കണ്ണുതുറന്നുണര്‍ന്നു പുറത്തേക്കു നോക്കിയപ്പോള്‍ കിഴക്കുഭാഗത്തെ മലനിരകളിലേക്കു നേര്‍ത്ത പുകമഞ്ഞു പരക്കുന്നതാണ് ഈയ്യോബ് കണ്ടത്. കതകു പിടിപ്പിക്കാത്ത ജനാലയഴികള്‍ക്കുള്ളില്‍ക്കൂടി മഞ്ഞ് ചൂളം കുത്തി മുറിക്കകത്തേക്കു പ്രവേശിച്ചു.
ഇളംനീലസാരികൊണ്ടു മറച്ച ജനാലയ്ക്കപ്പുറത്തിരുന്ന് ലില്ലി, പിഞ്ഞാണങ്ങളും മണ്‍ചട്ടികളും അലുമിനിയത്തിന്റെ ഒന്നു രണ്ടു കലങ്ങളും, വെണ്ണീറും സോപ്പും ഉപയോഗിച്ച് തേച്ചുരച്ചു കഴുകി വൃത്തിയാക്കുകയാണ്. ലില്ലിക്ക് കൂട്ടിനെന്നവണ്ണം കാക്കകള്‍ വാഴച്ചുവട്ടിലിരുന്നു മണ്‍കലത്തിന്റെ വായ്ക്കുള്ളിലേക്ക് എത്തിനോക്കുന്നു. ഓടുമേഞ്ഞ മറപ്പുരയ്ക്കുള്ളില്‍നിന്നു മൂത്തമകള്‍ ലിച്ചി എന്നു വിളിക്കുന്ന ലിന്‍സി, മകനെ ഉറക്കെ ചീത്തപറഞ്ഞുകൊണ്ട് കുളിപ്പിക്കുന്നതു കേള്‍ക്കാം.
ലില്ലി ജോബിന്റെ രണ്ടാം ഭാര്യയാണ്.
ആദ്യത്തെ ഭാര്യ സൂസന്ന നാട്ടില്‍ ചിക്കുന്‍ഗുനിയ പടര്‍ന്നു പിടിച്ചപ്പോള്‍ ജോബിനെയും രണ്ടു പെണ്‍മക്കളെയും ഭൂമിയില്‍ ബാക്കിവച്ചുകൊണ്ടു സ്വര്‍ഗത്തിലേക്കു പോയി.
പുട്ടും തേങ്ങാപ്പീരയും പോലെ ഇഴചേര്‍ന്നു ജീവിച്ചിരുന്നവരായതുകാരണം തനിച്ചുള്ള ജീവിതത്തില്‍ ഈയ്യോബ് കഷ്ടപ്പെട്ടു.
മെക്കാനിസമൊന്നും പഠിച്ചിട്ടിേല്ലലും ആ നാട്ടിലെ പണി നന്നായി അറിയാവുന്ന ഏക ഇലക്ട്രീഷ്യന്‍ അയാളായിരുന്നു. ഈയ്യോബിന്റെ അപ്പനും അമ്മയും ചെറുപ്പത്തിലേ മരിച്ചതുകൊണ്ടു വളര്‍ന്നതു മുഴുവന്‍ ഇടവകപ്പള്ളിയിലെ അച്ചന്മാരുടെ തണലിലായിരുന്നു. അന്തോണീസച്ചനാണ് ഈയ്യോബിനു പൊന്നുപോലൊരു പെമ്പിളയെ അങ്ങ് പാലാ മുത്തോലിയില്‍നിന്നു കണ്ടുപിടിച്ച് കെട്ടിച്ചുകൊടുത്തത്. അഴകൊത്ത പെണ്ണായിരുന്നു സൂസന്ന. ഈയ്യോബ് സ്‌ക്രൂഡ്രൈവറും ചവണയുമായി പണിക്കിറങ്ങുമ്പോള്‍ സൂസന്ന മുപ്പതു സെന്റിലേക്കിറങ്ങി. അധ്വാനിച്ചുണ്ടാക്കുന്ന പൈസ മുഴുവന്‍ ഈയ്യോബ് സൂസന്നയെ ഏല്പിച്ചു.
