•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

വിവാഹമോചിതര്‍ കര്‍ത്താവിനെ ആരാധിക്കട്ടെ

കര്‍ദിനാള്‍ റോബര്‍ട്ട് സറാ രചിച്ച  ''ആദ്ധ്യാത്മികജീവിതത്തിന്റെ മതബോധനം'' എന്ന ഗ്രന്ഥത്തെക്കുറിച്ച് ഒരു പഠനം.

വിവാഹമോചിതര്‍ക്കു സഭയില്‍ വീണ്ടും വിവാഹിതരാകാന്‍ സാധിക്കുകയില്ല എന്നത് സഭയുടെ പഠനമാണ്. എന്നാലത് അംഗീകരിക്കാന്‍ ആധുനിക പൊതുസമൂഹം ഒരുക്കമല്ല. കര്‍ത്താവിനോടുള്ള വിശ്വസ്തതകാരണത്താല്‍ സഭയ്ക്ക് ഈ പ്രബോധനത്തിനു മാറ്റം വരുത്താനാവില്ല. വിശുദ്ധഗ്രന്ഥത്തില്‍ അടിസ്ഥാനമാക്കിയാണ് സഭ ഈ പ്രബോധനം മുറുകെപ്പിടിക്കുന്നത്. ഇസ്രായേലില്‍ മോചനപത്രം എഴുതി ഭാര്യയെ ഉപേക്ഷിക്കുന്നതിനു നിയമം അനുവദിച്ചത് അവരുടെ ഹൃദയകാഠിന്യംകൊണ്ടാണെന്ന് കര്‍ത്താവ് പറയുകയും വിവാഹത്തിന്റെ അവിഭാജ്യത അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുവളെ സ്വീകരിക്കുന്നവന്‍ വ്യഭിചാരം ചെയ്യുന്നുവെന്നും ഈശോ പഠിപ്പിച്ചു.
സ്വര്‍ഗരാജ്യത്തെപ്രതിയും നിത്യസമ്മാനത്തിനു യോഗ്യരാകുന്നതിനുമായി ത്യാഗങ്ങള്‍ ഏറ്റെടുക്കാന്‍ ഒരു വിശ്വാസി തയ്യാറാകണം. ദൈവനാമത്തില്‍ ബഹുമാനത്തോടും ശാന്തമായും എന്നാല്‍, വ്യക്തമായും കൃത്യമായും ഈ പ്രബോധനം കൈമാറാന്‍ സഭയ്ക്കു കടമയുണ്ട് എന്ന് കര്‍ദിനാള്‍ സറാ നിരീക്ഷിക്കുന്നു.
കര്‍ശനനിലപാടിനു കാരണം
മനുഷ്യന്റെ കഴിവുകളെ അതിലംഘിക്കുന്ന ദുഷ്‌കരമായ ഒരു ദൗത്യമാണ് സഭയ്ക്ക് ഈ ലോകത്തില്‍ നിറവേറ്റാനുള്ളത്. ആധുനിക പാശ്ചാത്യലോകം കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കിലും വിവാഹത്തെ സംബന്ധിച്ചതുള്‍പ്പെടെയുള്ള എല്ലാ വിശ്വാസസത്യങ്ങളും വ്യക്തമായി പഠിപ്പിക്കാന്‍ സഭയ്ക്കു കടമയുണ്ടെന്ന് കര്‍ദിനാള്‍ സറാ എടുത്തുപറയുന്നു. കര്‍ത്താവിന്റെ മനുഷ്യാവതാരം, തിരുവുത്ഥാനം, വിശുദ്ധകുര്‍ബാനയിലെ യഥാര്‍ഥസാന്നിധ്യം, മാമ്മോദീസാവഴി ലഭിക്കുന്ന നവജീവന്‍ തുടങ്ങിയ എല്ലാ വിശ്വാസസത്യങ്ങളും