•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

വിവാഹവിശുദ്ധി വെല്ലുവിളിക്കപ്പെടുമ്പോള്‍

ദ്രമായ ദാമ്പത്യബന്ധത്തിനും അനുകരണീയമായ കുടുംബജീവിതത്തിനും പേരുകേട്ട നമ്മുടെ നാട് വിവാഹജീവിതത്തിനുതന്നെ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നതിലേക്കു മാറുകയാണോയെന്ന് ആശങ്കപ്പെടുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ ഏറെ പ്രചാരം നേടുന്ന ''സോളോഗമി'' (തന്നെത്തന്നെ വിവാഹം ചെയ്യുന്നത്) ഭാരതത്തിലേക്കെത്തിക്കഴിഞ്ഞു. പരമ്പരാഗതമായ ചടങ്ങുകളും വിവാഹത്തിനു മുന്നോടിയായ ആഘോഷങ്ങളുമുണ്ട്; വരനുണ്ടാകില്ലെന്നു മാത്രം! സ്വയം അംഗീകരിക്കുന്നതിന്റെ ഏറ്റവും ആഴമേറിയ അവസ്ഥയെന്നും; ആത്മസ്‌നേഹത്തിനായി സ്വയം സമര്‍പ്പിക്കുന്ന അവസ്ഥയെന്നുമൊക്കെ 'മണവാട്ടി' പറയുന്നു. ''വിവാഹ''ശേഷം രണ്ടാഴ്ചത്തെ മധുവിധു ആഘോഷവും ''സോളോഗമി''ക്കുണ്ടെന്നത് യന്ത്രമനുഷ്യരെപ്പോലും ഞെട്ടിക്കുന്നതാണ്. ഇതിനോടൊപ്പം ചര്‍ച്ച ചെയ്യപ്പെടേണ്ട പേടിപ്പെടുത്തുന്ന അവസ്ഥയാണ് സ്വവര്‍ഗവിവാഹം നിയമമാക്കണമെന്നുള്ള സമ്മര്‍ദം കോടതികള്‍ക്കു മുന്നിലേക്കുമെത്തുന്നത്.
ഒരേ വര്‍ഗത്തില്‍പ്പെട്ടവരുടെ ഒന്നിച്ചുള്ള കൂടിത്താമസത്തിനു വിവാഹമെന്ന് ആരാണു പേരിട്ടത്? തന്നെത്തന്നെയുള്ളതിനു പേരിടുകതന്നെ അധാര്‍മികമാണെന്നിരിക്കേ, അതിനെയും 'വിവാഹ'മെന്നു വിളിച്ച് ദൈവത്തെയും പ്രകൃതിയെയും വെല്ലുവിളിക്കുകയാണ്. വിദ്യാഭ്യാസവും ഇതര ജീവിതസൗകര്യങ്ങളും വളരുമ്പോള്‍ നാമെന്തേ നമ്മെത്തന്നെ മറക്കുന്നു? കുടുംബത്തെയും കുടുംബജീവിതത്തെയും മറക്കുമ്പോള്‍ സമൂഹത്തിന്റെ സാന്മാര്‍ഗികതയും ധാര്‍മികതയുമാണു തകരുന്നത്. ആരും ആര്‍ക്കും തുല്യരല്ലെന്നറിയുന്നതിലാണ് വിദ്യാഭ്യാസത്തിന്റെ അന്തസ്സത്തയടങ്ങുന്നത്. സ്വത്വബോധം സ്വയം തിരിച്ചറിവിലേക്കെത്തണം. 'ഞാന്‍' എന്നില്‍ത്തന്നെ പൂര്‍ണത തേടുന്നത് മഹാമണ്ടത്തരമാണ്. ദമ്പതികള്‍ പരസ്പരപൂരകമാകുന്നതിലെ സ്‌നേഹപൂര്‍ണതയാണ്, സ്വയം നല്‍കുന്നതിലെ പാരസ്പരികതയും ആത്മഹര്‍ഷവുമാണ് ദാമ്പത്യത്തിന്റെ ആത്മാവ്.
