തിരുവനന്തപുരം: മലയാളത്തില്‍ സമഗ്ര ഓണ്‍ലൈന്‍ നിഘണ്ടു തയ്യാറാകുന്നു. സര്‍ക്കാരിന്റെ ഭാഷാ മാര്‍ഗനിര്‍ദേശകവിദഗ്ധസമിതിയുടെ നിര്‍ദേശപ്രകാരം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഇതിന്റെ ചുമതലയേല്പിച്ചു. മലയാളം സര്‍വകലാശാല തുടങ്ങി പിന്നീട് ഉപേക്ഷിച്ച നിഘണ്ടുപദ്ധതിക്കുവേണ്ടി സമാഹരിച്ച ഒരു ലക്ഷത്തിലേറെ വാക്കുകളുടെ വിവരങ്ങള്‍ പുതിയ ഓണ്‍ലൈന്‍ നിഘണ്ടുവിനായി കൈമാറി.
ആറു മാസത്തിനകം ആദ്യഘട്ടം ഓണ്‍ലൈനായി ലഭ്യമാക്കാനാണു ലക്ഷ്യം. ലിപിപരിഷ്‌കരണം അനുസരിച്ചാകും നിഘണ്ടു പ്രസിദ്ധീകരിക്കുക. കാലാനുസൃതമായ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വരുത്താവുന്ന തരത്തിലുള്ള നിഘണ്ടുവായിരിക്കും ഇതെന്നു ഭാഷാമാര്‍ഗനിര്‍ദേശക വിദഗ്ധസമിതി അധ്യക്ഷന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പറഞ്ഞു. അച്ചടിച്ച പതിപ്പുണ്ടാകില്ല. വാക്ക്, അതിന്റെ ശബ്‌ദോത്പത്തി, സ്വരസൂചകം, ഉച്ചാരണം, അര്‍ഥം, നാനാര്‍ഥം, പര്യായ - വിപരീതപദങ്ങള്‍, വിവിധ സ്ഥലങ്ങളിലെ ഭാഷാ ഭേദങ്ങള്‍, വിവിധ കൃതികളുമായി ബന്ധപ്പെട്ട അവലംബം, ഇംഗ്ലീഷ് പദം എന്നിങ്ങനെ സമഗ്രവിവരങ്ങളാകും നിഘണ്ടുവിലുണ്ടാകുക. ആദ്യഘട്ടത്തില്‍ത്തന്നെ ശബ്ദതാരാവലിയില്‍ ഉള്ളതിന്റെ ഇരട്ടിയോളം വാക്കുകള്‍ ഉണ്ടാകും.
പദ്ധതിയുടെ ഭാഗമായി ഭാഷാ വിദഗ്ധരെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ശില്പശാലകള്‍ ഒരു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്നു ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യന്‍ പറഞ്ഞു.