•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

നീതിമാന്റെ മാര്‍ഗം

ദൈവത്തെ മാത്രം പോരാ മനുഷ്യനെയും ധ്യാനിക്കണമെന്ന് നമ്മെ ഓര്‍മപ്പെടുത്തുന്ന പുസ്തകമാണ് ബൈബിള്‍. അങ്ങനെയൊരു മനുഷ്യനാണ് പുതിയ നിയമത്തിലെ വി. യൗസേപ്പ്. നിനച്ചിരിക്കാത്ത നേരത്ത് ജീവിതവഴികളില്‍ ഉണ്ടാകുന്ന പ്രതിസന്ധികളെ ഈ മനുഷ്യന്‍ എങ്ങനെ അഭിമുഖീകരിച്ചുവെന്നുള്ളത് എല്ലാക്കാലത്തെയും ദേശത്തെയും മനുഷ്യന്‍ ഓര്‍മിക്കുന്നതു നല്ലതാണ്. 
മനുഷ്യനെക്കുറിച്ച് എന്തൊക്കെയോ ധാരണകളാണ് നാം വച്ചുപുലര്‍ത്തുക. ഇല്ല, നമുക്ക് ഒന്നുമറിയില്ല. മനുഷ്യന്‍ ഇന്നും നമുക്ക് ഒരു പ്രശ്‌നമാണ്. ധ്യാനിക്കേണ്ട, ജീവിക്കേണ്ട ഒരു രഹസ്യമാണു  മനുഷ്യനെന്ന് നമ്മില്‍ എത്രപേര്‍ക്കറിയാം? വിചാരിക്കുന്നതിലും അപ്പുറമാണ് മനുഷ്യന്റെ ലോകം. വെള്ളത്തില്‍ കിടക്കുന്ന മഞ്ഞുമലപോലെ, കാണുന്നതും അറിയാവുന്നതും വളരെ കുറച്ചുമാത്രം. കാണാന്‍ പാടില്ലാത്തതും അറിയാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ വളരെ കൂടുതല്‍. അതുകൊണ്ട്, മനുഷ്യരെക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ തിരുത്തപ്പെടേണ്ടതുണ്ട്.
ദൈവം വാഗ്ദാനം ചെയ്തിരുന്ന രക്ഷകനെ കാത്തിരുന്ന ഒരു ജനത. ദരിദ്രരും പീഡിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായി പലായനവും പ്രവാസവും അന്യമാക്കിത്തീര്‍ത്ത ഒരു ജനത. അതായിരുന്നു യഹൂദജനത. കഠിനയാതനകളുടെ നാളുകളിലും വരാനിരിക്കുന്ന രക്ഷകന്‍ അവര്‍ക്കും പ്രത്യാശയായി. ദാവീദിന്റെ വംശത്തിലാണ് രക്ഷകന്‍ അവതരിക്കുകയെന്നതിനാല്‍ ആ താവഴിയില്‍പ്പെട്ട ഓരോ കുടുംബവും രക്ഷകനെ കാത്തിരുന്നു. ഒരു മരപ്പണിക്കാരന്‍ മാത്രമായിരുന്ന ജോസഫിന് അങ്ങനെയൊരു സ്വപ്നമേ ഉണ്ടായിരുന്നില്ല. അവിടെ പക്ഷേ, ദൈവം ജോസഫിനു കൊടുത്തത് തികച്ചും അപ്രതീക്ഷിതവും അവിശ്വസനീയവുമായ സമ്മാനങ്ങളാണ്. കന്യകയായ പ്രതിശ്രുതവധു ഗര്‍ഭിണിയാവുകയെന്ന തികച്ചും അപമാനകരമായ വാര്‍ത്ത കേള്‍ക്കാനിടയാകുന്ന ജോസഫ് ഒരിക്കലും അവളെ അപമാനിതയാക്കാന്‍ ആഗ്രഹിക്കുന്നില്ല. രഹസ്യത്തില്‍ അവളെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്ന ജോസഫ് കേവലമനുഷ്യന്‍ എന്നതിനപ്പുറം നീതിമാന്‍ എന്ന വിശേഷണത്തിന് ഇവിടെ അര്‍ഹനാകുന്നു. 
കാലം ഏറെക്കഴിഞ്ഞിട്ടും നമ്മള്‍ കടന്നുപോകുന്ന ജീവിതപശ്ചാത്തലം ഈ മനുഷ്യന്റേതില്‍നിന്ന് ഒട്ടും പിന്നില്ലലല്ല. അനുദിനം പ്രശ്‌നസങ്കീര്‍ണമായിക്കൊണ്ടിരിക്കുകയുമാണ്.  യൗസേപ്പിന്റെ കുടുംബപശ്ചാത്തലം, ചരിത്രം എന്നിവയെക്കുറിച്ച് അധികമൊന്നും ബൈബിള്‍ വിവരിക്കുന്നില്ല. ആ മനുഷ്യന്‍ താന്‍ സൃഷ്ടിക്കാത്ത ഒരു പ്രശ്‌നത്തെ, വെല്ലുവിളിയെ അഭിമുഖീകരിച്ചുകൊണ്ട് അരങ്ങത്തു പ്രത്യക്ഷപ്പെടുന്നു. തികച്ചും ശാന്തനും നിശ്ശബ്ദനുമായ ഒരു മനുഷ്യന്‍. എന്നാല്‍, അസാധാരണമായ എന്തൊക്കെയോ ആ മനുഷ്യനില്‍ ഒളിഞ്ഞുകിടപ്പുണ്ട്. 
