യേശുവിന്‍ നാമത്തിലൊരുമിച്ചുകൂടാം
ആശ്വാസമേകുമാ നാമം ഭജിക്കാം
യേശുവിന്‍ നാമത്തെ പാടിസ്തുതിക്കാം
വിശ്വാസപൂര്‍വമാ നാമത്തെ വാഴ്ത്താം
ആദിയിലുരുവായൊരീശ്വരനാമം
ആരിലുമുന്നതമായോരു നാമം
ആകുലര്‍ക്കാശ്വാസമേകുന്ന നാമം
ആരാധ്യനാഥന്റെ പാവനനാമം
പറുദീസാ തന്നില്‍ വെളിവായ നാമം
പാരിന്റെ ശാപമകറ്റുമീ നാമം
പാതയിലൊളിവീശും രക്ഷതന്‍ നാമം
പാലകനേശുവിന്‍ ദിവ്യമാം നാമം
കന്യകമേരിയിലുരുവായ നാമം
കാലിത്തൊഴുത്തിന്റെ ശോഭയാം നാമം
കന്മഷമെന്യേ ജനിച്ചൊരു നാമം
കാലങ്ങളേറെത്തിരഞ്ഞോരു നാമം
സ്‌നേഹത്തിന്‍ രൂപമെടുത്തൊരു നാമം
സ്‌തോത്രത്തിനേറ്റം യോഗ്യമാം നാമം
സ്ഥലകാലബന്ധത്തിനുപരിയാം നാമം
സ്തുതികളിലെന്നും വാഴുന്ന നാമം
അന്ധകാരത്തെത്തുളയ്ക്കുന്ന നാമം
അന്ധന്റെ കണ്ണു തുറന്നോരു നാമം
അവനിയിലാലംബമേകുന്ന നാമം
അനുദിനം കൃപനല്‍കും ശ്രീയേശുനാമം
ആഴിയില്‍ത്താഴുന്നോര്‍ക്കഭയമാം നാമം
ആശ്വാസദ്വീപാകും രക്ഷതന്‍ നാമം
ആത്മാവിനെ നിത്യം പുണരുന്ന നാമം
ആത്മീയജീവന്റെ തുടിപ്പാകും നാമം
കരയുന്നോര്‍ക്കാശ്വാസമേകുമീ നാമം
കരകാണാക്കടലിലെ തുണയാകും നാമം
കരുണതന്‍ നിറകുടമായൊരു നാമം
കരുതലിന്‍ കരമേകും യേശുവിന്‍ നാമം
കുരുത്തോലസ്തുതികള്‍ക്കര്‍ഹമാം നാമം
കുരിശിന്റെ വഴിയേ നടന്നൊരു നാമം
കുരുതിയായ് സ്വയമേകുമാസ്‌നേഹനാമം
കൂരിരുള്‍ മാറ്റുമീ ജ്യോതിയാം നാമം
ചമ്മട്ടിയടിയെപ്പുണര്‍ന്നോരു നാമം
ചിതറിയ ദേഹം ബലിയേകിയ നാമം
ചെഞ്ചോരയാലെന്നെക്കഴുകിയ നാമം
ചങ്കുപിളര്‍ന്നെന്നെ സ്‌നേഹിച്ച നാമം
മൂന്നാം ദിനത്തിലുയര്‍ത്തോരു നാമം
മൂന്നുലോകങ്ങള്‍ക്കുമധിപനാം നാമം
മൂന്നാളുകള്‍ ചേര്‍ന്നൊരേകമാം നാമം
മൂലശിലയായിത്തീര്‍ന്നോരു നാമം
നാവുകളേറ്റേറ്റു പാടുന്ന നാമം
നസ്രായനേശുവിന്‍ നവ്യമാം നാമം
നറുതേനിന്‍ മാധുര്യമുള്ളൊരു നാമം
നരകുലരക്ഷകനേശുവിന്‍ നാമം
ഓസ്തിതന്‍ സത്തയെ മാറ്റുന്ന നാമം
ഓരോ ദിനത്തിലുമെഴുന്നള്ളും നാമം
ഓര്‍മയില്‍ നിത്യം തെളിയുന്ന നാമം
ഒരിക്കലുമകലാത്ത സ്‌നേഹമാം നാമം
വരുവിന്‍ നമുക്കേറ്റു പാടിസ്തുതിക്കാം
വിശൈ്വകനാഥന്റെ ഈടുറ്റ നാമം