പാലാ: അധ്യാപകരുടെ നിയമനപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണെന്നു മന്ത്രി റോഷി അഗസ്റ്റിന്‍. പാലാ കോര്‍പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സി സംഘടിപ്പിച്ച അധ്യാപക - അനധ്യാപക മഹാസംഗമത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. അധ്യാപകരുടെ നിയമനം അംഗീകരിക്കുന്നതില്‍ തടസ്സവാദങ്ങള്‍ ഉന്നയിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. അധ്യാപകര്‍ തങ്ങളെത്തന്നെ വിദ്യാര്‍ഥികളോടു ചേര്‍ത്തുവയ്ക്കുമ്പോഴാണ് വിദ്യാഭ്യാസം പൂര്‍ണമാകുന്നതെന്നും കുട്ടികളില്‍നിന്ന് അറിവു നേടുവാന്‍ അധ്യാപകര്‍ തയാറാകണമെന്നും ബിഷപ് പറഞ്ഞു.
ജോസ് കെ. മാണി എം.പി. മുഖ്യപ്രഭാഷണം നടത്തി. തോമസ് ചാഴികാടന്‍ എം.പി. സമ്മാനദാനം നിര്‍വഹിച്ചു. കോര്‍പറേറ്റ് സെക്രട്ടറി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, വാര്‍ഡ് കൗണ്‍സിലര്‍ മായാ രാഹുല്‍, റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എം. സന്തോഷ്‌കുമാര്‍, കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റെജിമോന്‍ കെ. മാത്യു എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ അധ്യാപക-അനധ്യാപക മഹാസംഗമത്തിന്റെ ഉദ്ഘാടനം മാണി സി. കാപ്പന്‍ എം.എല്‍.എ നിര്‍വഹിച്ചു. സാമൂഹികപുരോഗതിയുടെ ചാലകശക്തികളായി മാറാന്‍ അധ്യാപകര്‍ക്കു മാത്രമേ സാധിക്കുകയുള്ളൂവെന്ന് എംഎല്‍എ പറഞ്ഞു. രൂപത വികാരി ജനറാള്‍ മോണ്‍. ഡോ. ജോസഫ് മലേപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ടി.കെ. ജോസ് ക്ലാസെടുത്തു.
പാലാ നഗരസഭ പ്രതിപക്ഷനേതാവ് പ്രഫ. സതീഷ് ചൊള്ളാനി, അക്കാദമിക് കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോണ്‍ കണ്ണന്താനം, ടീച്ചേഴ്‌സ് ഗില്‍ഡ് ഡയറക്ടര്‍ ഫാ. ജോര്‍ജ് വരകുകാലാപ്പറമ്പില്‍, ടീച്ചേഴ്‌സ് ഗില്‍ഡ് മധ്യമേഖലാ പ്രസിഡന്റ് ജോബി കുളത്തറ, പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാത്യു എം. കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.