•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഒന്നിച്ചായിരിക്കുമ്പോഴും നിങ്ങള്‍ ഒറ്റയ്ക്കാണോ?

സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയുമാണ് ജീവിതത്തിന്റെ മര്‍മവും ധര്‍മവും! ''ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടാ''യെന്നു പറയാറുണ്ട്; അത് അര്‍ഥവത്തുമാണ്. എന്നാല്‍, ഇന്നത്തെ തിരക്കില്‍ നമ്മുടെ ''ചങ്ങാതി''  ആരെന്നുള്ള പഠനം ഇല്ല; അഥവാ ചങ്ങാതിമാരെ വര്‍ദ്ധിപ്പിക്കാന്‍ മാത്രം നമ്മുടെ ''സമയം'' തികയാറുമില്ല. ''തന്നിഷ്ടം പൊന്നിഷ്ടം'' എന്ന മനോഭാവത്തില്‍ ജീവിക്കുന്ന നമുക്ക് അപരനെ നിരീക്ഷിക്കാനും തോളോടു തോള്‍ ചേര്‍ക്കാനും എവിടെയാണു മനസ്സ്? പരസ്പരം തിരുത്തലും പടുത്തുയര്‍ത്തലും പകുത്തുനല്‍കലും സൗഹൃദത്തിന്റെ പുറംകാഴ്ചകളാണ്. ഹൃദയത്തെ തൊടുന്ന സുഹൃത്തുക്കളെ നേടാനായി നാം പെരുമാറ്റത്തെയും ജീവിതക്രമത്തെയും ചിട്ടപ്പെടുത്തണം. നല്ല പെരുമാറ്റം ആഗ്രഹിക്കാത്തവരായി ആരുണ്ട്? നല്ല വാക്ക് പ്രതീക്ഷിക്കാത്തവരായി നമ്മിലാരുണ്ട്?
പഠനമുറികളില്‍ ഒന്നിച്ചാണെങ്കിലും ആര്‍ക്കും ആരെയും അറിയാത്തവിധമുള്ള 'ഫ്രണ്ട് ഷിപ്പ്' ശക്തമാണ്. ഓഫീസുകളില്‍ ഒന്നിച്ചാണു ജോലിയെങ്കിലും ആരെയും വ്യക്തമായി അറിയില്ല; സൗഹൃദവുമില്ല. അടുത്തിരിക്കുന്നവരെ അറിയാതുള്ള ട്വീറ്റും വാട്‌സാപ്പ്- ഫേസ്ബുക്ക് ചാറ്റിങ്ങുകളും! നാട്ടിലും വീട്ടിലും ആരാധനാലയങ്ങളിലുമൊന്നും പരിചയപ്പെടലും ക്ഷേമാന്വേഷണങ്ങളും പ്രശ്‌നപരിഹാരചര്‍ച്ചകളും പ്രോത്സാഹനബന്ധിയായ ഷേക്ക് ഹാന്‍ഡുകളും ഇല്ലെന്നായിരിക്കുന്നു. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ നേരമില്ലാത്ത കാലം.
പലപ്പോഴും പലരുടെയും 'മുഖം' പെട്ടെന്നാണു നാം തിരിച്ചറിയുന്നത്! ഇന്നലെവരെ ഒരുപക്ഷേ, നമുക്കൊപ്പം സഞ്ചരിച്ചവരെങ്കിലും തിരിച്ചറിയാതെ പോകുന്നത് ഹൃദയപൂര്‍വ്വകമായ ആത്മബന്ധം ഉണ്ടാകാതിരുന്നതുകൊണ്ടാണ്.
