കര്‍ദിനാള്‍ റോബര്‍ട്ട് സറാ രചിച്ച 'ആദ്ധ്യാത്മികജീവിതത്തിേെ#ാന്റ മതബോധനം' എന്ന ഗ്രന്ഥത്തെക്കുറിച്ച് ഒരു പഠനം.
ഈജിപ്തിലെ അടിമത്തത്തില്‍നിന്ന് ദൈവം തന്റെ ജനത്തെ മോചിപ്പിച്ചതുപോലെ, പാപത്തിന്റെ അടിമത്തത്തില്‍നിന്ന് നമ്മളെയും ദൈവം മോചിപ്പിച്ചെങ്കില്‍ മാത്രമേ, ക്രിസ്തീയ ജീവിതം അതിന്റെ നിറവില്‍ ജീവിക്കാന്‍ നമുക്കു സാധിക്കുകയുള്ളൂ. ക്രിസ്തീയജീവിതം പരിശുദ്ധ ത്രിത്വത്തിന്റെ ജീവിതത്തിലുള്ള നമ്മുടെ പങ്കാളിത്തമാണ്.
''തന്റെ നന്മയിലും ബുദ്ധിയിലും ജ്ഞാനത്തിലും ദൈവംതന്നെത്തന്നെ വെളിപ്പെടുത്താനും, തന്റെ തിരുച്ചിത്തത്തിന്റെ രഹസ്യം അറിയിക്കാനും (എഫേ. 1,9) തിരുമനസ്സായി. അതുമൂലം മനുഷ്യര്‍ക്കു മാംസം ധരിച്ച വചനമായ ക്രിസ്തുവഴി പരിശുദ്ധാത്മാവില്‍ പിതാവിന്റെ പക്കല്‍ പ്രവേശനം ലഭിക്കുന്നതിനും അവര്‍ ദൈവസ്വഭാവത്തിന്റെ പങ്കുകാരാക്കപ്പെടുന്നതിനുംവേണ്ടിയാണിത്.'' (രണ്ടാം വത്തിക്കാന്‍ സൂനഹദോസ്, ദൈവാവിഷ്‌കരണം നമ്പര്‍ 2).
ഇപ്രകാരം എഴുതിത്തുടങ്ങുന്ന കര്‍ദിനാള്‍ റോബര്‍ട്ട് സറാ പറയുന്നു: ''മിശിഹായോടുള്ള സാഹോദര്യവും ഐക്യവുമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.'' (പേജ് 142).
ധന്യനായ ഫുള്‍ട്ടെന്‍ ജെ. ഷീന്‍ ഇക്കാര്യം മനോഹരമായി വിശദീകരിക്കുന്നുണ്ട്. കര്‍ത്താവിനെ കൈകൊട്ടി സ്തുതിക്കുന്നതുകൊണ്ടോ മതപരമായ കാര്യങ്ങള്‍ക്കു സംഭാവന ചെയ്തതുകൊണ്ടോ ഒരാള്‍ ക്രൈസ്തവജീവിതത്തില്‍ വളരുന്നില്ല. മിശിഹാ ദൈവപുത്രനാണന്നു വിശ്വസിക്കുകയും ആത്മാവില്‍ മിശിഹായുടെ ജീവന്‍ ഉണ്ടായിരിക്കുകയും ചെയ്യുന്നവനാണു യഥാര്‍ത്ഥ ക്രിസ്ത്യാനി എന്നാണ് ഫുള്‍ട്ടന്‍ ജെ. ഷീന്‍ പ്രസ്താവിക്കുന്നത്.
ഇതാണ് നമ്മുടെ ജീവിതലക്ഷ്യമെന്ന് അംഗീകരിച്ചാല്‍, സമൂലമായ മാനസാന്തരത്തിന്റെ മാര്‍ഗത്തിലൂടെ ഈ ജീവിതലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ് ഈ ലോകജീവിതമെന്ന് നമുക്കു ബോധ്യമാകും. വിശുദ്ധഗ്രന്ഥത്തിലുടനീളം മാനസാന്തരത്തിന്റെ ധാരാളം സന്ദര്‍ഭങ്ങള്‍ കാണാവുന്നതാണ്.
