ഒരു സന്ന്യാസസഭയിലെ അംഗമായിരുന്ന ഫാ. തോമസ് ഫെലിക്‌സ് സഭയുടെ സഞ്ചാരപഥത്തിനു വികാസം കൂട്ടുകയും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കുവേണ്ടി വേറിട്ടൊരു വിദ്യാഭ്യാസരീതി രൂപപ്പെടുത്തുകയും ചെയ്ത കര്‍മയോഗിയാണ്. അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയ ആ വിവേകശാലി പതിനായിരങ്ങള്‍ക്കു പുതുജീവനേകി. ബുദ്ധിമാന്ദ്യം സംഭവിച്ചവരെ പുറമ്പോക്കില്‍ തള്ളാനാവില്ല; മറിച്ച്, ശരിയായ പരിചരണവും പരിശീലനവും നല്കിയാല്‍ സാധാരണക്കാരെപ്പോലെ ഒരുപക്ഷേ, അവരെക്കാള്‍ ഉയരത്തില്‍ പറക്കാന്‍ പറ്റുന്നവരാണ് ഭിന്നശേഷിക്കാരായ കുട്ടികളെന്നു തിരിച്ചറിഞ്ഞു ആ ദാര്‍ശനികന്‍.
പ്രശസ്ത കവി എന്‍.എന്‍. കക്കാടിന്റെ ''വഴിവെട്ടുന്നവരോട്'' എന്ന കവിത ആരംഭിക്കുന്നത് ഇങ്ങനെയാണ്:
ഇരുവഴിയില്‍ പെരുവഴി നല്ലൂ
പെരുവഴിയേ പോ ചങ്ങാതീ
പെരുവഴി കണ്‍മുമ്പിലിരിക്കെ
പുതുവഴി നീ വെട്ടുന്നാകില്‍
പലതുണ്ടേ ദുരിതങ്ങള്‍
പലതുണ്ടേ ദുരിതങ്ങള്‍.
ഈ കവിത വേറിട്ട വഴിയേ സഞ്ചരിച്ചു കടന്നുപോയ ഫെലിക്‌സ് കുറിച്യാപറമ്പിലച്ചനുവേണ്ടി എഴുതിയതാണെന്ന് അച്ചനെ അറിയുന്നവര്‍ പറയും. കാരണം, ഒരു സന്ന്യാസസഭയിലെ അംഗമായിരുന്ന ഫെലിക്‌സച്ചന്‍ സഭയുടെ സഞ്ചാരപഥത്തിനു വികാസം കൂട്ടുകയും ലോകം കൈയടിച്ചു സ്വീകരിച്ച വേറിട്ട ഒരു വിദ്യാഭ്യാസരീതി ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കുവേണ്ടി രൂപപ്പെടുത്തുകയും ചെയ്ത കര്‍മയോഗിയാണ്. അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയ ആ വിവേകശാലി പതിനായിരങ്ങള്‍ക്കു പുതുജീവനേകി. ബുദ്ധിമാന്ദ്യം സംഭവിച്ചവരെ പുറമ്പോക്കില്‍ തള്ളാനാവില്ല; മറിച്ച്, ശരിയായ പരിചരണവും പരിശീലനവും നല്കിയാല്‍ സാധാരണക്കാരെപ്പോലെ ഒരുപക്ഷേ, അവരെക്കാള്‍ ഉയരത്തില്‍ പറക്കാന്‍ പറ്റുന്നവരാണ് ഭിന്നശേഷിക്കാരായ കുട്ടികളെന്നു തിരിച്ചറിഞ്ഞ ദാര്‍ശനികനാണു ഫെലിക്‌സച്ചന്‍.
കോട്ടയം കടുത്തുരുത്തിയില്‍ പ്രശസ്തമായ കുറിച്യാപറമ്പില്‍ കുടുംബത്തില്‍ വര്‍ഗീസ്-മറിയാമ്മ ദമ്പതികളുടെ മകനായി 1936 ഓഗസ്റ്റ് 31 ന് തോമസ് ജനിച്ചു. പഠിക്കാനും ഭാവന ചെയ്യാനും മിടുക്കനായിരുന്നു അവന്‍. കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍നിന്നു പത്താംക്ലാസ് പാസായ തോമസ് വേറിട്ടൊരു ജീവിതം തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. സി.എം.ഐ. സഭയില്‍ ഒരു സന്ന്യാസവൈദികനാകാനായിരുന്നു ആ തീരുമാനം. സഭയില്‍ ചേര്‍ന്ന തോമസ് തന്റെ പേരിന്റെകൂടെ സന്തോഷം എന്നര്‍ഥം വരുന്ന ഫെലിക്‌സ് കൂട്ടിച്ചേര്‍ത്ത് ബ്രദര്‍ തോമസ് ഫെലിക്‌സായി.
