•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഇ വായനയുടെ പുതുകാലം

ലോക്ഡൗണ്‍കാലം വായനയുടെ വസന്തകാലമായിരുന്നു. കൊറോണഭീതിയില്‍ ജനങ്ങള്‍ വീടുകളില്‍ ഒതുങ്ങിയപ്പോള്‍ അലമാരകളില്‍ പൊടിപിടിച്ചുറങ്ങിയിരുന്ന പുസ്തകങ്ങള്‍ ഉണര്‍ന്നെണീറ്റു. അത് അലമാരയില്‍നിന്നിറങ്ങി ആളുകളുടെ കൈകളിലേക്കു വന്നതും വായനയുടെ വസന്തം വിരിഞ്ഞു. മൊബൈല്‍ഫോണുകളില്‍ മുഖം കുമ്പിട്ടിരുന്ന കുട്ടികളെ പുസ്തകങ്ങളിലേക്കു ചേര്‍ത്തുവയ്ക്കാന്‍ മാതാപിതാക്കളും താത്പര്യം കാണിച്ചു. മറ്റെന്തൊക്കെ നഷ്ടങ്ങള്‍ ഉണ്ടായാലും മരിച്ചുപോയ പുസ്തകവായനയുടെ തിരിച്ചുവരവില്‍ അക്ഷരപ്രേമികളുടെ മനംകുളിര്‍ന്ന നാളുകളായിരുന്നു ഈ അടച്ചിടല്‍കാലം. അതോടൊപ്പം ഇ-വായനയുടെ പുഷ്‌കലകാലവുമായിരുന്നു!
ലോക്ഡൗണ്‍കാലത്ത് ആനുകാലികപ്രസിദ്ധീകരണങ്ങള്‍ മിക്കതും അച്ചടി നിറുത്തിവച്ചിരുന്നെങ്കിലും പ്രതിസന്ധികളെ അതിജീവിച്ച് അച്ചടി തുടര്‍ന്ന പ്രസിദ്ധീകരങ്ങള്‍ക്ക് ഈ കാലയളവില്‍ പ്രചാരം വര്‍ധിച്ചുവെന്നാണ് അവരുടെ വെളിപ്പെടുത്തല്‍. ജോലിത്തിരക്കിന്റെപേരില്‍ വായന മറന്ന മുതിര്‍ന്നവരും അക്ഷരങ്ങളിലേക്കു തിരിച്ചുവന്നു. നഷ്ടപ്പെട്ട വായനശീലം തിരിച്ചുപിടിക്കാന്‍ ചിലര്‍ക്കെങ്കിലും ഈ കൊറോണ ഒരു ഉപകാരിയായി മാറി.
വായന ഒരു സംസ്‌കാരമാണ്. ദിവസവും പത്തു പേജുകള്‍ വായിച്ചാല്‍ പത്തുവര്‍ഷംകൊണ്ട് ജ്ഞാനിയാകാം എന്നാണ് പണ്ഡിതര്‍ പറയുന്നത്. കുട്ടികളുടെ സംസാരം വ്യക്തമാകാന്‍ ഉറക്കെയുള്ള വായന ഉപകരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും.
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും.
വായനയുടെ പ്രാധാന്യത്തെക്കുറിച്ചു ബോധ്യപ്പെടുത്താന്‍ കുഞ്ഞുണ്ണി മാഷ് എഴുതിയ ഈ വരികളേക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു പദ്യശകലം മലയാളത്തിലുണേ്ടാ?
ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്. ഒരു ദിവസത്തേക്കു സുഖമായിരിക്കുവാന്‍ ഒരു സദ്യ കഴിക്കുക. ഒരു വര്‍ഷം സുഖമായിരിക്കുവാന്‍ ഒരു വിവാഹം കഴിക്കുക. ജീവിതകാലം മുഴുവന്‍ സുഖമായിരിക്കുവാന്‍ വായന ഒരു ശീലമാക്കുക!