മൂത്തമോള്‍ ലിച്ചിയെ ആനക്കാമ്പൊയിലുള്ള ഒരു പട്ടാളക്കാരനെക്കൊണ്ടാണു കെട്ടിച്ചുകൊടുത്തത്. പെണ്ണിനെ നെഞ്ചുറപ്പുള്ള ഒരുത്തനെ ഏല്പിക്കണന്ന് ഈയ്യോബിനു നിര്‍ബന്ധമായിരുന്നു. പട്ടാളത്തീന്നു പോന്നാലും അധ്വാനിച്ചുജീവിക്കാലോ?
ലിച്ചീടെ കല്യാണം കഴിഞ്ഞ് രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഇളയവളുടെ പഠനവും ഏതാണ്ട് അവസാനിച്ചു. വളര്‍ന്നു വരുന്ന സുന്ദരികളായ പെണ്‍മക്കള്‍ അപ്പനമ്മമാരുടെ മനസ്സിലെ ഉത്കണ്ഠയെ ആളിക്കത്തിക്കുന്ന തീപ്പൊരിയാണെന്നു ഈയ്യോബിനു തോന്നി. എങ്ങനെയെങ്കിലും പൊന്നിയെക്കൂടി കെട്ടിക്കണം. പക്ഷേ, എടുപിടീന്നുള്ള കല്യാണത്തിനൊന്നും പൊന്നി തയ്യാറല്ലായിരുന്നു. എന്നും വൈകിട്ട് പള്ളിമണി മുഴങ്ങുമ്പം മതിലിനരികില്‍ കാണുന്ന ബുള്ളറ്റിന്റെ ഉടമസ്ഥനെ ഒരുനാള്‍ ഈയ്യോബ് കണ്ടുപിടിച്ചതോടെയാണ് പൊന്നി മനസ്സുതുറന്നത്. ചെറുക്കന്‍ തറവാടി ആയതുകൊണ്ട് ഈയ്യോബിന് എതിര്‍ക്കാനും തോന്നിയില്ല. പ്രശ്‌നവുമായി ഒരു ദിവസം അയാള്‍ റോണിച്ചനെ സമീപിച്ചു. എങ്ങനെയെങ്കിലും അപ്പനെ പറഞ്ഞുസമ്മതിപ്പിച്ച് പൊന്നിയെ ഉടന്‍തന്നെ കെട്ടിക്കോളാമെന്ന് റോണിച്ചന്‍ ഈയ്യോബിന്റെ കാലില്‍പിടിച്ചു പറഞ്ഞു.
എങ്കിലും കുറച്ചുകാലം എങ്ങനെ പൊന്നിയെ തനിച്ചിരുത്തും?
പഠിക്കാന്‍ പണ്ടേ മണ്ടിയാണ്.
അങ്ങനെയൊരു ദിവസം അയലോക്കത്തെ വീട്ടില്‍ ടി.വി നന്നാക്കാന്‍ ചെന്നപ്പോഴാണ് ഈയ്യോബിന് മാഞ്ചിയമ്മച്ചി ഒരു ഉപായം പറഞ്ഞുകൊടുത്തത്.
'ജോബ് വീണ്ടും വിവാഹം കഴിക്കുക... പൊന്നിക്ക് ഒരു കൂട്ടാകട്ടെ.'
കയ്യാലയ്ക്കപ്പുറം മാഞ്ചുവട്ടിലേക്കു വീണുകിടക്കുന്ന കറുത്ത പാറക്കൂട്ടങ്ങള്‍ മുഴുവന്‍ നിഴല്‍രൂപം പ്രാപിച്ച് എഴുന്നേറ്റു നില്‍ക്കുന്നതായി ഈയ്യോബിനുതോന്നി. ഇരുവഞ്ഞിപ്പുഴയില്‍ മുങ്ങിക്കുളിച്ചെങ്കിലും ജോബിന്റെ ശരീരമേ തണുത്തുള്ളൂ. മനസ്സു തണുത്തില്ല.