കഴിഞ്ഞ തലമുറ മാതൃകയുടെ പാഠങ്ങള്‍ പഠിച്ചാണു കടന്നുപോയത്. ഇല്ലായ്മകളുടെ നടുവിലും കുടുംബത്തില്‍ മക്കളുടെ എണ്ണം സമൃദ്ധമായിരുന്നു; ദാരിദ്ര്യംപോലും കുടുംബത്തില്‍ സമൃദ്ധിയുടെ ആനന്ദം നല്‍കിയിരുന്നു. കൃഷിമാത്രം തൊഴിലും വരുമാനമാര്‍ഗവുമായിരുന്നെങ്കിലും മക്കളെല്ലാം പഠിച്ച് വലിയവരായിത്തീര്‍ന്നു. കുടുംബത്തിനു ചിട്ടയായ ഒരു ഭരണക്രമം ഉണ്ടായിരുന്നു. പഴയകാലത്ത് ഭര്‍ത്താവ് ഭാര്യയുടെ ശിരസ്സായിരുന്നെങ്കില്‍ അതിന്റെയര്‍ഥം ഭര്‍ത്താവു പുലര്‍ത്തുന്ന അധീശത്വം, മേല്‍ക്കോയ്മ എന്നൊന്നുമല്ല; ദൈവം ഏല്പിച്ചതിനോടുള്ള വിശ്വസ്തതയും കൂറും സ്വര്‍ഗത്തോടു ചേര്‍ന്നുള്ള ഇണയും തുണയുമായുള്ള ജീവിതവും എന്നാണര്‍ഥം! മത്സരം ദാമ്പത്യത്തെ ക്ഷയിപ്പിക്കുന്നുവെന്ന്  ആധുനികകുടുംബക്കോടതികള്‍ സാക്ഷിക്കുന്നു. 
അമ്പരപ്പിക്കുന്ന ആഘോഷങ്ങളോടെയുള്ള വിവാഹവും ഞെട്ടിക്കുന്ന വേഗത്തിലുള്ള വിവാഹമോചനവുമാണ് ഇന്നു നടക്കുന്നത്.  ഒന്നിനും കുറവില്ലെന്നു പറയുന്ന ദമ്പതികള്‍ക്കിടയില്‍ സ്‌നേഹം ഇല്ലെന്നതാണ് വഴിപിരിയലിന് ആധാരം! ഭൗതികമായി സകലതും നേടിയപ്പോഴും ആത്മീയമായി നാം വളരാതെ പോകുന്നു. 'സമ്പാദ്യം തുല്യമാണ്, പിന്നെന്തിനു ഞാനിത്ര വേലിക്കെട്ടില്‍ ജീവിക്കുന്നു'വെന്ന ഒരു തോന്നല്‍ നവദമ്പതികള്‍ക്കു വന്നുപെട്ടുവോ? ഹണിമൂണ്‍ പെട്ടെന്നുതന്നെ ബിറ്റര്‍മൂഡിലേക്കെത്തുന്നത് ചിന്തയ്ക്കു വിധേയമാക്കണം.  ദാമ്പത്യം അമൂല്യമാണെന്ന് നമുക്കുമുമ്പേ ജീവിച്ചവര്‍ പറഞ്ഞും പ്രവര്‍ത്തിച്ചും കാണിച്ചുതരുമ്പോള്‍ എന്തേ ആധുനികതലമുറ പാശ്ചാത്യാനുകരണത്തില്‍പ്പെട്ടുഴലുന്നു? 
വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ജീവിതസൗകര്യങ്ങളും വര്‍ദ്ധിച്ചുവെങ്കിലും ആരും ആരോടും പ്രതിബദ്ധതയില്ലാത്തവിധം ജീവിതം ജീവിച്ചുതീര്‍ക്കുന്ന അവസ്ഥയാണിന്ന്. ആരിലും ചെറുതല്ലായെന്ന ഒരു മിഥ്യാധാരണ നമ്മുടെ വ്യക്തിത്വങ്ങളില്‍ വന്നുപെട്ടതുനിമിത്തം നാമാരെയും 'മൈന്‍ഡു ചെയ്യാന്‍' തയ്യാറല്ല. 'സമ്പത്തുണ്ട്, കഴിവുണ്ട്, പിന്നെ ഞാനെന്തിനു നീക്കുപോക്കിനു തയ്യാറാകണമെന്നു' ചിന്തിക്കുന്നവരും ഇന്നു കുറവല്ല. 
