•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഒരേയൊരു കീരവാണി

ബാഹുബലിയുടെ വന്‍വിജയത്തെത്തുടര്‍ന്ന് തെലുങ്കുസിനിമയിലൂടെ ലോകം കീഴടക്കിയ  ഇന്ത്യന്‍ ഡയറക്ടര്‍, 49 കാരനായ എസ്.എസ്. രാജമൗലി ഒരുക്കിയ ആര്‍.ആര്‍.ആര്‍. എന്ന അദ്ഭുതപടത്തിലെ അതിശയിപ്പിക്കുന്ന സീനുകളെക്കുറിച്ചോ മികച്ച സംവിധാനത്തെക്കുറിച്ചോ ഒന്നുമല്ല ഇപ്പോള്‍ സിനിമാലോകം സംസാരിക്കുന്നത്. ആര്‍ആര്‍ആര്‍ ലെ ത്രസിപ്പിക്കുന്ന താളവേഗമുള്ള തെന്നിന്ത്യന്‍ ഡപ്പാങ്കുത്ത് സ്റ്റൈല്‍ ''നാട്ടു നാട്ടു നാട്ടു'' എന്ന പാട്ടിനെക്കുറിച്ചും അതിന്റെ സംഗീത സംവിധായകനായ എം.എം.  കീരവാണിയെക്കുറിച്ചുമാണ്.
മികച്ച ഗാനത്തിനുള്ള ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലോസ് ആഞ്ചല്‍സിലെ ബെവര്‍ലി ഹില്‍സില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ എം.എം. കീരവാണിയെന്ന മരതകമണി ഏറ്റുവാങ്ങുമ്പോള്‍ ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ്‌സ് 2023 ബെസ്റ്റ് ഒറിജിനല്‍ സോങ് എന്ന ചരിത്രനേട്ടം പിടിച്ചുവാങ്ങുകയായിരുന്നു. പോപ് സംഗീതറാണിമാരായ ടെയ്‌ലര്‍ സ്വിഫ്റ്റ്, റിഹാനാ തുടങ്ങിയവരുടെ പാട്ടുകളോട് അവസാനറൗണ്ടുവരെ മത്സരിച്ചാണ് ഈ പുരസ്‌കാരം നേടിയത്. ഇതേ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരന്‍ എ.ആര്‍. റഹ്‌മാനാണ്. അതൊരു ബ്രിട്ടീഷ് ചിത്രമായിരുന്നു. എന്നാല്‍, ഇംഗ്ലീഷിതര ഭാഷയ്ക്കുള്ള ആദ്യ പുരസ്‌കാരം ഈ തെലുങ്കുഗാനത്തിനാണു ലഭിക്കുന്നത്. തെന്നിന്ത്യക്കാര്‍ക്ക് ഏറെ അഭിമാനിക്കാനുള്ള വകയുണ്ട്. 
ഇനി ഈ ഗാനത്തെക്കുറിച്ച്. നാട്ടു നാട്ടു ഗാനത്തിന്റെ രചയിതാവ് ചന്ദ്രബോസാണ്. കീരവാണിയുടെ മകന്‍ കാലഭൈരവ, രാഹുല്‍ സിപ്ലിഗഞ്ച് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്. അതിനു നൃത്തച്ചുവടുവച്ചത് ചിരഞ്ജീവിയുടെ മകന്‍ റാം ചരണും എം.റ്റി. രാമറാവുവിന്റെ മകന്‍ ജൂണിയര്‍ എം.റ്റി.ആറും ഒലീവിയ മോറീസുമാണ്. സിനിമയുടെ ഉള്ളടക്കത്തെയും മറ്റു ജീവസ്സുറ്റ ഘടകങ്ങളെയുമൊക്കെ നിഷ്പ്രഭമാക്കി നാട്ടു നാട്ടു ഈണമൊരുക്കിയ കീരവാണി രാജ്യത്തിന്റെ കൈയടി നേടുന്നതായി സംഗീതലോകം വിലയിരുത്തുന്നു. എ.ആര്‍. റഹ്‌മാനുശേഷം വിശ്രുതരും പ്രഗല്ഭരുമായ അനേകം സംഗീതജ്ഞരെ പിന്തള്ളിയാണ് കീരവാണി അവാര്‍ഡു നേടുന്നത്. ഹോളിവുഡിനെക്കഴിഞ്ഞ് മറ്റൊന്നുമില്ലെന്നു കരുതുന്ന സിനിമാക്കാര്‍ക്ക് ഒരു കനത്ത പ്രഹരമാണ് ഈ അവാര്‍ഡ്.