അടുത്ത ഒരാഴ്ച ജോബ് പണിക്കും പോയില്ല.
പിറ്റേ ഞായറാഴ്ച രണ്ടാം കുര്‍ബാനയ്ക്കുശേഷം ജോബ് അന്തോണീസച്ചന്റെ പള്ളിമുറിയില്‍ പ്രവേശിച്ചു.
''അച്ചോ... പണിക്കു പോയിട്ട് ദെവസങ്ങളായി. പെണ്ണിനെ ഇട്ടേച്ച് പൊറത്തേക്കിറങ്ങാന്‍ മനസ്സൊറപ്പില്ല. അവളാണേല്‍ റോണിച്ചനെ അല്ലാതെ വേറെ ആരേം കെട്ട്യേലെന്നാ പറേന്നത്.''
''ഇയ്യോബേ... താങ്ങാന്‍ പറ്റുന്നതിനേക്കാള്‍ അധിക നോവ് ശരീരത്തിലും രക്തത്തിലും സഹിച്ചവനല്ലേടോ നമ്മുടെ കര്‍ത്താവ്. ഓരോരുത്തരുടെ പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ അവരവര്‍തന്നെ കണ്ടുപിടിക്കണമെടോ. അല്ലാത്തവര്‍ ജീവിതത്തില്‍ തോറ്റുപോകും. അല്ലേല്‍ ആരുടേലും അടിമയായിത്തീരും. എനിക്കു നിന്നെ സഹായിക്കാനുള്ള വഴി പറഞ്ഞുതരാനേ പറ്റൂ... തീരുമാനം എടുക്കേണ്ടത് ഇയ്യോബാണ്.
''അച്ചന്‍ എന്താണ് പറഞ്ഞു വരുന്നത്?''
''പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല. വയസ്സ് അമ്പതല്ലേ ആയുള്ളൂ. നീ ഒന്നൂടി കെട്ട്. അപ്പോ നിനക്കും പൊന്നിക്കും കൂട്ടാവും.''
ആകാശത്തിലെ ഇരുള്‍നിറഞ്ഞ മേഘക്കെട്ടുകളില്‍നിന്നും ഒരു പരുന്ത് പറന്നുവന്ന് ഹൃദയം കൊത്തിവലിക്കുന്നതായി ഈയ്യോബിനു തോന്നി. അങ്ങനെ വേനല്‍ കഴിഞ്ഞപ്പോഴേക്കും ലില്ലി, ഈയ്യോബിന് രണ്ടാം വധുവായി. കരിമ്പ് എന്ന നാട്ടിന്‍പുറത്തുനിന്നാണ് ലില്ലിയെ ഈയ്യോബിനു കിട്ടിയത്. സൂസന്നയുടെ അത്ര നിറമില്ലെങ്കിലും ലില്ലിയും സൗന്ദര്യമുള്ളവളായിരുന്നു. യുവത്വവും മാംസളതയും നിറഞ്ഞ ശരീരം. നീണ്ട കനത്ത തലമുടി. കടല്‍പോലെ തിരയിളകുന്ന മിഴികള്‍. ഈയ്യോബിനെക്കാള്‍ പതിനൊന്നു വയസ്സിനിളപ്പം. പൊന്നിയും ലില്ലിയും കാഴ്ചയില്‍ ചേച്ചിയും അനിയത്തിയുമാണെന്നേ തോന്നുകയുള്ളൂ.
കല്യാണത്തോടെ ജോബ് സൂസന്നയെ ഹൃദയത്തിന്റെ ഒരു പാതിയില്‍ അടച്ചുസൂക്ഷിച്ചു. ലില്ലിയെ അയാള്‍ നിറഞ്ഞ മനസ്സോടെ സ്‌നേഹിച്ചു. എങ്കിലും ഭാര്യയെന്ന മുഴുവന്‍ പദവിയിലേക്ക് ലില്ലിയെ കൈപിടിച്ചുയര്‍ത്താന്‍ ജോബിനായില്ല.
