ന്യൂയോര്‍ക്ക്: അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ജീവിതത്തെ ആസ്പദമാക്കിയുളള ചിത്രം ''ഹിസ് ഒണ്‍ലി സണ്‍'' ഈസ്റ്ററിനോടനുബന്ധിച്ച് മാര്‍ച്ച് 31 നു തിയേറ്ററുകളിലെത്തും. ഇതാദ്യമായാണ് പൂര്‍ണമായി ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സ്വരൂപിച്ചു നിര്‍മിച്ച ചിത്രം അമേരിക്കയിലുടനീളം റിലീസ് ചെയ്യുന്നത്. അറുപതിനായിരത്തോളം നിക്ഷേപകരില്‍നിന്ന് 12,35,000 ഡോളറാണ് ചിത്രത്തിനുവേണ്ടി സ്വരൂപിച്ചത്. പ്രമുഖ വീഡിയോസ് സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആയ എയ്ഞ്ചല്‍ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മാണം അടക്കമുള്ളതിന്റെ ചുക്കാന്‍ പിടിക്കുന്നത്. ദ ചോസണ്‍ പരമ്പരയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതും എയ്ഞ്ചല്‍ സ്റ്റുഡിയോസാണ്.
ഉത്പത്തിപ്പുസ്തകത്തിലെ പന്ത്രണ്ടാം അധ്യായംമുതല്‍ ഇരുപത്തിരണ്ടാം അധ്യായംവരെയുള്ള ഭാഗങ്ങളെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മുന്‍ യുഎസ് മറൈന്‍ ആയിരുന്ന ഡേവിഡ് ഹെല്ലിങ്ങാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇറാഖില്‍ സേവനം ചെയ്യുന്ന കാലത്താണ് അദ്ദേഹത്തിന് ഇങ്ങനെ ഒരു ആശയം മനസ്സില്‍ ഉദിച്ചത്. 'ദ ചോസണ്‍' പരമ്പര 'ദ പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്' ചിത്രവുമായി കണ്ടുമുട്ടുന്ന നിലവാരമാണ് 'ഹിസ് ഒണ്‍ലി സണ്ണി'ന് ഉള്ളതെന്ന് ഹെല്ലിങ് പറഞ്ഞു.
ഇറാഖില്‍ ഉണ്ടായിരുന്ന കാലത്താണ് ഹെല്ലിങ് ബൈബിളുമായി കൂടുതല്‍ അടുക്കുന്നതെന്ന് എയ്ഞ്ചല്‍ സ്റ്റുഡിയോസിന്റെ വക്താവ് ജാര്‍ഡ് ജീസി പറഞ്ഞു. ഒരു ഫിലിം സ്‌കൂളില്‍ ചെന്ന് ബൈബിള്‍കഥകള്‍ എങ്ങനെയാണു പറയേണ്ടതെന്നു പഠിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അഞ്ചുവര്‍ഷം ഹെല്ലിങ് ചിത്രത്തിന്റെ പണിപ്പുരയില്‍ ആയിരുന്നുവെന്നും ജീസി പറഞ്ഞു. ആരാധകരിലേക്കു ചിത്രം എത്തിക്കുന്നതിന്റെ ആകാംക്ഷ പങ്കുവച്ച ജീസി, ദ ചോസണ്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ തീര്‍ച്ചയായും ഹിസ് ഒണ്‍ലി സണ്ണും ഇഷ്ടപ്പെടുമെന്നു കൂട്ടിച്ചേര്‍ത്തു. ലെബനീസ് നടനായ നിക്കോളാസ് മൗവ്വാദാണ് ചിത്രത്തില്‍ അബ്രാഹമായി വേഷമിടുന്നത്.