ലോകത്തിനുമുമ്പില്‍ പ്രഘോഷിക്കേണ്ടതു സഭയാണ്. അതുപോലെതന്നെ, ദൈവം യോജിപ്പിക്കുന്ന ദിവ്യമായ വിവാഹബന്ധം വേര്‍പെടുത്താന്‍ പാടില്ല; അതു വേര്‍പെടുത്തി തുടര്‍ന്ന് ഏര്‍പ്പെടുന്ന പുനര്‍വിവാഹങ്ങള്‍ വാസ്തവമല്ലെന്നും അവര്‍ നയിക്കുന്ന ജീവിതം സുവിശേഷവാക്യങ്ങള്‍പ്രകാരം വ്യഭിചാരം ചെയ്യരുത് എന്ന കല്പനയുടെ ലംഘനമാണെന്നു(മത്താ. 19:9)മുള്ള സഭയുടെ നിലപാടിനെ കഠിനവും യാഥാസ്ഥിതികവും അസ്വീകാര്യവുമായി ലോകം കരുതുന്നു. എന്നാലും സഭയ്ക്ക് നിശ്ശബ്ദത പാലിക്കാന്‍ സാധ്യമല്ല. ''ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം'' (1 കൊറി. 9:17). സഭയ്ക്ക് ഈശോമിശിഹാ പഠിപ്പിച്ചതിനു വിരുദ്ധമായി ഒന്നും പഠിപ്പിക്കാന്‍ സാധ്യമല്ല.
അടുത്തതായി, കര്‍ദിനാള്‍ സറാ വിവാഹമോചനം നടത്തി വീണ്ടും വിവാഹിതരാകുന്നവര്‍ക്ക് വിശുദ്ധകുര്‍ബാന സ്വീകരിക്കാന്‍ സാധിക്കുകയില്ല എന്നു വ്യക്തമാക്കുന്നു. അവര്‍ തുടര്‍ന്നും സഭയുടെ മക്കളാണ്. സഭ അവരെ സ്‌നേഹിക്കുകയും ചെയ്യുന്നു. ''എന്നാല്‍, വീണ്ടും വിവാഹിതരായ വിവാഹമോചിതര്‍ക്ക് വിശുദ്ധ കുര്‍ബാന നല്കുന്ന വൈദികന്‍ സഭയെയും കര്‍ത്താവായ ഈശോയെയും ഒറ്റിക്കൊടുക്കുന്നു. ലോകത്തിനു മുമ്പില്‍ കാരുണ്യമുള്ളവനും തുറവുള്ളവനും സന്മനസ്സുള്ളവനും എന്ന പരിഗണനയാകുന്ന മുപ്പതു വെള്ളിനാണയങ്ങള്‍ക്കായി ഈശോയെ ഒറ്റിക്കൊടുക്കുകയല്ലേ?'' എന്നാണ് കര്‍ദിനാള്‍ സറാ ചോദിക്കുന്നത്. ഈ പറയുന്ന കാരുണ്യം തെറ്റായ കാരുണ്യമാണെന്നു ഗ്രന്ഥകര്‍ത്താവ് പറയുകയും പൗലോസ്ശ്ലീഹായുടെ വാക്കുകള്‍ ഉദ്ധരിക്കുകയും ചെയ്യുന്നു!
''വിവാഹിതരോട് ഞാന്‍ - ഞാനല്ല, എന്റെ കര്‍ത്താവുതന്നെ - കല്പിക്കുന്നു: ഭാര്യ ഭര്‍ത്താവില്‍നിന്നു വേര്‍പിരിയരുത്. അവള്‍ വേര്‍പിരിയുന്നെങ്കില്‍, അന്യപുരുഷനെ കൂടാതെ ജീവിക്കണം; അല്ലെങ്കില്‍, ഭര്‍ത്താവും ഭാര്യയും തമ്മില്‍ രമ്യപ്പെടണം. ഭര്‍ത്താവ് തന്റെ ഭാര്യയെ ഉപേക്ഷിക്കുകയുമരുത്.'' (1 കൊറി. 7: 10, 11).