സൂസന്നാ...
നിന്നെ ഓര്‍ക്കുമ്പോള്‍ എന്റെ ഹൃദയത്തിലേക്ക് രക്തം കുതിച്ചൊഴുകുന്നു. ഇരുട്ടില്‍ ജോബ് വിലപിച്ചു.
ആശകള്‍ ഹൃദയത്തില്‍ അടക്കിസൂക്ഷിക്കാന്‍ ഇയ്യോബിന് അറിയാമായിരുന്നു. പക്ഷേ, ലില്ലിയുടെ ആദ്യവിവാഹമായതിനാല്‍ ജോബ് തന്നോടു കാണിക്കുന്ന അകലമോര്‍ത്ത് ലില്ലി ഉള്ളാലേ വിഷമിച്ചു.
കിടപ്പുമുറിയില്‍ ഈയ്യോബിന്റെ കൂര്‍ക്കംവലികളും ലില്ലിയുടെ നെടുവീര്‍പ്പുകളും മാത്രം തമ്മില്‍ അലിഞ്ഞുചേര്‍ന്നു. എങ്കിലും ലില്ലി പരാതിപ്പെട്ടില്ല. കാടിന്റെ താളവും കാട്ടുതീയുടെ വന്യതയുമൊക്കെ ചിന്തകളില്‍ ആളിപ്പടര്‍ന്നുവെങ്കിലും ലില്ലി കൊന്ത ചൊല്ലി, തന്നെത്തന്നെ ഉറക്കി.
ലില്ലി വന്നതുമുതല്‍ പൊന്നി എപ്പോഴും മുറിക്കുള്ളില്‍ത്തന്നെ കഴിച്ചുകൂട്ടി. ആയിടെ പുറത്തിറങ്ങിയിരുന്ന എല്ലാ ആഴ്ചപ്പതിപ്പുകളും അവള്‍ അപ്പനെക്കണ്ടു വാങ്ങിപ്പിച്ചു. അതിലെ മിഴിവേറുന്ന ചിത്രങ്ങള്‍ മാറത്തിട്ടുകൊണ്ട് പൊന്നി പകല്‍സ്വപ്നം കണ്ടുറങ്ങി.
എന്നും വൈകുന്നേരമാവുമ്പോള്‍ മാഞ്ചിയമ്മയോടൊപ്പം പൊന്നിയും ലില്ലിയുംകൂടി പുഴയോരത്തു പോയി കുളിച്ചു. പൊന്നിയുടെ സമൃദ്ധമായ തലമുടിയില്‍ ലില്ലി ഇഞ്ച തല്ലി തണുപ്പിച്ച് ഉലച്ചൊഴുക്കി കഴുകി.
ലില്ലിയുടെ നെടുവീര്‍പ്പുകള്‍ കേള്‍ക്കാതെ വേനലും മഴയും മാറി വന്നുകൊണ്ടിരുന്നു. ഇലപ്പച്ചകളില്‍ താരുണ്യംവന്നു നിറയുന്നു. ഇതിനിടയില്‍ റോണിച്ചന്റെ അപ്പന്‍, കുന്നേല്‍ തോമാ, കല്യാണാലോചനയുമായി വന്നതാണ് ആകപ്പാടെ ഉണ്ടായ മാറ്റം.
അല്പം ഉഴപ്പനായിരുന്ന റോണിച്ചനെ പെണ്ണുകെട്ടിച്ചാല്‍ കുറച്ചുകൂടി ഉത്തരവാദിത്വം വരുവായിരിക്കുമെന്ന് തോമാമാപ്പിളയ്ക്കു തോന്നി. അങ്ങനെ രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും പൊന്നീടെ മനസമ്മതോം കല്യാണോം വളരെ കെങ്കേമമായി കഴിഞ്ഞു. വീടുവിട്ടിറങ്ങാന്‍നേരം പൊന്നി ലില്ലിയെ കെട്ടിപ്പിടിച്ചു കരഞ്ഞു.
