•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

വൃദ്ധനെ പുച്ഛിച്ച യുവാക്കള്‍

രു വൃദ്ധന്‍ പാരീസില്‍നിന്നു ട്രെയിനില്‍ യാത്ര ചെയ്യുകയാണ്. കമ്പാര്‍ട്ടുമെന്റില്‍ ആളുകള്‍ കുറവായതിനാല്‍ വൃദ്ധന്‍ ആളൊഴിഞ്ഞ ഭാഗത്ത് ഒരു മൂലയിലിരുന്നു. മറ്റാരുടെയും ശല്യമില്ലാത്തതിനാല്‍ തന്റെ കൈയിലെ ജപമാല ഉരുട്ടിക്കൊണ്ടു സ്വസ്ഥമായിരുന്നു കൊന്ത ചൊല്ലുകയാണ്.
കുറേസമയം കഴിഞ്ഞ് ട്രെയിന്‍ അടുത്ത സ്റ്റേഷനിലെത്തിയപ്പോള്‍ വൃദ്ധനിരിക്കുന്ന കമ്പാര്‍ട്ടുമെന്റിലേക്കു രണ്ടു യുവാക്കള്‍ കയറിവന്ന് എതിര്‍സീറ്റുകളില്‍ വൃദ്ധനഭിമുഖമായി ഇരുന്നു. നല്ല പ്രൗഢിയും പരിഷ്‌കാരവും ഗമയും വിളിച്ചറിയിക്കുന്ന യുവാക്കള്‍. അവര്‍ ബെല്ലും ബ്രേക്കുമില്ലാതെ കലപില വര്‍ത്തമാനവും ചിരിയുമായി സല്ലപിച്ചിരിക്കുകയാണ്.
കാരണവര്‍ ദത്തശ്രദ്ധനായി കൊന്തയുരുട്ടിയിരിക്കുന്നതു ചൂണ്ടി അവര്‍ പുച്ഛത്തോടെ പരസ്പരം നോക്കി ഊറിച്ചിരിച്ചു. അലോസരം തോന്നിയിട്ടോ എന്തോ കാരണവര്‍ അവരെ ഉറ്റുനോക്കി.
ഒരു കോളജുകുമാരന്റെ ചോദ്യം: ''ഈ പഴഞ്ചന്‍ ജപമാലയില്‍ നിങ്ങളിപ്പോഴും വിശ്വസിക്കുന്നുണ്ടോ?''
വൃദ്ധന്‍: ''തീര്‍ച്ചയായും, നിങ്ങളോ?''
വിദ്യാര്‍ഥി: ''ഞാനെന്നേ അതുപേക്ഷിച്ചു. ഇതുകൊണ്ടൊന്നും ഭാവിക്ക് യാതൊരുപകാരവുമില്ല.''
വൃദ്ധന്‍: ''നിങ്ങളെന്തു ചെയ്യുന്നു?''
വിദ്യാര്‍ഥി: ''ഞങ്ങള്‍ കോളജുവിദ്യാര്‍ഥികളാ.''
വൃദ്ധന്‍ : ''ഓഹോ!''
അടുത്ത വിദ്യാര്‍ഥി: ''കാരണവര് വല്ല പുസ്തകവുമൊക്കെ വായിച്ച് അറിവു സമ്പാദിക്കാന്‍ നോക്ക്. കൊന്തയുരുട്ടി ചുമ്മാ സമയം നഷ്ടപ്പെടുത്താതെ.''
വൃദ്ധന്‍: ''ഇതൊരു നഷ്ടമായി എനിക്കു തോന്നിയിട്ടില്ല.''
ആദ്യവിദ്യാര്‍ഥി: ''ഉപദേശിക്കുകയാണെന്നു തോന്നരുത്. ഞാന്‍ പറയുന്നതു സ്വീകരിക്കുമെങ്കില്‍ നിങ്ങള്‍ ഒന്നു മാത്രം ചെയ്യുക.''
വൃദ്ധന്‍: ''എന്താണത്?''
വിദ്യാര്‍ഥി: ''മോഡേണ്‍ സയന്‍സിനെക്കുറിച്ചു പഠിക്കുക. ഈ ജപമാല ഉരുട്ടുന്നതിനെക്കാള്‍ കൂടുതല്‍ ഫലം കിട്ടും. അറിവു കിട്ടും. ആധുനികശാസ്ത്രത്തിന്റെ വിസ്മയകരമായ വളര്‍ച്ച മനസ്സിലാകും.''
വൃദ്ധന്‍: ''എന്താണു നിങ്ങളുടെ മോഡേണ്‍ സയന്‍സ്? ആധുനികശാസ്ത്രം?''
വിദ്യാര്‍ഥി: ''വിഷയം കുറച്ചു ഗഹനമാണ്. അറിയാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ അതിന്റെ അദ്ഭുതസിദ്ധികളെക്കുറിച്ചും മേന്മയെക്കുറിച്ചുമുള്ള പുസ്തകം അയച്ചുതരാം. താത്പര്യമുണ്ടെങ്കില്‍ നിങ്ങളുടെ അഡ്രസു തരൂ.''
വൃദ്ധന്‍ ഉടനെ പോക്കറ്റില്‍നിന്നു തന്റെ അഡ്രസ് കാര്‍ഡ് എടുത്തു നീട്ടി. യുവാക്കള്‍ ഞെട്ടിപ്പോയി. വിശ്വവിഖ്യാതനായ ശാസ്ത്രജ്ഞന്‍! മാരകമായ പേപ്പട്ടിവിഷത്തിനു മരുന്നു കണ്ടുപിടിച്ച ലൂയി പാസ്റ്റര്‍ എന്ന മഹാന്‍!