അപ്രതീക്ഷിതമായ ഉലച്ചിലുകളില്‍, പ്രതിസന്ധികളില്‍ നാം പൊട്ടിത്തെറിക്കുന്നു. ദൈവത്തെയും മനുഷ്യരെയും കുറ്റപ്പെടുത്തുന്നു. സ്വയം ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. വി. യൗസേപ്പാകട്ടെ, തികഞ്ഞ ആത്മസംയമനത്തോടെ കാര്യങ്ങളെ അഭിമുഖീകരിക്കുന്നു. 'നീതിമാന്‍' എന്ന ഒരു വിശേഷണംകൊണ്ട് സുവിശേഷം വളരെ സമ്യക്കായി യൗസേപ്പെന്ന ആ മഹാമനുഷ്യനെ ചുരുക്കിയെഴുതിയിരിക്കുന്നു. ബൈബിളില്‍ 'നീതിമാന്‍' എന്ന വാക്കിന് അനേകം ധ്യാനപ്രതലങ്ങളുണ്ട്. അടരുകളുടെ ഏടാണ് അനേകം ഇതളുകളുള്ള ഒരു പൂവുപോലെ. വളരെ ചുരുക്കം ചിലര്‍ക്കു മാത്രം ദൈവം നല്‍കുന്ന വിശേഷണമാണ് 'നീതിമാന്‍.'
പ്രശ്‌നസങ്കീര്‍ണമായ ഒരു നാല്‍ക്കവലയില്‍വച്ച് ജീവിതത്തിന്റെ ഗതിയെത്തന്നെ മാറ്റിമറിക്കുന്ന ഒരു സാഹചര്യത്തില്‍ മറ്റുള്ളവരുടെ വാക്കുകള്‍ക്ക് അധികം ഗുരുത്വം കല്പിക്കാതെ, തന്റെതന്നെ ഉള്‍പ്രേരണകളെയും മനസ്സിലെ മൃദുമന്ത്രണങ്ങളെയും ഗൗരവമായി യൗസേപ്പ് എടുത്തുവെന്നുള്ളതാണ് മറ്റു മനുഷ്യരില്‍നിന്ന് ഈ മനുഷ്യനെ വേറിട്ടു നിറുത്തുന്നത്.
പൊതുവെ, എല്ലാ സംസ്‌കാരങ്ങളിലും പുരുഷന്മാര്‍ക്കാണ് മുന്‍ഗണന. അവരുടെ തീരുമാനങ്ങള്‍, താത്പര്യങ്ങള്‍, അഭിപ്രായങ്ങള്‍ - അതാണ് ശരി. അതു നടക്കണം. ഭര്‍ത്താക്കന്മാര്‍ക്കുവേണ്ടി ഭാര്യമാര്‍ വഴിമാറുന്നു. അതാണ് പാരമ്പര്യം. ക്രിസ്തീയകാഴ്ചപ്പാടില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും തുല്യതയാണുള്ളത് എന്ന സത്യം നമ്മള്‍ വിസ്മരിക്കുന്നു. പുരുഷകേന്ദ്രീകൃതമായ പാരമ്പര്യമാണ് യഹൂദമതം ഉയര്‍ത്തിപ്പിടിക്കുന്നത്. അപ്രകാരമുള്ള ഒരു പശ്ചാത്തലത്തില്‍ വളര്‍ന്ന യൗസേപ്പിനെ ആ സംസ്‌കാരം സ്വാധീനിച്ചിട്ടുണ്ട്.  ഇവിടെയാണ് യൗസേപ്പിന്റെ നിലപാടുകളെ നാം ശ്രദ്ധിക്കേണ്ടത്. ഭാര്യയുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് തന്റെ ജീവിതത്തെ ക്രമപ്പെടുത്തുന്ന, മാറ്റുന്ന ഒരു മഹാമനസ്സിന്റെ ഉടമ. നമ്മുടെ ആത്മീയതയും പാരമ്പര്യവും സംസ്‌കാരവും ഇതില്‍നിന്നു ഭിന്നമല്ല, യൗസേപ്പിതാവിനെപ്പോലെ ഇങ്ങനെ ഒറ്റയ്ക്കു നില്‍ക്കാന്‍ നമ്മളില്‍ എത്ര പേര്‍ക്കു സാധിക്കും?
നീതിമാനായ നോഹയെപ്പോലെയും (ഉത്പത്തി 6/9), നീതിനിഷ്ഠനായ ജോബിനെപ്പോലെയും (ജോബ് 1/1), നീതിമാനായ സ്‌നാപകയോഹന്നാനെപ്പോലെയും (മര്‍ക്കോ 5/20) ദൈവഹിതം നിറവേറ്റുകയും ദൈവത്തിന്റെ നീതി അന്വേഷിക്കുകയും ചെയ്ത ഒരു ധന്യവ്യക്തിത്വമായിരുന്നു യൗസേപ്പിന്റേത്. താന്‍ ജീവിച്ച കാലത്തിന്റെ സംസ്‌കാരത്തിനും പാരമ്പ ര്യത്തിനും ആത്മീയതയ്ക്കുമപ്പുറമായി ജീവിതത്തെ വ്യാഖ്യാനിച്ച ആ മനുഷ്യന്റെ മുമ്പില്‍ നമ്രശിരസ്സോടെ, കൂപ്പുകരങ്ങളോടെ ഇത്തിരി സമയം മൗനമായി ധ്യാനപൂര്‍വം നില്‍ക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)