•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഈ സ്വര്‍ണമാല എങ്ങനെയുണ്ട്?

പാവപ്പെട്ട ഒരു പെണ്‍കുട്ടിയായിരുന്നു മെറ്റില്‍ഡാ - ഭര്‍ത്താവു ളൂയിസെല്‍ വിദ്യാഭ്യാസവകുപ്പിലെ ഒരു സാധാരണ ക്ലര്‍ക്കും. അവിടത്തെ ഒരു വിശിഷ്ടവിരുന്നില്‍ പങ്കെടുക്കാന്‍ ഒരു ദിവസം മെറ്റില്‍ഡായ്ക്ക് ഒരു പ്രത്യേക ക്ഷണക്കത്തു കിട്ടി. കത്തു കിട്ടിയപ്പോള്‍ അവള്‍ക്കു ദുഃഖമാണുണ്ടായത്: വിരുന്നിനു പോകാന്‍ പറ്റിയ വേഷമില്ല (അത്യാവശ്യം കൊള്ളാവുന്ന ഡ്രസൊക്കെ  ഉണ്ടായിരുന്നിട്ടും). അവളുടെ ദുഃഖം കണ്ട്  ഭര്‍ത്താവ് തന്റെ ആകെയുള്ള സമ്പാദ്യം മുഴുവന്‍ ഡ്രസ്സു വാങ്ങാന്‍ അവള്‍ക്ക് ഏല്പിച്ചുകൊടുത്തു.
ഡ്രസ്സുമായി എത്തിയവളുടെ ദുഃഖം പിന്നെയും ഇരട്ടിക്കുകയായിരുന്നു: ''ഡ്രസ്സു കൊള്ളാം; പക്ഷേ, അതിനു 'മാച്ചു' ചെയ്യാന്‍ തക്ക ആഭരണങ്ങളില്ല!''  എന്താണ് അതിനുള്ള പോംവഴി? അവസാനം സ്ഥലത്തെ ഏറ്റവും വലിയ ധനിക മാഡം ഫോര്‍സ്റ്റിയറില്‍നിന്ന് ആവശ്യമുള്ളതു കടം വാങ്ങി. തിളങ്ങുന്ന രത്‌നമാലയിട്ടു വിരുന്നുശാലയില്‍ മിന്നിമിന്നിനിന്ന മെറ്റില്‍ഡാ മറ്റേതൊരു വനിതയെയുംകാള്‍ ശ്രദ്ധ യാകര്‍ഷിച്ചു!
എല്ലാം കഴിഞ്ഞു ജയഭേരി മുഴക്കി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഏറ്റവും വലിയ പ്രശ്‌നം. കഴുത്തില്‍ മാലയില്ല! എവിടെയോവച്ചു പൊയ്‌പ്പോയി! മാല തിരിച്ചുകൊടുത്തേ തീരൂ. ഒടുവില്‍ ഉണ്ടായിരുന്നതു സര്‍വതുംവിറ്റ് പോരാത്തതു കടവും മേടിച്ച് അതുപോലൊരു മാല വാങ്ങി മാഡം ഫോര്‍സ്റ്റിയറെ ഏല്പിച്ചു. ഒന്ന് എടുത്തുനോക്കുകപോലും ചെയ്യാതെ ഫോര്‍സ്റ്റിയര്‍ അത് അലക്ഷ്യമായി അവിടെ ഇടുകയാണു ചെയ്തത്. പക്ഷേ, വന്നുപോയ കടംവീട്ടി നേരേയാകാന്‍ മെറ്റില്‍ഡായ്ക്കും ഭര്‍ത്താവിനും പത്തുകൊല്ലം പട്ടിണികിടന്നു പണിയെടുക്കേണ്ടിവന്നു...!
'ഡയമണ്ട് നെക്ക്‌ലെയിസ്' എന്ന ശീര്‍ഷകത്തില്‍ ഫ്രഞ്ചുകഥാകൃത്തായ മോപ്പസാങ് എഴുതിയ കഥയുടെ ഒന്നാംഭാഗമാണിത്.