ഒളിച്ചോട്ടം
മാനസാന്തരത്തില്‍നിന്നും മാനസാന്തരം പ്രസംഗിക്കുന്നതില്‍നിന്നും ഒളിച്ചോടുന്ന യോനായുടെ കാര്യമാണ് ഗ്രന്ഥകാരന്‍ വിവരിക്കുന്നത്. ദൈവത്തില്‍നിന്നും മനുഷ്യരില്‍നിന്നും തന്നില്‍നിന്നുതന്നെയും ഒളിച്ചോടുന്നവരുടെ പ്രതീകമാണ് യോനാപ്രവാചകന്‍. ഒളിച്ചോടാന്‍ കയറിയ കപ്പല്‍ കടല്‍ക്ഷോഭത്തില്‍പ്പെട്ടതുപോലെ ജീവിതത്തിലെ ചില തിക്താനുഭവങ്ങള്‍ നന്മയ്ക്കായി പരിണമിക്കാം. അപ്പോള്‍ സഭയുടെ സ്വരം ഉറക്കത്തില്‍നിന്ന് ഉണര്‍ന്ന് ദൈവത്തെ വിളിച്ചപേക്ഷിക്കാന്‍ ആവശ്യപ്പെടുന്നതായി അനുഭവപ്പെടും. നമ്മുടെ പാപങ്ങളുടെ ഭാണ്ഡങ്ങള്‍ കടലില്‍ വലിച്ചെറിയണം. നമ്മുടെ അഹങ്കാരവും വിരസതയും മന്ദതയുമെല്ലാം വലിച്ചെറിയണം. ചില സ്‌നേഹബന്ധങ്ങള്‍വരെ ഉപേക്ഷിക്കേണ്ടിവരും. ജഡികതയുടെ ഭാണ്ഡങ്ങളാണ് വലിച്ചെറിയേണ്ടതെന്ന് വി. പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നു: ''ജഡത്തിന്റെ പ്രവൃത്തികള്‍ വ്യക്തമാണ്. വ്യഭിചാരം, അശുദ്ധി, ദുഷ്‌കാമം, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, വൈരാഗ്യം, കോപം, ശാഠ്യം, ഭിന്നത, കക്ഷിമാത്സര്യം, അസൂയ, കൊല, മദ്യപാനം, മദിരോത്സവം ഇവയ്ക്കു തുല്യമായ മറ്റു പ്രവൃത്തികളുമാണവ. (ഗലാ. 5. 19-21).
ഈ ചിന്തകള്‍ നമ്മെ ഒരു കണ്ടെത്തലിലേക്കു നയിക്കണമെന്നാണ് കര്‍ദിനാള്‍ സറാ പ്രസ്താവിക്കുന്നത്. നമ്മുടെ അസ്തിത്വത്തെ ആകമാനം ബാധിക്കുന്ന ഈ കണ്ടെത്തല്‍, വളരെ ലളിതമായ ഒരു സത്യമാണ്: ''മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, മുഴുഹൃദയത്തോടും മുഴുവാത്മാവോടും പൂര്‍ണശക്തിയോടുംകൂടി ദൈവത്തെ സ്‌നേഹിക്കാനും (മര്‍ക്കോസ് 12,30) ''ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുക'' (യോഹ. 13, 34) എന്ന പുതിയ കല്പന പാലിക്കാനുമാണ്.
എന്നാല്‍, ദൈവത്തിനെതിരേ തിരിയാനും സഹോദരനെ ഇല്ലായ്മ ചെയ്യാനുമുള്ള ഒരു പ്രേരണ ആദ്യകാലംമുതല്‍ മനുഷ്യനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ പശ്ചാത്തലത്തില്‍ വേണം 'മാനസാന്തരപ്പെടുവിന്‍' എന്ന ഈശോയുടെ ആഹ്വാനം മനസ്സിലാക്കാന്‍. തെറ്റുചെയ്തിട്ട് ദൈവത്തിന്റെ മുമ്പില്‍നിന്ന് ഒളിവില്‍ പോകാനുള്ള ശ്രമം വിജയിക്കില്ല. മാനസാന്തരത്തിലേക്കുള്ള ഈ വിളി കേള്‍ക്കുകമാത്രമേ കരണീയമായിട്ടുള്ളൂ. അതുകൊണ്ടാണ് അനുരഞ്ജനകൂദാശ മാനസാന്തരത്തിന്റെ കൂദാശയായിരിക്കുന്നത്.
