തുള്ളല്‍ക്കവിതയിതിന്നുടെ പൊരുളാല്‍
തുള്ളല്‍ വന്നീടുന്നവരുണ്ടാം
കള്ളങ്ങള്‍തന്‍ കൂമ്പാരംകൊ-
ണ്ടുള്ളം തിങ്ങിനിറഞ്ഞീടുന്നോര്‍.
കോടികള്‍ വാരിക്കൂട്ടാനായി-
ത്തേടീടുന്നൂ വഴികള്‍ പലതും
തട്ടിപ്പുകളാല്‍ മനുജരെ വഞ്ചി-
ച്ചൊട്ടേറെപ്പേര്‍ കൊയ്യും വിത്തം.
പൊതുജനസേവനകച്ചവടത്താല്‍
ശതകോടികളുണ്ടാക്കീടുന്നോര്‍
മുതലക്കണ്ണീര്‍ തൂവീടുന്നു
അതിദുഃഖിതരാം പാവങ്ങള്‍ക്കായ്.
പന്താടുന്നു ജനങ്ങളെയവരെ-
പ്പിന്താങ്ങാനുണ്ടനുചരവൃന്ദം
എന്തിവിടുണ്ടായാലുമവര്‍തന്‍
ചിന്തയിലോ ധനമോഹംമാത്രം.
കല്ലാലുള്ളം തീര്‍ത്തവരെന്തും
പുല്ലായ്മാത്രം കണ്ടീടുന്നു
എല്ലാം നമ്മള്‍ കണ്ടുമടുത്തവ
ചൊല്ലാന്‍പോലും നാണം തോന്നും.