യേശുവിന്റെ കല്ലറയില്‍നിന്ന് ഉരുട്ടിമാറ്റിയിരിക്കുന്ന കല്ല് (വി. ലൂക്കാ 24:2) വലിയ സൂചനയാണ്. ഭാരമുള്ള ഒരു കല്ലിന്റെ ബലത്തില്‍ യേശുക്രിസ്തുവിന്റെ നിത്യതയിലേക്കു നീളുന്ന ജീവിതത്തെ തളച്ചിടാമെന്നു കരുതിയവര്‍ക്കു തെറ്റുപറ്റി. ഏതു ഭാരമുള്ള പാറയും സീല്‍ വച്ചിരിക്കുന്ന പാളികളും അവന്റെ ജീവശ്വാസത്തിനുമുമ്പില്‍ വഴിമാറും. കാവല്‍പ്പടയാളികളുടെ ആയുധങ്ങളും സംരക്ഷണകവചങ്ങളും അവന്റെ മുമ്പില്‍ നിലംപതിക്കും.
തുറന്നുകിടക്കുന്ന കല്ലറ സൂചിപ്പിക്കുന്ന ചില യാഥാര്‍ഥ്യങ്ങളുണ്ട്. നഷ്ടപ്പെട്ടുപോയി എന്നും എന്നന്നേക്കുമായി കൈവിട്ടുപോയി എന്നും കരുതുന്നതിനെ തിരികെനല്‍കാന്‍ ഉയിര്‍ത്തെഴുന്നേറ്റ നിന്റെ കര്‍ത്താവിനു കഴിയുമെന്നത് ഉറപ്പുനല്‍കുന്ന വസ്തുതയാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്ന യാഥാര്‍ഥ്യം. അടഞ്ഞുപോയ വാതിലുകളെന്നു നിരാശയോടെ നാം നോക്കിനില്‍ക്കുന്ന കാഴ്ചകളും ജീവിതത്തിന്റെ സങ്കടവഴികള്‍ക്ക് ഉത്ഥിതനായ കര്‍ത്താവു നല്‍കുന്ന ഉത്തരവും തുറന്നുകിടക്കുന്ന കല്ലറയെ കൂടുതല്‍ ജീവിതഗന്ധിയാക്കുകയാണ്.
ഉത്ഥാനം: സാന്ത്വനത്തിന്റെ ക്ഷാളനം
''യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നില്‍ക്കുന്നുïായിരുന്നു'' (വി. യോഹ. 19:25). എത്രപേരുടെ സങ്കടങ്ങളുടെയും വേദനകളുടെയും പകലിരവുകളിലേക്കാണ് യേശുക്രിസ്തുവിന്റെ ഉത്ഥാനം സാന്ത്വനത്തിന്റെ ക്ഷാളനമായി പെയ്തിറങ്ങുന്നത്.
ക്രിസ്തുനാഥന്റെ മരണത്തില്‍ വിറങ്ങലിച്ചുപോയ ഇടങ്ങളെയും കുറെയേറെ പാവപ്പെട്ട മനുഷ്യരെയും ഓര്‍ക്കാതെ ഈ ഉത്ഥാനത്തിന്റെ ലാവണ്യം ആസ്വദിക്കാനാകില്ല.
