ഡിജോ കാപ്പന്റെ ലേഖനം ''കേരളത്തെ ഭക്ഷണം കഴിപ്പിച്ചു കൊല്ലുന്നതാര്?'' വായിച്ചു. ഹോട്ടലുകളുടെ മാത്രമല്ല, എന്തിന്റെയും പിന്നാമ്പുറം അത്ര കേമമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഓരോ വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും മുന്‍കാലചരിത്രമന്വേഷിച്ചുപോയാല്‍, വളിച്ചതും പുളിച്ചതും ചീഞ്ഞതും നാറിയതുമൊക്കെ അവിടെ കണ്ടെത്താന്‍ കഴിയും. സെലിബ്രേറ്റികളുടെ പിന്നാമ്പുറക്കഥകള്‍ അന്വേഷിച്ചുപോകുക ചില പത്രക്കാര്‍ക്ക് ഒരു ഹരംതന്നെയാണ്. തങ്ങളുടെ പ്രസിദ്ധീകരണത്തിന്റെ കോപ്പി വര്‍ദ്ധിപ്പിക്കുകയാണു ലക്ഷ്യം. ഈ പത്രക്കാരന്റെ പിന്നാമ്പുറം തപ്പിച്ചെന്നാലോ, അവിടെയുമുണ്ടാകും കഥകള്‍. അതുകൊണ്ടാവണം, അധികം പിറകോട്ടു ചികയാതിരിക്കുകയാണ് എല്ലാവര്‍ക്കും നല്ലതെന്നു വിവരമുള്ളവര്‍ പറയുന്നത്.
ഇതൊക്കെയാണെങ്കിലും ഹോട്ടലുകളുടെ അടുക്കള വൃത്തിയായിരിക്കുകയെന്നത് ഒരു ജീവല്‍പ്രശ്‌നമാണ്. അടുക്കളവൃത്തിയെന്നാല്‍ ഭക്ഷണം മായം കലരാത്തതും രുചികരവുമായിരിക്കുക എന്നര്‍ഥം. നാട്ടില്‍ ഒരുപാടു കൊള്ളരുതായ്മകള്‍ വേറെയില്ലാഞ്ഞിട്ടല്ല. ഏതു തെമ്മാടിത്തരത്തെയും പ്രതിരോധിക്കണമെങ്കില്‍ ഊര്‍ജം വേണമല്ലോ. ഊര്‍ജം വേണമെങ്കില്‍ ഭക്ഷണം കഴിക്കണം. തീറ്റ വിഷമയമെങ്കില്‍ കഴിക്കുന്നവന്റെ കഥ ഊഹിക്കാമല്ലോ. കൊക്കില്‍ ജീവനുണ്ടെങ്കിലല്ലേ അഴിമതിക്കും കൈക്കൂലിക്കുമൊക്കെയെതിരേ സമരം ചെയ്യാനൊക്കൂ?
ഉള്ളതു പറഞ്ഞാല്‍ കള്ളനും പോലീസിനും വൃത്തിയായ ഭക്ഷണമാവശ്യമുണ്ട്. പോക്രിയാണെങ്കിലും ഭക്ഷ്യവിഷബാധയേറ്റാല്‍ കഥ മാറി. അതുകൊണ്ട് അക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ട. നന്മ ചെയ്യുന്നവനും തിന്മ ചെയ്യുന്നവനും നല്ല ഭക്ഷണം കഴിച്ചുറങ്ങട്ടെ. ഇവിടെ കാണാത്ത മറ്റൊരു വശമുണ്ട്. എല്ലാവരും ഹോട്ടലുകളിലെ അടുക്കളക്കാര്യം പറഞ്ഞു മൂക്കു പൊത്തുമ്പോള്‍ വീട്ടുകാര്യം മിണ്ടുന്നേയില്ല. നമ്മുടെ വീടുകളിലെ അടുക്കള എപ്പടി? ഭക്ഷ്യസുരക്ഷാഉദ്യോഗസ്ഥന്മാര്‍ നമ്മുടെ വീടുകളിലെ അടുക്കളകളില്‍ ഒരു മിന്നല്‍പ്പരിശോധന നടത്തി ഫ്രിഡ്ജും മറ്റും പരിശോധിച്ചാല്‍ മിക്കതും പൂട്ടി സീല്‍ ചെയ്യേണ്ടിവരും എന്നതല്ലേ സത്യം?
രാജു മാത്യു ഇലഞ്ഞി