എവിടെയാണ് കഥാനായിക മെറ്റില്‍ഡായ്ക്കു പിശകുപറ്റിയത്? തന്റെ നിലയ്ക്കനുസരിച്ച് അത്യാവശ്യം കൊള്ളാവുന്ന വസ്ത്രങ്ങളൊക്കെ ഉണ്ടായിരുന്ന മെറ്റില്‍ഡായാണ് കുടുംബത്തിന്റെ മുഴുവന്‍ സമ്പാദ്യവും വിറ്റഴിച്ച് വിലയേറിയ  വസ്ത്രങ്ങള്‍ വാങ്ങാന്‍ മെനക്കെടുന്നത്! അതിനും പുറമേയാണ് കടം മേടിച്ച ആഭരണം. എന്താണ് അതു വരുത്തിവച്ചത്? തീരാത്ത ആധിയും തോരാത്ത കണ്ണീരും. ആഭരണഭ്രമം ഇന്നൊരു പ്രശ്‌നംതന്നെയല്ലേ? അണിഞ്ഞൊരുങ്ങാന്‍ ഓരോ വനിതയും നല്‌കേണ്ടിവരുന്ന വില വളരെ വലുതാണ്!
സ്വര്‍ണത്തിന് ഇന്നു തീപിടിച്ച വിലയാണ്. ഓരോ ദിവസവും വില കൂടിക്കൊണ്ടിരിക്കുന്നു. എന്നിട്ട്, അതിന്റെ ഉപയോഗം കുറയുന്നുണ്ടോ? എങ്ങനെയെങ്കിലും അതു സമ്പാദിക്കാന്‍ ഓരോ വനിതയും വ്യഗ്രത കാട്ടുന്നു.
കഴുത്തു മുറ്റിനില്ക്കുന്ന മാലയുണ്ടെങ്കില്‍ എല്ലാവരും തന്നെ നോക്കിനില്ക്കുമെന്നാണ് പലരുടെയും ധാരണ. കഥയിലെ മെറ്റില്‍ഡായെപ്പറ്റി മൊപ്പസാങ് പറയുകയാണ്: ''വിരുന്നുശാലയിലെ ഏറ്റവും അണിഞ്ഞൊരുങ്ങിയ  മനോഹരിയായിട്ടാണ് എല്ലാ ഉന്നതന്മാരും മെറ്റില്‍ഡായെ കണ്ടത്. വിദ്യാഭ്യാസമന്ത്രി പോലും അവളെത്തന്നെ നോക്കിനിന്നു!'' പക്ഷേ, നോക്കിയതു തന്നെയല്ല, മാഡം ഫോര്‍സ്റ്റിയറുടെ മാലയെയാണ് എന്ന് ആ പാവം പെണ്ണിന് എപ്പോഴെങ്കിലും തോന്നിയോ?
യേശുവിന്റെ ഓശാനക്കഴുതയെക്കുറിച്ചു പലരും പറയാറുള്ള ഒരു പഴങ്കഥയുണ്ട്: തന്റെ മുമ്പിലൂടെ വസ്ത്രങ്ങള്‍ വിരിച്ച് ജനം തന്നെ എതിരേറ്റപ്പോള്‍, കൈകളുയര്‍ത്തി ജയ്‌വിളികള്‍ മുഴക്കിയപ്പോള്‍, കഴുതയ്ക്ക് എന്തെന്നില്ലാത്ത രോമാഞ്ചമുണ്ടായി. തന്റെ ദേഹത്തേക്ക് അവര്‍ പൂക്കള്‍ വാരി വിതറുകകൂടി ചെയ്തപ്പോള്‍ അക്ഷരാര്‍ഥത്തില്‍ കഴുതയുടെ കരള്‍ കുളിര്‍ത്തു. എങ്കിലും, ദൈവാലയകവാടത്തിലെത്തിയപ്പോള്‍ കഴുതയ്ക്കു കാര്യം മനസ്സിലായി. പുറത്തിരുന്നവന്‍ താഴെയിറങ്ങി. അതോടെ അത്രയും സമയം ജയ് വിളികള്‍ മുഴക്കിയവര്‍ പിന്നെ തന്നെ തിരിഞ്ഞുനോക്കിയില്ല - അടിച്ചോടിച്ചുവിട്ടു! കഴുതയുടെ ഈ തിരിച്ചറിവുപോലും മനുഷ്യരായ നമ്മില്‍ പലര്‍ക്കുമില്ലെന്നതാണ് ഏറെ ദയനീയം.
