ആഭഹര്‍ഷയായ് പുതുവര്‍ഷമേ നീയെത്തിയല്ലോ
ആനന്ദമോടെ നീ ഞങ്ങള്‍ക്കെന്തു നല്കും?
ആശീര്‍വദിക്കണം ഭാവി ഭാസുരമാക്കുവാന്‍
ആമോദത്തോടെയനുഗ്രഹമേകീടണം.
മനുജരേ, നിങ്ങള്‍ കാര്യസാധ്യത്തിനായ്
മടിയൊട്ടുമില്ലാതെ കാലുപിടിക്കുന്നവര്‍
മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിച്ചിടുമ്പോള്‍
മമതയോടു ഭാവുക പനിനീര്‍തളിച്ചിടും
കാലമാം നന്മമരം വേരറ്റുപോകില്ലുണങ്ങില്ല
കാമ്യകാന്തിയിലകളോടെന്നും അമരതരുവായ് നിന്നിടും
പേടിയുടെ ചൂടില്‍ വെന്തുരുകുമ്പോഴും
പാടലാധരങ്ങളില്‍ ചിരിയോടെ നില്പൂ.
കാലമാം എനിക്കു പേടി പലവിധ
കാലപാശവുമായ് മാനവര്‍ നില്പൂ
ഭൂമിയാം അമ്മ കരയുന്നു നിങ്ങള്‍ തന്‍
ക്രൂരപീഡനതാഡനത്താല്‍
മലയും പുഴയും മെലിഞ്ഞുണങ്ങി
മനുജ സ്വാര്‍ഥകരാളകര്‍മങ്ങളാല്‍
പരിസ്ഥിതി പരിരക്ഷയില്ലാതെയായി
പരിലാളനാകരങ്ങള്‍ നീളാതെയായി
പരിരംഭണം ചെയ്യുമാസുരഭാവങ്ങളോടെ
പടവെട്ടുന്നു മനുജന്‍ മനുജനോട്
സാഹോദര്യബന്ധമാം കണ്ണികള്‍
പകപ്പാണിയാല്‍ പൊട്ടിച്ചെറിയുന്നു
നിന്നെപ്പോലെ നിന്നയല്‍ക്കാരനെ സ്‌നേഹിപ്പാന്‍
നിഷ്‌കളങ്കമാനസരായ് മാറു മക്കളേ
അതാണ് എന്റെ സ്‌നേഹസമ്മാനസന്ദേശം
അമലകര്‍മമായതാചരിപ്പിന്‍.
വൈറസിനെ സൃഷ്ടിച്ചു കൊറോണയെത്തിച്ചു
വൈശിഷ്ട്യരാജ്യങ്ങളെ കീഴടക്കാന്‍
വൈകൃതമനസ്സില്‍നിന്നിനിയുമിനിയും
വൈരാഗ്യവൈറസിനെ പടച്ചിടല്ലേ!
നവവര്‍ഷമാമെനിക്കൊന്നേ പറഞ്ഞിടേണ്ടൂ
നവമാലികമലരുകള്‍ മനക്കാമ്പില്‍ വിടര്‍ത്തൂ
മാനവീയതാസ്‌നേഹമലരിന്‍ മണമെപ്പോഴും
മാലോകനന്മയ്ക്കായ് പടര്‍ത്തൂ.