''അവിടെച്ചെന്നാല്‍ അടുക്കളേല്‍ കേറി പണിയൊക്കെ ചെയ്യണം ട്ടോ... മോള്‍ടമ്മയെ പറയിപ്പിക്കരുത്.''
പൊന്നി തലകുലുക്കി സമ്മതിച്ചു.
അങ്ങനെ പെണ്ണും ചെക്കനും യാത്രയാവുന്നത് ഈയ്യോബ് നിറകണ്ണുകളോടെ നോക്കി കണ്ടു. കല്യാണത്തിനു പുതിയൊരു വിശേഷവുമായാണ് ലിച്ചി വന്നത്.
ഗര്‍ഭാരിഷ്ടതകള്‍ അലട്ടിയിരുന്നതിനാല്‍ ലിച്ചിയോട് രണ്ടാഴ്ച കഴിഞ്ഞു പോകാമെന്ന് ലില്ലി ആവശ്യപ്പെട്ടു.
രണ്ടാനമ്മയുടെ സ്‌നേഹപരിചരണങ്ങള്‍ അനുഭവിക്കാനുള്ള കൊതി ലിച്ചിക്കുണ്ടായിരുന്നു.
''സൂസന്ന പോയെങ്കിലും അയിന്റൊരു കൊറവ് പൊന്നി അറിഞ്ഞില്ലാട്ടോ ലിച്ചിയേയ്. ലില്ലി കുടുമ്മം നോക്കാന്‍ മിടുക്കത്തിയാണ്.''
ലിച്ചിയെ കാണാന്‍ വന്ന മാഞ്ചിയമ്മ പറഞ്ഞു. രണ്ടാഴ്ചക്കാലം ലില്ലിയുടെ സ്‌നേഹപരിചരണങ്ങള്‍ അനുഭവിച്ചശേഷം ലിച്ചി ഒരു വട്ടിനിറയെ കുഴലപ്പവും അച്ചപ്പവുമായി കെട്ട്യോന്റെ വീട്ടിലേക്കു പോയി.
പിന്നീടുള്ള ദിവസങ്ങളില്‍ ലില്ലി തനിച്ചായിരുന്നു. പകല്‍ സമയം മുഴുവന്‍ അവളുടെ ചിന്തകള്‍ ഇയ്യോബിന്റെ ചുറ്റും അലഞ്ഞുതിരിഞ്ഞു. പണി കഴിഞ്ഞു വരുന്നപാടേ ഇയ്യോബ് പുഴയിറമ്പിലേക്കു പോകും. നിലാവു വെട്ടിത്തിളങ്ങുന്ന പുഴയോളങ്ങളിലേക്ക് ഏറെനേരം നോക്കിനില്‍ക്കും. കുളി കഴിഞ്ഞു വരുമ്പഴേക്കും ലില്ലി ചൂടുകഞ്ഞി നിറച്ച പിഞ്ഞാണം മേശപ്പുറത്തു മൂടിവെച്ചിട്ടുണ്ടാവും. ''കഴിച്ചോ?'' എന്നൊരു ചോദ്യത്തില്‍ അന്നത്തെ രാത്രിയുടെ അന്വേഷണം തീര്‍ന്നു. പാത്രങ്ങള്‍ കഴുകി കമിഴ്ത്തിവച്ച് അടുക്കളയുടെ വാതിലുമടച്ച് കിടക്കാന്‍ ചെല്ലുമ്പോഴേക്കും ഈയ്യോബ് ഉറക്കം പിടിച്ചിട്ടുണ്ടാവും. സങ്കടപ്പെട്ടു നടക്കുന്ന ലില്ലിയെ നോക്കി മാഞ്ചിയമ്മ പറഞ്ഞു:
''ഇയ്യോബിതുവരെ സൂസന്നയെ മറന്നില്ല അല്ല്യോ? കഷ്ടം...''
ലില്ലി ഒന്നും മിണ്ടിയില്ല.