'‘Abnormal Psychology and Modern Life’' എന്ന തന്റെ ഗ്രന്ഥത്തില്‍ ജയിംസ് സി കോള്‍മാന്‍ ഇത്തരം പ്രത്യേകതകളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്: സുപ്രസിദ്ധ മനഃശാസ്ത്രജ്ഞനായ ആല്‍ഫ്രഡ് അഡ്‌ലറെ ഉദ്ധരിച്ചുകൊണ്ട് ഈ പ്രവണതകളെ ഒരുതരം Inferiority Complex  ആയിട്ടാണ് അദ്ദേഹം വിലയിരുത്തുക. എന്തോ ഒരു പോരായ്മ അഥവാ, കുറവ്  തനിക്കുള്ളതായി വ്യക്തിക്കു തോന്നുന്നു. ഏതു വിധേനയും അതു പരിഹരിക്കണം. അതിനുള്ള മുഖ്യമാര്‍ഗം ആടയാഭരണങ്ങള്‍തന്നെയാണ്. അത്ര തന്നെ ആകര്‍ഷണീയത ഇല്ലാത്തവരിലാണ് ഈ കമ്പം കൂടുതല്‍ കാണപ്പെടുക - തങ്ങളുടെ  വൈരൂപ്യം അഥവാ കുറവ് മറച്ചു പിടിക്കാനുള്ള മാര്‍ഗം! വിശേഷപ്പെട്ട വസ്ത്രം ധരിച്ചാല്‍, നെക്‌ലെയിസുകൊണ്ടു കഴുത്തു പൊതിഞ്ഞാല്‍ അപരരുടെ നോട്ടം സ്വാഭാവികമായും അങ്ങോട്ടു നീങ്ങിക്കൊള്ളും. എപ്പോഴും തന്നിലേക്കുതന്നെ നോക്കി നീങ്ങുന്ന സ്ത്രീകളില്ലേ? തന്റെ മാല, 'വേഷം', അതിലൂടെ കൈവരുത്താവുന്ന മനോഹാരിത അതൊക്കെയാണ് ശ്രദ്ധാവിഷയം!
പൊതുവെ പറഞ്ഞാല്‍, പാശ്ചാത്യസ്ത്രീകളിലാര്‍ക്കും നമ്മുടേതുപോലുള്ള സ്വര്‍ണാഭരണഭ്രമമില്ല-എന്തെങ്കിലും കഴുത്തിലണിഞ്ഞെങ്കിലായി.
മൊപ്പസാങ്ങിന്റെ കഥയുടെ അന്ത്യരംഗമാണ് ഏറെ രസകരം. കടം വീട്ടാന്‍വേണ്ടി വര്‍ഷങ്ങളോളം പട്ടിണി കിടന്നു പണിയെടുത്ത മെറ്റില്‍ഡാ മാനസികമായും ശാരീരികമായും തളര്‍ന്ന് അകാലവാര്‍ധക്യം പ്രാപിച്ചു - തനി പടു കിളവിയെപ്പോലെയായി. ഒരിക്കല്‍ മാഡം ഫോര്‍സ്റ്റിയര്‍ തന്നെ മെറ്റില്‍ഡായോടു കാരണം തിരക്കി. അപ്പോഴാണ് മെറ്റില്‍ഡാ നടന്ന കഥ മുഴുവന്‍ വിവരിക്കുന്നത്. അതുകേട്ട മാഡം ദുഃഖത്തോടെ പറയുകയാണ്: ''കഷ്ടമായിപ്പോയല്ലോ; എന്റേത് വില കുറഞ്ഞ വെറുമൊരു പുച്ചുമാലയായിരുന്നു!''
