ബനഡിക്ട് പതിനാറാമന്‍ പാപ്പാ പറയുന്നു: ''സുവിശേഷം പങ്കുവയ്ക്കുന്നതാണ് മനുഷ്യവര്‍ഗത്തിനു നല്‍കാവുന്ന ഏറ്റവും മഹത്തായ സേവനം.'' (മിഷന്‍ സണ്‍ഡേ സന്ദേശം, 2009). ക്രിസ്തുസന്ദേശം പങ്കുവയ്ക്കുന്നതിനു സഭ സ്വീകരിച്ച ഒരു മാര്‍ഗമാണ് കാരുണ്യപ്രവൃത്തികളുടേത്. ഈശോ ചെയ്തതുതന്നെ സഭയും ചെയ്യുന്നു. അവിടുന്ന് വാക്കുകളിലൂടെയും കാരുണ്യപ്രവൃത്തികളിലൂടെയും സുവിശേഷം അറിയിച്ചു, കാരണം, അവിടുത്തേക്കു രോഗികളോടും പീഡിതരോടും ആഴമായ സ്‌നേഹമുണ്ടായിരുന്നു (മര്‍ക്കോ. 1:32). വി. മദര്‍ തെരേസയും മറ്റു പല സഭാതനയരും, കാരുണ്യപ്രവൃത്തികളിലൂടെയുള്ള സഭയുടെ സുവിശേഷവത്കരണത്തിന്റെ നേര്‍ക്കാഴ്ചകളാണ്. സഭയുടെ ആതുരാലയങ്ങളും ശുശ്രൂഷാകേന്ദ്രങ്ങളും തടവറയിലെ മക്കളെത്തേടിയുള്ള യാത്രയും എല്ലാം, നന്മകള്‍ ചെയ്തു കടന്നുപോയ ക്രിസ്തുമാര്‍ഗത്തിന്റെ തുടര്‍ച്ചകളാണ്. അതാണ് സഭയുടെ മാര്‍ഗവും (അപ്പ. പ്രവ. 10:32).
സുവിശേഷവത്കരണത്തിന്റെ ജീവത്തായ മറ്റൊരു മാര്‍ഗമാണ് വികസനപ്രവര്‍ത്തനങ്ങള്‍. സഭ മനുഷ്യന്റെ വളര്‍ച്ചയെയും വികസനത്തെയും ബഹുമാനിക്കുന്നു. ജീവനുവേണ്ടിയും ജീവന്റെ വളര്‍ച്ചയ്ക്കുതകുന്ന സാഹചര്യങ്ങള്‍ക്കുവേണ്ടിയും നിലകൊള്ളുന്നതുകൊണ്ട് അമ്മയുടെ ഗര്‍ഭംമുതല്‍ മണ്ണിന്റെ ഗര്‍ഭംവരെയുള്ള ജീവിതയാത്രയില്‍ സഭ ഒരു സുവിശേഷമായി നിലകൊള്ളുന്നു. മനുഷ്യന്റെ സമഗ്രവികസനത്തിനുവേണ്ടിയുള്ള വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ ഉദാഹരണങ്ങള്‍തന്നെ. ഒപ്പം, പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും അധഃസ്ഥിതരോടും സഭ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. സമഗ്രവിമോചനം ലക്ഷ്യമാക്കിയാണ് സഭ ഇവ്വിധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്.
ഈശോ തന്റെ ജീവിതം കൊണ്ടാണ് സുവിശേഷം പ്രഘോഷിച്ചത്. അതിനാല്‍, നമ്മുടെ ജീവിതസാക്ഷ്യങ്ങള്‍ വിലപ്പെട്ടതാണ്. നാം വിശുദ്ധിയുടെ പങ്കുകാരാകണം. ''തന്റെ മുമ്പാകെ സ്‌നേഹത്തില്‍ പരിശുദ്ധരും നിഷ്‌കളങ്കരുമായിരിക്കാന്‍ ലോകസ്ഥാപനത്തിനുമുമ്പുതന്നെ അവിടുന്നു നമ്മെ ക്രിസ്തുവില്‍ തിരഞ്ഞെടുത്തു (എഫേ. 1:4). പോള്‍ ആറാമന്‍ പാപ്പാ പറയുന്നു: ''എല്ലാറ്റിനുമുപരിയായി ജീവിതസാക്ഷ്യംകൊണ്ട് സുവിശേഷം പ്രഘോഷിക്കപ്പെടണം. ഈ പ്രഘോഷണം മറ്റുള്ളവരോടു സാന്നിധ്യവും പങ്കുവയ്ക്കലും ഐക്യദാര്‍ഢ്യവും ഉള്‍ക്കൊള്ളുന്നതായിരിക്കണം'' (എവാന്‍ജെലിയി തുഷിയാന്തി 21).
ദൈവവചനം പ്രഘോഷിക്കാന്‍ മടിയില്ലാത്തവരും ധൈര്യമുള്ളവരുമാകാം. പോള്‍ ആറാമന്‍ പാപ്പാ പറഞ്ഞ കാര്യം ഊട്ടിയുറപ്പിച്ചുകൊണ്ട് ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ പറഞ്ഞു: ''നസ്ര ത്തിലെ ഈശോയുടെ നാമവും പ്രബോധനവും ജീവിതവും വാഗ്ദാനങ്ങളും ദൈവരാജ്യവും അവയുടെ രഹസ്യങ്ങളും പ്രഘോഷിക്കുന്നില്ലെങ്കില്‍ സുവിശേഷവത്കരണം ഒരിക്കലും സംഭവിക്കില്ല'' (എക്ലേസിയ ഇന്‍ ഏഷ്യ - 19). വചനത്തിന്റെ അക്ഷരങ്ങള്‍ക്കുള്ളില്‍ നിറഞ്ഞിരിക്കുന്ന പരിശുദ്ധശക്തിയെ നമുക്ക് അനുഭവിക്കാം. പങ്കുവയ്ക്കുകയും ചെയ്യാം.
ഏറെ സാധ്യതകള്‍ തുറന്നു തരുന്ന മാധ്യമങ്ങളിലൂടെയും സുവിശേഷം പ്രഘോഷിക്കാം. പരമ്പരാഗതമാധ്യമങ്ങളും നവമാധ്യമങ്ങളും ഉള്‍ക്കൊള്ളുന്ന ദൃശ്യശ്രാവ്യസമ്പര്‍ക്കമാധ്യമങ്ങളിലൂടെ ഈശോയെയും ഈശോയുടെ സുവിശേഷത്തെയും പ്രഘോഷിക്കാം. ഈശോയെ പങ്കുവയ്ക്കാതിരുന്നാല്‍ അതു ദുരിതം. ''ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം'' (1 കൊറി. 9:16).
ഈ നോമ്പ് ദൈവാനുഭവത്തിന്റെ പുത്തന്‍പ്രഭാതങ്ങള്‍ നമുക്കായി തുറക്കട്ടെ. തന്റെ ഗര്‍ഭത്തില്‍ ഈശോയെയും വഹിച്ചുകൊണ്ട് ഏലീശ്ബായെ സന്ദര്‍ശിക്കാന്‍പോയ പരി. കന്യകാമറിയം നമുക്കു മാതൃകയും ഉദാഹരണവുമാണ് (ലൂക്കാ 1: 39-45). അമ്മയെപ്പോലെ നമുക്കും ഈശോയാല്‍ നിറയാം, ഈശോയെയും ഈശോ തരുന്ന അഭിഷേകത്തെയും പങ്കുവയ്ക്കാം.