രണ്ടായിരം വര്‍ഷംമുമ്പ് ക്രിസ്തുവിന്റെ പിറവിയുടെ സന്ദേശം ലോകം ശ്രവിച്ചത്, ''ഭയപ്പെടേണ്ടാ'' എന്ന വാക്കോടെയായിരുന്നു. ക്രിസ്തുവിന്റെ പിറവിയെപ്പറ്റി ആട്ടിടയന്മാരെ അറിയിക്കാന്‍ വന്ന കര്‍ത്താവിന്റെ ദൂതന്‍ ആദ്യം പറഞ്ഞത് ഈ വാക്കായിരുന്നു. ബൈബിളിലെ പുതിയനിയമത്തില്‍ ലൂക്കോസിന്റെ സുവിശേഷം രണ്ടാം അധ്യായത്തില്‍ ഈ കാര്യം വിവരിക്കുന്നുണ്ട്. ക്രിസ്തു പിറന്ന സദ്വാര്‍ത്ത അറിയിക്കാന്‍ ദൂതന്‍ വന്നപ്പോള്‍ കര്‍ത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി. പാവം ആട്ടിടയന്മാര്‍ ഇതു കണ്ടിട്ട് ഭയപരവശരായതു ദര്‍ശിച്ചപ്പോഴാണ് അവരോട് ''ഭയപ്പെടേണ്ടാ'' എന്നു പറഞ്ഞത്. അതിനുശേഷമായിരുന്നു, 'സര്‍വജനത്തിനും ഉണ്ടാകാനുള്ള ഒരു മഹാസന്തോഷം ഞാന്‍ നിങ്ങളോടു സുവിശേഷിക്കുന്നു, കര്‍ത്താവായ ക്രിസ്തുതന്നെ രക്ഷിതാവ്. ഇന്നു ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു' എന്നു ദൂതന്‍ പ്രസ്താവിച്ചത്.
കര്‍ത്താവിന്റെ തേജസ്സ് തങ്ങളെ ചുറ്റിമിന്നിയതുകൊണ്ടു മാത്രമല്ല ആട്ടിയന്മാര്‍ അന്നു ഭയചകിതരായത്. രണ്ടായിരം വര്‍ഷംമുമ്പ് പാലസ്റ്റീന്‍ജനത അതീവദുരിതത്തിലായിരുന്നു. റോമാസാമ്രാജ്യത്തിന്റെ കീഴില്‍ ആ ജനത സംതൃപ്തരായിരുന്നില്ല. മതനേതൃത്വത്തിന്റെയും ഭൂപ്രഭുക്കന്മാരുടെയും കീഴില്‍ പാവപ്പെട്ട ജനങ്ങള്‍ അനീതിയും അശാന്തിയും അനുഭവിച്ചുവരികയായിരുന്നു.
ഇപ്രകാരം അനീതിയും അശാന്തിയും നിലനിന്നിരുന്ന ഒരു ജനതയുടെ ഇടയിലേക്കാണ് ക്രിസ്തു പിറന്ന വാര്‍ത്തയുമായി ദൂതന്‍ പ്രത്യക്ഷപ്പെട്ടത്. ഒരു രക്ഷകനുവേണ്ടി ആ ജനത അന്നു കാത്തിരിക്കുകയായിരുന്നു. അധികാരവര്‍ഗത്തെ ഭയത്തോടെയും ഭീതിയോടെയും കണ്ടിരുന്ന ആ ജനത ശാന്തിയും സമാധാനവും കാംക്ഷിച്ചവരായിരുന്നു. അനീതിയില്‍നിന്നും അരാജകത്വത്തില്‍നിന്നും സംഘര്‍ഷങ്ങളില്‍നിന്നും മോചനം നേടാന്‍ അവര്‍ മോഹിച്ചിരുന്നു. ഇപ്രകാരമുള്ള ഒരു ലോകത്താണ് രണ്ടായിരം വര്‍ഷംമുമ്പ് ക്രിസ്തു പിറന്നത്. 'ഭയപ്പെടേണ്ടാ' എന്ന ആമുഖവാക്കോടെയാണ് യേശുദേവന്‍ പിറന്ന വാര്‍ത്ത അന്നു ശ്രവിച്ചതെങ്കില്‍ ഇന്നു ക്രിസ്മസ് ആഘോഷിക്കുന്ന വേളയിലും തിരുപ്പിറവിയുടെ മുഖ്യസന്ദേശം ആരും 'ഭയപ്പെടേണ്ടാ' എന്നുതന്നെയാണ്. രണ്ടായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലോകജനത ഇന്നും ഭയത്തിന്റെയും മരണത്തിന്റെയും പ്രതിസന്ധികളുടെയും സംഘര്‍ഷങ്ങളുടെയും കരാളഹസ്തങ്ങളില്‍ത്തന്നെയാണ്. യുദ്ധങ്ങള്‍, കലാപങ്ങള്‍, വര്‍ഗീയസംഘര്‍ഷങ്ങള്‍, മതസംഘര്‍ഷങ്ങള്‍, ദാരിദ്ര്യം, തൊഴിലില്ലായ്മ, ചൂഷണം, അഴിമതി, ഭരണാധികാരികളുടെ ധാര്‍ഷ്ട്യം എന്നിങ്ങനെ സാധാരണജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും വര്‍ധിച്ചുവരികയാണിന്ന്. ജനങ്ങളെല്ലാം ഭയപ്പെട്ടാണിന്നു ജീവിക്കുന്നത്.
