കേരളത്തെ സംബന്ധിച്ചിടത്തോളം വലിയൊരു അഭിമാനമുഹൂര്‍ത്തമാണിത്. ഇന്ത്യയില്‍ത്തന്നെ ബാങ്കിങ് ഇടപാടുകള്‍ പരിപൂര്‍ണമായും ഡിജിറ്റലാക്കുന്ന ആദ്യസംസ്ഥാനം എന്ന ബഹുമതി കേരളത്തിനു ലഭിച്ചിരിക്കുന്നു. പുതുവര്‍ഷം പിറക്കുമ്പോള്‍ത്തന്നെ ഉണ്ടായ ശ്രദ്ധേയമായ പുരോഗമനപ്രഖ്യാപനമാണിത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജില്ലാടിസ്ഥാനത്തില്‍ പറഞ്ഞാല്‍ തൃശൂര്‍ ജില്ലയാണ് പൂര്‍ണമായും ഡിജിറ്റല്‍ ബാങ്കിങ് നടപ്പാക്കിയത്. പിന്നീട് കേരളം മുഴുവന്‍ വ്യാപിക്കുകയായിരുന്നു.
ഡിജിറ്റല്‍ ബാങ്കിങ് എന്നാല്‍?
ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍, യുപിഐ (യൂണിഫൈഡ് പെയ്‌മെന്റ് ഇന്റഫെയ്‌സ് - ഒരു ബാങ്ക് അക്കൗണ്ടില്‍നിന്നു മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യ) ക്യു.ആര്‍. കോഡ്, മൊബൈല്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ്, ആധാര്‍ അടിസ്ഥാനമാക്കിയുള്ള സാമ്പത്തികക്രയവിക്രയം എന്നിങ്ങനെ ഡിജിറ്റല്‍ സംവിധാനത്തില്‍ പണം അയയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നതിനെയാണ് പൊതുവായി ഡിജിറ്റല്‍ ബാങ്കിങ് എന്നു പറയുന്നത്. റിസര്‍വ് ബാങ്കും സംസ്ഥാന ലീഡ് ബാങ്ക് സമിതിയും സംയുക്തമായാണ് ഈ നേട്ടത്തിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി സംയോജിപ്പിച്ചത്. ഏതാണ്ട് 3.6 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്കാക്കാന്‍ സംസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്. അതില്‍ ഒരു കോടി 75 ലക്ഷം അക്കൗണ്ടുകളും വനിതകളുടേതാണ് എന്നതാണ് എടുത്തുപറയേണ്ട സവിശേഷത. അതോടൊപ്പം 718 ലക്ഷം കറന്റ് അക്കൗണ്ടുകളുമുണ്ട്. കേരളത്തിലെ ഉയര്‍ന്ന സാക്ഷരതയും ഡിജിറ്റല്‍ സേവനങ്ങളുടെ ലഭ്യതയുമാണ് ഈ നേട്ടത്തിനു വഴിതെളിച്ചതെന്നു പറയാം.
തുടക്കം എടിഎം
1960 കളില്‍ത്തന്നെ ലോകത്ത് എടിഎം സംവിധാനവും കാര്‍ഡുകളുമുണ്ടായിരുന്നു. എങ്കിലും അതു സാര്‍വത്രികമായിരുന്നില്ല. 1980 കാലഘട്ടത്തിലാണ് വിദേശരാജ്യങ്ങളില്‍ സാധാരണ പൗരന്മാര്‍ക്കും വ്യാപകമായി ഈ സേവനം ലഭ്യമായിത്തുടങ്ങിയത്. എന്നാല്‍, 1996 എത്തിയപ്പോഴേക്കും ലോകം പൂര്‍ണമായും ഇന്റര്‍നെറ്റ് വലയത്തിനുള്ളിലായിക്കഴിഞ്ഞു. ഇന്ത്യയിലും ഈ രംഗത്ത് വലിയ കുതിച്ചുചാട്ടമാണുണ്ടായത്. 2000 ആയപ്പോഴേക്കും ബ്രോഡ് ബാന്‍ഡ്, ഇ-കൊമേഴ്‌സ് എന്നിവ ഇന്ത്യയിലും ആധുനികീകരിക്കപ്പെട്ടു. ഇത് ഡിജിറ്റല്‍ ബാങ്കിങ്‌പോലെയുള്ള നവീനസമ്പ്രദായങ്ങളിലേക്കുള്ള മാറ്റം എളുപ്പമാക്കി.