കേരളത്തിലും ബാംഗ്ലൂരിലുമായി പഠനം പൂര്‍ത്തിയാക്കി അദ്ദേഹം 1964 മേയ് 16 ന് കര്‍ത്താവിന്റെ അഭിഷിക്തപുരോഹിതനായി. അധികം താമസിയാതെ ഉപരിപഠനത്തിനായി അമേരിക്കയിലേക്കു പോയി. തിയോളജിയില്‍ ഡോക്ടറേറ്റ് എടുത്തു സെമിനാരി പ്രഫസറോ സെക്കുലര്‍ സ്റ്റഡീസില്‍ പ്രാവീണ്യം നേടി കോളജ് പ്രഫസറോ ആകുകയായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ക്കുവേണ്ടി എന്തു ചെയ്യാന്‍ പറ്റും എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അതിന്റെ ഫലമായി അമേരിക്കയില്‍ പിറ്റ്‌സ്ബര്‍ഗിലുള്ള ഡ്യൂക്കേല്‍ സര്‍വകലാശാലയില്‍ ചേരുകയും ഭിന്നശേഷിക്കാരുടെ ജീവിതാവസ്ഥയ്ക്ക് പ്രത്യേക ഊന്നല്‍ നല്കുന്ന വിഷയത്തില്‍ ബിരുദം സമ്പാദിക്കുകയും ചെയ്തു.
പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയ ഫെലിക്‌സച്ചന്‍ ചങ്ങനാശേരിയിലും കാഞ്ഞിരപ്പള്ളിയിലുമായി തന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിച്ചു. എറണാകുളത്ത് കാരയ്ക്കാമുറിയിലും ഒരു സ്ഥാപനം തുറന്നു. 1980 ല്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ റിറ്റാര്‍ഡേഷന്‍ (സി.ഐ.എം.ആര്‍.) എന്ന പ്രസ്ഥാനം തിരുവനന്തപുരത്ത് ആരംഭിച്ചു. അതൊരു ചരിത്രസംഭവത്തിനു നാന്ദിയായിരുന്നു. ചുരുങ്ങിയ സമയംകൊണ്ട് ഈ സ്ഥാപനവും സ്ഥാപനത്തിന്റെ വിദ്യാഭ്യാസസമീപനവും ലോകശ്രദ്ധയാകര്‍ഷിച്ചു. സിഐഎംആര്‍ ആവിഷ്‌കരിച്ച വിദ്യാഭ്യാസരീതിയുടെ പേര് 'ത്രീ സീസ്'' എന്നാണ്. അതായത്, കാര്യഗ്രഹണം (മൂര്‍ത്തമായ വസ്തുക്കള്‍ ഉപയോഗിച്ച് തലച്ചോറ് പഞ്ചേന്ദ്രിയാനുഭവങ്ങള്‍ നേടുന്നത്), കഴിവുനേടല്‍ (തുടര്‍ച്ചയായ പരിശീലനത്തിലൂടെ പ്രവര്‍ത്തനശേഷികള്‍ വികാസം നേടുന്നത്), സര്‍ഗാത്മകത (സ്വതന്ത്രമായി തീരുമാനം എടുക്കാനും വിധിക്കാനും കഴിവു നേടുന്നത്) എന്നിവയില്‍ അധിഷ്ഠിതമാണ് ഈ വിദ്യാഭ്യാസസമീപനം. ലോകം വിഭിന്നങ്ങളായ ആകൃതികളുടെയും നിറങ്ങളുടെയും സമുച്ചയമാണ്. ഈ ആകൃതികള്‍ മൂര്‍ത്തങ്ങളാണ്. അതിനാല്‍, പഞ്ചേന്ദ്രിയാനുഭവങ്ങളിലൂടെ ഓരോന്നും ഗ്രഹിച്ചെടുക്കാന്‍ കഴിയുന്നു. ഇതാണ് 'ത്രീ സീസ്' വിദ്യാഭ്യാസസമീപനത്തിന്റെ അടിസ്ഥാനം.
'ത്രീ സീസ് പഠനസമീപനത്തില്‍ നാല് അടിസ്ഥാന ആകൃതികളായ വൃത്തം, ദീര്‍ഘചതുരം, ത്രികോണം, സമചതുരം എന്നിവയില്‍നിന്ന് അക്ഷരങ്ങളും അക്കങ്ങളും രൂപപ്പെടുന്നു. അതേപോലെ ആകൃതികളിലൂടെ അക്കങ്ങള്‍ പഠിപ്പിക്കുന്നതിനും കഴിയുന്നു. വൃത്തത്തിനകത്ത് എല്ലാ അടിസ്ഥാന ആകൃതികളെയും ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുന്നു. വട്ടം ഒരു പൂര്‍ണരൂപമാണ് (സംഖ്യ - 1) ദീര്‍ഘചതുരത്തിന് ഒരുപോലെയുള്ള രണ്ടു വശങ്ങളാണുള്ളത് (സംഖ്യ-2), ത്രികോണത്തിന് മൂന്നു വശങ്ങളുണ്ട് (സംഖ്യ 3), സമചതുരത്തിന് 4 വശങ്ങളുണ്ട് (സംഖ്യ 4). അളവുകള്‍ സംഖ്യകളില്‍നിന്നു വികസിക്കുന്നു.
