ലണ്ടനിലെ ഫ്രാങ്ക്‌ലാന്‍ഡ് ജയിലിലെ തടവുകാരനായിരുന്നു ഹാരോള്‍ഡ് ഷിപ്മാന്‍ എന്ന ഡോക്ടര്‍. ഹൈഡുപ്രദേശത്തുള്ള എല്ലാവര്‍ക്കും സുപരിചിതനായിരുന്നു ഇയാള്‍. എന്താണ് ഒരു ഡോക്ടര്‍ ഇങ്ങനെ തടവിലാകാന്‍ കാരണം?
1975 മാര്‍ച്ചില്‍ പ്രാക്ടീസുതുടങ്ങിയ കാലംമുതല്‍ 1998 ജൂലൈവരെയുള്ള കാലയളവില്‍ അയാള്‍ ഏകദേശം 215 രോഗികളെയെങ്കിലും ഡയോമോര്‍ഫിന്‍ എന്ന മയക്കുമരുന്ന് ഓവര്‍ഡോസായി കുത്തിവച്ച് കൊന്നുകളഞ്ഞിട്ടുണ്ട് - അതില്‍ 171 പേരും സ്ത്രീകളായിരുന്നു.
ഒരു ഡോക്ടര്‍ എന്ന നിലയ്ക്ക് ഷിപ്മാനെ ആരും സംശയിച്ചില്ല. ഒക്കെ സ്വാഭാവികമരണങ്ങളായി കണക്കാക്കപ്പെട്ടു. 1998 ല്‍ കാത്ത്‌ലീന്‍ ഗ്രിണ്ടിയുടെ അകാലചരമത്തോടെയാണ് ഡോക്ടറുടെ പേരില്‍ സംശയം തോന്നിത്തുടങ്ങിയതും അന്വേഷണം ആരംഭിച്ചതും. ഡയിം ജാനറ്റ് തയ്യാറാക്കിയ 2000 പേജുള്ള കുറ്റപത്രത്തില്‍ ഇവയെല്ലാം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
ഒരു രോഗി അന്ധമായ ആശ്രയം അര്‍പ്പിക്കുന്നതു ഡോക്ടറിലാണ്. നിസ്സഹായതയുടെ പരകോടിയാണ്, ഓപ്പറേഷന്‍ ടേബിളില്‍ ബോധമറ്റു കീറിമുറിക്കപ്പെട്ടു കിടക്കുന്നവന്‍. ഡോക്ടറിലുള്ള വിശ്വാസം ഒന്നുമാത്രമാണ് ആ സ്ഥിതിയില്‍ കിടക്കാന്‍ അയാളെ പ്രേരിപ്പിക്കുന്നത്. അവിടെനിന്നുതന്നെ ചതി വന്നാലോ?
പ്രേമിച്ചു കല്യാണം കഴിച്ച പ്രിയപ്പെട്ട ബിജു ഒരു സുന്ദരസായാഹ്നത്തില്‍ തന്നെ കൊല്ലാന്‍ കൂര്‍ത്ത കത്തി മുഖത്തേക്കു കുത്തിക്കയറ്റുമെന്ന് കൊല്ലം എഴുകോണ്‍ കുറുപ്പംമലമേലേതില്‍ സിന്ധു കിനാവിലും കരുതിയില്ല. മദ്യപിച്ചെത്തിയ ബിജു സിന്ധുവിന്റെ മുഖത്തേക്ക് ആഞ്ഞുകുത്തി (8-2-2004). കത്തിയുടെ മുന എല്ലു തുളച്ച് 15 സെന്റിമീറ്റര്‍ ഉള്ളിലെത്തിനിന്നു! 2004 ഫെബ്രുവരി 8 നു നടന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളജു കണ്ടിട്ടുള്ളതിലേക്കും വലിയ ശസ്ത്രക്രിയയായിരുന്നു.
വീട്ടില്‍ കശപിശ ഉണ്ടാകുമായിരുന്നുവെങ്കിലും, തന്റെ പ്രിയപ്പെട്ട ഭര്‍ത്താവ് തന്റെ മുഖത്തേക്കു കത്തി കുത്തിക്കയറ്റുമെന്ന്, അതും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ചെയ്യുമെന്ന് സിന്ധുവിനു ചിന്തിക്കാനായില്ല. കത്തിയെടുത്തപ്പോഴും അതിനു വഞ്ചനയുടെ മുനയുണ്ടെന്ന് അവള്‍ കരുതിയില്ല. പക്ഷേ, അരുതാത്തതു സംഭവിച്ചു - തികച്ചും അവിചാരിതമായി.
