ഫോട്ടോഗ്രാഫര്‍, ചിത്രകാരന്‍, ഗായകന്‍, സഞ്ചാരി, എഴുത്തുകാരന്‍, സര്‍വോപരി മനുഷ്യസ്‌നേഹി എന്നീ നിലകളില്‍ തിളക്കമാര്‍ന്ന വ്യക്തിത്വത്തിനുടമയായിരുന്ന സാംസണ്‍ പാലാ (കെ.വി. ദേവസ്യാ കണ്ടത്തില്‍) ഓര്‍മയായി. ഡിസംബര്‍ 24 ന് അന്തരിച്ച അദ്ദേഹത്തിന് എണ്‍പത്തിയൊന്നു വയസ്സായിരുന്നു.
ചെറുപ്പത്തില്‍ത്തന്നെ ഫോട്ടോഗ്രാഫറായും ചിത്രകാരനായും അറിയപ്പെട്ട സാംസണ്‍, തൃപ്പൂണിത്തുറ ആര്‍.എല്‍.വി. സംഗീത അക്കാദമിയില്‍നിന്നു ഗാനഭൂഷണം പാസായി. കലാഭവന്‍ ഉള്‍പ്പെടെയുള്ള വിവിധ ഗാനമേളട്രൂപ്പുകളില്‍ സ്ഥിരം ഗായകനായി മാറി. കലാഭവന്‍ ഡയറക്ടറായിരുന്ന ഫാ. ആബേല്‍ സി.എം.ഐ., യേശുദാസ്, പി. ലീല തുടങ്ങിയവരുടെ പ്രോത്സാഹനം സംഗീതരംഗത്ത് സാംസണ് കരുത്തായി. ഫോട്ടോഗ്രാഫറായി സിനിമാരംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാലായിലാദ്യമായി ഒരു വീഡിയോ ഗ്രാഫിക് സ്റ്റുഡിയോ സാംസണ്‍ ഫോട്ടോസ് എന്ന പേരില്‍ സ്ഥാപിച്ചതും സാംസണായിരുന്നു.
യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന സാംസണ്‍ വിവിധ രാജ്യങ്ങളിലെ പക്ഷികളുടെ അപൂര്‍വചിത്രങ്ങളെടുക്കുന്നതിനുവേണ്ടി ഒരു ദേശാടനക്കിളിയെപ്പോലെ 148 രാജ്യങ്ങളില്‍ പറന്നു. താനെടുത്ത ചിത്രങ്ങള്‍ ദീപനാളത്തിലും ദീപികയിലും തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു. ഇതു സംബന്ധിച്ച നിരവധി ഫോട്ടോ ആല്‍ബങ്ങളും സാംസണ്‍ തയ്യാറാക്കിയിട്ടുണ്ട്.
സാംസണ്‍ പാലാ നല്ലൊരു ചിത്രകാരനായിരുന്നു. അദ്ദേഹം വരച്ച നിരവധി ചിത്രങ്ങള്‍ വിവിധ പ്രസിദ്ധീകരണങ്ങളിലായി പ്രകാശിതമായിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ് കെന്നഡിയുടെ ചിത്രം സാംസണ്‍ തന്റെ പതിമൂന്നാം വയസ്സില്‍ വരച്ച് അയച്ചുകൊടുക്കുകയും, പ്രസിഡന്റിന്റെ കൈപ്പടയിലെഴുതിയ അഭിനന്ദനക്കുറിപ്പ് മറുപടിയായി ലഭിച്ചത് സാംസണ്‍ നിധിപോലെ സൂക്ഷിക്കുകയും ചെയ്തിരുന്നു.
ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങളിലൂടെ സാംസണ്‍ നടത്തിയ അതിസാഹസികയാത്രയുടെ നേര്‍ക്കാഴ്ചകള്‍ ദീപനാളത്തില്‍ 'സഞ്ചാരം' എന്ന പംക്തിയിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിദേശയാത്രാനുഭവങ്ങള്‍ 'ലോകാദ്ഭുതങ്ങളുടെ നാട്ടിലൂടെ' എന്ന പേരില്‍ ദീപനാളം പബ്ലിക്കേഷന്‍സ് പുസ്തകരൂപത്തില്‍ ഉടന്‍ പ്രസിദ്ധീകരിക്കാനിരിക്കേയാണ് അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം. ജീവിതാന്ത്യംവരെ എഴുത്തിലും വായനയിലും പഠനത്തിലും വ്യാപൃതനായിരുന്നു അദ്ദേഹം. 'ഒരു പാലാക്കാരന്റെ ഹൃദയത്തുടിപ്പുകള്‍' സാംസണ്‍ പാലായുടെ അനുഭവക്കുറിപ്പുകളാണ്. ഏതു വായനക്കാരനെയും പിടിച്ചിരുത്തുന്നവയാണ് അദ്ദേഹത്തിന്റെ ജീവിതകഥയും സംഭവബഹുലമായ സ്മരണകളും.
വലിയൊരു സുഹൃദ്ബന്ധത്തിനുടമയായിരുന്നു സാംസണ്‍. ദീപനാളത്തിന്റെ ചിരകാലസുഹൃത്തും എഴുത്തുകാരനുമായിരുന്ന സാംസണ്‍ പാലായുടെ ഓര്‍മകള്‍ക്കുമുമ്പില്‍ പ്രണാമം.
- ജോയി മുത്തോലി