പരിശുദ്ധാത്മാവിനാല്‍ പ്രചോദിതമായ ഈ വാക്കുകള്‍ കഴിഞ്ഞ ഇരുപതുനൂറ്റാണ്ടിലധികകാലത്തേക്കു സഭയുടെ നിയമമാണ്. ഇന്ന്  അതിനു മാറ്റം വരുത്തിയാല്‍ യോഹന്നാന്‍ശ്ലീഹായുടെ ഒന്നാം ലേഖനം നാലാം അധ്യായത്തില്‍ പറയുന്നതുപോലെ അവര്‍ ദൈവത്തില്‍നിന്നകന്നവരായി മാറും. ''ഈശോമിശിഹാ ജഡം ധരിച്ചുവെന്ന് ഏറ്റുപറയുന്നവന്‍ ദൈവത്തില്‍നിന്നുള്ളവനാണ്. ഈശോ ശരീരത്തില്‍ ആഗതനായെന്ന് ഏറ്റുപറയാത്തവന്‍ ദൈവത്തില്‍നിന്നുള്ളവനല്ല; പ്രത്യുത, വരുമെന്നു നിങ്ങള്‍ കേട്ടിട്ടുള്ള വ്യാജമിശിഹായില്‍നിന്നുള്ളവനത്രേ. അവന്‍ പണ്ടുമുതലേ ലോകത്തിലുണ്ട്'' (1 യോഹ. 4:3).
ഈശോയെ സ്വീകരിക്കുന്നവന്‍ അവിടുത്തെ പഠനങ്ങളും സ്വീകരിക്കണം. അതിനു മാറ്റം വരുത്താന്‍ ലോകത്തിന്റെ അരൂപി സമ്മര്‍ദം ചെലുത്തും. എന്നാല്‍, അതിനു വഴങ്ങാന്‍ ദൈവാരൂപിയാല്‍ നയിക്കപ്പെടുന്ന സഭയ്ക്കു സാധ്യമല്ല. 
ദൈവശാസ്ത്രപരമായ 
അടിസ്ഥാനം
വിവാഹത്തിന്റെ വിശുദ്ധിയും അവിഭാജ്യതയും അതില്‍നിന്ന് ഉരുത്തിരിയുന്ന അജപാലനപരമായ നിയമങ്ങളും സഭാപഠനങ്ങളില്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു പോന്നിരുന്നു.
കര്‍ദിനാള്‍ സറാ മിലാനിലെ മെത്രാപ്പോലീത്തായായിരുന്ന കര്‍ദിനാള്‍ ആഞ്ചെലോ സ്‌കോളായുടെ വിശദീകരണം ഇവിടെ ചേര്‍ക്കുന്നുണ്ട്. വിശുദ്ധ കുര്‍ബാനയും വിവാഹമെന്ന കൂദാശയും തമ്മില്‍ സ്ഥായിയായ ബന്ധമുണ്ട്. വിവാഹം എന്ന കൂദാശ കര്‍ത്താവും സഭയുമായുള്ള ദമ്പതികള്‍ക്കടുത്ത ബന്ധത്തിലാണ് അധിഷ്ഠിതമായിരിക്കുന്നതെന്ന് കര്‍ദിനാള്‍ സ്‌കോളാ വ്യക്തമാക്കുന്നു.