ലോകത്തിലെ സകല വസ്തുക്കളെയും ഈ നാലു രൂപത്തിലേക്കു ചുരുക്കുകയും ഈ നാലു രൂപങ്ങള്‍ സകല വസ്തുക്കളിലേക്കും വികസിപ്പിക്കുകയും ചെയ്യാം. മണ്ണില്‍ പിറന്നുവീഴുന്ന കുഞ്ഞ് ആദ്യം കാണുന്നത് തന്റെ അമ്മയുടെ മുഖമാണ്. അമ്മയുടെ മുഖത്ത് ഈ നാലു രൂപങ്ങളുമുണ്ട്. മൂക്ക് (ത്രികോണം), കണ്ണ് (വട്ടം), നെറ്റി (ദീര്‍ഘചതുരം), മുഖം (സമചതുരം). നിലത്തു കമിഴ്ന്നുകിടക്കുന്ന കുഞ്ഞ് കുത്തിവരയ്ക്കുന്നതും ഈ ആകൃതികളാണ്. ഇവിടെ തോമസ് ഫെലിക്‌സ് എന്ന സമര്‍പ്പിതന്റെ ഭാവനയില്‍ മൊട്ടിട്ട സി.ഐ.എം. ആര്‍ എന്ന സ്ഥാപനം വളര്‍ന്നുപന്തലിച്ച് അനേകായിരങ്ങള്‍ക്കു തണല്‍ കൊടുക്കുന്നു. ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലായി 40000 കുടുംബങ്ങളുമായി ഈ സ്ഥാപനത്തിനു ബന്ധമുണ്ട്. ബുന്ദിമാന്ദ്യമുള്ള കുട്ടികള്‍ മാതാപിതാക്കളോടൊപ്പം വീട്ടില്‍ത്തന്നെ കഴിയണം. വീട്ടില്‍ കുട്ടികള്‍ക്കു പരിശീലനം കൊടുക്കാന്‍ അച്ചന്‍ തയ്യാറാക്കിയ 'വീടൊരു വിദ്യാലയം' എന്ന പുസ്തകം 11 ഭാഷകളിലായി വിവര്‍ത്തനം ചെയ്യപ്പെട്ട് ഈ നാല്പതിനായിരം കുടുംബങ്ങളിലും എത്തിച്ചിരിക്കുന്നു. ഇന്ത്യയിലെ എല്ലാ ഡിഫറന്റ്‌ലി ഏബിള്‍ഡ് സ്‌കൂളുകളുടെയും ചാലകശക്തി ഫെലിക്‌സച്ചന്റെ സിഐഎംആര്‍ എന്ന സ്ഥാപനമാണ്.
ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന അബ്ദുള്‍ കലാം. സിഐഎംആറിന്റെ സംഭാവനകളെ ഏറെ സ്‌നേഹിക്കുകയും വിലമതിക്കുകയും ചെയ്തിരുന്ന അദ്ദേഹം പ്രസിഡന്റായിരിക്കേ ഏഴു പ്രാവശ്യം തിരുവനന്തപുരത്തുള്ള ഈ സ്ഥാപനത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ബുദ്ധിമാന്ദ്യമുള്ള കുട്ടികളോട് ഏറെ കരുതലുണ്ടായിരുന്നു അദ്ദേഹത്തിന്.
വേറിട്ട പാതയിലൂടെ സഞ്ചരിച്ച് കേരളത്തിന്റെ സാമൂഹികവിദ്യാഭ്യാസരംഗത്തു വിപ്ലവം സൃഷ്ടിച്ച വി. ചാവറയച്ചനാണ് ഫെലിക്‌സച്ചന്റെ പ്രകാശവും പ്രചോദനവും. പള്ളിയോടൊപ്പം പള്ളിക്കൂടം വേണമെന്ന ചാവറയച്ചന്റെ നിര്‍ബന്ധമാണ് കേരളത്തിന്റെ പ്രബുദ്ധതയ്ക്കു നിദാനം. അതിന് ചാവറയച്ചനോടു കേരളജനത നന്ദി പറയണം. ബുദ്ധിമാന്ദ്യമുള്ള മക്കളെ സാധാരണജനത്തിനൊപ്പം നടക്കാന്‍ സഹായഹസ്തം നീട്ടിയ ഫെലിക്‌സച്ചനോടു നന്ദിയുള്ള കുടുംബങ്ങളും വ്യക്തികളും എണ്ണിയാല്‍ തീരില്ല.