•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

രോഗപ്രതിരോധത്തിന് മെച്ചപ്പെട്ട ജീവിതശൈലി

മേരിക്കയിലെ ലോമാലിന്‍ഡാ യൂണിവേഴ്‌സിറ്റിയിലെ ഭക്ഷ്യൗഷധനശാസ്ത്രജ്ഞനും ഡോക്ടറുമായ ഡോ. ബഞ്ചമിന്‍ ലാവു രോഗങ്ങളെയും അവയെ തടയുന്ന ഭക്ഷ്യൗഷധങ്ങളെയുംപറ്റി സമഗ്രമായി പഠിച്ച് 1990 - 2000 കാലത്ത് ചില സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നമ്മുടെ ശരീരത്തില്‍ രോഗപ്രതിരോധം കൂട്ടുന്ന അഞ്ചു ഘടകങ്ങളുണ്ടെന്നദ്ദേഹം കണ്ടുപിടിച്ചു. അവ ശ്വേതാണുക്കളിലും രക്താണുക്കളിലുംപെടന്നു. ബി  ലിംഫോസൈറ്റ്‌സ്, റ്റി   ലിംഫോസൈറ്റസ്, കെ  കില്ലര്‍ സെല്‍സ്, എന്‍.കെ.  നാച്വറല്‍ കില്ലര്‍ സെല്‍സ്, മാക്രോ ഫേജസ് (B- Lymphocytes, T-Lymphocytes, Killer cells, Natural Killer cells, Mocrophages)  എന്നിവയാണവ.

ബി - പ്രതിരോധകോശങ്ങള്‍ വ്യായാമം, യോഗാ, കഠിനജോലികള്‍ എന്നിവ ഓരോന്നുംകൊണ്ട് ഒരിനം രോഗപ്രതിരോധവസ്തുക്കളെ ശരീരത്തില്‍ ഉത്പാദിപ്പിക്കും. ഇവ ഏതിനം രോഗാണുക്കളെയും സാമാന്യമായി ഉപരോധിച്ചു പ്രവര്‍ത്തനം മന്ദീഭവിപ്പിക്കും. മറ്റു നാലു രോഗപ്രതിരോധകോശങ്ങളും രോഗാണുക്കളെ ഉദാ:- കാന്‍സര്‍ വ്യാപിപ്പിക്കുന്നവ, വിവിധയിനം ബാക്ടീരിയകള്‍, വൈറസുകള്‍, കുമിള്‍രോഗാണുക്കള്‍ ഇവയെ ആക്രമിച്ചു മന്ദീഭവിപ്പിക്കും. അവ ഓരോന്നും ശരീരത്തില്‍ സ്രവിക്കുന്ന  ഇന്റര്‍ഫെറോണുകള്‍, ഇന്റര്‍ലൂക്കിന്‍സ് തുടങ്ങിയവ രോഗാണുനശീകരണത്തിനു ശക്തികൂട്ടും. സസ്യജന്യങ്ങളായ പോഷകൗഷധങ്ങള്‍ക്ക് ഉദാ:- വെളുത്തുള്ളിയിലുള്ള ഡൈ സള്‍ഫോക്ലൈഡുകള്‍, ചുവന്ന ചീരയിലുള്ള ആന്തോസയാനുകള്‍, നിറമുള്ള പഴങ്ങളിലുള്ള ഫ്‌ളേവനോയിഡുകള്‍, സുഗന്ധവിളകളിലുള്ള ടെര്‍പ്പീനുകള്‍, ഫിനോളുകള്‍, ഫൈറ്റോസ്റ്റീറോളുകള്‍, കുര്‍ക്കുമീനുകള്‍, ടാക്ലോളുകള്‍ തുടങ്ങിയവയ്ക്കു മേല്‍പ്പറഞ്ഞവയില്‍ ബി - യൊഴിച്ചുള്ള മറ്റു നാലു രോഗപ്രതിരോധഘടകങ്ങളെയും നന്നായി ഉത്തേജിപ്പിക്കാനാകും. തദ്വാരാ അവയ്‌ക്കെല്ലാം ഏതാനും രോഗാണുക്കളെയും ശക്തമായി പ്രതിരോധിക്കാനാകും. വിവിധയിനം രോഗപ്രതിരോധഭക്ഷ്യഘടകങ്ങളില്‍ ആന്റി ഓക്‌സിഡന്റുകളും ഉദാ:- വെളുത്തുള്ളിയിലെ അലിസിന്‍, കാരറ്റിലെ ബീറ്റാ കരോട്ടിന്‍, ചായയിലെ ടാസിനുകള്‍ തുടങ്ങിയവ പ്രവര്‍ത്തനത്തില്‍ ഒന്നാം ഗ്രേഡില്‍പ്പെടും. വിവിധയിനം പോഷകൗഷധങ്ങളും പ്രത്യേകിച്ച്, ഉഗ്രശേഷിയുള്ള ആന്റി ഓക്‌സിഡന്റുകളും നിറഞ്ഞ ഔഷധവസ്തുക്കളെ ഫങ്ഷണല്‍ ഫുഡ്‌സ് (കര്‍മനിരതമായ ഭക്ഷണം) എന്നു പറയുന്നു. വെളുത്തുള്ളി, ചായ, തേന്‍, കൂണുകള്‍ തുടങ്ങിയവ ഫങ്ഷണല്‍ ഫുഡ്‌സ്  ആണ്. അവയ്ക്ക് ഒന്നിലധികം രോഗങ്ങളെ പ്രതിരോധിച്ചു പകര്‍ച്ചവ്യാധികളെയും ഉദാ:- മാരകരോഗങ്ങളായ വസൂരി, കൊവിഡ്, ഈജിപ്ഷ്യന്‍ ഫ്‌ളൂ തുടങ്ങിയവയെയും തടഞ്ഞ് നമ്മെ സംരക്ഷിക്കാനാവും. 
ബി ലിംഫോസൈറ്റ്‌സ് ഏതിനം രോഗാണുക്കളെയും സാമാന്യമായി തടയുമ്പോള്‍ മറ്റു നാലു പ്രതിരോധഘടകങ്ങളും ഏതിനും രോഗാണുക്കളെയും അതിശക്തമായി തടയുന്നതായി ഡോ. ബഞ്ചമിന്‍ ലാവു തെളിയിച്ചിട്ടുണ്ട്. ഇവയോരോന്നിന്റെയും പ്രവര്‍ത്തനങ്ങള്‍ യഥാക്രമം ഒരു ത്രികോണത്തിന്റെ ഒന്നാം സ്ഥാനത്തും പ്രതിലോമപരമായ രോഗാണുക്കളെ പരത്തുന്ന കൊതുക്, ഈച്ച, എലി എന്നിവ ആ ത്രികോണത്തിന്റെ രണ്ടാംസ്ഥാനത്തും നമ്മുടെ ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നു. 
ഏതിനം പ്രതിരോധശക്തികളെയും നിഷ്പ്രഭമാക്കുന്ന ദുര്‍വാസനകളായ പുകവലി, നാലുംകൂട്ടിയുള്ള മുറുക്ക്, മദ്യപാനം തുടങ്ങിയവയും സ്‌ഫോടനാത്മകമായ കോപം, പക, വ്യായാമരഹിതജീവിതം എന്നിവയും ശരീരത്തിന്റെ പ്രതിരോധം തകര്‍ത്ത് രോഗബാധ കൂട്ടി നമ്മെ കൊന്നുകളയുന്നവയാണ്. അതിനാല്‍, പരിസരശുദ്ധി, ദുര്‍വാസനകളില്ലാത്ത ജീവിതം, രോഗപ്രതിരോധത്തെ ഉത്തേജിപ്പിക്കുന്ന പോഷകൗഷധയുപയോഗം, കഠിനാധ്വാനമോ വ്യായാമമോ ശീലമാക്കുന്ന ജീവിതം ഇവ അനുവര്‍ത്തിച്ച ജീവിക്കേണ്ടതാണ്. കഠിനാധ്വാനവും വ്യായാമവും യോഗായും ഹൃദ്രോഗത്തിനും പ്രമേഹത്തിനും നിയന്ത്രണം നല്‍കും. പാരമ്പര്യംവഴിയും അമിതഭക്ഷണം, മടി എന്നിവവഴിയും ഹൃദ്രോഗം, പ്രമേഹം എന്നിവയുണ്ടാകും. അമിതമായി വയറുചാടി  ചുറ്റും കൊഴുപ്പുകൂടുന്നതും ഹൃദ്രോഗം വരുത്തും. അതൊഴിവാക്കാന്‍ മിതഭക്ഷണവും അധ്വാനമോ വ്യായാമമോ നിത്യവും രണ്ടു കിലോമീറ്റര്‍ നടപ്പോ വേണമെന്നറിയുക. ബഞ്ചമിന്‍ ലാവുവിന്റെ ത്രികോണസഹായത്തോടെ പോഷകൗഷധംവഴിയുള്ള വിവരണം താഴെ കൊടുക്കുന്നു.