ആഹാരം ആരോഗ്യത്തിലേക്കുള്ള ഗോവണിപ്പടികളാണെങ്കില്‍ പുസ്തകം അറിവിലേക്കും അതുവഴി മനസിന്റെ ആരോഗ്യത്തിലേക്കുമുള്ള ഏണിപ്പടികളാണ്. മനുഷ്യന്റെ ഭാവനകള്‍ക്ക് ചിറകു മുളയ്ക്കുന്നതും പുതിയ പുതിയ ആശയങ്ങളും ചിന്തകളുമെല്ലാം മനസ്സില്‍ രൂപം കൊള്ളുന്നതും വായനയിലൂടെയാണ്. അറിവുള്ളവനെ രാജാവുപോലും ഭയപ്പെട്ടിരുന്നു എന്ന് ചരിത്രകഥകളില്‍ നമ്മള്‍ വായിച്ചിട്ടുണ്ട്.
നോവലുകളും കഥകളും വായിക്കുമ്പോള്‍ രചയിതാവ് ജന്മം കൊടുത്ത കഥാപാത്രങ്ങളോടൊപ്പം ചിരിച്ചും കരഞ്ഞും അവരുടെ സുഖദുഃഖങ്ങളില്‍ പങ്കുചേര്‍ന്ന് സമയം ചെലവഴിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നില്ലേ നമുക്ക്? മുട്ടത്തുവര്‍ക്കിയുടെയും തകഴിയുടെയും ബഷീറിന്റെയും കേശവദേവിന്റെയും എത്രയെത്ര കഥാപാത്രങ്ങളാണ് മലയാളികളുടെ മനസ്സില്‍ ഓടിക്കളിച്ചുനടന്നത്!
ഓര്‍മ്മയില്ലേ മുട്ടത്തുവര്‍ക്കിയുടെ ഒരുകുടയും കുഞ്ഞുപെങ്ങളും? മഴയില്‍ നനഞ്ഞൊട്ടി സ്‌കൂളില്‍ കയറിച്ചെല്ലുന്ന ലില്ലി എന്ന കുഞ്ഞുപെങ്ങളും അവളെ ജീവനുതുല്യം സ്‌നേഹിക്കുന്ന അവളുടെ കുഞ്ഞാങ്ങള ബേബിയും, ചില്ലു കൈപ്പിടിയില്‍ കുരുവിയുടെ രൂപമുള്ള കുടയും അഞ്ചുപതിറ്റാണ്ടിനിപ്പുറവും മനസില്‍ തിളങ്ങിനില്‍ക്കുന്നു. ആദ്യം നൊമ്പരമായും പിന്നെ സന്തോഷമായും കണ്ണുകളെ ഈറനണിയിച്ച ആ നോവല്‍ കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് ഇപ്പോഴും മുന്‍നിരയില്‍ നില്‍ക്കുന്നു. അതാണ് എഴുത്തിന്റെ കരുത്ത്! അക്ഷരങ്ങള്‍ കൂട്ടിവായിച്ചു തുടങ്ങിയ പ്രായത്തില്‍ ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്ത പുസ്തകമാണ് ഒരു കുടയും കുഞ്ഞുപെങ്ങളും. വായനയിലേക്ക് ഒരുപാട് കുട്ടികളെ കൂട്ടിക്കൊണ്ടുപോയ, നല്ലൊരു സന്ദേശമുള്ള ബാലനോവലായിരുന്നു അത്.
ഇലക്‌ട്രോണിക്മീഡിയയുടെ കടന്നുവരവോടെയാണ് പുസ്തകവായന പുറന്തള്ളപ്പെട്ടത്. അച്ചടിച്ച പുസ്തകങ്ങള്‍ പുതുതലമുറയ്ക്കു കാണേണെ്ടന്നായി. വിരലൊന്നമര്‍ത്തിയാല്‍ ലോകത്തിലെ എല്ലാ അറിവുകളും നൊടിയിടയില്‍ മൊബൈല്‍ ഫോണില്‍ കൊണ്ടുവരാന്‍ കഴിയുന്ന ഈ കാലത്ത് പുസ്തകത്താളുകള്‍ മറിച്ച് എന്തിനു സമയം കളയണം എന്ന ചോദ്യമാണ് ന്യൂജെന്‍ കുട്ടികള്‍ക്ക്.