ജനങ്ങളുടെ ഇത്തരം ഭയാശങ്കകളെല്ലാം അകറ്റുന്ന വിശ്വാസത്തിന്റെ ആഘോഷമാണ് ക്രിസ്മസ്. ക്രിസ്തുവിന്റെ പിറവി ലോകത്തിനു വിമോചനത്തിന്റെയും പ്രത്യാശയുടെയും സമാധാനത്തിന്റെയും സദ്വാര്‍ത്ത ആയിരുന്നതിനാല്‍ നമ്മുടെ ഭയങ്ങളെല്ലാം ഈ ആഘോഷത്തില്‍ അസ്തമിക്കുകയാണ്. മനുഷ്യന്റെ പ്രതീക്ഷകള്‍ക്കു വീണ്ടും ജീവന്‍ വയ്ക്കുകയാണ്. നമുക്ക് ഇനിയും ഭയപ്പെടാതെ ജീവിക്കേണ്ടതുണ്ട്, ഭയപ്പെടാതെ പ്രവര്‍ത്തിക്കേണ്ടതുണ്ട്, ഭയപ്പെടാതെ ചിന്തിക്കേണ്ടതുണ്ട്.
ദൈവം മനുഷ്യനായി ഭൂമിയില്‍ അവതരിച്ച മഹാസംഭവമാണ് ക്രിസ്മസ്. ദൈവം ലോകത്തെ സ്‌നേഹിച്ചതിനാല്‍ തന്റെ ഏകജാതനായ പുത്രനെ ലോകത്തിനു നല്‍കി എന്നതിലൊരു വേദശാസ്ത്രമുണ്ട്. ദൈവത്തിനു മനുഷ്യനോടുള്ള അദമ്യമായ സ്‌നേഹത്തിന്റെ സൂചനയാണിത്. മനുഷ്യന്റെ കന്മഷങ്ങള്‍ കഴുകിവെടിപ്പാക്കാന്‍ ദൈവപുത്രന്‍ ഭൂമിയില്‍ അവതരിക്കുകയായിരുന്നു. ക്രിസ്മസിന്റെ പ്രസക്തി എന്താണെന്നു ചോദിച്ചാല്‍ വിമോചകനും രക്ഷകനും ഭൂമിയില്‍ പിറന്നു എന്നുള്ളതാണ്. ഇക്കാലത്തും ചൂഷിതരും മര്‍ദിതരുമായ നമ്മള്‍ വിമോചകനെയും രക്ഷകനെയും കാത്തിരിക്കുകയാണ്. ക്രിസ്മസ് ആ പ്രതീക്ഷയാണ് ഉണര്‍ത്തുന്നത്.