മറുപടിക്കുപകരം അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
പെട്ടെന്നായിരുന്നു ഇടവകയിലെ അന്തോണീസച്ചനു സുഖമില്ലാണ്ടായത്.
വൈദികഭവനത്തീന്ന് അച്ചന്‍ ഇയ്യോബിനെ വിളിപ്പിച്ചു.
''സുഖമല്ല്യോ ഇയ്യോബേ?''
''അതേച്ചോ...''
സംസാരിക്കുന്നതിനിടയില്‍ നിര്‍ത്താതെ കിതച്ചും ചുമച്ചും അച്ചന്‍ വല്ലാതെ ബുദ്ധിമുട്ടുന്നതുകണ്ട് ഇയ്യോബ് നെഞ്ചു തിരുമ്മിക്കൊടുത്തു.
''മതിയെടാ. പോകുംമുമ്പ് നിന്നെയൊന്നു കാണണംന്നു തോന്നി. ലില്ലിയെയും. എനിക്കു സൂസന്ന തന്ന്യാ ലില്ലിയും. നിനക്കും അങ്ങനെതന്നെയായിരിക്കണം. പറഞ്ഞതു മനസ്സിലായില്ല്യോ?''
ഈയ്യോബ് തലയാട്ടി.
പള്ളിമേടയില്‍നിന്ന് ഇറങ്ങിയപ്പോ നേരം സന്ധ്യകഴിഞ്ഞിരുന്നു.
വൃക്ഷലതാദികളുടെ താരുണ്യത്തിലേക്കു കുളിര്‍പരത്തിക്കൊണ്ട് വീണുടയുന്ന മഴത്തുള്ളികള്‍. കൂടും ചൂടും തേടി പറക്കുന്ന ഇണക്കുരുവികള്‍.
തെളിഞ്ഞൊഴുകുന്ന നീര്‍ച്ചോലയിലേക്ക് അലിഞ്ഞു ചേരുന്ന കൈത്തോട്.
ആകാശത്തിനിപ്പോള്‍ കടും നീലനിറമാണ്. മഴ വകവയ്ക്കാതെ ഒറ്റയ്ക്കു നടന്നപ്പോള്‍ ജോബിനു ലില്ലിയെ കാണണമെന്നു തോന്നി.
ഈയ്യോബ് വീടെത്തി.
അന്ന് ആദ്യമായി മനുഷ്യന്റെ നാവു മാത്രമല്ല, ശരീരത്തിന്റെ ഓരോ അവയവവും സംസാരിക്കുമെന്ന് ഈയ്യോബിനു മനസ്സിലായി. ഹൃദയത്തിലെ ഉറവകള്‍ പൊട്ടിയൊഴുകുന്നതായി ലില്ലിക്കു തോന്നി. ഒരു കൈക്കുമ്പിള്‍ ജലത്തിനുപകരം ഒരു തേനുറവ പൊട്ടി ഒഴുകിയിരിക്കുന്നു തന്റെ മുന്നില്‍.
''ലില്ലീ...''
''എന്തോ.''
നവോഢയെപ്പോലെ ലില്ലി നാണിച്ചു വിളികേട്ടു. മാസം രണ്ടു കഴിഞ്ഞു.
മുറതെറ്റാതെ എത്തുന്ന എന്തിനേയോ ഈയ്യോബ് കവര്‍ന്നെടുത്തശേഷം വിലപ്പെട്ടതൊന്ന് തന്റെ ഉദരത്തില്‍ സമ്മാനിച്ചത് ലില്ലി അറിഞ്ഞു.
അങ്ങനെയിരിക്കെയാണു പുതിയൊരു വിശേഷവുമായി പൊന്നി വരുന്നത്.
ഗര്‍ഭാലസ്യത നിറഞ്ഞ മുഖം. എങ്കിലും സന്തോഷവതിയാണ്.
''അപ്പാ... പൊന്നിക്ക് കൊറച്ചു ദിവസം വീട്ടില്‍ വന്നു നിക്കാനൊരു കൊതി. എന്നും രാവിലെ ചെറിയൊരു ഛര്‍ദ്ദിയാണ്.''
