അഗാധമായ ബൈബിള്‍ ജ്ഞാനവും ദൈവശാസ്ത്രപാണ്ഡിത്യവുംകൊണ്ട് കത്തോലിക്കാസഭയെ അതിശയിപ്പിച്ച പാപ്പായായിരുന്നു ബെനഡിക്ട് പതിനാറാമന്‍. ആധുനികകാലത്തെ ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പായ്ക്കുശേഷം കത്തോലിക്കാസഭയുടെ 265-ാമത്തെ മാര്‍പാപ്പായായ അദ്ദേഹം ''ദൈവശാസ്ത്രജ്ഞനായ പാപ്പാ'' എന്നാണ് അറിയപ്പെട്ടിരുന്നത്. സത്യവിശ്വാസത്തിന്റെ സംരക്ഷകനും കാവല്‍ക്കാരനുമെന്ന നിലയില്‍ സഭയോടുള്ള വിശ്വസ്തതയായിരുന്നു അദ്ദേഹത്തിന്റെ ജീവിതനിയമം.
1981 നവംബര്‍ 25 മുതല്‍ 2005 ഏപ്രില്‍ 19 ന് മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെടുന്നതുവരെ നീണ്ട 24 വര്‍ഷങ്ങള്‍ വിശ്വാസതിരുസംഘത്തിന്റെ തലവനായി സഭയെ വിശ്വസ്തതയോടെ ശുശ്രൂഷിച്ചുവെന്നത് പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്. വിശ്വാസത്തെയും സന്മാര്‍ഗത്തെയും സംബന്ധിച്ച വിഷയങ്ങളില്‍ കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിംഗറുടെ ഉറച്ച ബോധ്യവും നിലപാടുകളും ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായ്ക്കു വലിയ താങ്ങായിരുന്നു. ജോണ്‍ പോള്‍ പിതാവ് കര്‍ദിനാള്‍ റാറ്റ്‌സിംഗറെക്കുറിച്ചു പറഞ്ഞിരുന്നത് 'വിശ്വസ്തനായ സ്‌നേഹിതന്‍' (മ ൃtuേെലറ ളൃശലിറ) എന്നായിരുന്നു. ജോണ്‍പോള്‍ പിതാവിന്റെ മനസ്സാക്ഷിസൂക്ഷിപ്പുകാരനായിരുന്നു റാറ്റ്‌സിംഗര്‍ എന്നു പറയുന്നതാവും ശരി. എല്ലാക്കാര്യങ്ങളിലും റാറ്റ്‌സിംഗറുടെ അഭിപ്രായംകൂടി കണക്കിലെടുക്കാന്‍ മാര്‍പാപ്പാ ശ്രദ്ധിച്ചിരുന്നു. അത്രമാത്രം വിശ്വസ്തനും പണ്ഡിതനും സമര്‍ഥനുമായിരുന്നു കര്‍ദിനാള്‍ റാറ്റ്‌സിംഗര്‍. അതേസമയം, ലാളിത്യവും വിനയവും അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ വിശുദ്ധീകരിച്ചു. വിശുദ്ധനും വിനയാന്വിതനുമായ ദൈവശാസ്ത്രപണ്ഡിതനായിരുന്നു അദ്ദേഹം.