ക്രിസ്തുവിന്റെ നിര്‍മലരക്തത്തിന്റെ ഗന്ധവും പേറി വിറങ്ങലിച്ചുനിന്ന കാല്‍വരി... മകനെ നഷ്ടപ്പെട്ട തീരാനോവിന്റെ തീച്ചൂളയില്‍ കരഞ്ഞുവറ്റിയ മിഴികളുമായി കാത്തിരുന്ന അമ്മ മറിയം... കാല്‍വരിയുടെ മുകള്‍പ്പരപ്പില്‍ എല്ലാം അവസാനിച്ചെന്ന ആത്മസംഘര്‍ഷവുമായി പകലിരവുകളില്‍ പകച്ചും കിതച്ചും ഒളിച്ചും കഴിഞ്ഞ ശിഷ്യഗണം... ക്രിസ്തുനാഥന്റെ രക്തഗന്ധം പേറുന്ന തൂവാലയുടെ ഓരം പിടിച്ച് പളുങ്കുപാത്രംപോലെ ചിതറിപ്പോയ മനസ്സുമായി കഴിയുന്ന വെറോണിക്ക.... കുരിശുമരത്തിന്റെ ചുവട്ടില്‍ അഭയശിലയെ നഷ്ടപ്പെട്ടതിന്റെ തീരാനോവില്‍ കരള്‍നൊന്തു കരഞ്ഞ മേരിമഗ്ദലന... ഇങ്ങനെ അവനെ ഹൃദയംകൊണ്ടു സ്‌നേഹിച്ചവര്‍ക്കൊക്കെ അവന്റെ മരണം നോവിന്റെ മുറിപ്പാടുകള്‍ തീര്‍ത്തു. അവരുടെ നഷ്ടദുഃഖങ്ങളുടെ വേദനകളിലേക്കും മുറിവുകളിലേക്കും അവനു പ്രത്യാശയുടെ പുതുഗീതവുമായി തിരിച്ചുവന്നേ മതിയാവൂ. ആരെയും ഒറ്റപ്പെടുത്തിയും വേദനിപ്പിച്ചും കടന്നുപോകാന്‍ അവനു കഴിയില്ല. കാരണം, അവന്‍ കനിവിന്റെ ദൈവമാണ്, കരുണയുടെ ദൈവമാണ്. ക്രിസ്തുവിന്റെ ഉത്ഥാനം അവനെയോര്‍ത്ത് കരഞ്ഞവരുടെ ഹൃദയഭൂമികയിലേക്കു പെയ്തിറങ്ങിയ സാന്ത്വനത്തിന്റെയും കാരുണ്യത്തിന്റെയും ക്ഷാളനമായി മാറി എന്നുസാരം.
മരണം, അവസാനവാക്കല്ല
'മറ്റാരെയുമല്ല, അവിടുത്തെതന്നെ എന്റെ കണ്ണുകള്‍ ദര്‍ശിക്കും' (ജോബ് 19:27)
മരണം ജീവിതത്തിന്റെ അവസാനവാക്കല്ല. മരണത്തിന്റെ കറുത്ത ചരടുകളെ ഉത്ഥാനത്തിന്റെ ലാവണ്യംകൊണ്ടു വകഞ്ഞുമാറ്റിയ ക്രിസ്തു മരണത്തിനപ്പുറം നീണ്ടുനില്‍ക്കുന്ന നിത്യതയുടെ സ്വര്‍ഗഭൂമികയിലേക്കു വെളിച്ചം വീശുന്നു.
മരണം ബലഹീനരായ നമുക്കു സമ്മാനിക്കുന്നത് മിഴിനീരിന്റെ മഴപ്പെയ്ത്താണ് എന്നതു സ്വാഭാവികം. മക്കളെ നഷ്ടപ്പെട്ടുപോയ മാതാപിതാക്കളുടെ തീരാ
വേദനയുടെ തേങ്ങലുകള്‍... അമ്മയെ നഷ്ടപ്പെട്ട കുരുന്നുകളുടെ നോവുകള്‍... ജീവിതത്തിന്റെ പാതിവഴിയില്‍വച്ചു മരണം കവര്‍ന്നെടുത്ത ജീവിതപങ്കാളിയെക്കുറിച്ചുള്ള നൊമ്പരം കലര്‍ന്ന ഓര്‍മകള്‍... അപകടമരണങ്ങള്‍കൊണ്ട് അകാലത്തില്‍ പൊലിഞ്ഞുപോയ സുഹൃത്തുക്കളുടെ കനലോര്‍മകള്‍... ഇങ്ങനെ നീളുന്നു മരണം ഏല്പിച്ച നോവിന്റെ പട്ടിക.
കൊറോണ മഹാമാരിയിലും അപ്രതീക്ഷിതമായി വന്നുഭവിച്ച പ്രകൃതിദുരന്തങ്ങളിലും അപകടമരണങ്ങളിലും പൊലിഞ്ഞുപോയവരുടെ ഓര്‍മകള്‍ നമ്മുടെ കണ്‍മുമ്പില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നുണ്ടാവും.