ഇതുപോലൊരു ക്രൂരതയാണ് അമേരിക്കയിലെ മിസൗറിയില്‍ 2004 ഡിസംബര്‍ 19 ന് അരങ്ങേറിയതും. മിസൗറി സ്വദേശിനിയായ ബോബി ജോ സ്റ്റിന്നെറ്റിന്റെ പ്രധാനതൊഴില്‍ റാറ്റ് ടെറിയര്‍ ഇനത്തില്‍പ്പെട്ട നായ്ക്കളെ വളര്‍ത്തി വില്ക്കുകയായിരുന്നു. ലിസ മോണ്ട്‌ഗോമറി എന്ന കണ്‍സാസ്‌കാരി ബോബിയുമായി ചങ്ങാത്തം സ്ഥാപിച്ചു. നായയെ വാങ്ങാനെന്ന വ്യാജേന പതുക്കെപ്പതുക്കെ അവള്‍ അടുത്തുകൂടി. ലിസയെ ബോബി ഒരിക്കല്‍പ്പോലും സംശയിച്ചില്ല. പക്ഷേ, ലിസ നോട്ടമിട്ടതു നായയെ അല്ല, ബോബിയുടെ ഗര്‍ഭസ്ഥശിശുവിനെയായിരുന്നു. ബോബിയെ കുത്തിമലര്‍ത്തി ഗര്‍ഭപാത്രം വെട്ടിപ്പിളര്‍ന്ന് അവള്‍ ശിശുവിനെ പുറത്തെടുത്തു. പട്ടിയെ വാങ്ങാനെത്തിയവള്‍ കുട്ടിയെയും കൊണ്ടു കടന്നു - ഒരിക്കലും ചിന്തിക്കാത്ത ചതി.
ഇന്ദിരാഗാന്ധി വധിക്കപ്പെട്ടത് സിക്ക് ബോഡിഗാര്‍ഡ്‌സിന്റെ വെടിയേറ്റാണല്ലോ. പ്രധാനമന്ത്രിയെ ശത്രുക്കളില്‍നിന്നു രക്ഷിക്കാന്‍ നിയുക്തരായ അംഗരക്ഷകര്‍ അവര്‍ക്കുനേരേ നിറയൊഴിച്ചപ്പോള്‍ ആ ശബ്ദം കേട്ട് ലോകമനഃസാക്ഷി ഞെട്ടി.
യൂദാസിന്റെ ചതിയും ഓര്‍മവരുന്നു. യൂദാസിനെ യേശു സ്‌നേഹിച്ചു. അതുകൊണ്ടുതന്നെയാണ് അവനെ വിളിച്ചത്. അവനെ വിശ്വസിച്ചു - അതാണ് പണസഞ്ചി അവനെ ഏല്പിക്കാനുള്ള കാരണവും. എങ്കിലും, ഗുരുവിനെ അവന്‍ വഞ്ചിച്ചു - ചുംബിച്ചുകൊണ്ട് ഒറ്റിക്കൊടുത്തു.
സ്‌നേഹത്തിന്റെ പ്രകടനമാണ് ചുംബനം. ഗ്രീക്കുഭാഷയില്‍ അതിനു രണ്ടു പ്രയോഗങ്ങളുണ്ട് - ഫിലെയിന്‍, കാത്താഫിലെയിന്‍. ആദ്യത്തേതു സാദാ ചുംബനമാണ് - ആരും ആര്‍ക്കും കൊടുക്കാറുള്ളത്. രണ്ടാമത്തേത് അഗാധസ്‌നേഹത്തിന്റെ അടയാളമാണ് - കാമുകി കാമുകനു കൊടുക്കുന്ന ഗാഢാശ്ലേഷത്തോടെ പ്രേമചുംബനം, ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള ചുടുചുംബനം. അതാണ് യൂദാസ് നല്കിയതെന്നത്രേ സുവിശേഷകന്മാര്‍ സാക്ഷ്യപ്പെടുത്തുന്നത് (മര്‍ക്കോ. 14:15). ചുംബനത്തെപ്പറ്റി യൂദാസ് പറയുമ്പോള്‍ (മത്താ. 26:48) വെറും ഫിലെയിന്‍ എന്ന വാക്കുമാത്രമാണ് പ്രയോഗിക്കപ്പെടുന്നതെന്നതും ശ്രദ്ധിക്കുക.