'പത്രം വായിക്കാന്‍ പോലും സമയം തികയുന്നില്ല, പിന്നെയല്ലേ പുസ്തകവായന!' വായനയെക്കുറിച്ചു ചോദിക്കുമ്പോള്‍ പലരും പറയുന്ന മറുപടിയാണിത്. എത്ര തിരക്കുണെ്ടങ്കിലും വിശക്കുമ്പോള്‍ നമ്മള്‍ ആഹാരം കഴിക്കുന്നില്ലേ? ആഹാരം പോലെ അനിവാര്യമാണ് മനസിന്റെ വിശപ്പടക്കാന്‍ വായനയും. 'Food for Thought' എന്നൊരു ചൊല്ലു തന്നെയുണ്ട്.
അക്ഷരക്കൂട്ടങ്ങളിലെ സംഗീതം നിലച്ചാല്‍ അത് മനുഷ്യന്റെ വ്യക്തിത്വത്തിനുതന്നെ ക്ഷതമേല്‍പ്പിക്കും. എഴുത്തിലൂടെ പിറവിയെടുക്കുന്ന വാങ്മയചിത്രങ്ങള്‍ വ്യക്തിയുടെ സര്‍ഗാത്മക കഴിവുകളെ ഉണര്‍ത്തുന്നു. വായിക്കുന്ന വാചകങ്ങള്‍ ചിത്രങ്ങളായി മനസില്‍ തെളിയുമ്പോള്‍ വായനക്കാരില്‍ അത് ചിന്താശേഷിയും ഭാവനയും വളര്‍ത്തും. ബുദ്ധിയെയും ഭാവനയെയും വികസിപ്പിക്കുന്ന വായന കുട്ടികളില്‍ ശീലമാക്കാന്‍ മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ടതാണ്.
മലയാളികളെ വായനയുടെ ലോകത്തേക്കു കൈപിടിച്ചുയര്‍ത്തിയ ഒരു മഹാനുണ്ടായിരുന്നു ഈ കൊച്ചുകേരളത്തില്‍ - പി.എന്‍. പണിക്കര്‍. കേരളത്തിലുടനീളം അറിവിന്റെ വാതായനങ്ങള്‍ തുറന്നിട്ട അക്ഷരസ്‌നേഹി. കേരളഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ സ്ഥാപകന്‍! നാടിന്റെ മുക്കിലും മൂലയിലും നടന്ന് അദ്ദേഹം പുസ്തകങ്ങള്‍ ശേഖരിച്ച് കേരളത്തിലെമ്പാടും വായനശാലകള്‍ സ്ഥാപിച്ചു. വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം ഉയര്‍ത്തി കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ സാംസ്‌കാരികകാല്‍നടജാഥ നടത്തി. അദ്ദേഹത്തിന്റെ ശ്രമഫലമായി കേരളത്തിലെമ്പാടും സ്ഥാപിതമായ ഗ്രന്ഥശാലകള്‍ നമ്മുടെ നാടിന്റെ സാമൂഹികസാംസ്‌കാരികമണ്ഡലത്തില്‍ വലിയ വിപ്ലവമാണുണ്ടാക്കിയത്! വായിച്ചു വളര്‍ന്ന സമൂഹം തങ്ങളുടെ ചിന്തകള്‍ക്കു രൂപവും ജീവനും നല്‍കി ലോകത്തിനുമുന്നില്‍ തുറന്നുവച്ചു. അതില്‍നിന്നു പുതിയ കിരണങ്ങളുണ്ടായി.
പി.എന്‍. പണിക്കരുടെ ഓര്‍മ്മയ്ക്കായാണ് സംസ്ഥാന വിദ്യാഭ്യാസവകുപ്പ് ജൂണ്‍ 19 വായനദിനമായി ആചരിക്കുന്നത്
19 മുതല്‍ 25 വരെയുള്ള ഒരാഴ്ചക്കാലം സ്‌കൂളുകളില്‍ വായനാവാരമായും ആഘോഷിക്കുന്നു. വായനമത്സരങ്ങള്‍, വായനക്കൂട്ടം, ക്വിസ്മത്സരങ്ങള്‍, തുടങ്ങിയവയൊക്കെ ഈ വാരത്തില്‍ മിക്ക സ്‌കൂളുകളിലും നടക്കുന്നു .
