സന്ന്യാസജീവിതം കൃപ ലഭിച്ചവര്‍ക്കുള്ള വിളിയാണ്. കര്‍ത്താവു വിളിച്ചു വിലയിട്ട് മുദ്രകുത്തി അവിടുത്തേക്കായി മാറ്റിനിര്‍ത്തിയ ജീവിതങ്ങളാണ് ഞങ്ങളുടേത്. വിളിച്ചവന്‍ മരണംവരെ വിശ്വസ്തനാണ്. അവനാണ് ഞങ്ങളെ തിരഞ്ഞെടുത്തത്. ആരെങ്കിലും നിര്‍ബന്ധിച്ചതുകൊണ്ടോ ആഗ്രഹിച്ചതുകൊണ്ടോ അല്ല; മറിച്ച്, അവിടുത്തെ കൃപയാണ് വിളിയുടെ അടിസ്ഥാനം. കത്തോലിക്കാസഭയെയും സന്ന്യാസത്തെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രവണതകള്‍ കലാസാഹിത്യരംഗങ്ങളില്‍ കാണാന്‍ തുടങ്ങിയിട്ടു കുറച്ചുനാളായി. ഇപ്പോഴിതാ, ഒരു ക്രൈസ്തവനാമധാരിതന്നെ സന്ന്യാസത്തെ അപമാനിക്കുന്ന നാടകവുമായി രംഗത്തുവന്നിരിക്കുന്നു.
വാക്ശരങ്ങളാല്‍ തകരുന്നതോ തളരുന്നതോ അല്ല കത്തോലിക്കാസഭയും കത്തോലിക്കാസന്ന്യാസവും. തിളയ്ക്കുന്ന എണ്ണയിലും കത്തുന്ന പന്തങ്ങളിലും എല്ലാം ജ്വലിച്ച വിശ്വാസപാരമ്പര്യമാണ് ക്രൈസ്തവര്‍ക്കുള്ളത്. സത്യത്തിനുവേണ്ടി, നീതിക്കുവേണ്ടി, മിശിഹായോടുള്ള സ്‌നേഹത്താല്‍ ജീവന്‍ ത്യജിച്ച അനേകായിരങ്ങളുടെ ജ്വലിക്കുന്ന വിശ്വാസത്തിന്റെ അടിത്തറയില്‍ പണിയപ്പെട്ട കത്തോലിക്കാസഭയ്ക്കും സന്ന്യാസത്തിനുമെതിരേ ചെളിവാരിയെറിഞ്ഞല്ല പേരും പണവും സമ്പാദിക്കേണ്ടത്.
ക്രൈസ്തവഭയെയും പവിത്രമായ സന്ന്യാസത്തെയും താറടിച്ചു നശിപ്പിച്ചാലേ, തങ്ങളുടെ ഹിഡന്‍ അജണ്ടകള്‍ സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കാനാവൂ എന്നുള്ള തിരിച്ചറിവ് കിട്ടിയ ഒരു പറ്റം സഹോദരങ്ങളാണ് കക്കുകളി പോലുള്ള നാടകത്തിന്റെ പിന്നിലെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കു മനസ്സിലാകും. എല്ലാവരുടെയും ശ്രദ്ധയും എല്ലാ മീഡിയാക്കാരുടെയും ക്യാമറയും സമര്‍പ്പിതരുടെ വിശുദ്ധ വസ്ത്രത്തിലേക്കു തിരിച്ചുവച്ചിട്ട്, അതിന്റെ മറവില്‍ മയക്കുമരുന്നു കച്ചവടവും മറ്റെല്ലാ പേക്കൂത്തുകളും നിര്‍ഭയം തുടരുന്നതിനുള്ള കള്ളക്കളി അല്ലാതെ മറ്റെന്താണ് ഇതിന്റെയൊക്കെ പിന്നില്‍? ഞങ്ങളുടെ വിശുദ്ധ വസ്ത്രത്തെയും ആത്മാഭിമാനത്തെയും കക്കുകളിപോലുള്ള വികടസാഹിത്യ-കലാസൃഷ്ടികളിലൂടെ തകര്‍ക്കാമെന്നു കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. ഇതുപോലുള്ള പേക്കൂത്തുകള്‍ ഇനിയും ഉണ്ടായാലും അഗ്നിയില്‍ സ്വര്‍ണമെന്നപോലെ ഞങ്ങള്‍ തിളങ്ങി പ്രശോഭിക്കുമെന്നതില്‍ സംശയംവേണ്ട. ഞങ്ങളുടെ ഈ നിശ്ശബ്ദതയ്ക്കും ശാന്തതയ്ക്കും പിന്നില്‍, ആത്മീയതയുടെ ഒരു കൊടുങ്കാറ്റ് മറഞ്ഞിരിക്കുന്നുണ്ട് എന്ന് നിങ്ങള്‍ ഓര്‍ക്കുന്നതു നല്ലതാണ്. കാലം അതു നിങ്ങള്‍ക്കു മനസ്സിലാക്കിത്തരും.
