ഭാരതസംസ്‌കാരത്തിന്‍ ദീപ്തസൗന്ദര്യപൂരം
പാരിതില്‍ത്തെളിയിച്ച ടാഗോറിന്‍പ്രതിഭയെ
ഓര്‍ത്തു ഞാന്‍ രോമാഞ്ചത്തിന്‍ കഞ്ചുകം ധരിക്കുന്നു,,
പേര്‍ത്തുമെന്‍ മന,മഭിമാനത്താല്‍ തുടിക്കുന്നു!
വംഗദേശത്തിന്‍ സര്‍ഗ്ഗദീപമേ, നിന്‍ ഭാവന
തുംഗമാം ഹിമാചലശൃംഗത്തേക്കാളുന്നതം!
കാളിദാസനെപ്പോലെ നീയുമീ നാടിന്‍ സ്‌നേഹ-
ദോളയിലെന്നേരവു,മാടിക്കൊണ്ടിരിക്കുന്നു!
സമ്പന്നകുടുംബത്തില്‍പ്പിറന്നു നീയെങ്കിലും
അന്‍പിനാല്‍ പാവങ്ങള്‍ക്കു തോഴനായ് ഭവിച്ചല്ലോ!
പാവങ്ങള്‍ തന്‍ ജീവിതം സ്പന്ദിക്കും കഥകളു-
മായിരക്കണക്കായ് നീ രചിച്ച ഗാനങ്ങളും
ഇംഗ്ലീഷില്‍, ബംഗാളിയില്‍, ഹൃദയം കവരുന്നു;
നന്നു, നന്നനവദ്യസുന്ദര,മനശ്വരം.
നീ വിശ്വകവിയായി ലോകത്തെ മുഴുവന്‍ നിന്‍
ഭാവനാപതംഗത്തിന്‍ തൂവലാല്‍ തലോടുന്നു!
ആസ്തിക്യബോധത്തിന്റെ വിജയക്കൊടിയല്ലോ
കീര്‍ത്തനീയമാം 'ഗീതാഞ്ജലി'യായ് ശോഭിക്കുന്നു.
'നൊബേല്‍' സമ്മാനം നല്‍കിയതിനെ ലോകത്തിന്റെ
നടുവില്‍ പ്രതിഷ്ഠിച്ചു സാരത്തെയറിയുവോര്‍.
ദേശീയഗാനം നിന്റെ രാജ്യസ്‌നേഹത്തിന്‍ സ്വരം;
'വിശ്വഭാരതി' വിശ്വപൗരന്റെ കലാശാല!
'ശാന്തിതന്‍ നികേതനം' നിസ്തുലസമാധാന-
പ്രാവുകള്‍ കുറുകുന്ന കൂടുമെന്നറിയുന്നേന്‍.
സ്വാതന്ത്ര്യസമരത്തില്‍ നിന്റെ നാട്ടുകാര്‍ക്കൊപ്പം
ചേരുവാന്‍ 'സര്‍സ്ഥാനം' നീ മടക്കിക്കൊടുത്തില്ലേ?
ബംഗാളിന്‍ നവോത്ഥാന നായകന്മാരോടൊപ്പം
വംഗദേശത്തിന്‍ പുരോഗതിക്കായ് ശ്രമിച്ചു നീ.
നിന്റെ കീര്‍ത്തിധാവള്യം ലോകത്തിലെല്ലാടവും
വെണ്ണിലാവലകള്‍പോല്‍ നിത്യവും പരക്കുന്നു!
ജയിക്ക മഹാകവേ, ജയിക്ക മഹാത്മാവേ,
ജയിക്ക സത്യസ്‌നേഹസൗന്ദര്യവിധാതാവേ!
കവിത
വിശ്വമഹാകവി ടാഗോറിനോട്