കുടുംബജീവിതത്തിന്റെ  ഭദ്രത താറുമാറാകുന്നതിലേക്ക് ഡിജിറ്റല്‍കാലം മാറുമ്പോള്‍ നമ്മുടെ ചുറ്റും അതിന്റേതായ അസ്വാരസ്യങ്ങള്‍ ദൃശ്യമാണ്. ജീവിതം മത്സരപാതയിലേക്കു മാറിയിരിക്കുന്നു. ഇത് ആശങ്കാജനകമാണ്. 'സുഖമല്ലെങ്കില്‍ മരണം' എന്ന ബാലിശമായ മരണസംസ്‌കാരം കടന്നുവരുന്നു. ഒഴുക്കിനെതിരേ നീന്തുകയെന്ന ആത്മധൈര്യം ഇന്നില്ലാതെപോകുന്നു. തരണം ചെയ്തു പിടിച്ചുനില്‍ക്കാന്‍മാത്രം മനോബലം ആര്‍ക്കുമില്ല. വഴക്കുപറഞ്ഞാല്‍ ജീവിതത്തില്‍നിന്നുതന്നെ ഒളിച്ചോടുന്ന 'മെഴുകുമനസ്സി'ന്റെ ഉടമകളായി പുതുതലമുറ മാറുന്നതിലെ അപകടം ഇനിയെങ്കിലും തിരിച്ചറിയണം.
സ്‌നേഹിക്കുകയും ജീവിതവിഷമതകള്‍ അന്യോന്യം പങ്കുവയ്ക്കുകയും ചെയ്യുന്ന വ്യക്തിത്വങ്ങളായി ദമ്പതികള്‍ വളരണം. നല്ലയാളെ വിവാഹം ചെയ്യണമെന്നുള്ള തീക്ഷ്ണതയ്‌ക്കൊപ്പം വിവാഹത്തില്‍ നല്ലയാളായിരിക്കാനുള്ള കടമയും ഓരോ വ്യക്തിക്കുമുണ്ട്. പണാധിപത്യത്തെക്കാള്‍ സ്‌നേഹാധിപത്യം ദമ്പതികളില്‍ വളരണം. അഹങ്കാരത്തെക്കാള്‍ വിനയം കൈമുതലാകണം. കണ്ണുകൊണ്ടുള്ള കാഴ്ചയെക്കാള്‍ ഹൃദയംകൊണ്ടു കാണുന്ന ആത്മാര്‍ഥത സ്വന്തമാക്കണം. വിമര്‍ശനത്തെക്കാള്‍ ദാമ്പത്യവിജയം ദമ്പതികള്‍ ലക്ഷ്യംവയ്ക്കണം. മരണംവരെ ഒന്നിച്ചുജീവിക്കണമെങ്കില്‍ രണ്ടു വ്യക്തിത്വങ്ങളും അല്പം വെട്ടിയൊരുക്കപ്പെടേണ്ടിവരും; ദൈവാധീനതയില്‍ മനസ്സുറപ്പിച്ചാല്‍  ദൈവം നമ്മെ വെട്ടിയൊരുക്കുന്നതു തിരിച്ചറിയാനും ബന്ധങ്ങളെ അനുനിമിഷം ബലപ്പെടുത്താനുമാകും. ഒന്നിച്ചുജീവിച്ചു കൊതിതീര്‍ന്നിട്ടില്ലെന്ന് 'സെഞ്ചുറി'യുടെ നിറവിലും പറയാനുള്ള തീക്ഷ്ണത ദാമ്പത്യത്തിനുണ്ടാകണം.  ദൈവപദ്ധതികളുടെ ദൗത്യവാഹകരാണ് മനുഷ്യരെന്നു മറക്കരുത്. സ്വര്‍ഗം നടത്തുന്ന പദ്ധതികള്‍ സ്വര്‍ഗീയമാക്കുന്നതില്‍ വിവാഹജീവിതത്തിനുള്ള പങ്ക് അതുല്യവും അമൂല്യവുമാണ്. ആത്മസ്‌നേഹത്തിന്റെ തീവ്രത പരസ്‌നേഹത്തിലേക്കു പടരണം. സ്വാര്‍ഥത പങ്കുവയ്ക്കലിലേക്കു ചുവടുമാറ്റണം. വികാരങ്ങള്‍ വിവേകത്തിനൊപ്പം വിശുദ്ധിയില്‍ വേരൂന്നണം. ദമ്പതികളുടെ ഭാഷ ദൈവത്തിന്റെ ഭാഷയാകണം; ദൈവത്തിന്റെ ഭാഷയ്ക്കു  ദേശഭേദമോ കാലഭേദമോ ഇല്ല. അതു സ്‌നേഹത്തില്‍ തുടങ്ങി സ്‌നേഹത്തില്‍ അവസാനിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)