ആകര്‍ഷകമായ റിഥം ബീറ്റുകളാണ് ഈ ഗാനത്തെ യുവാക്കളുടെ ഹരമാക്കി മാറ്റിയതെന്ന് കീരവാണി പറഞ്ഞിട്ടുണ്ട്. ഏതായാലും ഇതോടെ ദക്ഷിണേന്ത്യന്‍പടങ്ങള്‍ ഇന്ത്യയിലാകെ തരംഗമാകുന്ന സ്ഥിതിവിശേഷംകൂടി വന്നുചേര്‍ന്നു. റിലീസ് ചെയ്ത ദിവസംതന്നെ ആഗോളതലത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം (1200 കോടി കഴിഞ്ഞവര്‍ഷം). ഇതിന്റെ ഹിന്ദിപ്പതിപ്പ് നെറ്റ് ഫ്‌ളിക്‌സില്‍ ഏറ്റവും ജനപ്രീതിനേടിയ ഇന്ത്യന്‍ സിനിമ എന്ന ബഹുമതിയും നേടി. കാല-ദേശ-ഭാഷാ- വര്‍ഗ-മത വേര്‍തിരിവിന് അതീതമാണ് സംഗീതമെന്ന് നാട്ടു നാട്ടു തെളിയിക്കുന്നു. ഭാഷയോ അര്‍ഥമോ അറിയാത്തവര്‍പോലും ഇതേറ്റുപാടുമ്പോള്‍ സംഗീതം - അതൊന്നു മാത്രമാണ് അവര്‍ നെഞ്ചേറ്റുന്നത്.
ഇനി, കീരവാണിയെക്കുറിച്ച്  നമ്മള്‍ കൂടുതല്‍ അറിയണം. കൊഡരി ശിവശക്തി ദത്തയുടെയും ശ്രീവല്ലിയമ്മയുടെയും മകനായ മരതകമണിയെന്ന ചെറുപ്പക്കാരന്‍ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ മതിമയങ്ങി ആന്ധ്രയില്‍നിന്ന് ചെന്നൈയിലെത്തുമ്പോള്‍ പ്രമുഖ സംഗീതസംവിധായകന്‍ ബി.എ. ചിദംബരനാഥിന്റെ മകന്‍ രാജാമണിയെ പരിചയപ്പെടുന്നു. അതൊരു വഴിത്തിരിവായി. രാജാമണിയുടെ ശിഷ്യത്വം സ്വീകരിച്ച് മൂന്നുവര്‍ഷത്തോളം കഴിഞ്ഞു. 1990 ല്‍ കല്‍ക്കിയെന്ന തെലുങ്കുചിത്രത്തിന്റെ സ്വതന്ത്രസംഗീത സംവിധായകനായി. പക്ഷേ, പടം പുറത്തുവന്നില്ല. എന്നാല്‍, അധികം താമസിയാതെ ചെയ്ത 'മനസ്സു മമത' 'ക്ഷണാക്ഷണം' എന്നീ സിനിമകള്‍ സൂപ്പര്‍ഹിറ്റുകളായി. 1994 ല്‍ 'ക്രിമിനല്‍' എന്ന പടത്തിലൂടെ ഹോളിവുഡിലേക്കും കടന്നു.
