ന്യൂഡല്‍ഹി: പ്രഫ. എം. തോമസ് മാത്യുവിനും ചാത്തനാത്ത് അച്യുതനുണ്ണിക്കും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം. ആശാന്റെ സീതായനം എന്ന കാവ്യനിരൂപണഗ്രന്ഥത്തിനാണ് പ്രഫ. എം. തോമസ് മാത്യുവിനു പുരസ്‌കാരം. സംസ്‌കൃതകൃതി വാമനാചാര്യന്റെ കാവ്യാലങ്കാരസൂത്രവൃത്തിയുടെ മലയാളപരിഭാഷയ്ക്കാണ് ചാത്തനാത്ത് അച്യുതനുണ്ണിക്ക് പുരസ്‌കാരം ലഭിച്ചത്. കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം മലയാളം വിഭാഗത്തില്‍ സി. രാധാകൃഷ്ണന്‍, ഡോ. എം.എം. ബഷീര്‍, സക്കറിയ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം മാര്‍ച്ച് 11 ന് വിതരണം ചെയ്യും.
ഗോത്രസാഹിത്യകാരന്‍ നാരായന്റെ മലയാളം നോവല്‍ കൊച്ചരേത്തി; 'അരയനാരി' എന്ന പേരില്‍ ആസാമീസ് ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയ ജൂറി ദത്തയ്ക്കു പരിഭാഷയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. പ്രശസ്ത തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്റെ പുനാച്ചി എന്ന നോവല്‍ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ എന്‍. കല്യാണരാമനും പരിഭാഷയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. പരിഭാഷയ്ക്കുള്ള പുരസ്‌കാരത്തിന്റെ മലയാളവിഭാഗത്തില്‍ ഡോ. കെ.സി. അജയകുമാര്‍, കെ.എസ്. വെങ്കിടാചലം, ഡോ. സുനില്‍ പി. ഇളയിടം എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍, 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ക്ക് കവിതാവിഭാഗത്തില്‍നിന്ന് ഏഴും ആറു നോവലുകളും രണ്ടു ചെറുകഥാസമാഹാരങ്ങളും മൂന്നു നാടകങ്ങളും രണ്ടു വിമര്‍ശനങ്ങളും ആത്മകഥ, ലേഖനം, ലേഖനസമാഹാരം, സാഹിത്യചരിത്രം എന്നീ വിഭാഗങ്ങളില്‍നിന്ന് ഓരോ കൃതിയുമാണ് തിരഞ്ഞെടുത്തത്.
സി. രാധാകൃഷ്ണന് വിശിഷ്ടാംഗത്വം
മലയാളത്തിലെ പ്രമുഖ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം. ഇന്ത്യയിലെ മുതിര്‍ന്ന സാഹിത്യകാരന്മാര്‍ക്കു നല്‍കുന്ന അംഗീകാരമാണ് വിശിഷ്ടാംഗത്വം. ഇതിനുമുമ്പ് മലയാളത്തില്‍നിന്ന് എം.ടി. വാസുദേവന്‍നായര്‍ക്കാണ് കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കിയിട്ടുള്ളത്. കെ.പി. രാമനുണ്ണി, എസ്. മഹാദേവന്‍ തമ്പി, വിജയലക്ഷ്മി എന്നിവരെയും കേന്ദ്രസാഹിത്യഅക്കാദമി സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.