ന്യൂയോര്‍ക്ക്: ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയതും യഹൂദ, ക്രൈസ്തവവിശ്വാസപാരമ്പര്യങ്ങള്‍ക്ക് ആധാരശിലയുമായ ഹീബ്രു ബൈബിളിന്റെ ഏറ്റവും പഴക്കമേറിയ കൈയെഴുത്തുപ്രതി ''കോഡെക്‌സ് സസൂന്‍'' ലേലത്തിനു മുമ്പുള്ള ലോകപര്യടനത്തിനൊരുങ്ങുന്നു. ലണ്ടന്‍, ടെല്‍ അവീവ്, ഡാലസ്, ലൊസാഞ്ചലസ് നഗരങ്ങളില്‍ പ്രദര്‍ശിപ്പിച്ചശേഷം ബൈബിള്‍ ന്യൂയോര്‍ക്കില്‍ എത്തിക്കും. 1000 വര്‍ഷം പഴക്കമുള്ള അപൂര്‍വമായ സമ്പൂര്‍ണ ഹീബ്രു ബൈബിള്‍ പതിപ്പാണ് ഇത്. 12 കിലോഗ്രാം തൂക്കമുള്ള മൃഗത്തോലില്‍ 792 പേജുകളിലായാണ് ബൈബിള്‍ തയ്യാറാക്കിയിരിക്കുന്നത്.
ന്യൂയോര്‍ക്കില്‍ ബൈബിള്‍ ലേലത്തിനു വയ്ക്കാനാണ് അധികൃതരുടെ തീരുമാനം. അപൂര്‍വതകള്‍ ഏറെയുള്ളതിനാല്‍ ലേല ഏജന്‍സിയായ സോഥെബീസ്, ഈ ഹീബ്രുബൈബിളിന് 3-5 കോടി ഡോളറാണ് പ്രതീക്ഷിക്കുന്നത്. 5 കോടി ഡോളറിന് (413 കോടി രൂപ) വിറ്റുപോയാല്‍, അതും ചരിത്രസംഭവമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഹീബ്രു ബൈബിള്‍ ഒന്‍പതാം നൂറ്റാണ്ടിന്റെ അവസാനം എഴുതപ്പെട്ടതാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഇതുവരെ ലേലത്തില്‍ വരുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ഹീബ്രുബൈബിളെന്ന് സോഥെബീസിന്റെ പ്രതിനിധി ഷാരോണ്‍ മിന്റ്‌സ് ബുധനാഴ്ച സിഎന്‍എന്നിനോടു പറഞ്ഞു.
പുരാതനബൈബിള്‍ ലേലക്കാരില്‍ വലിയ താത്പര്യം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും പരിശോധിക്കാനും ഗവേഷണം ചെയ്യാനും കൈവശം വയ്ക്കാനും തനിക്കു സന്തോഷമുണ്ടായിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട രേഖയാണിതെന്നും ഷാരോണ്‍ മിന്റ്‌സ് കൂട്ടിച്ചേര്‍ത്തു. ശതകോടീശ്വരനും നിക്ഷേപകനുമായ കെന്നത്ത് ഗ്രിഫിന്‍ 2021 ല്‍ അമേരിക്കന്‍ ഭരണഘടനയുടെ ആദ്യപതിപ്പിനായി സോഥെബിസിന്റെ ലേലത്തില്‍ 43.2 മില്യണ്‍ ഡോളര്‍ നല്‍കി റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. നടക്കാന്‍ പോകുന്ന ലേലത്തിനു പ്രതീക്ഷിക്കുന്ന തുക ലഭിച്ചാല്‍ ലോകചരിത്രത്തിലെ ഏറ്റവും വലിയ ലേലത്തുകയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.