ഇന്നു ബന്ധങ്ങള്‍ അറിയാവുന്ന മക്കള്‍ തീരെയില്ലെന്നു പറയാം. കണ്‍മുമ്പില്‍ കാണുന്നവരത്രയും അങ്കിളും ആന്റിയുമൊക്കെയായി മാറിയിരിക്കുന്ന കാലം. പരിചയപ്പെടാനും ബന്ധങ്ങളെ അറിയാനും താത്പര്യമില്ലാത്ത തലമുറ. വഴികള്‍ വിശാലവും ഗതാഗതം വേഗമേറിയതുമായി മാറിയപ്പോള്‍ 'സ്റ്റോപ്പുകള്‍' കുറഞ്ഞു; ആരെയും കണ്ടുമുട്ടുന്നില്ല; ആരുടെയും വീടുകള്‍ എവിടെയാണെന്നറിയില്ല. കുടുംബയോഗങ്ങള്‍ തകൃതിയാകുമ്പോളും കുടുംബാംഗങ്ങളുടെ ജീവിതം അറിയാത്തവര്‍, കുടുംബാംഗങ്ങളെയും  അവരുടെ ബന്ധങ്ങളെയും അറിയാത്തവര്‍, ഉള്ളറിഞ്ഞു സ്‌നേഹിക്കാനും ഉള്ളതുപോലെ പങ്കിടാനും അറിയാത്തവര്‍; പ്രോത്സാഹിപ്പിക്കാനറിയാത്ത കുടുംബാംഗങ്ങള്‍... എല്ലാം ആധുനികതയുടെ യാന്ത്രികതയില്‍ മുങ്ങിപ്പോയിരിക്കുന്നു. 
പറമ്പും പാടവരമ്പും ഇടവഴിയും യാത്രയുടെ ഇടങ്ങളായിരുന്നപ്പോള്‍ എല്ലാവരെയും കണ്ട് ക്ഷേമാന്വേഷണം നടത്താനാകുമായിരുന്നു. ഡിജിറ്റല്‍ സാങ്കേതികയൊന്നുമില്ലെങ്കിലും മനുഷ്യരില്‍ ഒരു 'ഡിവിനിറ്റി' നിറഞ്ഞിരുന്നു. കൃഷിയായിരുന്നു തൊഴില്‍; ഈ തൊഴിലിലും ഒരു കൂട്ടായ്മ ദൃശ്യമായിരുന്നു. സഹായിക്കാനും സഹകരിക്കാനും ഒത്തൊരുമയുണ്ടായിരുന്നു. സകലരും കൂട്ടുകാരായിരുന്ന കാലം! സൗഹൃദങ്ങളുടെ ബലം തിരിച്ചറിഞ്ഞിരുന്ന നാളുകള്‍. ഇന്നു മക്കളോട് പേരു ചോദിച്ചാല്‍ 'താനെന്തിനാണ് എന്റെ പേരറിയുന്നത്' എന്ന മനോഭാവമാണ്. വീടും വീട്ടുപേരും മാതാപിതാക്കളെയുമൊക്കെ ചോദിക്കാന്‍ ഉദ്യമിച്ചാല്‍ മക്കള്‍ രംഗം കാലിയാക്കുന്ന കാലം! പഠിക്കണം, ജോലിയും ശമ്പളവും നേടണം സുഖമായിക്കഴിയണം. അത്രമാത്രം! ഇതിനിടയില്‍ സ്വന്തബന്ധങ്ങളും സുഹൃത്തുക്കളും ഒരു 'ഡിസ്റ്റേര്‍ബന്‍സ്' ആകുന്ന കാലത്താണ് ഡിജിറ്റല്‍ തലമുറ ഓടിക്കൊണ്ടിരിക്കുന്നത്. എല്ലാം യന്ത്രം ചെയ്യുന്ന കാലം; മനുഷ്യവിഭവശേഷി കുറയുന്നു; ഒപ്പം മനുഷ്യത്വവും! ഒന്നിനും ആളില്ലെന്നു പറയുന്ന കാലത്ത് ഒറ്റപ്പെടല്‍ ശക്തമാകുന്നു; ഒറ്റപ്പെടലില്‍ അരുതാത്ത ചിന്തകള്‍ മാറാല തീര്‍ക്കുന്നു; പലരും പലതിന്റെയും കെണികളില്‍ വീഴുന്നു; വിളക്കിനടുത്തേക്കു പറന്നടുക്കുന്ന ഈയാംപാറ്റ കണക്കേ പല ജീവിതങ്ങളും കടന്നുപോകുന്നു.
