•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ജീവിതം 'ഷോക്കേസി' ല്‍ വയ്ക്കാനുള്ളതല്ല

ചൂളംവിളിയോടെ പാഞ്ഞു വന്ന ട്രെയിന്‍ പ്ലാറ്റ്‌ഫോം പിടിച്ചതോടെ ഭിക്ഷക്കാരന്‍ സമ്പന്നര്‍ യാത്ര ചെയ്യുന്ന ബോഗിയിലേക്ക് ഓടിക്കയറി. അവജ്ഞയോടെ നോക്കുമെങ്കിലും കിട്ടിയാല്‍ വിലയുള്ള നോട്ടുകിട്ടും. തിങ്കളാഴ്ചകളില്‍ ട്രെയിനിന്റെ പ്രത്യേക കൂപ്പെയില്‍ യാത്ര ചെയ്തിരുന്ന അതിസമ്പന്നനെന്നു തോന്നുന്ന ഒരാള്‍ ഭിക്ഷയൊന്നും കൊടുത്തിരുന്നില്ലെങ്കിലും യാചകനെ നോക്കി പുഞ്ചിരിക്കുമായിരുന്നു. ഒരു ദിവസം ധൈര്യം സംഭരിച്ച് യാചകന്‍ ചോദിച്ചു: ''അങ്ങെന്താണ് എനിക്കു ഭിക്ഷയൊന്നും തരാത്തത്?'' സമ്പന്നന്‍ ഉത്തരം നല്കിയതിങ്ങനെ: ''നോക്കൂ, ഞാനൊരു ബിസിനസുകാരനാണ്. ലാഭം നോക്കി മാത്രമേ ഞാന്‍ ബിസിനസു ചെയ്യാറുള്ളൂ. ഞാന്‍ നിനക്കു ഭിക്ഷ തന്നാല്‍ എനിക്കു തിരിച്ചുതരാന്‍ നിന്റെ പക്കല്‍ എന്തുണ്ട്?'' ''ഞാന്‍ വെറുമൊരു ഭിക്ഷക്കാരന്‍, അങ്ങേക്കു ഞാനെന്തുതരാന്‍?'' ''നോക്കൂ, റെയില്‍ പാളത്തിനിരുവശത്തും എന്തുമാത്രം കാട്ടുപൂക്കള്‍; എന്തു ഭംഗിയാണവയ്ക്ക്; നിനക്ക് അതില്‍നിന്ന് ഒരു പൂവെങ്കിലും ഇറുത്ത് എനിക്കു തന്നുകൂടേ?''

യാചകന്‍ അടുത്ത തിങ്കളാഴ്ചയ്ക്കായി കാത്തിരുന്നു. പതിവിനു വിപരീതമായി വളരെ ഉത്സാഹത്തോടെ രാവിലെ തന്നെ എണീറ്റ് കുളിച്ചു വൃത്തിയായി, തലേന്ന് അലക്കിയിട്ട വേഷവും ധരിച്ച് പൂക്കളിറുക്കാന്‍ പാളത്തിന്റെ വശങ്ങളിലൂടെ നടന്നു. സമ്പന്നന്‍ പറഞ്ഞത് എത്ര സത്യം. എന്തുമാത്രം ഭംഗിയുള്ള പൂക്കള്‍! അവയില്‍നിന്ന് ഏറ്റവും ഭംഗിയുള്ള ഒരു പൂവ് തണ്ടോടെ ഇറുത്തെടുത്ത് സമ്പന്നന്റെ അടുത്തുചെന്നു. പതിവു പുഞ്ചിരിയോടെ പൂവ് സ്വീകരിക്കുകയും പോക്കറ്റില്‍നിന്നു വിലയുള്ള ഒരു നോട്ട് പ്രതിഫലമായി നല്കുകയും ചെയ്തു. പിറ്റേതിങ്കളാഴ്ച യാചകന്‍ സമ്പന്നനു നല്കിയത് ഒരു ബൊക്കെയായിരുന്നു. പ്രതിഫലമായി ആദ്യം കിട്ടിയതിന്റെ പത്തിരട്ടി വിലയുള്ള നോട്ടും. യാചകന്‍ നല്കിയ പൂക്കളുടെയും ബൊക്കെയുടെയും ഭംഗി കൂടുന്നതനുസരിച്ച് നോട്ടിന്റെ അളവും മൂല്യവും കൂടിക്കൂടി വന്നു.
