കര്‍ദിനാള്‍ റോബര്‍ട്ട് സറാ രചിച്ച ''ആദ്ധ്യാത്മികജീവിതത്തിന്റെ മതബോധനം'' എന്ന ഗ്രന്ഥത്തെക്കുറിച്ച് ഒരു പഠനം.
കഴിഞ്ഞലക്കം ലേഖനം പൗരോഹിത്യബ്രഹ്‌മചര്യത്തെപ്പറ്റി പ്രതിപാദിച്ചുകൊണ്ടാണ് സമാപിപ്പിച്ചത്. പൗരോഹിത്യബ്രഹ്‌മചര്യം വരാനിരിക്കുന്ന ലോകത്തിനു സാക്ഷ്യമായിരിക്കുമ്പോള്‍ത്തന്നെ ''മറ്റുള്ളവര്‍ക്കായുള്ള മനുഷ്യനായി'' മുഴുവന്‍ സമയവും വര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം പുരോഹിതനു പ്രദാനം ചെയ്യുന്നു.
പ്രാര്‍ഥനയുടെ മനുഷ്യന്‍
വൈദികന്റെ അജപാലനശുശ്രൂഷയുടെ വിജയം അടങ്ങിയിരിക്കുന്നത് അത് എപ്പോഴും അതിന്റെ ഉറവിടത്തോടു ബന്ധപ്പെട്ടിരിക്കുന്നതിനാലാണ്. ഈ ഉറവിടം ഈശോമിശിഹായോടുള്ള അഗാധമായ സ്‌നേഹമാണ്.
ദൈവത്തെ മറന്നും സദാസമയവും പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും പ്രക്ഷുബ്ധമായ ജീവിതം നയിക്കുന്ന ആളുകളുടെ മധ്യേ വൈദികന്‍ ദൈവികസാന്നിധ്യത്തിന്റെ അടയാളമായിക്കൊണ്ട് തന്റെ ജീവിതത്തെ മുഖ്യമായും പ്രാര്‍ഥനയ്ക്കായി വിനിയോഗിക്കുന്നു. രാവും പകലും പ്രാര്‍ഥനയില്‍ ചെലവഴിക്കുന്ന നമ്മുടെ കര്‍ത്താവുതന്നെയാണ് പുരോഹിതന്റെ കണ്‍മുമ്പിലെ മാതൃക. ''ആ ദിവസങ്ങളില്‍ പ്രാര്‍ഥിക്കാനായി ഈശോ ഒരു മലയിലേക്കു പോയി ദൈവത്തോടു പ്രാര്‍ഥിച്ചുകൊണ്ട് രാത്രി മുഴുവന്‍ അവന്‍ അവിടെ ചെലവഴിച്ചു. (ലൂക്കാ. 6: 12).
കൊവിഡ് 19 ന്റെ കാലം വൈദികര്‍ക്കും വിശ്വാസികള്‍ക്കും ഒരുപോലെ പ്രാര്‍ഥനയുടെ ആഴങ്ങള്‍ കണ്ടെത്താന്‍ ഉപകരിച്ചുകാണുമെന്ന് കര്‍ദിനാള്‍ സറാ വിശ്വസിക്കുന്നു. ജനങ്ങളുടെ സാന്നിധ്യമില്ലാതെ വി. കുര്‍ബാന അര്‍പ്പിക്കേണ്ടിവന്നപ്പോള്‍ കിഴക്കോട്ടുതിരിയാനും ദൈവവുമായി കൂടുതലായ അടുപ്പം അനുഭവിക്കാനും ഇടവന്നുകാണുമെന്നും ഭാവിയില്‍ 'ലോകവ്യാപാരങ്ങളുടെ തിക്കിലും തിരക്കിലും, മാനുഷികമാത്രമായ 'ആരാധനക്രമവും' അതിഭാഷണവും കാര്‍മികനും വിശ്വാസികളും തമ്മിലുള്ള നിരര്‍ഥകവും നിഷ്ഫലവുമായ മുഖാമുഖവും' പുനരാരംഭിക്കാന്‍ ഇടയാകാതിരിക്കട്ടെ എന്നാണ് ഗ്രന്ഥകര്‍ത്താവ് ആഗ്രഹിക്കുന്നത്. സംഘാടകന്‍ എന്നതിനെക്കാള്‍ ദൈവസന്നിധിയില്‍ പ്രാര്‍ഥനകള്‍ അര്‍പ്പിക്കുന്നവനാണു പുരോഹിതന്‍. ഒരു പുരോഹിതന്റെ നിരവധി ചുമതലകള്‍ക്കു നടുവില്‍ കൃത്യമായ ഒരു സമയം ദിവസേന പ്രാര്‍ഥനയ്ക്കായി മാറ്റിവയ്ക്കണം. ഈശോ ഗദ്‌സേമനിയില്‍ പ്രാര്‍ഥിക്കാനായി പോയ കാര്യം പറയുമ്പോള്‍ സുവിശേഷകനായ വി. ലൂക്കാ, ''അനന്തരം ഈശോ പതിവുപോലെ ഒലിവുമലയിലേക്കു പോയി'' എന്നാണ് എഴുതുന്നത്.