''എന്തെന്നാല്‍, കാഹളം മുഴങ്ങുകയും മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കുകയും നാമെല്ലാവരും രൂപാന്തരപ്പെടുകയും ചെയ്യും'' (1 കൊറി. 15:52).
അതേ, മരണം മനുഷ്യന്റെ മിഴികള്‍ അടച്ചാലും നിത്യതയുടെ സ്വര്‍ഗഭൂമികയില്‍ ക്രിസ്തുനാഥന്റെ തിരുമുഖം കാണാന്‍ മാലാഖമാര്‍ക്കൊപ്പം ആ അടഞ്ഞ
മിഴികള്‍ തുറക്കപ്പെടും എന്നതിന്റെ ഓര്‍മപ്പെടുത്തലാണ് യേശുക്രിസ്തുവിന്റെ ഉത്ഥാനം.
എന്തിനാണ് നീ കരയുന്നത്?
വി. യോഹന്നാന്‍ശ്ലീഹായുടെ സുവിശേഷത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്ന കാരുണ്യത്തിന്റെയും കരുതലിന്റെയും നനുത്ത സ്പര്‍ശമുള്ള ചോദ്യം: ''സ്ത്രീയേ, എന്തിനാണ് നീ കരയുന്നത്?'' (വി. യോഹ. 20:13). ഇരുളിന്റെ മറയുള്ള പുലരിയില്‍ ക്രിസ്തുനാഥന്‍ അവളുടെ മിഴിനീരു കണ്ടു എന്നുള്ളതാണ് ഈ ക്രിസ്തുവാക്യം നമുക്കു നല്‍കുന്ന പ്രത്യാശ. ഏതു കൂരിരുട്ടിന്റെ ഇരുള്‍മറയ്ക്കുള്ളിലിരുന്നു നീ കരഞ്ഞാലും ഒരു വെളിച്ചത്തിന്റെയും പിന്‍ബലമില്ലാതെ നിന്റെ കണ്ണീര്‍ക്കണങ്ങളെ കാണാന്‍ കഴിവുള്ള സ്‌നേഹത്തിന്റെ പേരാണ് ദൈവം എന്ന് ഈ ഉത്ഥാനം നമ്മെ ഓര്‍മപ്പെടുത്തുന്നു.
''അവിടുന്ന് എന്റെ അലച്ചിലുകള്‍ എണ്ണിയിട്ടുണ്ട്. എന്റെ കണ്ണീര്‍ക്കണങ്ങള്‍ അങ്ങു കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്''(സങ്കീ. 56:8).
സങ്കടത്തോടെ കരയുന്ന ഒരാളുടെ വേദനയുടെ യഥാര്‍ഥ ആഴം അളക്കാന്‍ ഈ ലോകത്തിെല ഒരുവ്യക്തിക്കോ സംവിധാനത്തിനോ ഇന്നോളം കഴിഞ്ഞിട്ടില്ല. മാതാപിതാക്കള്‍ക്ക് തങ്ങള്‍ പെറ്റുവളര്‍ത്തിയ മക്കളുടെ വേദനയുടെ ആഴം അളവുകോല്‍കൊണ്ടു കൃത്യമായി അളന്നെടുക്കാന്‍ കഴിയുമോ? മക്കള്‍ക്ക് അവരുടെ മാതാപിതാക്കളുടെ സങ്കടത്തിന്റെ ആഴം അളന്നെടുക്കുവാന്‍ കഴിയുമോ? നിഴലുപോലെ ഒപ്പം നടക്കുന്ന ജീവിതപങ്കാളിയുടെയോ കരംപിടിച്ചു നടക്കുന്ന സുഹൃത്തിന്റെയോ ചങ്കിലെരിയുന്ന സങ്കടത്തെ അളന്നെടുക്കുവാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
വേദനയുടെ ആഴം അളന്നെടുക്കാന്‍ നമ്മുടെ അളവുകോലുകള്‍ മതിയാവില്ല. കരയുന്നവരുടെ കണ്ണുനീര്‍ കാണണമെങ്കില്‍പ്പോലും നമുക്കൊക്കെ ഒരു വെളിച്ചത്തിന്റെ പിന്‍ബലം ഉണ്ടാകണം. സഹോദരന്റെ കണ്ണുനീര്‍ കാണാതെ പോകുന്നതാണ് ഇന്നത്തെ കാലത്തിന്റെ ദുരന്തം.