ഡിജിറ്റല്‍ ബാങ്കിങ് സാധ്യതകളും വെല്ലുവിളികളും
പരമ്പരാഗതസംവിധാനങ്ങളെ അപേക്ഷിച്ചുനോക്കുമ്പോള്‍ ഡിജിറ്റല്‍ ബാങ്കിങ് ഏറെ സൗകര്യപ്രദമാണെന്നു കാണാം. സമയലാഭം, ധനലാഭം എന്നിവയാണു പ്രധാനം. ചെറിയ സാമ്പത്തികാവശ്യങ്ങളില്‍പ്പോലും ബാങ്കിനെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു നേരത്തേ ഉണ്ടായിരുന്നത്. എടിഎം വന്നപ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായി. എങ്കിലും എടിഎം സേവനം ലഭ്യമാകുന്ന സ്ഥലത്തെത്തണം എന്ന പരിമിതി അതിനും ഉണ്ടായിരുന്നു. പല സ്ഥലങ്ങളിലും അത് ഉണ്ടാകണമെന്നുമില്ല. എന്നാല്‍, അത്തരം പരിമിതികള്‍ക്കപ്പുറം പരിധിയില്ലാത്ത ക്രയവിക്രയസ്വാതന്ത്ര്യമാണ് ഡിജിറ്റല്‍ ബാങ്കിങ് ഉപഭോക്താവിനു നല്‍കുന്നത്. ഭൂമിയുടെ ഏതു ഭാഗത്തിരുന്നുകൊണ്ടും ഒരു സ്മാര്‍ട്ട് ഫോണിന്റെ സഹായത്തോടെ എല്ലാ സാമ്പത്തികാവശ്യങ്ങളും നിറവേറ്റാന്‍ കഴിയുന്നു.
ലാഭം ആര്‍ക്ക്?
ഡിജിറ്റല്‍ സംവിധാനം ബാങ്കിനും ഉപഭോക്താവിനും ഒരുപോലെ സൗകര്യപ്രദമാണെങ്കിലും ബാങ്കുകള്‍ക്ക് കൂടുതല്‍ ലാഭകരമാണ് എന്നതാണു വാസ്തവം. സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുന്നതിലൂടെ ലഭിക്കുന്ന ലാഭമാണ് ഒന്നാമത്. വ്യക്തികളെയും കടലാസിനെയും ആശ്രയിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുപാടു സമയനഷ്ടം വരുത്തുന്നതുമാണ്. തെറ്റുകള്‍ സംഭവിക്കാനുള്ള സാധ്യത കൂടുന്നത് മനുഷ്യപ്രയത്‌നത്തിലാണെന്നതും കണക്കിലെടുക്കേണ്ടതുണ്ട്.
സാമ്പത്തികകുറ്റകൃത്യങ്ങള്‍
പരിധിയില്ലാത്ത സ്വാതന്ത്ര്യവും സൗകര്യവും നല്‍കുന്നതാണ് ഡിജിറ്റല്‍ ബാങ്കിങ് എങ്കിലും കുറ്റവാസനയുള്ളവര്‍ ഈ സൗകര്യം ദുര്‍വിനിയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നുള്ള കാര്യവും ഓര്‍മിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച മുന്നറിയിപ്പ് സമ്പൂര്‍ണഡിജിറ്റല്‍ പ്രഖ്യാപനവേളയില്‍ത്തന്നെ മുഖ്യമന്ത്രി നല്‍കിക്കഴിഞ്ഞു. സാങ്കേതികരംഗത്തുമാത്രമല്ല, ഏതു മേഖലയിലും കുറ്റവാസനയുള്ളവര്‍ കടന്നുകയറുമെന്നത് ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍, ഡിജിറ്റല്‍ബാങ്കിങ് രംഗത്തെ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുവേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പക്ഷേ, ഇത് ഒരു പരിധിവരെയേ ഫലപ്രദമാകുകയുള്ളൂ എന്നതാണു വാസ്തവം. ഡിജിറ്റല്‍ രംഗത്ത് സര്‍ക്കാര്‍ എന്തു മുന്‍കരുതല്‍ എടുത്താലും അതിനെയൊക്കെ മറികടക്കാന്‍ കുറ്റവാളികള്‍ക്കു കഴിയും എന്നതു യാഥാര്‍ഥ്യം മാത്രമാണ്. കാരണം, അതീവ ബുദ്ധിമാന്മാരും കഴിവുള്ളവരുമാണ് സൈബര്‍ കുറ്റങ്ങളുടെ ലോകത്തുള്ളത്. ഇവിടെ ചെയ്യാന്‍ കഴിയുന്നത് വ്യക്തികള്‍ അവരവര്‍ക്കുതന്നെ സുരക്ഷ ഒരുക്കുക എന്നതാണ്. അതായത്, നമ്മുടെ വ്യക്തിഗതക്രയവിക്രയങ്ങള്‍ യാതൊരു കാരണവശാലും മറ്റൊരു വ്യക്തിയുമായി പങ്കിടാതിരിക്കുക. മൊബൈല്‍ ഫോണില്‍ വരുന്ന സന്ദേശങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കുക. ഏതു സന്ദേശവും അതു ബാങ്കിന്റെ പേരിലാണെങ്കിലും അതിന്റെ നിജസ്ഥിതി മനസ്സിലാക്കാതെ ആശയവിനിമയം നടത്തരുത്. എപ്പോഴും ഓര്‍മിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം ക്രയവിക്രയം സംബന്ധിച്ചുള്ള കാര്യങ്ങളാണ്. പിന്‍നമ്പരോ ഒന്നും ഒരു ബാങ്കും ഫോണില്‍ വിളിച്ചോ മെസേജ് അയച്ചോ ഒന്നും ഉപഭോക്താവിനോടു ചോദിക്കില്ല. അങ്ങനെ വരുന്ന അന്വേഷണങ്ങളും അറിയിപ്പുകളും ഒന്നും ശരിയായ രീതിയിലുള്ളതായിരിക്കില്ല.