ഇന്ന് വായന മരിച്ചു എന്നു വിലപിക്കുന്നവരുണ്ട്. സത്യത്തില്‍ വായന മരിച്ചിട്ടില്ല. വായനയുടെ മേച്ചില്‍പ്പുറം മാറി. പുസ്തകങ്ങളില്‍ നിന്നു വായന മൊബൈലിലേക്കും കംപ്യൂട്ടറിലേക്കും വഴിമാറി. സ്‌കൂള്‍കുട്ടികള്‍പോലും ഇന്റര്‍നെറ്റിന്റെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിച്ചു പകര്‍ത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. രണ്ടു പതിറ്റാണ്ടു മുമ്പ് ട്രെയിനില്‍ യാത്രക്കാരെല്ലാം പുസ്തകത്തില്‍ മുഖം പൂഴ്ത്തിയിരുന്നെങ്കില്‍ ഇന്ന് അവര്‍ മൊബൈല്‍ ഫോണില്‍ തല കുമ്പിട്ടിരിക്കയാണ്. ഈ ഇലക്‌ട്രോണിക്‌യുഗത്തില്‍ ഇ - വായനയെ നമുക്ക് അവഗണിക്കാനാവില്ല.
ലോക്ഡൗണ്‍കാലത്ത് എല്ലാ ഇടപാടുകളും ഇന്റര്‍നെറ്റിലൂടെയായിരുന്നല്ലോ. ഇപ്പോള്‍ പഠനവും വീട്ടിലിരുന്ന് ഇന്റര്‍നെറ്റിലൂടെയായി. കൊച്ചുകുട്ടികള്‍ക്കുപോലും മൊബൈല്‍ സാങ്കേതികവിദ്യകള്‍ സുപരിചിതമായി. ഈ വളര്‍ച്ച ത്വരിതഗതിയിലാണ്. ഓരോ ദിവസവും പുതിയ പുതിയ ആപ്പുകള്‍ പുറത്തിറങ്ങുന്നു. എന്തിനും ഏതിനും ആപ്പെന്ന നില വരുന്നതോടെ പരമ്പരാഗതപഠനരീതി ഭാവിയില്‍ പിന്തള്ളപ്പെടും. വീട്ടിലിരുന്ന് എല്ലാം ചെയ്യാം എന്ന നിലയിലേക്കു കാര്യങ്ങള്‍ എത്തുമ്പോള്‍ പബ്ലിക്‌ലൈബ്രറികളുടെ പ്രസക്തിയും ഇല്ലാതാകും. ഇപ്പോള്‍ത്തന്നെ അത് തീരെ കുറഞ്ഞിരിക്കുന്നു.
അതുകൊണ്ട് കാലത്തിനൊത്ത് നമ്മുടെ ഗ്രന്ഥശാലകള്‍ പരിഷ്‌കരിക്കണം. അച്ചടിച്ച പുസ്തകങ്ങളും ആനുകാലികങ്ങളും എന്നപോലെ 'ഇ - ലൈബ്രറി' യുടെ ഇടവും കൂടിച്ചേര്‍ന്ന് ആധുനികവല്‍ക്കരിക്കണം ഇനി അവ. പുസ്തകങ്ങള്‍ വായനക്കാരിലെത്തിക്കാന്‍ ആധുനികവിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണം.
സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം എല്ലാ ഗ്രന്ഥശാലകളിലും ഒരുക്കണം. എല്ലാ ലൈബ്രറികളെയും കമ്പ്യൂട്ടര്‍ശൃംഖലവഴി പരസ്പരം ബന്ധിപ്പിച്ച് കേരളത്തിലെ ഏതു ലൈബ്രറിയിലുമുള്ള പുസ്തകങ്ങളുടെ വിവരങ്ങള്‍ ലോകത്ത് എവിടെനിന്നും ആര്‍ക്കും അറിയുവാന്‍ കഴിയുന്ന രീതിയില്‍ സജ്ജീകരിക്കണം. മികച്ച സാഹിത്യകൃതികള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി വായനക്കാരില്‍ എത്തിക്കാന്‍ യത്‌നിക്കണം. നവമാധ്യമങ്ങളിലെ കൂട്ടായ്മകള്‍ മുന്നോട്ടുവന്നാല്‍ പുസ്തകങ്ങളെ സ്‌നേഹിച്ചിരുന്ന, വായനയെ ഇഷ്ടപ്പെട്ടിരുന്ന ആ പഴയ കേരളത്തെ ഒരുപരിധിവരെ ഇലക്ട്രോണിക് മീഡിയയിലൂടെ നമുക്കു വീണെ്ടടുക്കാനാവും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)