാധിപത്യവിശ്വാസികളില്‍ പ്രതീക്ഷ ജനിപ്പിക്കാനും നാല്പതുപേര്‍പോലും അധികമാണ്. പി.ടി. തോമസും കെ.എം. ഷാജിയും വി.ടി. ബലറാമും അനില്‍ അക്കരയും നിയമസഭയിലില്ലാതിരുന്നിട്ടും സഭ നടത്തിക്കൊണ്ടുപോകാന്‍ മുഖ്യമന്ത്രിക്കും  സ്പീക്കറിനും കഴിയാതെവരുന്നത് വി.ഡി. സതീശന്റെയും മാത്യു കുഴല്‍നാടന്റെയും ഷാഫി പറമ്പിലിന്റെയും കാര്യഗ്രഹണശേഷിയും വിനിമയശേഷിയുംമൂലമത്രേ. നിയമനിര്‍മാണസഭ ജനാധിപത്യത്തിന്റെ പാഠശാലയാക്കി മാറ്റാന്‍ ഇവരെപ്പോലെ കൂടുതല്‍ ജനപ്രതിനിധികളുണ്ടാകട്ടെ.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)