കൊന്നുകളഞ്ഞാലും മഠത്തില്‍ വിടരുതെന്നു കലിയിളകി ഒരു കൂട്ടര്‍ പ്രസംഗിക്കുമ്പോള്‍, കിടപ്പറയില്‍ കഴുത്തില്‍ മിന്നുചാര്‍ത്തിയവനാല്‍ കൊലചെയ്യപ്പെടുന്ന പാവപ്പെട്ട സ്ത്രീകളെ മറക്കരുത്. ആരാണ്, എവിടെയാണ് കൊലയ്ക്കു കൊടുക്കുന്നത്? എല്ലാം ആലോചിച്ച്, അന്വേഷിച്ചു നടത്തുന്ന ബന്ധങ്ങളാണല്ലോ? വണ്ടിയിടിപ്പിച്ചും വിഷംകൊടുത്തും അന്യര്‍ക്കു കാഴ്ചവച്ചും വിഷജീവികളെ ഉപയോഗിച്ചും തന്റെ 'പാതി'യെ ഇല്ലായ്മ ചെയ്യുന്ന അനുഭവങ്ങളെ കണ്ടിട്ടും എന്റെ മകളെ, സഹോദരിയെ ഞാന്‍ ആര്‍ക്കും കല്യാണം കഴിപ്പിച്ചു കൊടുക്കില്ല എന്നു തീരുമാനിക്കാത്തതെന്തേ? കത്തോലിക്കാവിശ്വാസത്തെ എതിര്‍ത്തുകൊണ്ട് കത്തോലിക്കാസഭയിലേക്കും വിശ്വാസികളിലേക്കും ആരാധനക്രമത്തിലേക്കും വൈദികസന്ന്യാസജീവിതത്തിലേക്കും ഇമവെട്ടാതെ നോക്കിയിരിക്കുന്നവര്‍ ഓര്‍ക്കുക, അതിശക്തരായ നിരീശ്വരവാദികളൊക്കെ അവസാനം കര്‍ത്താവിന്റെ കുരിശിന്‍ചുവട്ടിലായിരുന്നു തങ്ങളുടെ അവസാനജീവിതനിമിഷങ്ങളില്‍ ആശ്വാസം അനുഭവിച്ചതെന്ന്.
കത്തോലിക്കാവിശ്വാസികളുടെ കണ്ണീരും പ്രാര്‍ഥനകളും നിങ്ങളെയും ആ കുരിശിന്‍ചുവട്ടില്‍ അവസാനം എത്തിക്കട്ടെ. ധൂര്‍ത്തപുത്രന്റെ പിതാവ് വഴിയിലേക്കു കണ്ണുംനട്ട് പടിവാതില്‍ക്കല്‍ ക്ഷമയോടെ കാത്തിരിപ്പുണ്ട്. ധൈര്യത്തോടെ കടന്നുവരാം.