ഈയ്യോബ് ശ്രദ്ധിച്ചു കേട്ടു. റോണിച്ചന്‍ പറയുന്നതു നേരാണ്. കന്നിഗര്‍ഭമാണ്. അവള്‍ക്കു ചെന്നുനില്‍ക്കാന്‍ വേറേ ഇടമില്ല. ലില്ലി വന്നതില്‍പ്പിന്നെ അവള്‍ സൂസന്നയുടെ കുറവ് അറിഞ്ഞിട്ടില്ല. ഇപ്പോഴാണെങ്കില്‍ ലില്ലിക്കും ക്ഷീണമാണ്. ലിച്ചിയുടെ അവസ്ഥയും മറിച്ചല്ല. ആര് ആരെ ശുശ്രൂഷിക്കും?
എങ്കിലും തന്റെ വയ്യായ്കകള്‍ പുറത്തുകാട്ടാതെ ലില്ലി പൊന്നിയെ നോക്കി.
വിശേഷമറിഞ്ഞ് മാഞ്ചിയമ്മ ഓടി വന്നു.
''ലോട്ടറിയടിച്ചല്ലോ ഇയ്യോബേ...''
ഹൃദയത്തിന്റെ ഒരു കോണില്‍ സന്തോഷവും മറുകോണില്‍ ചെറിയൊരു അസ്വസ്ഥതയും നീറിപ്പടരുന്നത് ഈയ്യോബറിഞ്ഞു. ആരും സഹായിക്കാനില്ല. പൊന്നി വന്നതില്‍പ്പിന്നെ പോത്തിറച്ചിയും മീനും ഇല്ലാതെ ചോറുണ്ണില്ല. മിക്ക സമയവും കെട്ടിച്ചെന്ന വീട്ടിലെ സൗഭാഗ്യം വിളമ്പുകയാണ് അവളുടെ ജോലി. ഈയ്യോബിന് ലില്ലിയെ അടുക്കളയില്‍ച്ചെന്ന് സഹായിക്കണമെന്നുണ്ട്. പക്ഷേ, പൊന്നിയുടെ പ്രതികരണം ഓര്‍ക്കുമ്പോള്‍ വേണ്ടാന്നു വയ്ക്കും. ലില്ലിക്ക് പരാതികള്‍ ഇല്ലായിരുന്നു. ഈയ്യോബ് പകര്‍ന്നുനല്കുന്ന നെഞ്ചിലെ ചൂടില്‍ ലില്ലി സംതൃപ്ത ആയിരുന്നു. മൂന്നു ഗര്‍ഭിണികള്‍. മൂന്നുപേരും ഒരേപോലെ പ്രിയപ്പെട്ടവര്‍.
എന്നും രാത്രി ലില്ലിയുടെ നീരുവച്ചുവരുന്ന കാലില്‍ ജോബ് കുഴമ്പുപുരട്ടി തിരുമ്മിക്കൊടുത്തു.
''സങ്കടമുണ്ടോ നിനക്ക്?
''ഇല്ല പൊന്നേ...''
ലില്ലി ഈയ്യോബിന്റെ നെഞ്ചിലേക്കു ചാഞ്ഞു.
മൂന്നു മാസത്തിനുള്ളില്‍ മൂന്നു സ്ത്രീകളുടെ പ്രസവം. മൂന്ന് കൈക്കുഞ്ഞുങ്ങള്‍...
വീട് ചെറിയൊരാശുപത്രി പോലെയായി.
മാഞ്ചിയമ്മ കൊണ്ടുവന്നു തന്ന ഒരു പണിക്കാരിപ്പെണ്ണിലാണ് വീട് ഓടുന്നത്.
