രണ്ടാള്‍ പൊക്കമുള്ള മതിലിനിടയില്‍ പിടിപ്പിച്ച ഗേറ്റ് കടന്ന് ആഷ് കളര്‍ റോള്‍സ് റോയ്‌സ് ഇന്റര്‍ലോക്ക് ചെയ്ത മുറ്റത്തുനിന്നു. ഡ്രൈവിങ്‌സീറ്റിന്റെ ഡോര്‍ തുറന്ന് മെറൂണ്‍ പുറത്തിറങ്ങി. മറുവശത്തെ ഡോര്‍ തുറന്ന് അകത്തേക്കു കൈനീട്ടി.
''വേണ്ട. ഞാനിറങ്ങിക്കോളാം.''
നനഞ്ഞ കിളിക്കുഞ്ഞിന്റേതുപോലെയെങ്കിലും പ്രതിഷേധം നിറഞ്ഞ സ്വരം.
''അച്ഛമ്മച്ചീ...'' മെറൂണ്‍ സ്‌നേഹത്തോടെ വിളിച്ചു.
''വേറൊരു നിവൃത്തീം ഇല്ലാഞ്ഞിട്ടല്ലേ അപ്പേം അമ്മേംകൂടി ഇങ്ങനൊരു ഡിസിഷന്‍ എടുത്തെ? ഈ നാടുവിട്ട് ഞങ്ങള്‍ക്കൊപ്പം വരുന്നില്ലെന്ന് അച്ഛമ്മച്ചി വാശിപിടിച്ചിട്ടല്ലേ?''
മെറൂണിന്റെ മുഖത്തേക്കൊന്നു നോക്കി ക്ലാരിസറ്റീച്ചര്‍ നെടുവീര്‍പ്പിട്ടു. ഈ നാടും വീടും വിട്ട് കാനഡയ്ക്ക് പോകാനോ? ഒരിക്കലുമില്ല. ഹെഡ്മിസ്ട്രസായി റിട്ടയറായ ക്ലാരിസ ജേക്കബിനെയേ നിനക്കറിയൂ... സക്കറിയാസാറിന്റെ കൈപിടിച്ച് അദ്ദേഹത്തിന്റെ ജീവിതത്തിലേക്കും ഞാവല്‍മരത്തണലിലെ കൊച്ചുവീട്ടിലേക്കും കയറിവന്ന ഒരു ക്ലാരിസയുണ്ട്. പറയാന്‍ ഒരു നൂറുകൂട്ടം കാര്യങ്ങള്‍ റ്റീച്ചറിന്റെ ഉള്ളില്‍ത്തിങ്ങി.
നിനക്കെന്തറിയാം കുട്ടീ... കണ്ണുണ്ടായിട്ടും ഒന്നും കാണാത്തവനെപ്പോലെ നില്‍ക്കുന്നത് നിന്റെ അപ്പ, ഞാന്‍ ഏറെ വാത്സല്യം കൊടുത്തു വളര്‍ത്തിയ എന്റെ ജോക്കുട്ടനാണ്. ഒരു മഴത്തുള്ളി വന്നുവീണ് തടാകത്തില്‍ മറയുന്നതുപോലെ പിറന്നു വീണ മണ്ണില്‍ത്തന്നെ എനിക്കു ലയിക്കണം. ക്ലാരിസ റ്റീച്ചറിന്റെ ഉള്ളിലെ വേലിയേറ്റങ്ങള്‍ അവരുടെ മുഖത്തുനിന്ന് മെറൂണ്‍ വായിച്ചെടുത്തു.
''അച്ഛമ്മച്ചീ... നമ്മള്‍ ജസ്റ്റ് ഇതൊന്നു കാണുന്നെന്നല്ലേയുള്ളൂ... ഇവിടെ ജോയിന്‍ ചെയ്യണമെന്നില്ല. അച്ഛമ്മച്ചിയൊന്ന് ഇറങ്ങി നോക്കിക്കേ. കിടു അറ്റ്‌മോസ്ഫിയര്‍... ദേ ഫൈവ് സ്റ്റാര്‍ എംബ്ലമുണ്ട് നെയിംബോര്‍ഡില്‍ത്തന്നെ... എനിക്കിഷ്ടപ്പെട്ടു. ഇനി അച്ഛമ്മച്ചിക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ നമുക്കു വേറേ നോക്കാന്നേ.''