2014 ലെയും 2015 ലെയും സിനഡിനുശേഷം പ്രസിദ്ധീകരിച്ച 'അമോരിസ് ലെത്തീസ്യ' എന്ന അപ്പസ്‌തോലികപ്രബോധനത്തില്‍, വി. ജോണ്‍പോള്‍ രണ്ടാമന്റെ 'ഫമിലിയാരിസ് കൊണ്‍സോര്‍സ്യോ'യിലെന്നപോലെ, വിവാഹമോചനശേഷം സിവിലായി വിവാഹിതരാകുന്നവര്‍ക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ സാധിക്കുകയില്ല എന്ന് കൃത്യമായി പ്രസ്താവിക്കാത്തത് സങ്കടകരമായ ഒരു പോരായ്മയാണെന്ന് കര്‍ദിനാള്‍ ആഞ്ചെലോ സ്‌കോളാ 2018 ല്‍ പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥത്തില്‍ പ്രസ്താവിക്കുന്നുണ്ട്. അദ്ദേഹം തുടരുന്നു:  മുന്‍ പ്രമാണരേഖകളിലെ നിയമങ്ങള്‍ തള്ളിക്കളയുന്നില്ലെങ്കിലും അത് എടുത്തു പറയാത്തത് 'അമോരിസ് ലെത്തീസ്യ'യെ അടിസ്ഥാനമാക്കി പല വ്യാഖ്യാനങ്ങള്‍ക്കും ഇടം നല്‍കി. അതിലെ 351-ാമത്തെ അടിക്കുറിപ്പ് സഭാപഠനത്തില്‍ മാറ്റം വരുത്തുന്നതിന് അനുവദിക്കുന്നു എന്നു വ്യാഖ്യാനിക്കപ്പെട്ടു. എന്നാല്‍, കര്‍ദിനാള്‍ സറാ എഴുതുന്നു: ''പരമ്പരാഗതമായ സഭാ പഠനത്തിനു നിര്‍ണായകമായ മാറ്റം വരുത്തണമെങ്കില്‍ ഫ്രാന്‍സീസ് മാര്‍പാപ്പാ അതൊരു അടിക്കുറിപ്പിലൂടെ നടത്തുമെന്നു ഞാന്‍ കരുതുന്നില്ല.''
കര്‍ദിനാള്‍ സ്‌കോളാ പറയുന്നത് ദിവ്യകാരുണ്യസ്വീകരണം ഒഴികെ മറ്റു പല കാര്യങ്ങളും ഇവര്‍ക്ക് അനുവദനീയമായിട്ടുണ്ടെന്നുള്ളതാണ്. അദ്ദേഹം ബനഡിക്ട് പതിനാറാമന്റെ 'സ്‌നേഹത്തിന്റെ കൂദാശ' നമ്പര്‍ 29 ലെ ആശയങ്ങളും അവതരിപ്പിക്കുന്നുണ്ട്.
വിവാഹമോചിതരും എന്നാല്‍, പുതിയ ബന്ധത്തില്‍ ജീവിക്കുന്നവരുമായവര്‍ അജപാലനപരമായ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. എന്നാല്‍, സത്യത്തോടുള്ള പ്രതിബദ്ധത ഇവര്‍ക്ക് വിശുദ്ധകുര്‍ബാന നല്കുന്നതില്‍നിന്ന് അജപാലകരെ പിന്തിരിപ്പിക്കുകയും വേണം.
ഈ അധ്യായം സമാപിപ്പിച്ചുകൊണ്ട് കര്‍ദിനാള്‍ സറാ ഹൃദയസ്പൃക്കായ ഒരു ഉപദേശം വിവാഹമോചിതരും വീണ്ടും വിവാഹിതരുമായവര്‍ക്കും നല്കുന്നുണ്ട്. അവര്‍ക്ക് ഒന്നുകൂടി കൂദാശാപരമായി വിവാഹിതരാകാനും വിശുദ്ധ കൂദാശകള്‍ സ്വീകരിക്കാനും സാധിക്കാത്തതിന്റെ വ്യക്തിപരമായ ഹൃദയവേദന മനസ്സിലാക്കുന്നു എന്നു പറഞ്ഞതിനുശേഷം അവരോടു പറയുന്നു: ''ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നു. പ്രിയപ്പെട്ടവരേ, നിങ്ങളുടെ അമ്മയായ വിശുദ്ധ കത്തോലിക്കാസഭ കടുംപിടിത്തക്കാരിയും നിര്‍ദയയും ആണെന്നു കരുതരുതേ. നിങ്ങള്‍ക്കു സങ്കടപ്പെടാനും ഇങ്ങനെ കരുതാനും കാരണങ്ങളുണ്ട്. എന്നാല്‍, സുവിശേഷങ്ങളിലെ ഈശോയെത്തന്നെ കഠിനഹൃദയനും മനുഷ്യത്വമില്ലാത്തവനുമായി കാണാന്‍ ഇടവരരുത്.''