ഡിജിറ്റല്‍ ബാങ്കിങ് ഭാവിയില്‍
സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് യാഥാര്‍ഥ്യമാകുമ്പോഴും ചില സാങ്കേതികപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതും കാണാതിരുന്നുകൂടാ. വ്യത്യസ്തമായ ബാങ്കിങ് ഇടപാടുകളില്‍ ഒരെണ്ണമെങ്കിലും ഡിജിറ്റല്‍ സംവിധാനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതു കണക്കിലെടുത്താണ് സമ്പൂര്‍ണഡിജിറ്റല്‍ സംസ്ഥാനം എന്ന പദവിക്ക് കേരളം അര്‍ഹമായിരിക്കുന്നത്. എന്നാല്‍, ഒരു വ്യക്തിയുടെ എല്ലാ ബാങ്കിങ് ആവശ്യങ്ങളും നിറവേറ്റാന്‍ തക്ക രീതിയില്‍ ഇനിയും ഈ സംവിധാനം പുരോഗമിക്കേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുമുള്ളവര്‍ക്ക് ഒരുപോലെ ഇതിന്റെ പ്രയോജനം ലഭ്യമാകണമെങ്കില്‍ ഇന്റര്‍നെറ്റ് സൗകര്യം കൂടുതല്‍ വ്യാപകവും സാര്‍വത്രികവും ആകേണ്ടതുണ്ട്. താഴ്ന്ന വരുമാനക്കാരെ സംബന്ധിച്ചിടത്തോളം ഇന്നത്തെ വര്‍ദ്ധിച്ച ഇന്റര്‍നെറ്റ് നിരക്ക് താങ്ങാന്‍ പ്രയാസമാകും. മറ്റൊന്ന് ഉള്‍ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ഇപ്പോഴും സാര്‍വത്രികവും കാര്യക്ഷമവുമായിട്ടില്ല എന്നതാണ്. ഈ പ്രശ്‌നങ്ങള്‍കൂടി പരിഹരിക്കുമ്പോള്‍ മാത്രമേ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനം എന്ന ആശയം പൂര്‍ണരൂപത്തില്‍ പ്രായോഗികമാകുകയുള്ളൂ.
കെ. ഫോണ്‍ യാഥാര്‍ഥ്യമായാല്‍
മുന്‍സൂചിപ്പിച്ച പ്രശ്‌നങ്ങള്‍ മുമ്പില്‍ കണ്ടുകൊണ്ടാണ് സര്‍ക്കാര്‍ കെ.ഫോണ്‍ പദ്ധതി സാര്‍വത്രികമാകുമെന്നു പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു യാഥാര്‍ഥ്യമായാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകും. പക്ഷേ, ഏറ്റവും കുറഞ്ഞ നിരക്കില്‍ അഥവാ താഴ്ന്ന വരുമാനക്കാര്‍ക്ക് തീര്‍ത്തും സൗജന്യമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍സംവിധാനം ഉണ്ടാകേണ്ടിവരും. നിലവില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുമെന്നാണ് ഔദ്യോഗികമായി അറിയാന്‍ കഴിഞ്ഞത്. അങ്ങനെയെങ്കില്‍ വരുംനാളുകളില്‍ എല്ലാവര്‍ക്കും എല്ലാക്കാര്യങ്ങള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ ഡിജിറ്റല്‍ ബാങ്കിങ് സംവിധാനം മാറുകയും ചെയ്യും. അതുമൂലം തീര്‍ച്ചയായും കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ കഴിയുന്ന പുരോഗതിയായിരിക്കും ഉണ്ടാകാന്‍ പോകുന്നത്.