വ്യക്തികളുടെയും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ബലം സൗഹൃദങ്ങളാണ്; നല്ല സൗഹൃദങ്ങളായിരിക്കണമെന്നു മാത്രം! കുടുംബബന്ധങ്ങള്‍ ശക്തമാകണം; ഒപ്പം, അയല്‍ബന്ധങ്ങളും! ഇന്നത്തെ തലമുറ കടന്നുവന്ന വഴികള്‍ അറിയാനും ഉന്നതവിദ്യാഭ്യാസത്തിലും സാക്ഷരതാപഠനത്തിലും ഇടമുണ്ടാകണം; വയോജനവിദ്യാഭ്യാസത്തെക്കാള്‍ വയോധികരെ മനസ്സറിഞ്ഞു സ്‌നേഹിക്കാന്‍ ചുറ്റുമുള്ളവര്‍ക്കാണ് 'വിദ്യാഭ്യാസം' അനിവാര്യമായിരിക്കുന്നത്.
അപരനില്ലാതെ ഞാനില്ലെന്ന യാഥാര്‍ഥ്യം സൗഹൃദങ്ങളെ ബലപ്പെടുത്താനുപകരിക്കും. നമ്മുടെ പഠനമുറികളില്‍ പരസ്പരം പരിചയപ്പെടുന്നതിനെക്കുറിച്ചും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചയുണ്ടാകണം. അധ്യാപകരും മാതാപിതാക്കളും പരസ്പരമറിയണം. ഓരോരുത്തരുടെയും കുടുംബപശ്ചാത്തലങ്ങള്‍ പഠിക്കാനും അതുവഴി മക്കളിലേക്കിറങ്ങിച്ചെല്ലാനും ബന്ധങ്ങള്‍ ബലപ്പെടുത്താനുമാകുമ്പോള്‍ അധ്യാപകര്‍ക്ക് കുട്ടികളുടെ 'ജീവിതലഹരി' എന്തിലാണെന്നു തിരിച്ചറിയാനാകും. ഐക്യു കൂടിയവരും കുറഞ്ഞവരും മുഖ്യധാരയില്‍ നീങ്ങട്ടെ; തരംതിരിവും പാര്‍ശ്വവത്കരണവും മുഖ്യധാരാപഠനവഴികളില്‍ ഉണ്ടാകാതിരിക്കണം. കുടുംബവും വിദ്യാഭ്യാസസ്ഥാപനങ്ങളും ചട്ടക്കൂടും തമ്മില്‍ ഒരു ആത്മബന്ധമുണ്ടാകണം. ബന്ധുക്കളെ ദൈവം തരുന്നുവെങ്കില്‍ ദൈവമൊരുക്കുന്ന സുഹൃത്തുക്കളെ നാം തിരിച്ചറിഞ്ഞ് ഒപ്പം ചേര്‍ക്കണം. സുഖവഴികളില്‍ സുഹൃത്തുക്കള്‍ നമ്മെ അറിഞ്ഞേക്കാം; പക്ഷേ, നമ്മുടെ സഹനവഴികളില്‍  ഒരാശ്വാസമായി ഒപ്പമെത്തുന്നവരെയാണ് യഥാര്‍ഥസുഹൃത്തുക്കളാക്കേണ്ടത്. അല്പം സഹനവും ക്ഷമയും ഇച്ഛാശക്തിയുമൊക്കെ നാളെയുടെ തലമുറയില്‍ വളര്‍ത്തിയെടുക്കണം. പെരുമാറ്റം ഉത്കൃഷ്ടമാകുമ്പോഴാണ് വ്യക്തിത്വം സുഹൃത്തുക്കളാല്‍ ആകര്‍ഷിക്കപ്പെടുന്നത്. എപ്പോഴും സ്വന്തം ഡിജിറ്റല്‍ ലോകത്തുറങ്ങാതെ പ്രായോഗികതയുടെ ഭാഗമാകുവാന്‍ പരിശ്രമിക്കണം.