പതിവുപോലെ ഒരു തിങ്കളാഴ്ച. യാത്രയില്‍ യാചകനെ പ്രതീക്ഷിച്ചിരുന്ന സമ്പന്നന് അയാളെ കാണാന്‍ കഴിഞ്ഞില്ല. അയാള്‍ക്ക് എന്തുപറ്റിയിരിക്കും? അസുഖം വല്ലതും? അതോ വല്ല അപകടവും? കാലം കടന്നുപോയി; സമ്പന്നന്റെ ഓര്‍മയില്‍നിന്നു തന്നെ യാചകന്‍ അപ്രത്യക്ഷനായി. 
ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം കൂപ്പെയിലേക്കു കയറിവന്ന അതിസമ്പന്നനെന്നു തോന്നിപ്പിക്കുന്ന ഒരാള്‍ പുഞ്ചിരിയോടെ സമ്പന്നന്റെ എതിര്‍വശത്തായി ഇരുന്നു. തന്റെ സ്റ്റാറ്റസിനു ചേര്‍ന്ന അയാളെ ഹസ്തദാനം ചെയ്ത്, താങ്കളാരാണ്? ഇതിനുമുമ്പു പരിചയപ്പെട്ടിട്ടില്ലല്ലോ എന്നു പറഞ്ഞപ്പോള്‍ പുതിയ യാത്രക്കാരന്‍ സമ്പന്നനോടു പറഞ്ഞു; അങ്ങേക്ക് എന്നെ പരിചയമില്ല; പക്ഷേ, എനിക്ക് അങ്ങ് സുപരിചിതനാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് അങ്ങയുടെമുമ്പില്‍ ഭിക്ഷയ്ക്കായി ഞാന്‍ കൈനീട്ടിയിട്ടുണ്ട്. ഇന്ന് ഞാനീ നിലയില്‍ നില്ക്കുന്നത് അങ്ങ് എന്നോടു ചോദിച്ച ഒരു ചോദ്യമായിരുന്നു. നിന്റെ പക്കല്‍ എന്തുണ്ട്? റെയില്‍പാളത്തിനിരുവശത്തുനിന്നും നല്ല നല്ല പൂക്കള്‍ ഇറുത്ത് ഞാനങ്ങേക്കു തന്നു. ഭിക്ഷയായിട്ടല്ല പ്രതിഫലമായിട്ടാണ് അങ്ങെനിക്കു നോട്ടുകള്‍ തന്നത്. അധ്വാനത്തിന്റെയും അംഗീകാരത്തിന്റെയും പ്രതിഫലം. അങ്ങയുടെ പ്രോത്സാഹനം എനിക്ക് ആത്മവിശ്വാസമേകി. ഭിക്ഷയാചിക്കുന്നതിനുപകരം ജോലി ചെയ്ത് സ്വന്തമായി വരുമാനം കണ്ടെത്തുന്നതിലായി എന്റെ ശ്രദ്ധ. പട്ടണത്തിലെ പൂക്കടകളില്‍ ചെന്ന് ചിലയിനം പൂക്കളും ഇലകളും ഞാന്‍ വിലയ്ക്കു നല്കാന്‍ തുടങ്ങി. നാട്ടിലെ പല കുടുംബങ്ങളും പൂക്കള്‍ വില്ക്കുന്നതായി ഞാന്‍ മനസ്സിലാക്കി. താമസംവിനാ ഞാന്‍ പൂക്കച്ചവടത്തില്‍ ഒരു ഇടനിലക്കാരനായി. ഇതിനിടയില്‍ സമ്പാദ്യശീലവും എന്നിലേക്കു കടന്നുവന്നു. ദിവസങ്ങളും ആഴ്ചകളും മാസങ്ങളുമായി സ്വരൂപിച്ച പണംകൊണ്ട് ഞാനൊരു കൊച്ചുപൂക്കട തുടങ്ങി. എന്റെ ചെറിയ ബിസിനസ് വലിയ ബിസിനസിലേക്കു വഴിതെളിച്ചപ്പോള്‍ എന്നെപ്പോലെ ഭിക്ഷ യാചിച്ചു നടന്ന പലര്‍ക്കും ഞാന്‍ ജോലി നല്കി. അങ്ങേക്കറിയാമോ ഇന്ന് ഈ സംസ്ഥാനത്തെ ഏറ്റവും വലിയ പൂക്കച്ചവടം ഞാനാണു നടത്തുന്നത്. ഇവിടെ മാത്രമല്ല, സംസ്ഥാനത്തിനു പുറത്തും വിദേശരാജ്യങ്ങളിലും എന്റെ സ്ഥാപനത്തിന്റെ ബ്രാഞ്ചുകളുണ്ട്.