മിക്കവാറും നമ്മള്‍ നയിക്കുന്നത് ഉപരിപ്ലവമായ ഒരു ജീവിതമാണ്. ഒഴുക്കിനൊപ്പം ഒഴുകുന്ന പൊങ്ങുതടികളാകാതെ ഒഴുക്കിനെതിരേ നീന്താന്‍ കഴിവുള്ള വ്യക്തികളായി മാറുന്നതിലാണ് മാനസാന്തരം അടങ്ങിയിരിക്കുന്നതെന്നും അതുകൊണ്ട് മാനസാന്തരം എന്ന വാക്കിനെ നിസ്സാരമായി കണക്കാക്കരുതെന്നും ബനഡിക്ട് പതിനാറാമന്‍ പാപ്പാ 2010 ഫെബ്രുവരി 17-ാം തീയതിയിലെ സന്ദേശത്തില്‍ ഉദ്‌ബോധിപ്പിക്കുകയുണ്ടായി. മാസാന്തരമെന്നത് ഒരു ധാര്‍മികതീരുമാനം മാത്രമല്ലെന്നും സുവിശേഷംതന്നെയായ ഈശോമിശിഹായെ അഭയം പ്രാപിക്കുകയാണെന്നും പരിശുദ്ധപിതാവ് പഠിപ്പിക്കുന്നു.
ക്രിസ്തീയ മാനസാന്തരത്തിന്റെ മൗലികത
ഈശോയുടെ മുമ്പാകെ പക്ഷം ചേര്‍ന്നേ തീരൂ എന്ന് സുവിശേഷത്തിലെ പല സന്ദര്‍ഭങ്ങളും നമ്മെ പഠിപ്പിക്കുന്നു. ''നിങ്ങള്‍ക്ക് ദൈവത്തെയും മാമ്മോനെയും ഒരേസമയം സേവിക്കാന്‍ സാധിക്കുകയില്ല.'' (വി. മത്താ. 6,24).
സ്വര്‍ഗത്തില്‍നിന്നുള്ള അപ്പം താനാകുന്നുവെന്നും മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്'' (യോഹ. 6, 54) എന്നുമുള്ള വാക്കുകള്‍, ഈശോയുടെ ശിഷ്യന്മാര്‍ പലരും അവിടുത്തെ ഉപേക്ഷിച്ചുപോകാന്‍ കാരണമായി. രണ്ടിലൊന്നു തീരുമാനിക്കേണ്ടി വരുന്നു.
മാമ്മോദീസായുടെ അര്‍ഥം പാപത്തിനു മരിച്ച് പുതുജീവനിലേക്ക് ഉയര്‍ത്തെഴുന്നേല്‍ക്കുകയാണെന്നും വി. പൗലോസ് പഠിപ്പിക്കുന്നു (റോമ. 6, 2-4).
പാപവും ക്രിസ്തീയജീവിതവും ഒരുതരത്തിലും ഒത്തുപോവുകകയില്ല. ഈ പ്രസ്താവനയ്ക്ക് ഉപോദ്ബലകമായി, എഫേസൂസിലെ സഭയ്ക്ക് വി. പൗലോസ് ശ്ലീഹാ എഴുതിയ ലേഖനഭാഗങ്ങളാണ് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിക്കുന്നത്. അതിനാല്‍, നിങ്ങളുടെ പഴയ ജീവിതരീതിയെ ദുരാശകളാല്‍ ജീര്‍ണിച്ച ആ പഴയ മനുഷ്യനെ - നിങ്ങളില്‍നിന്ന് അകറ്റുവിന്‍. നിങ്ങള്‍ ആന്തരികമായി നവീകരിക്കപ്പെടണം. നീതിയിലും യഥാര്‍ഥമായ വിശുദ്ധിയിലും ദൈവം സൃഷ്ടിച്ച പുതിയ മനുഷ്യനെ ധരിക്കേണ്ടതിനാണിത്. (എഫേ. 4, 22-44).
മിശിഹായുടെ തിരുരക്തത്താല്‍ വീണ്ടെടുക്കപ്പെട്ടവനായ ക്രൈസ്തവന്‍ പിശാചിന്റെ അടിമത്തത്തിലേക്കു തിരികെ പ്പോകുന്നത് ക്രൈസ്തവന്‍ അവന്റെ മാഹാത്മ്യം - അവന്‍ മാമോദീസാവഴി ദൈവികജീവനില്‍ പങ്കുകാരനാണന്ന യാഥാര്‍ഥ്യം - വിസ്മരിക്കുന്നതുകൊണ്ടാണെന്ന് മഹാനായ ലിയോ മാര്‍പാപ്പാ പ്രസ്താവിക്കുന്നുണ്ട്.
