മനസ്സില്‍ നല്ല ചിന്തയുള്ളവര്‍ നല്ല പ്രവൃത്തികള്‍ ചെയ്യും. നല്ല പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കു മനസ്സിനു നല്ല സന്തോഷം ഉണ്ടാകും. അശോകനു പക്ഷികളോടും മൃഗങ്ങളോടും മനുഷ്യരോടുമെല്ലാം നല്ല സ്‌നേഹമാണ്.
അശോകന്റെ വീടിന്റെ അടുത്ത് ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ ഉണ്ട്. സ്‌കൂളിന്റെ മുന്‍വശത്ത് ഒരു പേരാല്‍മരം.. സ്‌കൂളിന്റെ മുകളിലും പേരാല്‍മരത്തിലും രാവിലെ നിറയെ പ്രാവുകളെ കാണാം. ക്ലാസ് തുടങ്ങിയാല്‍ ഒരു പ്രാവിനെപ്പോലും അവിടെ കാണുകയില്ല. എല്ലാം തീറ്റതേടി അകലെപ്പോയിരിക്കും.
അശോകന്‍ രാവിലെ സഞ്ചിയില്‍ അരിമണിയുമായി ആലിന്‍ചുവട്ടില്‍ ചെല്ലും. അശോകനെ കാണുമ്പോള്‍ പ്രാവുകള്‍ പറന്ന് അരികില്‍ വരും. സഞ്ചിയില്‍നിന്ന് അരിവാരി പ്രാവുകള്‍ക്കു കൊടുക്കും. പ്രാവുകള്‍ അരിമണികള്‍ കൊത്തിതിന്ന് കുറൂ... കുറൂ... എന്ന് ശബ്ദമുണ്ടാക്കി പറന്നു മാറിയിരിക്കും.
അശോകന്റെ തോളിലും വന്നിരിക്കും. അയാള്‍ പ്രാവുകളെ സ്‌നേഹത്തോടെ തലോടും. ഉപദ്രവിക്കുകയില്ല. പ്രാവുകള്‍ക്ക് അശോകനെ വലിയ ഇഷ്ടമാണ്. പ്രാവുകളോടുള്ള അശോകന്റെ സ്‌നേഹം ഒരു വേട്ടക്കാരന്‍ കാണാറുണ്ട്. വേട്ടക്കാരന്‍ പ്രാവുകളെ കെണിവച്ചു പിടിക്കാന്‍ എന്താണ് മാര്‍ഗം എന്നന്വേഷിച്ചു നടന്നപ്പോഴാണ് അശോകനും പ്രാവുകളും തമ്മിലുള്ള ചങ്ങാത്തം കണ്ടത്.
പിറ്റേദിവസം അശോകന്‍ തിരിച്ചുപോയിക്കഴിഞ്ഞ് വേട്ടക്കാരന്‍ സഞ്ചിയില്‍ അരിമണിയുമായിച്ചെന്നു. അരി വാരി നിലത്തുതൂവി. ഇത് പ്രാവുകള്‍ കണ്ടു. ഒരു പ്രാവുപോലും ഇറങ്ങിവന്ന് അരിമണി കൊത്തിയെടുത്തില്ല. വേട്ടക്കാരന്‍ ഡൗ... ഡൗ.... എന്ന് പ്രാവുകളെ വിളിച്ചു. പ്രാവുകള്‍ പേടിച്ച് അകലേക്കു കൂട്ടത്തോടെ പറന്നുപോയി.
പിറ്റേദിവസവും വേട്ടക്കാരന്‍ അരിമണിയുമായി ചെന്നു. ഇപ്രാവശ്യം അശോകന്റെ വേഷത്തിലാണ് ചെന്നത്. നല്ല വെള്ളമുണ്ടും വെള്ളഷര്‍ട്ടും കൈയില്‍ വെള്ളസഞ്ചിയും തലയില്‍ വെള്ള ടവ്വലും കെട്ടിയിരുന്നു. ഈ വേഷത്തിലായിരുന്നു അശോകന്‍ എല്ലാ ദിവസവും വന്നിരുന്നത്. ഈ വേഷത്തില്‍ ചെന്നപ്പോള്‍ പ്രാവുകള്‍ താഴെയിറങ്ങി വന്നു. വേട്ടക്കാരന്‍ അരിമണി വാരി വിതറി. പ്രാവുകള്‍ അരിമണി കൊത്തിപ്പെറുക്കിത്തിന്നു.
പിറ്റേദിവസവും അശോകന്‍ പോയശേഷം വേട്ടക്കാരന്‍ അശോകന്റെ വേഷത്തില്‍ വന്ന് അരിമണി വിതറി. പ്രാവുകള്‍ വന്നു അരിമണി കൊത്തിത്തിന്നു. ഇതു പതിവായി. അപ്പോള്‍ പ്രാവുകള്‍ ഭയരഹിതരായി വേട്ടക്കാരന്റെ അടുത്തുവരാന്‍ തുടങ്ങി. ഒരു പ്രാവിനെ വേട്ടക്കാരന്‍ പിടിച്ച് സഞ്ചിയിലാക്കി. അതോടെ മറ്റു പ്രാവുകള്‍ പറന്നുപോയി.
വേട്ടക്കാരന്റെ ലക്ഷ്യം പ്രാവുകളെ പിടിച്ചുകൊണ്ടുപോയി കറിവച്ചു കഴിക്കുക എന്നതായിരുന്നു. പിറ്റേദിവസവും അയാള്‍ വന്ന് അരിമണി വാരിവിതറി. പ്രാവുകള്‍ താഴെയിറങ്ങിവന്നില്ല. അയാളെ കണ്ടപ്പോള്‍ത്തന്നെ പ്രാവുകള്‍ കൂട്ടത്തോടെ പറന്നുപോയി.
ഒരു പ്രാവശ്യം നന്മയുടെ മുഖം കാണിച്ച് നിഷ്‌കളങ്കരെ പറ്റിക്കാന്‍ കഴിഞ്ഞേക്കാം. അധികകാലം നന്മയുടെ മുഖം ധരിച്ച് മറ്റുള്ളവരെ പറ്റിക്കാന്‍ കഴിയില്ല.
കഥ
പ്രാവുകളും വേട്ടക്കാരനും