വിശ്വാസവഞ്ചന എന്ന പ്രയോഗത്തിന് ഒത്തിരിയേറെ ആഴങ്ങളുണ്ട്. ഇവിടത്തെ വിശ്വാസം വെറും ഫെയിത്ത് (എമശവേ) അല്ല; ട്രസ്റ്റ് (ഠൃൗേെ) എന്ന വാക്കാണ് അവിടെ വിവക്ഷിക്കപ്പെടുന്നത്-ഒരാള്‍ മറ്റൊരാളെ വിശ്വസിച്ചു ഭരമേല്പിക്കുന്ന വിഷയം. അവിടെ ഒരു പ്രതിഷ്ഠയുണ്ട്. അതാണു യേശു യൂദാസില്‍ സാധിച്ചത്. അനേകായിരങ്ങളില്‍നിന്നാണ് യൂദാസിനെ യേശു തിരഞ്ഞെടുത്തത്. കാരണം, ''അവന്‍ യേശുവിനു പ്രിയങ്കരനായിരുന്നു.'' അവനെ യേശു സ്‌നേഹിച്ചു. ''സൂക്ഷിച്ചുനോക്കിക്കൊണ്ട് അവനെ തന്റെ പക്കലേക്കു വിളിച്ചു'', ധനികനായ യുവാവിനെ എന്നപോലെ (മര്‍ക്കോ. 10:21). ധനികനായ യുവാവു സങ്കടത്തോടെ പിന്തിരിഞ്ഞിടത്തു യൂദാസ് സന്തോഷപൂര്‍വം പിന്തുടര്‍ന്നു. പക്ഷേ, അവന്റെ ഉള്ളിലിരിപ്പു മോശമായിരുന്നു. ഒരു അടിമയുടെ വില മാത്രമാണ് അവന്‍ ഗുരുവിനു കണക്കാക്കിയത് (മത്താ. 26:14). ട്രസ്റ്റ് എന്ന പദംപോലും പൊട്ടിത്തെറിച്ചുപോകുന്ന പരകോടിയാണിവിടം. ഒരു അടിമയെപ്പോലെ അവന്റെയും പാദങ്ങള്‍ കഴുകിത്തുടച്ചപ്പോഴും, ഗദ്‌സേമനിയില്‍ രക്തം വിയര്‍ത്തപ്പോഴും ഗുരു അവന്റെ ചുംബനവും മുന്‍കൂര്‍ അനുസ്മരിച്ചിട്ടുണ്ടാകണം.
നിനച്ചിരിയാത്ത നേരത്തു വരുന്നതാണു കവര്‍ച്ച!
അപ്രതീക്ഷിതമായി വരുന്നത് അപകടവും.
പക്ഷേ, വിശ്വസിച്ചിരുന്നിടത്തുനിന്നാണ് വഞ്ചന വരുന്നത്.
ഏറ്റവും വലിയ വഞ്ചനയാണ് വിശ്വാസവഞ്ചന. അന്ധമായി ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്തിടത്തുനിന്ന് അവിചാരിതമായി അതു വരുമ്പോള്‍ മനസ്സും ശരീരവും ഒപ്പം തളര്‍ന്നുപോകും. ബിജുവിന്റെ കുത്ത് സിന്ധുവിനെ അക്ഷരാര്‍ഥത്തില്‍ മരവിപ്പിച്ചുകളഞ്ഞു; അംഗരക്ഷകര്‍ ഇന്ദിരാഗാന്ധിയെയും. യൂദാസിന്റെ ചുംബനം യേശുവിന്റെ ആത്മാവിലേക്കാണു തുളച്ചിറങ്ങിയത്. യേശു ഒരിക്കല്‍ സൂചിപ്പിച്ചതുപോലെ, ഒരിക്കലും പൊറുക്കപ്പെടാത്ത - സത്യാത്മാവിനെതിരായ, പാപമായി അതു മാറി (മത്താ. 12:31-32). യൂദാസിനു മനസ്തപിക്കാനുള്ള കൃപാവരം കിട്ടിയിരിക്കാനിടയില്ലെന്ന വസ്തുതയും ബാക്കിനില്ക്കുന്നു.