•  3 Apr 2025
  •  ദീപം 58
  •  നാളം 5
ഈശോ F r o m t h e B i b l e

മുള്‍മകുടം

നുഷ്യനായ മന്നനെപ്പോലെ, അവഹേളനത്തിന്റെ അടയാളമായി ശിരസ്സില്‍ നിണകണങ്ങള്‍ നിറഞ്ഞ മുള്‍ക്കിരീടവുമണിഞ്ഞ് അവന്‍ നിന്നു. രത്‌നമകുടം ധരിക്കേണ്ട രാജാധിരാജനായ അവന്റെ തലയില്‍ അലങ്കാരമായുണ്ടായിരുന്നത് ഒരു കാരമുള്‍ക്കിരീടം. പരാജിതനുള്ള പാരിതോഷികം. നിത്യരക്ഷയുടെ അക്ഷയകിരീടം നമുക്കു നേടിത്തരാന്‍ നമ്മുടെ രക്ഷകന്‍ ശിരസ്സില്‍ സ്വയം ഏറ്റുവാങ്ങിയ മുള്‍ച്ചക്രം. പാതവക്കിലെ പുല്ലുകളെയും, വയലിലെ ലില്ലികളെയുംവരെ മലര്‍മകുടം ചാര്‍ത്തി അലങ്കരിക്കുന്നവനു  മനുഷ്യര്‍ കൊടുത്തത് കൂര്‍ത്ത കാരകങ്ങള്‍കൊണ്ടുണ്ടാക്കിയ കിരീടം. നാടുവാഴിയുടെ കിരീടം അവന്റെ മഹത്ത്വത്തിന്റെയും അധികാരത്തിന്റെയുമൊക്കെ പ്രതീകമാണ്. അതുകൊണ്ടുതന്നെ അതിന്റെ അഴകും ആകാരവും അതിശ്രേഷ്ഠമായിരിക്കണം. എന്നാല്‍, മഹത്ത്വപൂര്‍ണനും സകലത്തിന്മേലും അധികാരമുള്ളവനുമായവനു ലോകം സമ്മാനിച്ചത് മുള്ളുകളാല്‍ മെനഞ്ഞ വികൃതവും കഠോരവുമായ ഒരു കിരീടമായിരുന്നു. അവന്റെ തഴച്ചുവളര്‍ന്ന തലമുടിയിഴകള്‍ക്കിടയിലൂടെ ആവുന്നത്ര ആഴത്തില്‍ അവര്‍ അതിനെ അമര്‍ത്തിയിറക്കി. തലയിലെ മുറിവുകള്‍ക്കു താങ്ങാവുന്നതിനപ്പുറമായിരുന്നു അത്. 
നമ്മുടെ തലയിലും അണിയിക്കപ്പെട്ട ചില മുള്‍ക്കിരീടങ്ങളുണ്ടാവാം. സഹിക്കാവുന്നതിലധികമായി നമുക്കു സംഭവിച്ച സഹനങ്ങള്‍; മറുമരുന്നില്ലാത്ത മാറാവ്യാധികള്‍; അഭിമാനത്തിന്റെ അത്യുന്നതിയില്‍നിന്ന് അപമാനത്തിന്റെ അടിവാരത്തേക്കു നമ്മുടെ കുടുംബത്തെ തള്ളിയിട്ട ചില അനിഷ്ടസംഭവങ്ങള്‍; സങ്കല്പിക്കാനാവാത്ത സാമ്പത്തികനഷ്ടം; കൊടിയ കടബാധ്യത എന്നിങ്ങനെ എന്തെങ്കിലുമൊക്കെ ഒരു മുള്‍ച്ചക്രം കണക്കെ നമ്മുടെ തലയില്‍ തറഞ്ഞിരുന്നിട്ടുണ്ടാവും. ഓര്‍ക്കണം, അവയുടെയോരോന്നിന്റെയും കാഠിന്യം കുറയ്ക്കാനായിരുന്നു അവന്‍ നമുക്കുമുമ്പേ മുള്‍ക്കിരീടമേന്തിയത്. ചിലരുടെയൊക്കെ തലയില്‍ നാം തറച്ചുവച്ച ചില മുള്‍ക്കിരീടങ്ങളുണ്ടാകാം. മാതാപിതാക്കളുടെ ആഗ്രഹങ്ങളെയും  അഭിപ്രായങ്ങളെയും മാനിക്കാതെ തന്നിഷ്ടം മാത്രം നോക്കിയെടുത്ത തീരുമാനങ്ങള്‍, ചില ഫോണ്‍സംഭാഷണങ്ങളുടെയും സന്ദേശങ്ങളുടെയും പേരില്‍ ജീവിതപങ്കാളിയുടെ വിശ്വസ്തതയെപ്പറ്റി പോറ്റിവളര്‍ത്തിയ അനാവശ്യസംശയങ്ങള്‍, നമ്മുടെ നിലനില്പിനുവേണ്ടി മറ്റുള്ളവരുടെമേല്‍ അടിച്ചേല്പിച്ച ചില അകൃത്യങ്ങള്‍ തുടങ്ങി അരുതാത്ത പല മുള്‍ക്കിരീടങ്ങളും അറിഞ്ഞോ  അല്ലാതെയോ നാം അപരര്‍ക്കു നിര്‍മിച്ചുനല്കിയിട്ടുണ്ടാവാം. ഒഴിവാക്കാമായിരുന്നു അവയൊക്കെ എന്ന് ഇന്നു തോന്നുന്നുണ്ടാവും അല്ലേ?  അത്തരമൊരു വീണ്ടുവിചാരംതന്നെ വിശുദ്ധിയിലേക്കുള്ള വഴിയാണ്. അവയൊന്നും ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. മറ്റുള്ളവര്‍ ഭയക്കുന്ന മുള്‍ക്കിരീടമല്ല, തങ്ങളുടെ നൊമ്പരങ്ങളില്‍ ആരും ആശിക്കുന്ന മൃദുസ്പര്‍ശമാകാന്‍ നമ്മുടെ കൊച്ചുജീവിതങ്ങള്‍ക്കു കഴിഞ്ഞെങ്കിലേ മഹത്ത്വത്തിന്റെ മലര്‍മകുടം ഒരുനാള്‍ നമുക്കും നല്കപ്പെടൂ. മേലില്‍ നമ്മുടെ സാമീപ്യം ഒരുത്തര്‍ക്കും മുള്‍മുനയുടെ അനുഭവം നല്കാതിരിക്കാന്‍ നമ്മുടെ ജീവിതശൈലിയെ വിശുദ്ധീകരിക്കുന്നതിനു സന്നദ്ധരാകാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)