മെറൂണ്‍ അല്പം ബലം പിടിച്ചിട്ടെന്നവണ്ണം റ്റീച്ചറെ കാറില്‍ നിന്നിറക്കി. ഇടയ്ക്ക് ചില ചുവടുകള്‍ ഇടറുമെന്നതൊഴിച്ചാല്‍ റ്റീച്ചര്‍ പരസഹായമില്ലാതെ നടക്കും. ഓള്‍ഡേജ് ഹോം അച്ഛമ്മച്ചിയെകൊണ്ടെക്കാണിച്ച് ഇഷ്ടപ്പെടുത്തിയെടുക്കുക എന്ന ജോലിയാണ് ജോജിനും ഭാര്യ സ്റ്റെഫിയും ചേര്‍ന്ന് ഏകമകള്‍ മെറൂണിനെ ഏല്പിച്ചിരിക്കുന്നത്.
പതിനഞ്ചു വര്‍ഷത്തിലേറെയായി കാനഡയില്‍ സെറ്റില്‍ഡായ അണുകുടുംബത്തിന് അമ്മയെന്ന നാട്ടിലെ ഏക ബാധ്യത അവസാനിപ്പിക്കുക അത്യാവശ്യമായി വന്നിരിക്കുന്നു. ജന്മം നല്‍കിയ ആറു മക്കളും ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തേക്കു പോയപ്പോള്‍ ഇനിയൊരു തിരിച്ചുവരവ് അവര്‍ക്കുണ്ടാവില്ലെന്ന് സക്കറിയാസാറും ക്ലാരിസറ്റീച്ചറും വിചാരിച്ചിട്ടുണ്ടാവില്ല. വീതം വച്ചുകിട്ടിയ വസ്തുവകകള്‍ കോടികളാക്കിയതോടെ അവര്‍ നാട്ടിലെ വേരറുത്തു. അവശേഷിക്കുന്ന തറവാടും അമ്മച്ചിയും ഇളയമകനുള്ള ഔദാര്യമായി കണക്കാക്കി ബാക്കിയുള്ളവര്‍ കൈകഴുകി.
മുന്നില്‍ക്കാണുന്ന അത്യാഡംബരബില്‍ഡിങ് മെറൂണ്‍ നോക്കിക്കാണുകയായിരുന്നു. ചുറ്റുവട്ടത്ത് വേറേ കെട്ടിടങ്ങളോ വീടുകളോ കാണുന്നില്ല. മനോഹരമായ അന്തരീക്ഷം. മഞ്ഞുപുതച്ചു കിടക്കുന്ന പ്രകൃതിയെ വെയില്‍ മുത്താന്‍ തുടങ്ങുന്നതേയുള്ളൂ. തന്റെ കൈക്കുള്ളിലിരിക്കുന്ന അച്ഛമ്മച്ചിയുടെ കൈവിരലുകളില്‍ പതിവില്ലാത്ത വിറ പടരുന്നത് മെറൂണ്‍ അറിഞ്ഞു.
സ്വീകരിക്കാന്‍ ആളുകളെത്തി. ബിസിനസ് മാഗ്നെറ്റുകള്‍ എന്നു തോന്നിപ്പിക്കുംവിധം നടപ്പും എടുപ്പും വേഷവിധാനങ്ങളും. റ്റീച്ചര്‍ക്ക് വെള്ള റോസാപ്പൂകൊണ്ടുള്ള ഒരു ബൊക്കെ കൊടുത്തു. ഇഷ്ടം ചോദിച്ചറിഞ്ഞു ഡ്രിങ്ക്‌സ് വന്നു...
ഇഷ്ടവിഭവങ്ങള്‍ ചോദിച്ചറിഞ്ഞു. ഒറ്റ ആഡംബരറൂമും പതിച്ചുകിട്ടി... എ.സി., ടി.വി., ഫോണ്‍, എല്ലാ സൗകര്യങ്ങളും വിരല്‍ത്തുമ്പില്‍...
ഫോണ്‍ റിങ് ചെയ്തപ്പോള്‍ മെറൂണ്‍ ഡിസ്‌പ്ലേ നോക്കി. അമ്മയാണ്.
''അമ്മാ...'' മെറൂണ്‍ കോളെടുത്തു.
''മെറൂണ്‍... അവിടെ സെറ്റല്ലേ? അമ്മച്ചി ഹാപ്പിയല്ലേ.''
''കുഴപ്പമില്ലമ്മാ...''
''ങ്ഹാ. എന്നാല്‍ തിരികെ ക്കൂട്ടാന്‍ നില്‍ക്കണ്ട. ഞങ്ങള്‍ അവിടെയെല്ലാം പറഞ്ഞ് സെറ്റ് ചെയ്തിട്ടുണ്ട്. അമ്മച്ചിയുടെ സാധനങ്ങളെല്ലാം പായ്ക്കു ചെയ്ത് വണ്ടിയുടെ ഡിക്കിയില്‍ വച്ചിട്ടുണ്ട്. അത് അവരെ ഏല്പിച്ചിട്ട് മോളു പോന്നോളൂ.'