ഈ സന്ദര്‍ഭത്തില്‍ ഏറ്റവും അനുയോജ്യമായ തിരുവചനഭാഗമാണ് കര്‍ദിനാള്‍ സറാ നമ്മുടെ വിചിന്തനത്തിനായി നല്കുന്നത്. ''പാപമെല്ലാം ദുഷ്ടതയാകയാല്‍ പാപം ചെയ്യുന്നവന്‍ ദുഷ്ടത പ്രവര്‍ത്തിക്കുന്നു... പാപം ചെയ്യുന്നവന്‍ പിശാചില്‍നിന്നുള്ളവനാണ്. ആദിമുതലേ പിശാച് പാപിയാണ്. പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കാനാണ് ദൈവപുത്രന്‍ പ്രത്യക്ഷനായത്. ദൈവത്തില്‍നിന്ന് ജനിച്ചവന്‍ പാപം ചെയ്യുന്നില്ല. കാരണം, ദൈവത്തിന്റെ ചൈതന്യം അവനില്‍ വസിക്കുന്നു. ദൈവത്തില്‍നിന്നു ജനിച്ചവനാകയാല്‍, പാപം ചെയ്യുക അവനു സാധ്യമല്ല. (1 യോഹ. 3, 8-9).
ദൈവമക്കള്‍ എന്ന സ്ഥാനം നമ്മോട് ആവശ്യപ്പെടുന്ന ജീവിതവിശുദ്ധിയുടെ അഭാവത്തെപ്പറ്റിയുള്ള അവബോധം നമ്മെ ഭയത്താല്‍ ഞെട്ടി വിറപ്പിക്കുമെന്ന് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നുണ്ട്. ''അവന്റെ പൂര്‍ണതയില്‍നിന്നു കൃപയ്ക്കുമേല്‍ കൃപ പ്രാപിച്ചിരിക്കുന്നതുകൊണ്ട് (യോഹ. 1, 16) ദൈവശക്തിയാല്‍ അനുദിനം പാപത്തിനു മരിക്കാന്‍ നമുക്കു കഴിയണം.
മിശിഹായുടെ തിരുവുത്ഥാനംവഴി മരണം മരിച്ചെന്നും ഈ വിജയത്താല്‍ നമ്മിലും മരണം മരിച്ചെന്നും വിശുദ്ധ ആഗസ്തിനോസ് പഠിപ്പിക്കുന്നുണ്ട്.
മിശിഹായുടെ ഉത്ഥാനത്തില്‍ അനുദിനം പങ്കുകാരനാകുന്ന നമ്മുടെ ഈ ലോകജീവിതം ഒരു നിരന്തരമായ ഉയര്‍പ്പുതിരുനാളാണ്. അനുദിനം ജീവിതത്തിന്റെ നിരവധി വേദനാജനകമായ പരീക്ഷണങ്ങളെ അതിജീവിക്കാനും മിശിഹായുടെ നാമത്തെപ്രതി പീഡിപ്പിക്കപ്പെടാനും രക്തസാക്ഷിത്വം വരിക്കാനും തയ്യാറായിരിക്കണമെന്ന് ഈശോ തന്റെ അനുയായികള്‍ക്കു മുന്നറിയിപ്പു നല്കിയിട്ടുള്ളതാണ്. ''ഞാന്‍ നിമിത്തം അവര്‍ നിങ്ങളെ നാടുവാഴികളുടെയും രാജാക്കന്മാരുടെയും മുമ്പില്‍ ഹാജരാക്കും. എന്റെ നാമം നിമിത്തം. എല്ലാവരും നിങ്ങളെ വെറുക്കും. എന്നാല്‍, അവസാനംവരെ സഹിച്ചുനില്ക്കുന്നവന്‍ ജീവിക്കും.''(വി. മത്താ. 10, 18 & 22).
മാനസാന്തരത്തിന്റെ വഴി നിത്യജീവനിലേക്കാണ് നമ്മെ നയിക്കുന്നത്.