വൃദ്ധനെ കളിയാക്കിക്കൊണ്ടു പേയിളകിയതുപോലെ സംസാരിച്ച യുവാക്കള്‍ക്ക് നെറുകയില്‍ അടികിട്ടിയതുപോലെയായി. ശാസ്ത്രജ്ഞന്റെ ശാന്തതയും വിനയസ്വഭാവവും പ്രാര്‍ഥനയുമെല്ലാം ആ യുവാക്കള്‍ക്ക് ഒരു ഷോക്ക്ട്രീറ്റ്‌മെന്റായി. അവര്‍ എഴുന്നേറ്റു ക്ഷമാപണത്തോടെ സോറി പറഞ്ഞു. ഫ്രാന്‍സിലെ ഒരിടത്തരം കുടുംബത്തില്‍ ജനിച്ച ലൂയി പാസ്റ്ററാണ് പിന്നീട് ലോകപ്രശസ്ത ശാസ്ത്രജ്ഞനായി ഉയര്‍ന്നതെന്ന് ആ യുവാക്കള്‍ അറിഞ്ഞതേയില്ല.
അനുബന്ധമായി ഒരു സംഭവം. മര്‍ജാ മിഷന്‍ എന്ന സ്ത്രീയുടെ ഭര്‍ത്താവു നേരത്തേ മരിച്ചുപോയിരുന്നു. അവരുടെ ഏകമകന്റെ പേരാണ് ജോസഫ് മീഷര്‍. അവന് ഒമ്പതു വയസ്സു  ണ്ട്. സ്‌കൂളില്‍ പഠിക്കുന്നു. ഒരു ദിവസം വാവിട്ടു കരഞ്ഞുകൊണ്ട് അവന്‍ ഓടിക്കിതച്ച് വീട്ടിലെത്തി. സ്‌കൂള്‍വിട്ടുപോരുന്ന സമയത്ത് ഒരു പട്ടി പിന്നാലെ പാഞ്ഞെത്തി അവന്റെ കാല്‍വണ്ണ കടിച്ചുപൊളിച്ചു.
മകന്റെ നിലവിളികേട്ടു പരിഭ്രാന്തയായി അമ്മ ഓടിയെത്തി. മുറിവില്‍നിന്നു രക്തം ധാരധാരയായി ഒഴുകുന്നു. അമ്മയ്ക്കു തലകറങ്ങുന്നതുപോലെ തോന്നി. എന്തു ചെയ്യണമെന്നറിയാതെ നിമിഷങ്ങളോളം വിഷമിച്ചുനിന്നു. ഏതോ ദൈവികശക്തിയാല്‍ പ്രേരിതയായി ആ അമ്മ മകനെയുമെടുത്ത് ഓടിപ്പോയത് ആശുപത്രിയിലേക്കോ ഡോക്ടറെ കാണിക്കാനോ അല്ല. ലൂയിപാസ്റ്ററുടെ ഗവേഷണശാലയിലേക്ക്. അദ്ദേഹത്തെ കണ്ടു സങ്കടമറിയിക്കാന്‍, മോന്റെ ജീവന്‍ രക്ഷിക്കണമെന്നപേക്ഷിക്കാന്‍.
പേപ്പട്ടിവിഷത്തിന് അദ്ദേഹം ഒരു മരുന്നു കണ്ടുപിടിച്ചിട്ടുണ്ടെന്ന്  അവര്‍ കേട്ടിട്ടുണ്ട്. ആ വിശ്വാസത്തിലാണ് അങ്ങോട്ടോടിയത്. അദ്ദേഹം കുട്ടിയെ പരിശോധിച്ചു. കടിച്ചത് പേപ്പട്ടിയാണെന്നു  ബോധ്യമായി. എന്നിട്ടു പറഞ്ഞു: ''ഞാന്‍ ഒരു മരുന്നു കണ്ടുപിടിച്ചു എന്നതു ശരിയാണ്. പക്ഷേ, ഇന്നുവരെ മനുഷ്യശരീരത്തില്‍ ഞാനിതു പ്രയോഗിച്ചിട്ടില്ല. വിജയിക്കുമോ എന്നുമറിയില്ല. അക്കാരണത്താല്‍ത്തന്നെ നിന്റെ മകനെ രക്ഷപ്പെടുത്താമെന്നു ഞാന്‍ തീര്‍ത്തുപറയില്ല. രക്ഷപ്പെട്ടാല്‍ നിന്റെ മഹാഭാഗ്യം.''
''അവിടുന്ന് എന്റെ മോനെ രക്ഷിക്കണം. ഇപ്പോള്‍ അങ്ങ് എന്റെ ദൈവമാണ്.'' ആ സ്ത്രീ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീണു കരഞ്ഞു.
അങ്ങനെ ചികിത്സയാരംഭിച്ചു. സൗകര്യാര്‍ഥം അമ്മയും മകനും അവിടെത്തന്നെ താമസിച്ചു. ലൂയി പാസ്റ്റര്‍ ഒപ്പംനിന്നു ശ്രദ്ധാപൂര്‍വം മേല്‍നോട്ടം വഹിച്ചു. നാലഞ്ചു മാസത്തോളം ട്രീറ്റുമെന്റു നടന്നു. ദൈവാനുഗ്രഹത്താല്‍ മകന് പരിപൂര്‍ണസൗഖ്യം ലഭിച്ചു. അങ്ങനെ പേപ്പട്ടിവിഷത്തില്‍നിന്നു രക്ഷ നേടിയ ലോകത്തിലെ ആദ്യത്തെ വ്യക്തിയായി മാറി ജോസഫ് മീഷര്‍ എന്ന പയ്യന്‍ - ആ അമ്മയുടെ ഏക മകന്‍.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)