''അമ്മാ ഇന്നുതന്നെയോ?'' മെറൂണ്‍ ഞെട്ടിപ്പോയി. ''വെറുതെ കാണാനാണെന്നു പറഞ്ഞിട്ട്?''
''പറച്ചിലൊക്കെ അങ്ങനെ കിടക്കും. അവരെ ഇങ്ങോട്ടിനി കൊണ്ടുവന്നാല്‍ പ്രശ്‌നമാകും ന്നാ അപ്പ പറയുന്നെ. പഴയതുപോലയല്ല. ഒരിടത്തും ഒഴിവില്ല. എത്ര അന്വേഷിച്ചിട്ടാ നമ്മുടെ സ്റ്റാറ്റസിനൊത്ത ഒരെണ്ണം ഒത്തു കിട്ടിയത്. എന്നിട്ടും ട്വിന്റി ഫൈവ് ലാക്‌സ് കൊടുക്കേണ്ടിവന്നു.''
മെറൂണ്‍ എന്തു ചെയ്യണമെന്നറിയാതെ നിന്നു. കാനഡയ്ക്കു പോയാല്‍ ഇനിയൊരു തിരിച്ചുവരവില്ല. മാത്രമല്ല, തന്റെ മാര്യേജ് ഫിക്‌സ് ചെയ്തിരിക്കുന്നു. റോഷന്റെ ഫാമിലിയും അവിടെത്തന്നെയാണ്.
അപ്പയും അമ്മയും പറയുന്നത് അനുസരിക്കാതെയും പറ്റില്ല. മെറൂണ്‍ ലഗേജ് എടുക്കുന്നതിനായി കാറിനടുത്തേക്കു നടന്നു. സെക്യൂരിറ്റി പറഞ്ഞതനുസരിച്ച് മെറൂണ്‍ വണ്ടി ബില്‍ഡിങ്ങിന്റെ മറ്റൊരു ഭാഗത്തുള്ള ലിഫ്റ്റിനരുകിലേക്ക് അടുപ്പിച്ചിട്ടു. ഇടയ്ക്ക് തുറന്നുകിടന്ന ജനലിലൂടെ മെറൂണ്‍ അകത്തേക്കു നോക്കി. അകത്ത് മൂന്നടി അകലത്തില്‍ നിരത്തിയിട്ടിരിക്കുന്ന ഇരുമ്പുകട്ടിലുകള്‍... ബെഡ്ഡുള്ളതും ഇല്ലാത്തതും... നിലത്തു കിടക്കുന്നവര്‍... ഇരുന്നു നിരങ്ങുന്നവര്‍... നരച്ചു പിഞ്ചിയ വസ്ത്രത്തിന്റെ തുമ്പുകൊണ്ട് മിഴി തുടയ്ക്കുന്നവര്‍... ഉയിരുകൊടുത്തു വളര്‍ത്തിയ മക്കളെ കാത്തിരുന്ന് മരവിച്ചു പോയവര്‍... മെറൂണ്‍ വിറങ്ങലിച്ചുനിന്നു.
അവളുടെ മനസ്സില്‍ ഒരു ഓള്‍ഡേജ് ഹോമിന്റെ ചിത്രമുണ്ട്. ദൈവത്തിന്റെ മാലാഖമാരായ കന്യാസ്ത്രീകള്‍ ഏറെ സന്തോഷത്തോടെയും സംതൃപ്തിയോടെയും പ്രായമായവരെ പരിചരിക്കുന്ന ചിത്രം.
''നന്ദിനീ ഒരു പുതിയ ഇര എത്തീട്ടുണ്ട്.'' ഭിത്തിക്കപ്പുറത്ത് ജനാലയ്ക്കരുകില്‍ വിറകലര്‍ന്ന ഒരു ശബ്ദം.
''വല്യ വണ്ടീമ്മേലൊരു പെങ്കൊച്ചാ കൊണ്ടുവന്നെ. വെല്യ റ്റീച്ചറാന്നു കേട്ടു. നാട്ടിലെ പിള്ളേരെ മുഴുവന്‍ പഠിപ്പിച്ച അവര്‍ക്ക് സ്വന്തം മക്കളെ നല്ലതുപഠിപ്പിക്കാന്‍ പറ്റീല്ലല്ലോ.''
''അതേ.'' മറ്റൊരാള്‍ അതു ശരിവച്ചു.