സ്ഥാപനത്തിന്റെ പേരുകേട്ടപ്പോഴാണ് അന്നത്തെ യാചകന്‍ ഇന്ന് കോടികളുടെ ഉടമയാണെന്നു  അയാള്‍ മനസ്സിലാക്കിയത്.
നിന്റെ (നിങ്ങളുടെ) പക്കല്‍ എന്തുണ്ട്? ഈ ചോദ്യം ആദ്യമായി നാം കേള്‍ക്കുന്നത് വി. ബൈബിളില്‍നിന്നാണ്. തന്റെ വചനം കേള്‍ക്കാന്‍ തടിച്ചുകൂടിയ ജനങ്ങള്‍ക്കു ഭക്ഷണം നല്കാന്‍, ''നിങ്ങളുടെ പക്കല്‍ എന്തുണ്ട് എന്ന് ശിഷ്യരോടായി ചോദിച്ച ചോദ്യം. യേശുവിന്റെ  വാക്കുകള്‍  കേള്‍ക്കാന്‍ വന്ന ഒരു ബാലന്റെ പക്കല്‍നിന്നു സംഘടിപ്പിച്ച അഞ്ചപ്പവും രണ്ടു മീനും; അതായിരുന്നു ശിഷ്യര്‍ യേശുവിനെ ഏല്പിച്ചത്. അവര്‍ നല്കിയ 'ചെറുതിനെ'യാണ് ഈശോ ആയിരങ്ങളായി വര്‍ധിപ്പിച്ചതും, അയ്യായിരം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭക്ഷണം നല്കിയശേഷം പന്ത്രണ്ടു കുട്ട നിറയെ ശേഖരിച്ചതും.
ലിയോ ടോള്‍സ്റ്റോയി ഈ സംഭവത്തെ കാണുന്നത് ഈശോ നടത്തിയ ഒരു അദ്ഭുതത്തെക്കാളേറെ ഒരു പങ്കുവയ്ക്കലിന്റെ സന്ദേശമായിട്ടാണ്. ബാലന്റെ പക്കലെ അഞ്ചപ്പംതന്നെ പങ്കുവയ്ക്കലിന്റെ സന്ദേശമാണു നല്കുന്നത്. ഒരു ബാലനു കഴിക്കാന്‍ അഞ്ച് അപ്പം ആവശ്യമില്ല. തന്റെ അടുത്തിരിക്കുന്ന ആര്‍ക്കെങ്കിലും ഭക്ഷണമില്ലെങ്കില്‍ അപരനുകൂടി നല്കാനാകും അത്രയും ഭക്ഷണം അവന്‍ എടുത്തിരിക്കുക. ഈശോ ചെയ്തതാവട്ടെ, പങ്കുവയ്ക്കാന്‍ കൊണ്ടുവന്ന ആ ചെറിയ ഭക്ഷണത്തെ വളരെ വലുതാക്കി ആയിരങ്ങള്‍ക്കു വിതരണം ചെയ്തു.
നിന്റെ പക്കല്‍ എന്തുണ്ട്? ദൈവം അന്നും ഇന്നും എന്നും ചോദിക്കുന്ന ചോദ്യം. ഓരോ മനുഷ്യനും നല്കിയിരിക്കുന്ന താലന്തുകള്‍. അത് സമയമാവാം, അറിവാകാം, കഴിവാകാം, ആരോഗ്യമാവാം, സമ്പത്താവാം, നേതൃത്വപാടവമാവാം, ഊര്‍ജസ്വലതയാവാം, പാരമ്പര്യമാവാം, സംസ്‌കാരമാവാം... അങ്ങനെ പലതും. നിന്റെ കൈകളില്‍ വിശ്വസ്തതയോടെ ഞാനേല്പിച്ച താലന്തുകള്‍ നീ എത്ര കണ്ടു വര്‍ധിപ്പിച്ചു? ഈ ചോദ്യത്തിനുള്ള ഉത്തരമാണല്ലോ ഓരോ മനുഷ്യനും അവസാനമായി നല്‌കേണ്ടത്. 