ദേവൂസ് കാരിത്താസ് എസ്ത് (ഉലൗ െരമൃശമേ െലേെ) - ദൈവം സ്‌നേഹമാകുന്നു (1 യോഹ. 4:8) എന്നതാണ് ബെനഡിക്ട് പാപ്പായുടെ പ്രഥമ ചാക്രികലേഖനം. മരണക്കിടക്കയില്‍ അവസാനമായി അദ്ദേഹം പറഞ്ഞതും 'കര്‍ത്താവേ, ഞാനങ്ങയെ സ്‌നേഹിക്കുന്നു' എന്നാണല്ലോ. കര്‍ത്താവിന്റെ മുഖം തേടിയുള്ള ആത്മീയാന്വേഷണത്തില്‍നിന്ന് പിറവികൊണ്ടതാണ് അദ്ദേഹത്തിന്റെ രചനകളെല്ലാം. അവയില്‍ പ്രശസ്തമായത് മൂന്നു വാല്യങ്ങളുള്ള 'നസ്രത്തിലെ യേശു' എന്ന ഗ്രന്ഥമാണെന്നു ഞാന്‍ കരുതുന്നു. പാപ്പായുടെ ആത്മസുഹൃത്തായ കര്‍ദിനാള്‍ റോബര്‍ട്ട് സറായുമായി ചേര്‍ന്നെഴുതിയ 'ഞങ്ങളുടെ ഹൃദയങ്ങളുടെ ആഴത്തില്‍നിന്ന്' സഭയുടെ സമകാലിക പ്രശ്‌നങ്ങളോടു പ്രതികരിച്ചെഴുതിയ കൃതിയാണ്.
സത്യത്തോടു പക്ഷംചേര്‍ന്നു നില്‍ക്കാന്‍ ബെനഡിക്ട് പാപ്പാ എല്ലായ്‌പോഴും ബദ്ധശ്രദ്ധനായിരുന്നു. സത്യം ഒരു സ്‌നാനമാണ്. മനുഷ്യരെ ദൈവതിരുമുമ്പില്‍ നില്ക്കാന്‍ ശുദ്ധിയുള്ളവരാക്കുന്ന സ്‌നാനം. ആ സത്യമാകട്ടെ ക്രിസ്തുവാണ്.അപ്പോള്‍ സത്യത്തിലേക്കുള്ള സ്‌നാനം കര്‍ത്താവിലേക്കുള്ള സ്‌നാനമാണ്, അവന്റെ സംസ്‌കൃതിയിലേക്കുള്ള സ്‌നാനമാണ്. കര്‍ത്താവിന്റെ നിലപാടുകളില്‍ നിലയുറപ്പിക്കുന്നതാണു സത്യം.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നാലു സെഷനുകളിലും പങ്കെടുത്ത മഹാനായ വ്യക്തിയാണ് ബെനഡിക്ട് പാപ്പാ. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖയുടെ എക്‌സ്പര്‍ട്ട് കണ്‍സള്‍ട്ടന്റായിരുന്നു അദ്ദേഹം. പോള്‍ ആറാമന്‍ പാപ്പാ 1977 മാര്‍ച്ചില്‍ മ്യൂണിക് ആര്‍ച്ചുബിഷപ്പായി അദ്ദേഹത്തെ നിയമിച്ചു. സത്യത്തിന്റെ സഹശുശ്രൂഷകന്‍ (രീംീൃസലൃ ീള ൃtuവേ) എന്ന ആപ്തവാക്യ (3 യോഹ. 1:8) മാണ് അദ്ദേഹം സ്വീകരിച്ചത്. അക്കൊല്ലം തന്നെ അദ്ദേഹം കര്‍ദിനാളായി ഉയര്‍ത്തപ്പെട്ടു. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തിന്റെ (ഇഇഇ) ശില്പി (1986-92 കാലഘട്ടം) കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിംഗറായിരുന്നുവെന്നു പറയാം. അദ്ദേഹം മാര്‍പാപ്പായായ കാലഘട്ടത്തിലാണല്ലോ യൂകാറ്റ് - യുവജനമതബോധനഗ്രന്ഥം പുറത്തിറങ്ങുന്നത്.