''എത്ര വല്യ റ്റീച്ചറായാലും ഈ ആഡംബരമൊക്കെ എത്രനാളു കാണും? ഇവിടെക്കൊണ്ടെ തള്ളിയോര് പോകുംവരെ. പിന്നെ റ്റീച്ചറും വേലക്കാരിയും ഒക്കെ ദേ, ഈ ഇരുമ്പുകട്ടിലില്‍ത്തന്നെ. മൂന്നുവര്‍ഷംമുമ്പ് പതിനഞ്ചുലക്ഷം കൊടുത്ത് കൊണ്ടെയാക്കിയതാ എന്നെ. എന്നിട്ടോ? കൊണ്ടാക്കിയ മക്കള്‍ തിരിച്ചുവരാത്തിടത്തോളംകാലം പുറംലോകം ഒന്നും അറിയാനും പോണില്ല.''
ഫൈവ്സ്റ്റാര്‍ സ്റ്റിക്കര്‍ കാണിച്ചുകൊണ്ടുള്ള തറക്കച്ചവടം! കോട്ട് ധരിച്ച ഒരാള്‍ തന്നെ അന്വേഷിച്ചു വരുന്നതുകണ്ട മെറൂണ്‍ ഒന്നും അറിയാത്ത ഭാവത്തില്‍ മുന്നോട്ടു നടന്നു. അല്പം പഴക്കം തോന്നിക്കുന്ന ഒരു ഡയറി അവള്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ചിരുന്നു.
''കുട്ടിയുടെ ഫാദര്‍ എല്ലാം പറഞ്ഞിരുന്നു. റ്റീച്ചറെ ഇവിടെ ആക്കിയിട്ടു പോവുകയല്ലേ?''
''ഇല്ല സാര്‍. അമ്മച്ചിക്ക് ഒരാഗ്രഹമുണ്ട്. പഠിപ്പിച്ച സ്‌കൂളില്‍ ഒന്നുകൂടെ പോകണമെന്ന്. അതുകഴിഞ്ഞ് ഞാനിവിടെക്കൊണ്ടെ ആക്കിക്കോളാം.''
മെറൂണ്‍ ക്ലാരിസറ്റീച്ചറിന്റെ കൈപിടിച്ച് അവിടെനിന്നിറങ്ങി. റ്റീച്ചര്‍ സീറ്റിലേക്കു ചാരി കണ്ണുകളടച്ചിരുന്നു. തൊട്ടുമുമ്പുകണ്ട ബില്‍ഡിങ്ങിന്റെ വര്‍ണാഭയൊന്നും അവരുടെ മനസ്സില്‍ പതിഞ്ഞിരുന്നില്ല. അവിടെ ആഴത്തില്‍ പതിഞ്ഞിരുന്നത് മറ്റൊരു കോമ്പൗണ്ടും കെട്ടിടവുമായിരുന്നു. മുത്തിശ്ശിമാവും ഇടയ്ക്കിടെ കൊമ്പൊടിഞ്ഞു വീഴുന്ന വാകമരവും നിറയെ കായ്ക്കുന്ന പേരയും ഒക്കെക്കൊണ്ടു സമൃദ്ധമായ കോമ്പൗണ്ടിലേക്കുള്ള ആദ്യയാത്ര സക്കറിയമാഷിന്റെ സൈക്കിളിലിരുന്നായിരുന്നു.
ദൈവം ഹൃദയത്തിലും അധരത്തിലുംവച്ചു തന്ന അറിവ്. വിശക്കുമ്പോഴൊക്കെ മക്കള്‍ക്കെന്നപോലെ വിളമ്പിക്കൊടുത്ത കുറേ അക്ഷരങ്ങള്‍... ഇന്ന് തന്നില്‍ ചൂടും തണുപ്പുമില്ല. എല്ലാ പദങ്ങളുടെയും ആത്മാവ് നഷ്ടപ്പെട്ട ലോകത്ത് താന്‍ വെറുതെ ജീവിച്ചിരിക്കുന്നു.
മെറൂണിന്റെ ഫോണ്‍ വീണ്ടും റിങ് ചെയ്തു. അവള്‍ പ്രതീക്ഷിച്ച കോള്‍. അപ്പയാണ്.
''ആ അപ്പാ... പറയ്.''
''മെറൂണ്‍ നീ എവിടെയാ? എന്തൊക്കെയാണ് നീ കാണിച്ചു കൂട്ടുന്നത്?''
''അപ്പാ, ഞാന്‍ അങ്ങോട്ടേക്കാണു വരുന്നത്. വന്നിട്ടു സംസാരിക്കാം.''