വൃദ്ധസദനങ്ങളുടെ ഏകാന്തതയിലിരുന്ന് മക്കളെ ഓര്‍ത്തു തേങ്ങിക്കരയുന്ന മാതാപിതാക്കന്മാര്‍... തെരുവോരങ്ങളിലും അമ്മത്തൊട്ടിലുകളിലും അനാഥാലയങ്ങളുടെ വരാന്തകളിലും ഉപേക്ഷിക്കപ്പെട്ട കുരുന്നുകളുടെ ദീനരോദനങ്ങള്‍... ഗര്‍ഭപാത്രം കരുതിക്കളമാക്കുന്ന ഭ്രൂണഹത്യ ഉയര്‍ത്തുന്ന തേങ്ങലുകള്‍... ഇങ്ങനെപോകുന്നു ആരുംകാണാത്ത കണ്ണുനീരിന്റെ കദനകഥകള്‍.
ഈ സങ്കടഭൂമികയിലാണ് ഉത്ഥാനം കരുതലിന്റെ പുതുഗീതകം തീര്‍ക്കുന്നത്. ഇരുളിന്റെ മറവില്‍ ഒലിവുതോട്ടത്തില്‍ നില്‍ക്കുന്ന മഗ്ദലേനമറിയത്തിന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ ഈശോ കാണുന്നു... അവളുടെ സങ്കടത്തിന്റെ ആഴം അവിടുന്ന് അളന്നെടുക്കുന്നു. മറവിലിരുന്നു കരഞ്ഞാലും സാന്ത്വനത്തിന്റെയും കരുതലിന്റെയും ചോദ്യവുമായി ഒപ്പം ക്രിസ്തുവുമുണ്ടാകും. അവന്‍ നമ്മോടു ചോദിക്കും, ''മകനേ, മകളേ, എന്തിനാണു നീ കരയുന്നത്?''
ഉത്ഥാനം: സമാധാനത്തിന്റെ ദൂത്
''നിങ്ങള്‍ക്കു സമാധാനം'' (വി. യോഹ. 20:19). ഉത്ഥാനശേഷം പ്രത്യക്ഷപ്പെടുന്ന യേശുവിന്റെ അധരങ്ങളില്‍ നിന്നു പലപ്പോഴായി ഉതിരുന്ന പദം 'സമാധാനം' എന്നതാണ്. യേശുവിന്റെ ജനനസമയത്ത് മാലാഖമാരുടെ അകമ്പടിഗാനത്തിലും ഉണ്ടായിരുന്നു ഒരു സമാധാനത്തിന്റെ വാഴ്ത്ത്, 'ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കു സമാധാനം' ജനനസമയത്ത് മാലാഖമാരും ഉത്ഥാനശേഷം ക്രിസ്തുനാഥനും ആശംസിച്ച 'സമാധാനം' സ്വര്‍ഗത്തിന്റെ വാഴ്ത്തുപാട്ടാണ് എന്നു സാരം.
സമാധാനം അന്യംനിന്നുപോകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. രാജ്യം രാജ്യത്തിനെതിരേ ഭീഷണിയുയര്‍ത്തുന്ന രണാങ്കണങ്ങള്‍... ലോകത്തിന്റെ പലയിടങ്ങളിലായി വിഷഫണം ഉയര്‍ത്തിയാടുന്ന മതതീവ്രവാദത്തിന്റെ പോര്‍വിളികള്‍... കാലാകാലങ്ങളായി രക്തച്ചൊരിച്ചില്‍കൊണ്ടു മലീമസമാകുന്ന രാഷ്ട്രീയക്കളരിയിലെ പകപോക്കലിന്റെ ചൂതാട്ടങ്ങള്‍... പ്രണയപരാജയങ്ങള്‍ കൊലക്കത്തിയില്‍ അവസാനിപ്പിക്കുന്ന പകപോക്കലിന്റെ ഉടല്‍വേട്ടകള്‍... വിശപ്പടക്കാന്‍ അന്നമെടുത്തവനെപ്പോലും കൊന്നൊടുക്കുന്ന ആള്‍ക്കൂട്ടവിധിയുടെ കിരാതസംസ്‌കാരം.
