ബാര്‍ബസേന: തന്റെ കന്യകാത്വവും ജീവിതവിശുദ്ധിയും സംരക്ഷിക്കുന്നതിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ബ്രസീല്‍ സ്വദേശിനി ഇസബെല്‍ ക്രിസ്റ്റീനയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. വിശുദ്ധി സംരക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെ കത്തിക്കുത്തേറ്റാണ് ഇസബെല്‍ മരണപ്പെട്ടത്. 2022 ഡിസംബര്‍ 10 ന് ബ്രസീലിലെ ബാര്‍ബസേനയില്‍ നടന്ന പ്രഖ്യാപനച്ചടങ്ങില്‍ കര്‍ദിനാള്‍ റെയ്മുണ്ടോ ഡമാസ്സെനോ അസ്സിസ്, ഫ്രാന്‍സിസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് മുഖ്യകാര്‍മികത്വം വഹിച്ചു. ത്രികാലപ്രാര്‍ത്ഥനയ്ക്കുശേഷം നല്‍കിയ സന്ദേശത്തില്‍ പാപ്പാ വാഴ്ത്തപ്പെട്ട ഇസബെല്‍ ക്രിസ്റ്റീനയെ പ്രത്യേകം അനുസ്മരിച്ചിരുന്നു. അവളുടെ വീരോചിതമായ മാതൃക, യുവജനങ്ങള്‍ക്ക് വിശ്വാസത്തോടും സുവിശേഷത്തോടുമുള്ള ആഭിമുഖ്യം സാക്ഷ്യപ്പെടുത്താന്‍ പ്രചോദനമേകുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.
ഇടത്തരം കുടുംബത്തില്‍ ജനിച്ച ഇസബെല്‍ ചെറുപ്പം മുതല്‍ ഇടവകപ്പള്ളിയില്‍ സജീവമായി ബലിയര്‍പ്പണങ്ങളിലും ഇതര തിരുക്കര്‍മങ്ങളിലും പങ്കുചേര്‍ന്നിരുന്നു. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ യുവജനവിഭാഗത്തില്‍ അവള്‍ സജീവമായിരുന്നു. തീക്ഷ്ണമായ പ്രാര്‍ത്ഥനയും അടിയുറച്ച വിശ്വാസവും കൂടക്കൂടെയുള്ള കുമ്പസാരവും വിശ്വാസതീക്ഷ്ണതയും അവളുടെ ആത്മീയ ജീവിതത്തിന്റെ മുഖമുദ്രയായി മാറി. ഒരു ശിശുരോഗവിദഗ്ധയാകാന്‍ അവള്‍ ഏറെ ആഗ്രഹിച്ചു. 1980 ഡിസംബര്‍ 8 ന് അവള്‍ പ്രൊഫഷണല്‍ ഡിപ്ലോമാ നേടി. പിന്നീട് മെഡിക്കല്‍ പഠനം ആരംഭിക്കാന്‍ ജൂയിസ് ഡി ഫോറയിലേക്ക് (ബ്രസീല്‍) താമസം മാറി. സഹോദരനൊപ്പമായിരുന്നു താമസം.
ഇസബെല്‍ ക്രിസ്റ്റീനയുടെ വീട്ടില്‍ അലമാര ഒരുക്കാന്‍ വന്ന യുവാവ് അവളുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായി പിന്നാലെ കൂടി. അയാളുടെ പല അഭിപ്രായപ്രകടനങ്ങളിലും അവള്‍ ക്രമേണ അസ്വസ്ഥയായി. പ്രത്യക്ഷമായും പരോക്ഷമായുമുള്ള അവന്റെ ജഡികതിന്മ അവന്‍ പ്രകടിപ്പിച്ചെങ്കിലും തനിക്കു താത്പര്യമില്ലെന്നു പറഞ്ഞ് അവള്‍ ഒഴിഞ്ഞുമാറുകയും വേഗത്തില്‍ ജോലിതീര്‍ത്തു മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 1982 സെപ്തംബര്‍ ഒന്നിന് വൈകുന്നേരം സഹോദരന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് അവളുടെ മൃതദേഹമായിരുന്നു. ലൈംഗികാതിക്രമത്തിനു ശ്രമിച്ചതിന്റെ അടയാളങ്ങളോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്.
വിശുദ്ധിക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച് ഈശോയുടെ സന്നിധിയിലേക്കു യാത്രയായപ്പോള്‍ അവള്‍ക്ക് 20 വയസ്സു മാത്രമായിരുന്നു ഉണ്ടായിരുന്നത്. വീട്ടില്‍വച്ചുണ്ടായ ബലാത്സംഗശ്രമത്തെ ഇസബെല്‍ ശക്തിയുക്തം എതിര്‍ത്തുവെന്ന് പോലീസ് സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച്, അവളുടെ കന്യകാത്വം നഷ്ടപ്പെട്ടിരുന്നില്ല.
2000 ല്‍ ഇസബെല്‍ ക്രിസ്റ്റീനയെ ദൈവദാസിയായി പ്രഖ്യാപിച്ചു. 2020 ഒക്ടോബര്‍ 27 നു നീണ്ട നാളത്തെ പഠനങ്ങള്‍ക്ക് ഒടുവില്‍ 'ഡിഫെന്‍സം കാസ്റ്റിറ്റൈറ്റിസ്' (കന്യകയായി സ്വയം സംരക്ഷിക്കാന്‍ ആക്രമണത്തെ അഭിമുഖീകരിച്ച) പ്രകാരം രക്തസാക്ഷിയായി സ്ഥിരീകരിച്ച് ഫ്രാന്‍സിസ് പാപ്പാ ഡിക്രിയില്‍ ഒപ്പുവച്ചു. അവളെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാന്‍ അംഗീകാരം നല്‍കി. മഹാമാരിയെത്തുടര്‍ന്നു നാമകരണനടപടികള്‍ നീണ്ടുപോകുകയായിരുന്നു. ഡിസംബര്‍ 10 ന് നടന്ന നാമകരണച്ചടങ്ങില്‍ പങ്കെടുക്കാന്‍ നൂറുകണക്കിനാളുകളാണ് മരിയാന അതിരൂപതയില്‍ സ്ഥിതി ചെയ്യുന്ന ബാര്‍ബസെന ഔവര്‍ ലേഡി ഓഫ് മേഴ്സി ദേവാലയത്തില്‍ എത്തിച്ചേര്‍ന്നത്.