കെഎസ്ആര്‍ടിസിയുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ഉത്കണ്ഠപ്പെടാത്തവരില്ല. സര്‍ക്കാരുകള്‍ മാറി മാറി ഭരിച്ചിട്ടും ഈ സംവിധാനത്തെ കരകയറ്റാന്‍ ഇന്നോളം കഴിഞ്ഞിട്ടില്ലയെന്നത് ഒരു വലിയ സമസ്യ തന്നെ. കാര്യപ്രാപ്തിയുള്ള മന്ത്രിമാര്‍തന്നെയാണ് പൊതുവെ കഴിഞ്ഞ കാലങ്ങളിലൊക്കെയും ഈ പ്രസ്ഥാനത്തെ നയിച്ചിട്ടുള്ളത്. കഴിവുള്ള ഉദ്യോഗസ്ഥരും ഇതിന്റെ തലപ്പത്തുവന്നിരുന്നു പല പരിഷ്‌കാരങ്ങളും നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വിധിവൈപരീത്യമെന്നു പറയട്ടെ, അവര്‍ക്കൊന്നും തങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാധിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇത്തരുണത്തില്‍ കെഎസ്ആര്‍ടിസിയെ ആരു രക്ഷിക്കും എന്ന ചോദ്യം ഒരു മാറ്റൊലിയായി നിലനില്ക്കുന്നു. ഇഗ്നേഷ്യസ് കലയന്താനിയുടെ ലേഖനത്തിലും (നാളം 2) മുഴങ്ങിക്കേട്ടത് ആ ശബ്ദമാണ്. കെഎസ്ആര്‍ടിസിയുടെ ഇന്നത്തെ ദുരവസ്ഥയ്ക്കു കാരണമായി, എല്ലാവരേയുംപോലെ അദ്ദേഹവും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് യൂണിയനുകളെയാണ്. ഈ യൂണിയനുകളെല്ലാം ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഇരിക്കുന്ന കക്ഷികളുടേതാണെന്നു നാമറിയണം. ഇവര്‍ക്കെല്ലാം കെഎസ്ആര്‍ടിസിയെ രക്ഷിക്കണമെന്നു നിര്‍ബന്ധമാണുതാനും. എവിടെയാണു കുഴപ്പം? പൊതുജനം വാപൊളിച്ചു നില്ക്കുന്നു.
ജേക്കബ് സേവ്യര്‍ കാക്കനാട്