യേശുക്രിസ്തുവിന്റെ പിറവി 'ഒരു മഹാസന്തോഷം' പകരുന്ന വര്‍ത്തമാനമായതിനാല്‍ ആ സംഭവത്തെ ഒരു സദ്വാര്‍ത്തയായിട്ടാണ് ലോകം വീക്ഷിക്കുന്നത്. ലോകത്ത് സദ്വാര്‍ത്ത കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന എത്രയോ മനുഷ്യരാണുള്ളത്! ബേത്‌ലഹേമില്‍ ഉണ്ണിയേശുവിനു പിറക്കാന്‍ ഒരു ഇടമില്ലായിരുന്നു. കാലിത്തൊഴുത്തായിരുന്നു അഭയമായത്. ഭക്ഷണവും വസ്ത്രവും അവിടെ ഉണ്ടായിരുന്നില്ല. രണ്ടായിരം വര്‍ഷം കഴിഞ്ഞിട്ടും ലോകത്ത് അതേ അവസ്ഥയാണ്. ക്രിസ്മസ് നമുക്കു നല്‍കുന്ന പ്രതീക്ഷ, നീതിയും സ്‌നേഹവും സമത്വവും സ്വാതന്ത്ര്യവും പുലരുന്ന ഒരു പുത്തന്‍ പിറവിയുടേതാണ്. അത്തരമൊരു പ്രതീക്ഷയില്ലെങ്കില്‍, യുദ്ധങ്ങള്‍ അവസാനിക്കുമെന്നും കലഹങ്ങള്‍ ശമിക്കുമെന്നും അക്രമങ്ങള്‍ ഇല്ലാതാകുമെന്നും ചൂഷണവും അഴിമതിയും ഇല്ലാതാകുമെന്നും നമുക്കു സ്വപ്നം കാണാന്‍പോലും കഴിയില്ലല്ലോ. യേശുക്രിസ്തുവിനു പിറക്കാന്‍ സത്രത്തില്‍ ഇടം നിഷേധിച്ച ഉടമയുടെ കഥ ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. യേശുക്രിസ്തു നമ്മുടെ മനസ്സിലാണ് ക്രിസ്മസ് കാലത്തു പിറക്കേണ്ടത്. നമ്മുടെ മനസ്സുകള്‍ അതിനായി തുറക്കാനുള്ള മുഹൂര്‍ത്തമാണ് ക്രിസ്മസ്.
ക്രിസ്മസ് നമുക്കിന്ന് ആഘോഷത്തിന്റെയും വര്‍ണശബളിമതയുടെയും സന്ദര്‍ഭമാണ്; ക്രിസ്മസ് കാലം കച്ചവടത്തിന്റെ കെട്ടുകാഴ്ചകള്‍ക്കുള്ള കാലമായി മാറിയിരിക്കുന്നു. എന്നാല്‍, ഈ സന്ദര്‍ഭത്തില്‍ നമ്മള്‍ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. ഈ ആഘോഷത്തെ ഒരു ആരാധനയാക്കി മാറ്റാന്‍ കഴിയുമോ? അതിനെ ഒരു ആത്മീയാനുഭവമായി മാറ്റാന്‍ കഴിയുമോ? ഈശ്വരസന്നിധിയില്‍ അനുതാപവും മനുഷ്യന്റെ മുമ്പില്‍ കാരുണ്യവും കാണിക്കാന്‍ നമുക്ക് ഈ സന്ദര്‍ഭത്തില്‍ കഴിയുമോ?
ക്രിസ്മസിനെ ആരാധനയാക്കി മാറ്റുമ്പോള്‍ അതു നമ്മെ അനുതാപത്തിലേക്കു നയിക്കും. ക്രിസ്മസ് വിചാരം അതിനാല്‍ നമ്മെ അനുതാപത്തിലേക്കു നയിക്കുന്ന സന്ദര്‍ഭമാണ്. മനുഷ്യന്റെ ക്രൂരതകള്‍, കാഠിന്യങ്ങള്‍ എന്നിവയ്ക്കു ഇന്നു കൈയും കണക്കുമില്ല. നിര്‍മനുഷ്യത്വം ഏറിവരുന്നു. മനുഷ്യന്‍ മാനസാന്തരപ്പെടേണ്ടതുണ്ട്. നമുക്കു മനുഷ്യനെ സ്‌നേഹിച്ചുതുടങ്ങാനുള്ള മുഹൂര്‍ത്തമാണ് ക്രിസ്മസ്. ഈശ്വരസന്നിധിയില്‍ അനുതപിക്കുമ്പോള്‍ അതു നമ്മെ അനുകമ്പയുള്ളവരാക്കും. അനുതാപവും അനുകമ്പയും മനുഷ്യന്റെ ആത്മീയബോധത്തിന് ഉല്‍ക്കര്‍ഷയുണ്ടാക്കുന്നു. അതിനാല്‍, ക്രിസ്മസ് നമ്മുടെ മനസ്സില്‍ ഒരു നിശ്ശബ്ദവിപ്ലവത്തിന്റെ കാലമാണ്. നിര്‍മനുഷ്യന്‍ മനുഷ്യനായി രൂപാന്തരപ്പെടുന്ന കാലം. അതുകൊണ്ട് ക്രിസ്മസ് നമ്മോട് ആവശ്യപ്പെടുന്നത് ഇന്നു കാണുന്ന ആരവങ്ങളും ആഘോഷങ്ങളുമല്ല, നിശ്ശബ്ദതയാണ്. ജോസഫിന്റെ നിശ്ശബ്ദത നമുക്കൊരു മാതൃകയാണ്. പുതിയനിയമത്തില്‍ ഒരിടത്തും ജോസഫ് സംസാരിക്കുന്നില്ല. ജോസഫ് എന്നും നിശ്ശബ്ദനാണ്. ദൈവത്തിന്റെ ശബ്ദം ശരിയായി ഗ്രഹിക്കാന്‍ നിശ്ശബ്ദത ആവശ്യമാണ്. തന്റെ അസ്തിത്വത്തെ ചോദ്യം ചെയ്ത കാലമായിരുന്നു ക്രിസ്മസ് ജോസഫിന്. ദൈവനിയോഗത്തെ ജോസഫ് പൂര്‍ണമനസ്സോടെ സ്വീകരിച്ചു. 'ക്രിസ്തുസംഭവം' ലോകത്തിനു പ്രദാനം ചെയ്യാന്‍ ജോസഫിന്റെ നിശ്ശബ്ദത വഴിയൊരുക്കി. മനുഷ്യന്റെ ശരികളല്ല, ദൈവത്തിന്റെ ശരികളാണ് സ്വീകാര്യമെന്നു തെളിയിച്ചതു ജോസഫിന്റെ നിശ്ശബ്ദതയാണ്. ക്രിസ്മസ് കാലം നമ്മെ ഓര്‍മിപ്പിക്കുന്നതു ദൈവത്തിന്റെ ശരികള്‍ ചെയ്യാന്‍ നമ്മള്‍ നിശ്ശബ്ദരാകേണ്ടതുണ്ട് എന്നാണ്.
