ലോകരക്ഷകന്റെ ജനനത്തിരുനാള്‍ ആചരിക്കുന്ന, അല്ല ആഘോഷിക്കുന്ന ഒരു ക്രിസ്മസ്‌കൂടി സമാഗതമാവുകയാണല്ലോ. ബന്ധങ്ങള്‍ പുതുക്കാനും ആശംസകള്‍ നേരാനും ഒരു കാലഘട്ടംവരെ പ്രയോഗിച്ചിരുന്നത് wish you happy christmas എന്നായിരുന്നെങ്കില്‍ പിന്നീട് പദപ്രയോഗം Merry christmas എന്നു മാറിയത് അല്ലെങ്കില്‍ മാറ്റിയത് ആരുടെ പ്രചോദനംമൂലമാണെന്നു പരിശോധിച്ചറിയേണ്ടിയിരിക്കുന്നു. ഒരു കാര്യം വ്യക്തമാണ്; കമ്പോളശക്തികള്‍ക്ക് ഈ മാറ്റം വളരെ സ്വീകാര്യമായി. അവര്‍ അതു സമൂഹത്തില്‍ അടിച്ചേല്പിച്ച് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു എന്നു തന്നെ പറയാം. പക്ഷേ, ഇതിലെ അപകടം അറിയേണ്ടവര്‍ തിരിച്ചറിയുന്നതായി കാണുന്നില്ല. സഭാസ്ഥാപനങ്ങള്‍പോലും Merry നെഞ്ചേറ്റി ലാളിക്കുന്നത് വേദനയോടെയേ നോക്കിക്കാണാന്‍ കഴിയൂ.
തീനും കുടിയും തമാശയുമായി ഉല്ലസിച്ച് ആനന്ദിക്കുക എന്നാണ് Make Merry എന്നതിന് നിഘണ്ടുവില്‍ കൊടുത്തിരിക്കുന്ന അര്‍ഥം. ഫ്‌ളക്‌സ് ബോര്‍ഡും നക്ഷത്രവും ആകാശത്തുയര്‍ത്തി Merry christmas ആശംസിക്കുന്ന ചെറുപുഷ്പമിഷന്‍ലീഗും എസ്എംവൈഎമ്മും ഇതു തിരിച്ചറിയുന്നുണ്ടോ ആവോ? എന്തിനേറെ! ഒരു ക്രിസ്മസ് ദിവസം പുരാതനമായ ഒരു ദൈവാലയത്തിന്റെ മദ്ബഹയില്‍ വിശ്വാസികള്‍ക്ക് ആശംസ നേര്‍ന്ന് Merry christmasസ്ഥാനം പിടിച്ചതു കണ്ടു നെഞ്ചുപിടഞ്ഞു.
പള്ളിയിലും പള്ളിയുമായി ബന്ധപ്പെട്ട ഇടങ്ങളിലുമെങ്കിലും Merry ഇനി കാണാതിരുന്നെങ്കില്‍ എന്നു പ്രാര്‍ഥിച്ചു പോകുന്നു. തീറ്റയ്ക്കും കുടിക്കും വ്യര്‍ത്ഥഭാഷണരസത്തിനും ദിവ്യരക്ഷകന്റെ പിറവിത്തിരുനാളുമായി ബന്ധമുണ്ടാകാതിരിക്കട്ടെ. Happy christmas മതി നമുക്ക്. രക്ഷകന്റെ പിറവിയുടെ ഓര്‍മ പുതുക്കുന്ന ദൈവികസന്തോഷവും ഭക്ത്യഭ്യാസങ്ങളും ആയിരിക്കട്ടെ നമ്മുടെ ലക്ഷ്യം.Merry വേണ്ടേ, വേണ്ട.
ബേബി നായ്ക്കംപറമ്പില്‍ കാളികാവ്