ടോഡ് ഹെന്‍ട്രി എന്ന പ്രസിദ്ധനായ എഴുത്തുകാരന്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഭൂമിയിലെ ഏറ്റവും സമ്പന്നമായ സ്ഥലം ഏതാണ്? സാമ്പത്തിക സൈനികശക്തിയായ അമേരിക്കയാണോ? അല്ല; സ്വര്‍ണഖനികളുടെ നാടായ സൗത്ത് ആഫ്രിക്കയാണോ? അല്ല. എണ്ണപ്പാടങ്ങളുടെ നാടായ ഗള്‍ഫ്? അല്ല. ജൈവസമ്പത്തുനിറഞ്ഞ മലനിരകളുള്ള ഇന്ത്യ? അല്ല. പിന്നെ ഏതാണ്ട് ഭൂമിയിലെ ഏറ്റവും സമ്പന്നമായ സ്ഥലം? അത് സെമിത്തേരിയാണ്. അവിടുത്തെ ശവകുടീരങ്ങളിലാണ് കണക്കില്ലാത്തവിധം സമ്പത്ത് കുഴിച്ചുമൂടപ്പെട്ടിരിക്കുന്നത്, ജീവിച്ച നാള്‍ ഉപയോഗിക്കാതെ വച്ച 'സ്‌നേഹം' എന്ന വലിയ സമ്പത്ത്; തന്റെ സ്വാര്‍ഥതാത്പര്യങ്ങള്‍ക്കുവേണ്ടി മാത്രം ഉപയോഗിച്ച 'സമയം'; തനിക്കും വീട്ടുകാര്‍ക്കുംവേണ്ടി മാത്രം ഉപയോച്ചു ബാക്കിവന്ന ബാങ്കുനിക്ഷേപങ്ങള്‍; അപരന്റെ നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കാതെ മനസ്സിലൊതുക്കിയ അസൂയയുടെ വിത്തുകള്‍; തനിക്കു കിട്ടിയ അറിവും കഴിവും തനിക്കുമാത്രം സ്വന്തമെന്നു കരുതിയ മനസ്സുകള്‍; ആരോഗ്യവും ഊര്‍ജവും തന്റെ കഴിവുകൊണ്ടുമാത്രം നേടിയത് എന്ന മിഥ്യാബോധം... ഇങ്ങനെ പോകുന്നു സെമിത്തേരിയിലെ സമ്പത്തിന്റെ കണക്ക്. തന്നെ ഏല്പിച്ച താലന്തുകള്‍ വര്‍ധിപ്പിക്കാതെ കുഴിച്ചുമൂടിയിരിക്കുന്ന ശവകുടീരങ്ങള്‍.
ട്രെയിന്‍യാത്രയില്‍ സമ്പന്നന്‍ ഭിക്ഷക്കാരനു കൊടുത്തത് ആദ്യമൊരു പുഞ്ചിരിയായിരുന്നു. പുഞ്ചിരിച്ചതുകൊണ്ടാണ് ഭിക്ഷക്കാരന് ധനികനോടു സംസാരിക്കാനുള്ള ധൈര്യം കിട്ടിയത്. തന്നെക്കാള്‍ താഴ്ന്നവരെ നോക്കി ഒന്നു പുഞ്ചിരിക്കുക; മനുഷ്യനു നല്കിയിരിക്കുന്ന ഏറ്റവും വലിയ താലന്താണത്. പിന്നീട്, ധനികന്‍ ഭിക്ഷക്കാരനു നല്കിയത് ആത്മവിശ്വാസമാണ്, സ്വന്തമായി പണം സ്വരൂപിക്കാനുള്ള വഴികളാണ്, അധ്വാനത്തിന്റെ മഹത്ത്വമാണ്, പ്രോത്സാഹനമാണ്. അതേ, ജീവിതം 'ഷോകേസി'ല്‍ വയ്ക്കാനുള്ളതല്ല; അത് സ്‌നേഹിക്കാനും, പ്രോത്സാഹിപ്പിക്കാനും പങ്കുവയ്ക്കാനുമുള്ളതാണ്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)