ചേരിതിരിവുകളും പകപോക്കലുകളും യുദ്ധഭീഷണികളും കൂട്ടക്കൊലകളും നടക്കുന്ന ഈ കാലഘട്ടത്തില്‍ യേശുക്രിസ്തുവിന്റെ സമാധാനത്തിന് ഏറെ പ്രാധാന്യമുണ്ട്. മനുഷ്യന്റെ ഹൃദയങ്ങളിലും അധരങ്ങളിലും സമാധാനം സൂക്ഷിക്കുന്ന നല്ല നാളേക്കായി സ്വയം ഒരുക്കുക, ചേര്‍ന്നുനിന്ന് ഒരുക്കുക എന്നതാണ് ഈ ഉത്ഥാനം നമുക്കു നല്‍കുന്ന നിയോഗം.
ഉപസംഹാരം
യേശുക്രിസ്തുവിനെ അടക്കംചെയ്ത കല്ലറയും തുറന്നുകിടക്കുന്ന കല്ലറയും സുവിശേഷത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മൃതനായ യേശുവിനെ അടക്കം ചെയ്ത കല്ലറ ഒരു സ്ഥലംമാത്രമാണ്. തുറന്നുകിടക്കുന്ന ഉത്ഥിതന്റെ കല്ലറയ്ക്ക് ഒരുപിടി ഉറപ്പുകള്‍ തരാന്‍ കെല്പുണ്ട് എന്നതാണ് പ്രത്യേകത. ''മകനേ, മകളേ, നീ എന്തിനാണ് കരയുന്നത്''' എന്ന ഉയിര്‍ത്തെഴുന്നേറ്റവന്റെ ചോദ്യം അടുത്തു നില്‍ക്കുന്നവനോടു സാന്ത്വനമായി ചോദിക്കുവാന്‍, 'ഞങ്ങള്‍ക്കുവേണ്ടി ഉയിര്‍ത്തെഴുന്നേറ്റവനേ, ഞങ്ങളോടു കരുണ ചെയ്യണമേ'' എന്ന് എന്നും പ്രാര്‍ഥിക്കുന്നവര്‍ക്ക് കടമയുണ്ട്. ക്രിസ്തു നഷ്ടപ്പെട്ടുപോകുന്ന ഹൃദയം അവന്‍ മരണപ്പെട്ടുപോകുന്ന കല്ലറയാണ്. യേശുക്രിസ്തു മരണപ്പെട്ടുപോകുന്ന കല്ലറകളായല്ല നാം മാറേണ്ടത്. മരണത്തെ ജയിച്ചു പുറത്തുവരുന്ന യേശുക്രിസ്തുവിന്റെ തുറന്ന കല്ലറയായിട്ടാണു നാം മാറേണ്ടത്.
''നീ കരയേണ്ടാ, ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയില്‍ എന്തിന് അന്വേഷിക്കുന്നു. നീ എന്റെ സഹോദരന്മാരോടു ചെന്ന് ഇക്കാര്യങ്ങള്‍ പറയുക.''
യേശുകര്‍ത്താവിന്റെ ഈ സാന്ത്വനവാക്കുകള്‍ ജീവദായകമാണ്. 'നിങ്ങള്‍ക്കു സമാധാനം.' ഉത്ഥിതനായ യേശു നല്‍കുന്ന സമാധാനം ലോകം നല്‍കുന്ന സമാധാനമല്ല. അതുതന്നെയാണ് ഈ സമാധാനത്തെ ദൈവികമാക്കുന്നതും സ്ഥായിയാക്കുന്നതും ജീവദായകമാക്കുന്നതും. ഈ ദൈവികസമാധാനത്തില്‍ നമുക്ക് അഭയം തേടാം. എല്ലാ ബഹുമാന്യവായനക്കാര്‍ക്കും ദീപനാളം സ്‌നേഹിതര്‍ക്കും എന്റെ ഹൃദയംഗമമായ ഉയിര്‍പ്പുതിരുനാളാശംസകള്‍!