പ്രാര്‍ഥന വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും പ്രവൃത്തിയാണ്. പലവിധത്തിലുള്ള വിരസതയും വിഷമസന്ധികളും പ്രാര്‍ഥനാജീവിതത്തില്‍ അനുഭവപ്പെടാറുണ്ട്. അതുകൊണ്ട് പ്രാര്‍ഥനയില്‍ ഉറച്ചുനില്‍ക്കാന്‍ അസാധാരണമായ മനോധൈര്യം ആവശ്യമാണ്. അനുദിനം കുരിശുമെടുത്തുകൊണ്ട് ഈശോയെ അനുഗമിക്കുന്നതിന്റെ ഭാഗമായി, പ്രാര്‍ഥനാജീവിതത്തില്‍ ഉറച്ചുനില്ക്കാനുള്ള ശ്രമങ്ങളെ, ഓരോ വൈദികനും കാണേണ്ടതാണ്. അള്‍ത്താരയില്‍ സംഭവിക്കുന്ന മിശിഹായുടെ കുരിശുമരണവും ഉത്ഥാനവും അടങ്ങുന്ന യാഗം പുരോഹിതന്റെ ആത്മാവിലും ആവര്‍ത്തിക്കപ്പെടണമെന്ന് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ ഉദ്‌ബോധിപ്പിക്കുന്നുണ്ട്.
വൈദികന്റെ തുടര്‍പരിശീലനം
തിരുപ്പട്ടസ്വീകരണത്തോടെ പഠനവും പരിശീലനവും അവസാനിച്ചുവെന്ന് ഒരു വൈദികനും വിചാരിക്കരുതെന്ന് വി. ജോണ്‍ പോള്‍ മാര്‍പാപ്പാ 1979 ല്‍ പെസഹാവ്യാഴാഴ്ച വൈദികര്‍ക്കെഴുതിയ കത്തില്‍ ഓര്‍മിപ്പിക്കുന്നുണ്ട്. മിശിഹാ പുരോഹിതനില്‍ രൂപപ്പെടുന്നത് പരിശുദ്ധ റൂഹായുടെ ക്രമാനുഗതമായ പ്രവര്‍ത്തനത്തിലൂടെയാണ്. വ്യക്തിപരവും ആരാധനക്രമപരവുമായ പ്രാര്‍ഥനാജീവിതത്തില്‍ വളരാനും അജപാലനശുശ്രൂഷയുടെ നിര്‍വഹണത്തിനും തുടര്‍ന്നുള്ള പഠനം അത്യാവശ്യമാണ്. ആധ്യാത്മികത, ദൈവശാസ്ത്രം, തത്ത്വശാസ്ത്രം തുടങ്ങിയ എല്ലാ മേഖലകളിലും തുടര്‍പരിശീലനം നേടാന്‍ വൈദികന്‍ ഉത്സുകനായിരിക്കണം. വി. ജോണ്‍ പോള്‍ മാര്‍പാപ്പാ എഴുതുന്നു: ''നമ്മുടെ അജപാലനപ്രവര്‍ത്തനങ്ങളും ദൈവവചനപ്രഘോഷണവും പൗരോഹിത്യശുശ്രൂഷ മുഴുവനും നമ്മുടെ ആധ്യാത്മികജീവിതത്തിന്റെ തീക്ഷ്ണതയെ ആശ്രയിച്ചാണിരിക്കുന്നത്. ഈ തീക്ഷ്ണതയാകട്ടെ വൈദികരുടെ ജ്ഞാനതൃഷ്ണയെ ആശ്രയിച്ചുമാണിരിക്കുന്നത്.''
ബൗദ്ധികപരിചിന്തനങ്ങളും പരിശുദ്ധത്രിത്വവുമായുള്ള ഹൃദയൈക്യത്തില്‍ വളര്‍ത്തുന്ന പ്രാര്‍ഥനയും ജീവിതത്തില്‍ സംയോജിപ്പിച്ച മഹാനായ വേദപാരംഗതനാണ് വി. തോമസ് അക്വിനാസ്. ദിവ്യകാരുണ്യസന്നിധിയില്‍ ദീര്‍ഘനേരം പ്രാര്‍ഥിച്ചശേഷമാണ് അദ്ദേഹം തന്റെ എഴുത്തുമേശയെ സമീപിച്ചിരുന്നതെന്ന് വി. തോമസ് അക്വിനാസിന്റെ ജീവിതചരിത്രകാരന്‍ രേഖപ്പെടുത്തുന്നുണ്ട്. ആഴമായ പ്രാര്‍ഥനയിലൂടെ അനുഭവിച്ചറിഞ്ഞ കാര്യങ്ങളാണ് വിശുദ്ധന്‍ തന്റെ ബൗദ്ധികരചനകളിലൂടെ പ്രകടമാക്കിയിരുന്നത്.