''മെറൂണ്‍... ഒന്നും സംസാരിക്കാനില്ല. ഞാന്‍ പറയുന്നതങ്ങ് അനുസരിച്ചാല്‍ മതി. അമ്മച്ചിയെ തിരിച്ചുകൊണ്ടാക്കീട്ടു വാ. എന്നിട്ടിങ്ങു വന്നാല്‍ മതി.'' അച്ഛമ്മച്ചി കേള്‍ക്കുന്നുണ്ടെന്നു പോലും ഓര്‍ക്കാതെയാണു പറയുന്നത്.
''അപ്പാ, ഞാനിനി കാനഡയ്ക്കില്ല. അച്ഛമ്മച്ചിക്കൊപ്പം നാട്ടില്‍ നില്‍ക്കുകയാണ്. ബാക്കി ഞാന്‍ വന്നിട്ടു സംസാരിക്കാം.'' മെറൂണ്‍ ഫോണ്‍ വച്ചു.
''അച്ഛമ്മച്ചീ... സത്യത്തില്‍ അപ്പയെ അച്ഛമ്മച്ചി പ്രസവിച്ചതാണോ? അതോ ദത്തെടുത്തതോ?'' കുസൃതിച്ചിരിയോടെ മെറൂണ്‍ ചോദിച്ചു. ക്ലാരിസ റ്റീച്ചര്‍ കണ്ണുതുറന്ന് മെറൂണിനെ നോക്കി. അവര്‍ക്ക് അവളെ മനസ്സിലായതേയില്ല.
''ഞാനെത്രനാള്‍ ജീവിച്ചിരിക്കുമെന്നോര്‍ത്താ കുട്ടീ നീ ഇത്തരം തീരുമാനങ്ങളൊക്കെ എടുക്കുന്നത്? ഒന്നോ രണ്ടോ വര്‍ഷംകൊണ്ട് ഞാന്‍ മരിച്ചില്ലെങ്കിലോ?'' അവര്‍ ചോദിച്ചു.
''എന്റെ അച്ഛമ്മച്ചി ഇനി ഇത്രേംനാളുംകൂടി ജീവിച്ചിരുന്നാലും ഞാനുണ്ടാകും കൂടെ. എനിക്കു പറ്റിയൊരു ജോലി ഞാന്‍ ഇവിടെ കണ്ടുപിടിക്കും. റോഷനോടു ഞാന്‍ ചോദിക്കും ഈ നാട്ടിലേക്കു പോരുന്നോന്ന്. ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്കുവേണ്ടി കിരീടംപോലും വേണ്ടെന്നു വച്ച എഡ്വേര്‍ഡ് രാജാവ് ജീവിച്ചിരുന്ന ഭൂമിയില്‍ത്തന്നെയാണ് അവനും പിറന്നത്. അവന് കടല്‍ത്തീരം പോലൊരു മനസ്സ് ദൈവം കൊടുക്കും അമ്മച്ചീ.''
പെട്ടെന്ന് തനിക്കുണ്ടായ മാറ്റമാണ് അച്ഛമ്മച്ചിക്കു മനസ്സിലാകാത്തതെന്ന് മെറൂണിന് അറിയാമായിരുന്നു. അതിനു കാരണം അല്പംമുമ്പ് അച്ഛമ്മച്ചീടെ ബാഗില്‍നിന്നു കിട്ടിയ ഡയറിയാണെന്നും അച്ഛമ്മച്ചിയുടെയും അപ്പച്ചന്റെയും അപ്പയുടേതുമടക്കം മക്കളുടെയും പച്ചയായ ജീവിതം അതില്‍ നിറംചോരാതെ വരച്ചിട്ടിരുന്നുവെന്നും തല്‍ക്കാലം അച്ഛമ്മച്ചി അറിയണ്ട. എല്ലാ മക്കളും മൃഗസമാനരല്ല. ഞാനൊരു തുടക്കമാവട്ടെ. ഓരോ പ്രവാസികുടുംബത്തിലും എന്നെപ്പോലുള്ള ഓരോ കുട്ടി മതി കൂണുപോലെ പൊങ്ങുന്ന വൃദ്ധസദനങ്ങള്‍ തുടച്ചുനീക്കാന്‍. അച്ഛമ്മച്ചിയുടെ മുഖത്ത് കളഞ്ഞുപോയ പുഞ്ചിരിയും മറന്നുപോയ പാട്ടും തിരികെവന്നത് മെറൂണ്‍ കണ്ടു. അത് അവരിരുവരുടെയും ചലനങ്ങള്‍ക്ക് ഉന്മേഷവും മിഴികള്‍ക്കു നനവും നല്‍കി.