മനുഷ്യജീവന്റെയും ജീവിതത്തിന്റെയും സമൃദ്ധിയെ തകര്‍ക്കുന്ന യുദ്ധവും കലഹവും അശാന്തിയും നിറഞ്ഞുനില്‍ക്കുന്ന ഇക്കാലത്ത് ക്രിസ്മസ് വിചാരങ്ങള്‍ എല്ലാ ഇരുട്ടും തുടച്ചുനീക്കുന്ന അനുഭവംതന്നെയാണ്. ഇരുള്‍ നിറഞ്ഞ ജീവിതപരിസരങ്ങളില്‍ നമുക്കു പ്രകാശം പരത്തേണ്ടതുണ്ട്. ഭയത്തിന്റെയും ഭീതിയുടെയും ആവരണങ്ങള്‍ വലിച്ചെറിയേണ്ടതുണ്ട്.
വെളിച്ചം തളിര്‍ക്കുന്ന കാലമാണ് ക്രിസ്മസ്. യേശുക്രിസ്തുവിന്റെ പിറവിയെപ്പറ്റി യോഹന്നാന്റെ സുവിശേഷത്തില്‍ പറയുന്നത്, ''ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം'' എന്നാണ്. ജീവിതത്തിന്റെ ആഘോഷങ്ങള്‍ക്ക് അര്‍ഥം പകരാനും ഇരുള്‍നിറഞ്ഞ ജീവിതത്തിനു നിറംപകരാനും ജീവിതത്തെ വെളിച്ചത്തിന്റെ ഉത്സവമാക്കി മാറ്റാനും യേശുക്രിസ്തുവിന്റെ വെളിച്ചം മനുഷ്യന്റെ മനസ്സില്‍ പ്രകാശിക്കേണ്ടതുണ്ട്. അതിനൊരു ഇടം നല്‍കാന്‍ മനുഷ്യനു കഴിയുമെങ്കില്‍ യേശുക്രിസ്തു നമ്മുടെ മനസ്സില്‍ ജനിക്കും. ക്രിസ്മസ് ഓര്‍മ അതിനുള്ള സന്ദര്‍ഭമാണ്. പുതിയനിയമത്തിലെ ലൂക്കോസിന്റെ സുവിശേഷത്തില്‍ തിരുപ്പിറവിയുടെ നിര്‍മലമുഹൂര്‍ത്തത്തെ അവതരിപ്പിക്കുന്നത് ഇപ്രകാരമാണ്: ''ഇരുളിലും മരണനിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശിച്ചു. നമ്മുടെ കാലുകളെ സമാധാനമാര്‍ഗത്തില്‍ നടത്തേണ്ടതിന് ആ ആര്‍ദ്രകരുണയാല്‍ ഉയരത്തില്‍ നിന്ന് ഉദയം നമ്മെ സന്ദര്‍ശിച്ചിരിക്കുന്നു'' എന്നാണ്. ലോകത്തെ സ്‌നേഹംകൊണ്ടു നിറയ്ക്കാനും മനുഷ്യന്റെ മനസ്സില്‍ വെളിച്ചം തെളിക്കാനും 'ഉയരത്തില്‍നിന്നുള്ള ഉദയം' അനുഭവവേദ്യമാക്കുന്ന ഒരു കാലത്തിന്റെ ഓര്‍മയാണ് ക്രിസ്മസ് എന്നു നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.