ബെനഡിക്ട് പാപ്പാ ഒരു യാഥാസ്ഥിതികനാണ് എന്നായിരുന്നു സെക്കുലര്‍സമൂഹത്തിന്റെ അഭിപ്രായം. വിശ്വാസതിരുസംഘത്തിന്റെ പ്രീഫെക്ടായി നീണ്ട ഇരുപത്തിനാലു വര്‍ഷങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചപ്പോഴാണ് അങ്ങനെയൊരു വിശേഷണം പാപ്പായ്ക്കു ചാര്‍ത്തിയത്. യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ യാഥാസ്ഥിതികമെന്നതിനെക്കാള്‍ സഭാത്മകം എന്നു പറയുന്നതാകും ഉചിതം. പിതാവിന്റെ ദൈവശാസ്ത്രാഭിമുഖ്യങ്ങള്‍ തിരുസഭ എന്ത് ക്രിസ്തുവില്‍നിന്ന്, അവിടുത്തെ വചനങ്ങളില്‍നിന്നു സ്വീകരിച്ചിരിക്കുന്നു എന്നതിനെ ആസ്പദമാക്കിയുള്ളതാണ്. കര്‍ത്താവില്‍നിന്നു കൈമാറിക്കിട്ടിയ അപ്പസ്‌തോലികവിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കുന്നതില്‍ ദത്തശ്രദ്ധനായിരുന്നു അദ്ദേഹം. അപ്പസ്‌തോലന്മാര്‍ മിശിഹായില്‍നിന്നു സ്വീകരിച്ചതും വിശ്വസ്തതയോടെ തലമുറകളിലേക്കു കൈമാറിയതുമായ ദൈവികരഹസ്യങ്ങളുടെ പ്രബോധനത്തെ കലര്‍പ്പില്ലാതെ പകര്‍ന്നുകൊടുക്കാനാണ് പരിശുദ്ധ പിതാവ് ശ്രദ്ധിച്ചത്. അടിയുറച്ച നിലപാടുകളുടെയും ധീരതയുടെയും പര്യായമായിരുന്ന പിതാവ് പുരോഗമനവാദിയായ യാഥാസ്ഥിതികനായിരുന്നു.
ദൈവശാസ്ത്രമെന്നത് ദൈവികവെളിപാടുതന്നെയാണ്. വിശുദ്ധ ലിഖിതമാണ് ദൈവശാസ്ത്രത്തിന്റെ ആത്മാവ് എന്നു പാപ്പാ പഠിപ്പിച്ചിരുന്നു. വചനംതന്നെയാണ് ദൈവശാസ്ത്രം. ബൈബിളിന്റെ എക്‌സജേസിസും ഇന്റര്‍പ്രട്ടേഷനുമാണ് തിയോളജി. സഭാപിതാവായ ഒരിജന്റെ ഒറിജിനാലിറ്റി ഇതായിരുന്നുവെന്നാണു പറയാറുള്ളത്. വിശുദ്ധ ആഗസ്തീനോസിന്റെയും ഒരിജന്റെയും മറ്റും ദൈവശാസ്ത്രചിന്തകള്‍ പാപ്പായെ ഏറെ സ്വാധീനിച്ചിരുന്നു. ങ്യ ഴൃലമ ോമേെലൃ അൗഴൗേെശില എന്നാണ് വിശുദ്ധ ആഗസ്തീനോസിനെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നത്. മിശിഹായാണ് അനന്യതയുള്ള ഏകരക്ഷകനെന്നു തറപ്പിച്ചു പറഞ്ഞിരുന്നു.
സഭകളുടെ ഐക്യം സ്വപ്‌നം കണ്ട മാര്‍പാപ്പായാണ് ബെനഡിക്ട് പതിനാറാമന്‍. സഭകള്‍ തമ്മിലുള്ള ഭിന്നതകള്‍ ലോകത്തിനു വലിയ എതിര്‍സാക്ഷ്യമാണു നല്‍കുന്നതെന്നു ബോധ്യമുള്ളതിനാല്‍ സഭൈക്യസംഭാഷണങ്ങള്‍ക്ക് അദ്ദേഹം ഊന്നല്‍ കൊടുത്തിരുന്നു. സഭകളുടെ കൂട്ടായ്മയാണ് സാര്‍വത്രികസഭ എന്നത് അദ്ദേഹത്തിന്റെ പ്രബോധനങ്ങളിലും പ്രവര്‍ത്തനങ്ങളിലും നിഴലിച്ചിരുന്നു. പൗരസ്ത്യ അകത്തോലിക്കാസഭകളുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. അ വൗായഹല വേലീഹീഴശമി ളൗഹഹ്യ രീാാശേേലറ ീേ വേല ഇവൗൃരവ അതായിരുന്നു അദ്ദേഹം.
