കോട്ടയം: വടവാതൂരിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസിന്റെ (പൗരസ്ത്യ വിദ്യാപീഠം) പ്രസിഡന്റായി ഇടുക്കി രൂപതാംഗവും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലെയും പൗരസ്ത്യ വിദ്യാപീഠത്തിലെയും പ്രഫസറുമായ ഡോ. പോളി മണിയാട്ട് നിയമിതനായി. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ വിരമിച്ച വേളയിലാണ് പൗരസ്ത്യ സുറിയാനി ആരാധനക്രമപണ്ഡിതനും ഗ്രന്ഥകാരനുമായ ഡോ. പോളി മണിയാട്ടിന് പുതിയ നിയമനം. പൗരസ്ത്യവിദ്യാപീഠത്തിന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് പുതിയ നിയമനം.
1986 ഡിസംബര്‍ 30 ന് അവിഭക്തകോതമംഗലം രൂപതയ്ക്കുവേണ്ടി വൈദികനായ അദ്ദേഹം റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ആരാധനക്രമത്തില്‍ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി. 1996 ല്‍ അധ്യാപനജീവിതം ആരംഭിച്ച അദ്ദേഹം സത്‌നാ സെന്റ് എഫ്രേംസ് തിയോളജിക്കല്‍ കോളജിലെ ഡീന്‍ ഓഫ് സ്റ്റഡീസ്, സെന്‍ട്രല്‍ ലിറ്റര്‍ജിക്കല്‍ കമ്മിറ്റി മെമ്പര്‍, സീറോ മലബാര്‍ സഭ ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ സെക്രട്ടറി എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.