ദിനങ്ങള്‍ ഒന്നൊന്നായി കുഞ്ഞുങ്ങളുടെ കരച്ചിലില്‍ പൊട്ടിവിടരുന്നു. ചെലവുകള്‍ ദുസ്സഹമാവുന്നത് ഈയ്യോബറിഞ്ഞു. എന്തെങ്കിലുമൊരു മാര്‍ഗം കണ്ടെത്തണം. പ്രസവം കഴിഞ്ഞ് പൊന്നിയെയും ലിച്ചിയെയും പറഞ്ഞു വിടണമെങ്കില്‍ നല്ലൊരു സംഖ്യ കൈയില്‍ കരുതണം. അയാള്‍ക്ക് അന്തോണീസച്ചനെ ഓര്‍മ വന്നു. അച്ചനെ ഇപ്പോള്‍ കാണാന്‍ സാധിക്കുമോ? ഓര്‍മ നഷ്ടപ്പെട്ടുവെന്ന് പറഞ്ഞുകേള്‍ക്കുന്നു. പുതിയ വികാരിയച്ചനോടു കാര്യങ്ങള്‍ തിരക്കണം. സാധിക്കുമെങ്കില്‍ തന്റെ കഷ്ടപ്പാട് പറയണം. എന്തെങ്കിലും പോംവഴി കണ്ടെത്തണം. പിറ്റേ ഞായറാഴ്ച കുര്‍ബാനമധ്യേ വികാരിയച്ചന്‍ അടുത്ത മാസം നടത്താന്‍ പോകുന്ന പെരുന്നാളിന്റെ ചെലവിനെക്കുറിച്ചും പള്ളിയുടെ വരുമാനമൊക്കെ കുറഞ്ഞുതുടങ്ങുന്നതിനെക്കുറിച്ചും പരിതപിച്ചു. പള്ളിയിലിരുന്നിട്ടും കുഞ്ഞുങ്ങളുടെ കരച്ചില്‍ ഈയ്യോബിന്റെ ചെവിയില്‍ മുഴങ്ങി. അതിന് അച്ചന്റെ പ്രസംഗത്തെക്കാള്‍ ഇരമ്പല് കൂടുതലായിരുന്നു. വികാരിയച്ചന്‍ പ്രസംഗം ഇപ്രകാരം പൂര്‍ത്തിയാക്കി:
''അതുകൊണ്ട് പിരിവിനു വരുമ്പോള്‍ നിങ്ങളാരും ഒഴികഴിവ് എന്റടുക്കല്‍ പറയണ്ട. നിങ്ങളുടെ ഓരോ കുടുംബത്തിലെയും വരുമാനം എനിക്കറിയാം. അതിനനുസരിച്ചിട്ടുള്ള വിഹിതം ഓരോരുത്തര്‍ക്കും നിശ്ചയിച്ചിട്ടുണ്ട്.''
ഈയ്യോബ് ഞെട്ടി.
മൂന്നു കുഞ്ഞുങ്ങളുടെ കരച്ചിലിനോടൊപ്പം പൊന്നിയുടെ പിറുപിറുക്കലും ലിച്ചിയുടെ വീര്‍ത്ത മോന്തയും ലില്ലിയുടെ നിസ്സഹായത നിറഞ്ഞ മുഖവുംകൂടി ഈയ്യോബിന്റെ മുന്നില്‍ തെളിഞ്ഞു വന്നു. ജോബ് നെറ്റിയില്‍ കുരിശു വരച്ച് ക്രൂശിതരൂപത്തിനു നേരേ നോക്കി ഇങ്ങനെ പ്രാര്‍ത്ഥിച്ചു:
എല്ലാമറിയുന്നവനായ പിതാവേ...
ഇടവകജനത്തിന്റെ വരുമാനം വെളിപ്പെടുത്തിക്കൊടുത്തതിനോടൊപ്പം കുടുംബത്തിന്റെ ചെലവുകളുംകൂടി കമ്മിറ്റിക്കാര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കേണമേ, ആമ്മേന്‍. പള്ളിയില്‍നിന്നിറങ്ങി പുറത്തേക്കു നടക്കുമ്പോള്‍ ഈയ്യോബിന്റെ ഹൃദയഭാരം കര്‍ത്താവ് കുരിശിലേക്കെടുത്തിരുന്നു.