സ്‌നേഹിതരേ, നിങ്ങള്‍ സഭാ മാതാവിനെ സ്‌നേഹിക്കുക. നിങ്ങളുടെ അവസ്ഥയ്ക്കു മാറ്റം വരുത്താന്‍ സാധിക്കാത്തതുകൊണ്ട് വി. കുര്‍ബാന സ്വീകരണത്തിന് അണയാതിരിക്കുക. പള്ളിയില്‍വന്ന് സക്രാരിയില്‍ എഴുന്നള്ളിയിരിക്കുന്ന കര്‍ത്താവിനെ ആരാധിക്കുക. ഞാന്‍ പലപ്പോഴും ചുങ്കക്കാരനെപ്പോലെ എനിക്കുവേണ്ടി പ്രാര്‍ഥിക്കുന്നു. ''ദൈവമേ, പാപിയായ എന്നില്‍ കനിയണമേ.'' (ലൂക്കാ 18: 13). നിങ്ങള്‍ക്കും ഈ പ്രാര്‍ഥന സ്വന്തമാക്കാം. ആവുന്നിടത്തോളം നന്മ ചെയ്യുക. സഭാ മാതാവിനോടു ഹൃദയത്തില്‍ കയ്‌പേറിയ ചിന്തകള്‍ വച്ചുപുലര്‍ത്താതിരിക്കുക. ഇപ്രകാരമുള്ള ഉപദേശങ്ങളാണ് കര്‍ദിനാള്‍ സറാ നല്കുന്നത്.  
1964 ജനുവരി മാസം 5-ാം തീയതി വിശുദ്ധ പോള്‍ ആറാമന്‍ പാപ്പാ വിശുദ്ധനാട് സന്ദര്‍ശിച്ചപ്പോള്‍ നസ്രത്തില്‍വച്ചു ചെയ്ത പ്രസംഗവും ഈ അധ്യായത്തില്‍ ഉദ്ധരിക്കുന്നുണ്ട്.
നസ്രത്തിലെ കുടുംബത്തില്‍നിന്നു പഠിക്കേണ്ട ആദ്യപാഠം നിശ്ശബ്ദതയാണെന്നാണ് പോള്‍ ആറാമന്‍ പാപ്പാ പറഞ്ഞത്. തുടര്‍ന്ന്, പ്രാര്‍ഥനയും ആന്തരികജീവിതവും അഭ്യസിക്കണം.
കുടുംബം സ്‌നേഹസമൂഹമാണെന്നാണ് നസ്രത്തില്‍നിന്നു പഠിക്കേണ്ട മറ്റൊരു പാഠം. സ്‌നേഹസമൂഹത്തിന്റെ ലാളിത്യവും സൗന്ദര്യവും നാമവിടെ ദര്‍ശിക്കുന്നു. ഈ സ്‌നേഹം സ്വഭാവത്താലേ പരിപാവനവും അവിഭാജ്യവുമാണ്. അടുത്ത പാഠം  തൊഴിലിന്റെയും അധ്വാനത്തിന്റെയുമാണ്. അധ്വാനത്തിനു രക്ഷാകരമായ ഒരു മാനമുണ്ടെന്ന് നസ്രത്തിലെ തിരുക്കുടുംബം നമ്മെ പഠിപ്പിക്കുന്നു. അതില്‍നിന്നാണ് തൊഴിലിന്റെ മാഹാത്മ്യം നമ്മള്‍ തിരിച്ചറിയേണ്ടതെന്നും വിശുദ്ധ പോള്‍ ആറാമന്‍ പാപ്പാ ഉദ്‌ബോധിപ്പിച്ചു. തിരുക്കുടുംബം ക്രിസ്തീയകുടുംബങ്ങള്‍ക്ക് ഉത്തമമാതൃകയാണെന്ന് ഗ്രന്ഥകാരന്‍ പ്രത്യേകം പ്രസ്താവിക്കുന്നുണ്ട്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)