അജപാലനം
മെത്രാന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും ദൈവജനത്തെ നയിക്കുന്ന കാര്യത്തില്‍ മോശതന്നെയാണ് ഉത്തമമാതൃക. പാദരക്ഷകള്‍ അഴിച്ചുമാറ്റി കത്തിജ്വലിക്കുന്ന മുള്‍പ്പടര്‍പ്പിന്‍മുമ്പാകെ എളിമയോടെ ദൈവവുമായി സംഭാഷണത്തില്‍ ചെലവഴിച്ചശേഷം പ്രകാശപൂരിതമായ മുഖത്തോടെ താഴ്‌വരയിലേക്ക്, ജനമധ്യത്തിലേക്ക് ഇറങ്ങിവരുന്ന പ്രാര്‍ഥനയുടെ മഹാമാതൃകയായ മോശയെയാണ് മെത്രാന്മാര്‍ക്കും വൈദികര്‍ക്കും അനുകരിക്കാനായി വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ നിര്‍ദേശിക്കുന്നത്. ജനത്തെ വിശുദ്ധീകരിക്കുന്നതിനും ദൈവഭയത്തില്‍ വളര്‍ത്തുന്നതിനും മോശ വളരെയധികം ക്ലേശിക്കേണ്ടിവന്നു.
വിശ്വാസികളെ നേര്‍വഴിക്കു നയിക്കാന്‍ മോശയെപ്പോലെ മെത്രാന്മാരും വൈദികരും വളരെയേറെ ക്ലേശിക്കേണ്ടിവരുന്നുണ്ട്.
വിശുദ്ധ ആഗസ്തീനോസിനുതന്നെയും തന്റെ ചുമതലകളുടെ ഭാരത്താല്‍ തളര്‍ന്നുപോകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ടമൃരശിമ ലുശരെീുമഹശ െഎന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. പട്ടാളക്കാരന്‍ തോളില്‍ വഹിക്കുന്ന ഭാരമേറിയ ഭാണ്ഡത്തിനാണ് ലത്തീനില്‍ 'സര്‍ചീനാ' എന്നു പറഞ്ഞിരുന്നത്. എങ്കിലും നഷ്ടധൈര്യനാകാതെ അദ്ദേഹം തന്റെ ദൗത്യം തുടര്‍ന്നുപോന്നു. അദ്ദേഹം പറയുന്നു: ''പ്രസംഗിക്കുക, തിരുത്തുക, കുറ്റപ്പെടുത്തുക, പടുത്തുയര്‍ത്തുക, എല്ലാവര്‍ക്കുംവേണ്ടി കഠിനാധ്വാനം ചെയ്യുക, ഇതൊരു ഭാരമേറിയ ചുമതലയാണ്. കഠിനപ്രയത്‌നം ആവശ്യപ്പെടുന്ന ചുമതലയാണ്. ആരാണ് ഈ അധ്വാനത്തില്‍ നിന്ന് ഒളിച്ചോടാന്‍ ആഗ്രഹിക്കാത്തത്? എന്നാലും, സുവിശേഷം എന്നെ പിന്തുടരുന്നു. (വി. ആഗസ്തീനോസ് 339-ാം പ്രഭാഷണം)
മെത്രാന്മാര്‍ക്കും വൈദികര്‍ക്കും അവരുടെ അജപാലന ചുമതലകളില്‍നിന്ന് അവധിയെടുക്കാന്‍ പറ്റില്ലെന്നാണ് വി. ജോണ്‍പോള്‍ രണ്ടാമന്‍ പഠിപ്പിക്കുന്നത്. ജീവിതാന്ത്യംവരെ വിനയത്തോടും ദാരിദ്ര്യാരൂപിയിലും വലിയവര്‍ക്കും ചെറിയവര്‍ക്കും മിശിഹായെപ്പോലെ സമീപസ്ഥനായിരിക്കണമെന്നാണ് വി. ജോണ്‍പോള്‍ പാപ്പാ ഉദ്‌ബോധിപ്പിക്കുന്നത്.
