മനുഷ്യന്റെ മത-സാംസ്‌കാരികപരിസരങ്ങളോട് ഇഴചേര്‍ന്നു കിടക്കുന്ന ഒന്നാണു കുരുത്തോലകള്‍. ഉത്സവാഘോഷങ്ങളിലും മതാനുഷ്ഠാനങ്ങളിലും കുരുത്തോലകള്‍ക്ക് ഇന്നും അതിന്റേതായ സ്ഥാനമുണ്ട്. ക്രൈസ്തവരുടെ ഓശാനപ്പെരുന്നാളിന് ഇത് ഒരു അനിവാര്യഘടകമാണ്. യേശു വിജയശ്രീലാളിതനായി ജറുസലേം നഗരത്തില്‍ പ്രവേശിച്ചതിന്റെ ഓര്‍മയ്ക്കായി ക്രൈസ്തവര്‍ കൊണ്ടാടുന്ന ഓശാനപ്പെരുന്നാള്‍ ''കുരുത്തോലപ്പെരുന്നാള്‍'' എന്നും വിളിച്ചുപോരുന്നു.
ഓശാനനാളില്‍ കുരുത്തോലക്കെട്ടുകള്‍ പള്ളിയില്‍കൊണ്ടുവന്ന് പ്രാര്‍ഥനയ്ക്കുശേഷം വെഞ്ചരിച്ചു വിതരണം ചെയ്യുന്നു. കേരളത്തിലെ പള്ളികളില്‍ കുരുത്തോലകള്‍ ഏന്തിയുള്ള പ്രദക്ഷിണവും പതിവാണ്.
പുരോഹിതന്മാര്‍ ആശീര്‍വദിച്ചുനല്‍കുന്ന ഈ ഓലകള്‍ ദൈവപ്രസാദമായി ഭവനങ്ങളില്‍ സൂക്ഷിച്ചുവയ്ക്കുന്നു. ഇവ ആപത്തില്‍നിന്നും അപകടങ്ങളില്‍നിന്നും കുടുംബത്തെ സംരക്ഷിക്കുന്നു എന്നാണ് ഒരു വിശ്വാസം.
തലേവര്‍ഷം ഓശാനത്തിരുനാളില്‍ വെഞ്ചരിച്ച കുരുത്തോലകള്‍ കരിച്ചുണ്ടാക്കിയ ചാരമാണ് അമ്പതുനോമ്പിനു മുന്നോടിയായ വിഭൂതിത്തിരുനാളില്‍ നെറ്റിയില്‍ കുരിശുവരയ്ക്കാനായി ഉപയോഗിക്കുന്നത്.
പെസഹാവ്യാഴാഴ്ച കുരുത്തോലകൊണ്ടു കുരിശുണ്ടാക്കി 'ഇന്‍ട്രി' അപ്പത്തിനു മുകളില്‍ വയ്ക്കുന്നു. പെസഹാപ്പാല്‍ തയ്യാറാക്കുന്ന അവസരത്തിലും 'കുരുത്തോലക്കുരിശ്' ഒരു അനിവാര്യഘടകം തന്നെ.