ഇരുളിലെ ചിരിയും
ഇമ വെട്ടാത്ത മിഴികളും
ഓടി വരുന്നോരോര്‍മകള്‍
ഒട്ടും പ്രതിരോധിക്കാതെയും
വന്നണയുക വഴിത്താരയില്‍
വഴിക്കണ്ണുമായ് സഖേ
വലച്ചീടായ്ക ചിന്തയെ
വരിവച്ചെത്തിടും വാഴ്‌വിനെ
പരനാരികള്‍ പലവേള
വലക്കണ്ണികള്‍ മുറുക്കുമ്പോള്‍
വലയില്‍ കുടുങ്ങിപ്പോകാതെ
വിരവോടെ ചരിക്കുക!
നിഴലിന്‍ പ്രതിരൂപങ്ങള്‍
നിറങ്ങള്‍ കോര്‍ത്ത മാലകള്‍
നിണപ്പാച്ചില്‍ പൊറുക്കാതെ
നിനവില്‍ വന്നുദിക്കവേ,
ചിരപരിചിതമാം മുഖങ്ങള്‍
ചിരിച്ചെത്തിടും നിമേഷത്തില്‍
നിറപുഞ്ചിരി തൂകിയോ
നീ, ഹര്‍ഷം വരവേല്പത്
മടമ്പുയര്‍ന്ന പാദരക്ഷകള്‍
മനംമയക്കും ലാവണ്യവും
അസൂയാലവ അംഗനതന്‍
അഭയാസ്ത്രങ്ങളല്ലയോ?
അതേക്കുറിച്ചാരായുവാന്‍
അരമാത്ര മെനക്കെടാത്തോര്‍
കൊണ്ടാലും, കൊണ്ടതറിയാത്ത
കൊറ്റിയെപ്പോല്‍ തിരുമണ്ടരാം
അരയിലുള്ളരഞ്ഞാണം പോല്‍
ആപല്‍ക്കാരിയാം മന്ദബുദ്ധി
അറിവു കെട്ടോര്‍ക്കാലംബം
അരക്കാശിന്‍ വിവരമറ്റോര്‍
അവര്‍ക്കെന്താമവസാനം
അറ്റുപോകില്ലയോ സര്‍വ്വവും
അജ്ഞാനത്തെയഴകേറും
ആഭരണമായ് കരുതുവോര്‍
ഒന്നും ഒന്നും കൂട്ടുമ്പോള്‍
ഒന്നേ ഒന്നെന്നു നിനയ്ക്കുവോര്‍.