പുരോഹിതനും ലോകവും
ദൈവവും മനുഷ്യനുമിടയില്‍ ഒരു പാലമായി വര്‍ത്തിക്കേണ്ടവനാണ് പുരോഹിതന്‍. ദൈവമഹത്ത്വവും വിശുദ്ധിയും ലോകത്തിനു വെളിപ്പെടുത്തുന്ന കര്‍ത്തവ്യം പുരോഹിതന്റേതാണ്. അതുപോലെതന്നെ എല്ലാ മാനുഷികനന്മകളുടെയും വിളനിലമായി വര്‍ത്തിക്കേണ്ട കടമയും പുരോഹിതനുണ്ട്. ''അതിനാല്‍, എന്റെ സഹോദരരേ, സത്യവും മാന്യവും നീതിയുക്തവും വിശുദ്ധവും സ്‌നേഹയോഗ്യവും സ്തുത്യര്‍ഹവും വിശിഷ്ടവും പ്രശംസനീയവുമായ കാര്യങ്ങള്‍ നിങ്ങള്‍ ചിന്തിക്കുവിന്‍'' (ഫിലി. 4:8).
യോനായുടെ അടയാളം
കര്‍ത്താവ് പറയുന്ന കാര്യങ്ങള്‍ നിനവേനിവാസികളെ അറിയിക്കാനായാണ് യോനാ അയയ്ക്കപ്പെടുന്നത്. എന്നാല്‍, ആ ദൗത്യത്തില്‍നിന്നു പലായനം ചെയ്യാനാണ് പ്രവാചകന്‍ ശ്രമിക്കുന്നത്. ആ പ്രലോഭനം വൈദികന് ഉണ്ടാകരുത്.
തോമസ് മെര്‍ട്ടന്‍ 'യോനായുടെ അടയാളം' എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: എതിര്‍ദിശയില്‍ പോകാന്‍ എനിക്ക് അതിയായ മോഹമുണ്ടായിരുന്നു. പാപികളുടെ മനസ്സിനെ ഉണര്‍ത്തി മനസ്താപത്തിലൂടെ ദൈവത്തിങ്കലേക്കു പിന്തിരിയാന്‍ അവരെ പ്രേരിപ്പിക്കാന്‍ ദൈവം എന്നെ ചുമതലപ്പെടുത്തി. ദൈവം എനിക്ക്, ഒരു പാത ചൂണ്ടിക്കാണിച്ചു.എന്നാല്‍, എന്റെ ഭയവും സ്വന്തമായപ്ലാനും മറ്റൊരു വഴിയേ പോകാന്‍ എന്നെ പ്രേരിപ്പിച്ചു. യോനാ ആകാവുന്നത്ര വേഗത്തില്‍ ദൈവം നിര്‍ദേശിച്ച ലക്ഷ്യത്തില്‍നിന്ന് അകന്നുപോകുമ്പോള്‍ കടലില്‍ കോളിളക്കമുണ്ടാവുകയും കടലില്‍ എറിയപ്പെട്ട യോനായെ വിഴുങ്ങിയ സ്രാവ് ദൈവം ഉദ്ദേശിച്ചിടത്ത് അവനെഎത്തിക്കുകയും ചെയ്തു.
വൈദികന്റെ കുറവുകള്‍, യോനായുടെ കാര്യത്തിലെന്നപോലെ പരിഹരിച്ച്, മിശിഹായുടെ അടയാളമായിത്തീരാന്‍ അവന്‍ ശുദ്ധീകരിക്കപ്പെടണം.
മാതാവിനെ വിശുദ്ധ യോഹന്നാന് അമ്മയായി നല്കിയ ഈശോ ഓരോ വൈദികനും പരിശുദ്ധ അമ്മയെ മാതാവായി നല്കിയിട്ടുണ്ട്. എപ്പോഴും, പ്രത്യേകിച്ച് വി. കുര്‍ബാന അര്‍പ്പണസമയത്ത് മാതാവിന്റെ സ്‌നേഹസാന്നിധ്യം വൈദികന് അനുഭവവേദ്യമാകണം.
എല്ലാ അനുഗ്രഹങ്ങളുടെയും മധ്യസ്ഥയായ മറിയത്തോട് എല്ലാ ക്രൈസ്തവര്‍ക്കും, പ്രത്യേകിച്ച് വൈദികര്‍ക്ക് പുത്രസഹജമായ ഭക്തി ഉണ്ടായിരിക്കണമെന്ന് കര്‍ദിനാള്‍ സറാ ഉപദേശിക്കുന്നു.
'അവന്‍ പറയുന്നത് നിങ്ങള്‍ ചെയ്യുവിന്‍' (യോഹ. 2, 5) എന്നു തന്നെയാണ് പരിശുദ്ധ അമ്മ നമ്മോടും പറയുന്നത്.