1. ഒന്നാം സ്ഥാനത്ത് ബി, റ്റി,  ലിംഫോസൈറ്റുകളും കെ, എന്‍.കെ. കോശഘടകങ്ങളും മാക്രോഫേജസുകളും ശരീരത്തിന്റെ രോഗപ്രതിരോധപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു.
2. രണ്ടാം സ്ഥാനത്ത്  മേല്‍ വിവരിച്ച ക്ഷുദ്രജീവികള്‍ പലവിധ രോഗങ്ങളുടെ രോഗാണുക്കളെ ശരീരത്തില്‍ കയറ്റിവിടുന്നു. രോഗം പരത്തുന്നു. ആ സാധ്യതകള്‍ നാം പരിസരശുദ്ധി, ദേഹശുദ്ധി, ദുര്‍വാസനകളോടുള്ള വിരക്തി എന്നിവ വഴി ഒഴിവാക്കണം. തദ്വാരാ, പ്രതിരോധശക്തി താഴാതിരിക്കും. 
3. മൂന്നാംസ്ഥാനത്തു നാം വിവരിച്ച പുകവലി, മദ്യപാനം, വ്യായാമരഹിതജീവിതം എന്നിവയ്ക്കു സുല്ലിട്ട് കോപം, പക തുടങ്ങിയവയകറ്റി, പ്രാര്‍ഥന, ധ്യാനം എന്നിവ അനുധാവനം ചെയ്തു ജീവിക്കണം. ഇക്കാലത്ത് കളനാശിനികള്‍ ധാരാളമായി ഉപയോഗിക്കുന്നതിനാല്‍ പച്ചക്കറികളും പഴങ്ങളും വാളന്‍പുളിവെള്ളത്തില്‍ രണ്ടുമൂന്നു തവണ കഴുകിയെടുക്കണം. തദ്വാര മൂന്നാമിടത്ത് പ്രതിരോധം താഴാതെയിരിക്കും. 
ഭക്ഷണത്തില്‍ അമിതമായ കൊഴുപ്പുണ്ടായാലും അവ ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടാതിരിക്കാന്‍ സഹായിക്കുന്ന ഭക്ഷ്യനാരുകളടങ്ങിയ, വാഴക്കൂമ്പ്, പിണ്ടി, പച്ചച്ചക്കപ്പുഴുക്ക്, ഇലക്കറികള്‍ തുടങ്ങിയ നമ്മുടെ ഭക്ഷണപദാര്‍ഥങ്ങളിലടങ്ങിയിരിക്കണം. ഇവയോരോന്നും നിത്യം മാറിമാറി കഴിക്കണം.
മറ്റൊന്ന് പന്നി, കാള, ആട് എന്നിവയുടെ മാംസം ഒഴിവാക്കണം. അവയിലെ ചുവന്ന പ്രൊട്ടീന്‍ഘടകങ്ങള്‍ കാന്‍സര്‍ജനകമാണ്. ഇവ കഴിക്കുന്നവരില്‍ കാന്‍സര്‍ബാധ കൂടുതലായി  കണ്ടുവരുന്നു. മുന്‍കാലം നമ്മുടെ പൂര്‍വികര്‍ അപൂര്‍വമായി ഈവക ഭക്ഷണങ്ങള്‍ ഉപയോഗിച്ചിരുന്നെങ്കിലും അത് അത്ര ഉപദ്രവകരമായിരുന്നില്ല. മാംസങ്ങളില്‍ ദോഷരഹിതമായ കോഴി, താറാവ് തുടങ്ങിയവമാത്രം മിതമായി കഴിക്കുക. കൊഴുപ്പു കുറഞ്ഞ മത്സ്യങ്ങളും മഞ്ഞക്കരുമാറ്റിയ മുട്ടകളും മിതമായി കഴിക്കുക. അതുവഴി കാന്‍സറും ഹൃദ്രോഗവും പ്രമേഹവും തടയാനാവും. പ്രമേഹം തടയാന്‍ ധാരാളം നാരുള്ള ഭക്ഷണങ്ങളും അരവയര്‍ ചോറുമുണ്ണുക. കിഴങ്ങുവര്‍ഗങ്ങളും മിതമായി കഴിക്കാം. വാഴപ്പഴം, ചക്കപ്പഴം തുടങ്ങിയവ കഴിക്കരുത്. മലശോധന കുറവുള്ളവര്‍ കായംഗുളിക ഇടയ്ക്കിടെ കഴിക്കുക. 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)