നോക്കണം! ഇഷ്ടംപോലെ വജ്രമാല വാങ്ങിക്കൂട്ടുവാന്‍ യാതൊരു വൈഷമ്യവുമില്ലാത്ത പ്രഭ്വിയാണ് വെറും പൂച്ചുമാലകൊണ്ട് തൃപ്തിപ്പെടുന്നത്. അവര്‍ക്കതുമതി. അവര്‍ക്കില്ലാത്ത ഭ്രാന്തമായ ആര്‍ത്തിയാണ് ദരിദ്രയായ മെറ്റില്‍ഡായെ കടന്നുപിടിക്കുന്നത്. അതിന്റെ ശിക്ഷയാണ് അവളനുഭവിച്ചുതീര്‍ക്കേണ്ടി വന്നതും. സാധാരണമായി പാവപ്പെട്ടവര്‍ക്കല്ലേ വില കുറഞ്ഞവ ധരിക്കാന്‍ മടി! അവര്‍ക്കു തനിത്തങ്കം തന്നെ വേണം - എങ്കിലേ തൃപ്തിവരുകയുള്ളൂ. അതാണ് മൊപ്പസാങ് തുറന്നുകാണിക്കുന്നതും.
മെറ്റില്‍ഡായ്ക്കു മാല കൊടുത്തുവിടാന്‍ മാഡം ഫോര്‍സ്റ്റിയറിനു യാതൊരു മടിയുമില്ലയായിരുന്നു. തിരിച്ചുകൊണ്ടുവന്നപ്പോഴും അതു തന്റേതു തന്നെയാണോ എന്നു നോക്കുവാന്‍പോലും മാഡം മിനക്കെട്ടില്ല. എന്തായിരുന്നു കാരണം? അതു വലിയ വിലയൊന്നുമില്ലാത്ത പൂച്ചുമാലയാണ്  - പോയാലും ഇത്രയേ പോകാനുള്ളൂ. അതുകൊണ്ട്  അതേപ്പറ്റി അത്ര വലിയ ആകുലതയൊന്നും അവര്‍ക്കില്ല. എന്തൊരു മനഃസ്വാതന്ത്ര്യം, സമാധാനം!
സ്വര്‍ണവും സ്വര്‍ണാഭരണങ്ങളും നമ്മുടെ സമൂഹത്തിന്റെപോലും ഉറക്കം കെടുത്തുന്നില്ലേ? അതു നമ്മുടെ ഓരോ വനിതയുടെയും വ്യഗ്രതയും വേവലാതിയുമാണ് - കാരണം, അതിന് അവര്‍ തങ്ങളെക്കാള്‍ കൂടുതല്‍ വില കല്പിക്കുന്നു. അതെടുക്കുന്നതില്‍, സൂക്ഷിക്കുന്നതില്‍, അതും ധരിച്ചു യാത്ര ചെയ്യുന്നതില്‍ എന്തെന്തു ജാഗ്രതയും ഉത്കണ്ഠയും വേണ്ടിവരുന്നു! തിരുനാളിനു പോകുമ്പോള്‍, വണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍, വെറുതെ  വഴിയിലൂടെ നടന്നുപോകുമ്പോള്‍ മാല മോഷണം പോകുന്നതു നിത്യാനുഭവമല്ലേ? അതു പൊയ്‌പോകുമ്പോഴുണ്ടാകുന്ന നഷ്ടബോധവും ദുഃഖഭാരവുമാണ് അതിലേറെ ദുഃഖകരം.
നമ്മുടെ സമൂഹത്തെ ഇരുത്തിച്ചിന്തിപ്പിക്കേണ്ട വലിയൊരു വിഷയമുണ്ടിവിടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)