ഇന്ന് എല്ലാവരും ഒറ്റയ്ക്കിരുന്നു ജീവിതം ക്രമപ്പെടുത്താനുള്ള കഠിനപരിശ്രമത്തിലാണ്. ഓണ്‍ലൈനായിട്ട് എന്തും നടക്കുന്ന കാലം. എല്ലാത്തിനും 'ആപ്പ്' കണ്ടുപിടിക്കുന്ന ശാസ്ത്രപുരോഗതിയില്‍ സ്‌നേഹത്തിന്റെ പരിശുദ്ധി പരിശോധിക്കുവാന്‍ മാത്രം ആപ്പുകളില്ലെന്ന വസ്തുത കാലികമായ വാര്‍ത്തകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. സ്വര്‍ണം  ഉരച്ചുതന്നെ തിരിച്ചറിയണമെന്നു സാരം! ഒറ്റയ്ക്കിരുന്ന് ഓണ്‍ലൈനില്‍ നടത്തുന്ന വ്യാപാരത്തിനും മത്സരങ്ങള്‍ക്കുമൊന്നും മുഖാമുഖം സംഭാഷണങ്ങളുണ്ടാകുന്നില്ല. നാട്ടുമ്പുറത്തെ മൈതാനത്ത് ഓടിക്കളിച്ചിരുന്ന കാലത്ത് തര്‍ക്കങ്ങളും തര്‍ക്കപരിഹാരങ്ങളും വിജയപരാജയങ്ങളും ഒരുപക്ഷേ, അല്പം കുസൃതികളും മക്കള്‍ക്കിടയിലുണ്ടായിരുന്നെങ്കില്‍ അതെല്ലാം അതില്‍ത്തന്നെ ചില ശുദ്ധീകരണനവീകരണപ്രക്രിയകളായിരുന്നു; അവര്‍ പരസ്പരം ചില രൂപപ്പെടുത്തലുകളില്‍ എത്തിപ്പെട്ടിരുന്നു; സൗഹൃദങ്ങള്‍ക്കു നിറമില്ലായിരുന്നു. ഇന്നു മക്കള്‍ മൈതാനം വിട്ട് മൊബൈല്‍ സ്‌ക്രീനുകളിലാണ് കളികളത്രയും; ആരു തോല്‍ക്കണം ആരു ജയിക്കണം എന്നു സ്വയം തീരുമാനിക്കുന്ന കളികളുടെ ആവേശം! സംഭാഷണങ്ങളില്ല, സംവേദനങ്ങളില്ല, തിരുത്തലും കുസൃതികളുമില്ല; ജയം മാത്രം ലക്ഷ്യം! പരാജയം കുറവുകളുടെ പട്ടികയില്‍ സ്ഥാനം പിടിക്കുന്ന കാലത്ത് നൈരാശ്യം വര്‍ദ്ധിക്കുന്നു... ആശ്വാസത്തിനും വിജയത്തിലേക്കുള്ള വഴി കാണിക്കുന്നതിനും സൗഹൃദങ്ങളില്ലതാനും!
ഒന്നിച്ചായിരിക്കുമ്പോഴും ഒറ്റയ്ക്കായിരിക്കുന്ന അവസ്ഥ ആശങ്കാജനകമാണ്. സൗഹൃദങ്ങളും ബന്ധങ്ങളുടെ നൂലിഴ പൊട്ടാതുള്ള കരുതലും നമ്മുടെ ജീവിതത്തിനു ബലം നല്‍കുന്നു. സെല്‍ഫോണ്‍ എന്ന വാക്കില്‍ത്തന്നെ ഒരു സ്വാര്‍ഥത ഒളിഞ്ഞിരിപ്പില്ലേ? എല്ലാം ശാസ്ത്രത്തിനു വിട്ടുകൊടുത്ത് ദൈവികതയെ മാനിക്കാത്ത മനുഷ്യന്റെ  ഓട്ടം ചിന്തയ്ക്കു വിധേയമാക്കണം. ബന്ധങ്ങളെ ബലപ്പെടുത്തണം. ബന്ധുമിത്രാദികളെ പഠിച്ചുവയ്ക്കണം. ലഭിക്കുന്ന അവസരങ്ങളിലെല്ലാം  സൗഹൃദങ്ങളുടെ ശൃംഖല ശക്തമാക്കണം; 'കല്പകവൃക്ഷത്തില്‍ മുളകുവള്ളിപോലെ' പരസ്പരം വളരാനും വളര്‍ത്താനും കഴിയണം. സൗഹൃദങ്ങളില്‍ കരുതലുണ്ടാകണം. ''പ്രാവ് കാക്കയോടു കൂട്ടു കൂടുമ്പോഴും അതിന്റെ തൂവല്‍ വെളുത്തുതന്നെയിരിക്കും പക്ഷേ, ഹൃദയം കറുത്തുപോകും'' സൗഹൃദം വളരട്ടെ; കരുതല്‍ മറക്കരുത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)