1927 ഏപ്രില്‍ 16 ന് ദുഃഖശനിയാഴ്ചയാണ് അദ്ദേഹത്തിന്റെ ജനനം. ദുഃഖശനിയാഴ്ച പള്ളികളില്‍ മാമ്മോദീസാ നടക്കുന്ന ദിവസമാണല്ലോ. ജനിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ അദ്ദേഹം മാമ്മോദീസാ സ്വീകരിച്ചു. 2022 ലെ അവസാനത്തെ ശനിയാഴ്ച അദ്ദേഹം സ്വര്‍ഗത്തിലേക്കു സ്‌നാനപ്പെട്ടിരിക്കുന്നു. മാര്‍പാപ്പായായി എട്ടുവര്‍ഷത്തിനുശേഷം (2005-2013) 85ാം വയസ്സില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ അദേഹം നടത്തിയ സ്ഥാനത്യാഗം സഭയുടെ 600 വര്‍ഷത്തെ ചരിത്രത്തിലെ അപൂര്‍വതയായി നിലനില്ക്കുന്നു.
ജീവിതരേഖ
1927 ഏപ്രില്‍ 16: ജര്‍മനിയിലെ ബവേറി പ്രവിശ്യയില്‍ പൊലീസ് ഓഫീസറായ ജോസഫ് റാറ്റ്‌സിംഗര്‍ സീനിയറിന്റെയും മരിയയുടെയും മകനായി ജനനം.
1941: 14 വയസ്സ് തികഞ്ഞപ്പോള്‍ നിര്‍ബന്ധിതസൈനികസേവനത്തിന് അഡോള്‍ഫ് ഹിറ്റ്‌ലറുടെ യുവസൈന്യത്തില്‍ ചേര്‍ന്നെങ്കിലും സജീവമായി പ്രവര്‍ത്തിച്ചില്ല.
1945: സഹോദരന്‍ ജോര്‍ജ് റാറ്റ്‌സിംഗറിനൊപ്പം വൈദികപഠനത്തിനു സെമിനാരിയില്‍ ചേര്‍ന്നു.
1951 ജൂണ്‍ 29: സഹോദരനൊപ്പം വൈദികപട്ടം സ്വീകരിച്ചു.
1959-1963: ബോണ്‍ സര്‍വകലാശാലയില്‍ പ്രഫസര്‍
1972: ദൈവശാസ്ത്ര പ്രസിദ്ധീകരണമായ 'കമ്യൂണിയോ'യ്ക്കു തുടക്കമിട്ടു.
1977: മ്യൂണിക് ആര്‍ച്ചു ബിഷപ്പായി പോള്‍ ആറാമന്‍ മാര്‍പാപ്പാ നിയമിച്ചു.
1977: ജൂണ്‍ 27: കര്‍ദിനാള്‍ പദവി ലഭിച്ചു.
1981 നവംബര്‍ 25: 'ഡൊക്ട്രിന്‍ ഓഫ് ഫെയ്ത്' സമൂഹത്തിന്റെ പ്രിഫെക്ടായി നിയമിതനായി.
2002 നവംബര്‍ 30: കര്‍ദിനാള്‍ തിരുസംഘത്തിന്റെ ഡീന്‍
2005 ഏപ്രില്‍ 19: മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ബനഡിക്ട് പതിനാറാമന്‍ എന്ന പേരു സ്വീകരിച്ചു.
2005 ഏപ്രില്‍ 24: 265-ാം മാര്‍പാപ്പയായി സ്ഥാനാരോഹണം ചെയ്തു.
2013 ഫെബ്രുവരി 11: മാര്‍പാപ്പാ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചു.
2013 ഫെബ്രുവരി 28: മാര്‍പാപ്പാ സ്ഥാനമൊഴിഞ്ഞു. പോപ് എമരിറ്റസ് എന്നറിയപ്പെട്ടുതുടങ്ങി.
2022 ഡിസംബര്‍ 31: ബനഡിക്ട് പതിനാറാമന്‍ കാലം ചെയ്തു.