ഭൂമിയുടെ അതിര്‍ത്തികള്‍വരെയും തനിക്കു സാക്ഷികളായിരിക്കാനുള്ള ദൗത്യമാണ് ഉത്ഥിതനായ കര്‍ത്താവ് ശിഷ്യഗണത്തിനു നല്‍കിയത്. ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായിത്തീരുന്ന തന്റെ ശിഷ്യഗണത്തിന്റെ സത്പ്രവൃത്തികള്‍ കണ്ട് മനുഷ്യര്‍ സ്വര്‍ഗസ്ഥനായ പിതാവിനെ മഹത്ത്വപ്പെടുത്തണമെന്നതാണ് നമ്മുടെ കര്‍ത്താവ് ആഗ്രഹിക്കുന്നതും നമ്മോടു കല്പിക്കുന്നതും. സ്‌നേഹസാക്ഷ്യത്തിന്റെ ജീവിതം നയിക്കാനാണ് അവിടുന്നു നമ്മോടു കല്പിക്കുന്നത്. യഥാര്‍ഥ ദൈവാനുഭവമാകുന്ന അമൂല്യസമ്പത്ത് മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും സത്യദൈവത്തിങ്കലേക്ക് അവരെ നയിക്കുകയും ചെയ്യുന്നതിനെക്കാള്‍ വലിയ ഒരു പരസ്‌നേഹപ്രവൃത്തിയും ഈ ലോകത്തിലില്ല.
മനുഷ്യനെ സ്‌നേഹിക്കുന്ന പരമകാരുണികനായ പിതാവാണ് ദൈവമെന്നും ആ ദൈവത്തിന്റെ മക്കളായ മനുഷ്യര്‍ പരസ്പരം സ്‌നേഹത്തോടെ സ്രഷ്ടാവായ ദൈവത്തിനു പ്രീതികരമായ നിലയില്‍ വര്‍ത്തിക്കണമെന്നും ക്രിസ്തീയവിശ്വാസം നമ്മെ പഠിപ്പിക്കുന്നു. ദൈവസ്‌നേഹവും മനുഷ്യസ്‌നേഹവും എത്രകണ്ട് ആഴപ്പെടുത്താമോ അത്രമാത്രം മനുഷ്യജീവിതം ധന്യമാകുമെന്നും ദൈവസ്‌നേഹത്തിലൂന്നിനിന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പൂര്‍ണത കൈവരുമെന്നതും ഈ വിശ്വാസത്തിന്റെ ഭാഗമാണ്. ദൈവത്തിന്റെ പ്രത്യേക ദാനമാണ് വിശ്വാസം. ഈ ദാനം സ്വീകരിക്കുന്നതില്‍ ജനം സദാ ജാഗരൂകരായിരിക്കണം. പഠനത്തിലൂടെയും പ്രാര്‍ഥനയിലൂടെയും ഇതിനായി നാം നമ്മെത്തന്നെ ഒരുക്കണം. വിശ്വാസജീവിതത്തിന്റെ കേന്ദ്രബിന്ദുവാണ് പ്രാര്‍ഥന. ഏതു ജീവിതാവസ്ഥയിലായിരുന്നാലും ആ അവസ്ഥയ്ക്കനുയോജ്യമായ കടമകള്‍ നിറവേറ്റുകയും പ്രാര്‍ഥനയില്‍ ദൈവവുമായി സമ്പര്‍ക്കം കാത്തുസൂക്ഷിക്കുകയും വേണം.
അതിരുകളില്ലാത്ത സ്‌നേഹമാണ് ദൈവത്തിനു നമ്മോടുള്ളത്. നമ്മുടെ ഏതെങ്കിലും തരത്തിലുള്ള അര്‍ഹതമൂലമല്ല ദൈവം നമ്മെ സ്‌നേഹിക്കുന്നത്. ദൈവം സര്‍വശക്തനാണ്, അതേസമയം പരമകാരുണികനും. മനുഷ്യര്‍ പരസ്പരം സ്‌നേഹിച്ചും നന്മ പ്രവര്‍ത്തിച്ചും ദൈവസാന്നിധ്യത്തില്‍ ഉത്കര്‍ഷ പ്രാപിച്ചുകഴിയേണ്ടവരാണ്. എന്നാല്‍, നമ്മുടെ വീഴ്ചകളും കുറ്റങ്ങളും കുറവുകളും ദൈവത്തെ കോപിപ്പിക്കുകയല്ല; മറിച്ച്, ദൈവം നമ്മോട് ഉദാത്തമായ ഔദാര്യം കാണിക്കുകയാണു ചെയ്തത്. രക്ഷകനായ യേശുക്രിസ്തുവിന്റെ സഹനവും കുരിശുമരണവുംവഴി നമ്മെ പാപത്തില്‍നിന്നു വീണ്ടെടുക്കുകയാണു ചെയ്തത്. തിന്മയെയും മരണത്തെയും ക്ഷമയും സഹനവുംവഴി അതിജീവിച്ച് മനുഷ്യരാശിക്കു പ്രത്യാശ പ്രദാനം ചെയ്തുകൊണ്ട് കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റു. സ്‌നേഹത്തിന്റെയും കരുണയുടെയും സന്ദേശമാണ് ഈസ്റ്റര്‍ നമുക്കു നല്കുന്നത്; അതോടൊപ്പം, സഹനത്തിന്റെയും എളിമപ്പെടുത്തലിന്റെയും. നമുക്കുണ്ടാകുന്ന തിക്താനുഭവങ്ങള്‍ വെറുപ്പോ കോപമോ കൂടാതെ സഹനമായി സ്വീകരിച്ച് ക്രിസ്തുവിന്റെ സഹനത്തെ പിന്തുടരുക. കര്‍ത്താവായ ക്രിസ്തു പടയാളികള്‍മുതല്‍ പീലാത്തോസ് വരെയുള്ളവരുടെ മുമ്പില്‍ നിശ്ശബ്ദനായി സ്വയം എളിമപ്പെട്ടു. അകാരണമായ കുറ്റങ്ങള്‍ ചുമത്തപ്പെട്ടപ്പോള്‍ ഹൃദയവേദന സഹിച്ചു. ഇത് ഒരു മാതൃകയായി കണ്ട് നാം നേരിടേണ്ടിവരുന്ന ആക്ഷേപങ്ങളെയും കുറ്റപ്പെടുത്തലുകളെയും പ്രതി നിന്ദയാക്കി മാറ്റാതെ സഹനമായി സ്വീകരിക്കാന്‍ ഉത്ഥാനത്തിനുമുമ്പുള്ള കുരിശുമരണം നമ്മോട് ആവശ്യപ്പെടുന്നു.