ചെറുപ്പത്തിലേ ഗായകനായിരുന്നതിനാല്‍ അച്ഛന്‍, മരതകമണിയെ കീരവാണി എന്നും വിളിച്ചിരുന്നു. കിളിമൊഴി എന്നര്‍ഥം. ആ പേര് പിന്നീട് പതിയുകയായിരുന്നു. കര്‍ണാടകസംഗീതത്തിലെ 72 മേളകര്‍ത്താരാഗങ്ങളില്‍ 21-ാം രാഗമാണ് കീരവാണി.   മനോഹരമായ ആ രാഗത്തെ അന്വര്‍ഥമാക്കും മകനെന്ന്  അച്ഛന്‍ കരുതിയത് പാഴായില്ല. തെലുങ്കും തമിഴും കവച്ചുവച്ച് അദ്ദേഹം മലയാളത്തിലേക്കു കടക്കുമ്പോള്‍ മലയാളികള്‍ക്ക് ഓര്‍ത്തുവയ്ക്കാന്‍ കുറെ നല്ല മെലഡികള്‍ ലഭിച്ചു. മഞ്ഞുവീണ പുല്‍ത്താരയില്‍, മേലേ മാനത്തെ തേര്, പൊന്നമ്പിളിക്കൊമ്പിലെ, തുമ്പീ നിന്‍മോഹം, കിളിപാടുമേതോ, തരളിതരാവില്‍, ശിശിരകാലമേഘ, താഴമ്പൂമുടി മുടിച്ച്, യയയായാദവാ,  ശശികലചാര്‍ത്തിയ ദീപാവലയം ഇതൊക്കെ അവയില്‍ ചിലതുമാത്രം.
മരതകമണി എന്ന പേരില്‍ ഇദ്ദേഹത്തിന്റെ പാട്ടുകള്‍ റേഡിയോയിലൂടെ വന്നുകൊണ്ടിരുന്ന കാലം. മദ്രാസിലെ വടപളനിയിലുള്ള മരിയന്‍ സ്റ്റുഡിയോയില്‍ എന്റെ ഒരാല്‍ബത്തിലെ രണ്ടു ഗാനങ്ങള്‍ വിനീത് ശ്രീനിവാസനെക്കൊണ്ടു റെക്കോര്‍ഡു ചെയ്യിക്കാന്‍ ഞാന്‍ പോയിരുന്നു. അന്നു സ്റ്റുഡിയോയില്‍ വന്ന കറുത്തുതടിച്ച ഒരു മനുഷ്യനെച്ചൂണ്ടി വിനീത് പറഞ്ഞു, ഇതാണു മരതകമണിയെന്ന്! ആരാധനാഭാവത്തോടെ ഞാന്‍ വിഷ് ചെയ്തപ്പോള്‍ അടുത്തിരുത്തി അല്പം കുശലം തമിഴിലും മലയാളത്തിലും സംസാരിച്ചതും, വിനീത് പാടിയ എന്റെ പാട്ടുകേട്ട് തംബ് ഉയര്‍ത്തിക്കാട്ടിയതും എല്ലാം ഇത്തരുണത്തില്‍ ഓര്‍ത്ത് ഞാന്‍ ആഹ്ലാദിക്കുന്നു. ആ മരതകമണിയാണ് ഈ കീരവാണി എന്നിപ്പോള്‍ അറിയുമ്പോള്‍ എന്റെ അദ്ഭുതാഹ്ലാദത്തിന് അതിരില്ല. പ്രതിഭാശാലിയായ ഇദ്ദേഹത്തിന്റെ എത്രയോ പാട്ടുകള്‍ ഇനി നമ്മള്‍ കേള്‍ക്കാനിരിക്കുന്നു. ഈ ലോകപ്രസിദ്ധ സംഗീതശിരോമണിക്ക് നമുക്കും കൊടുക്കാം ഒരു നല്ല പൂച്ചെണ്ടും കൈയടിയും!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)