മനസ്സുകള്‍ക്കു കുറുകെ മതിലുകള്‍ പണിയുന്ന ഇക്കാലത്ത് സ്‌നേഹത്തെക്കുറിച്ചു സംസാരിക്കുന്നത് ഏറെ ഉചിതമാണ്. എന്റേതും നിന്റേതുമായ യാതൊന്നും ഒരിക്കലും നമ്മളുടേതാവില്ല എന്ന തിരിച്ചറിവില്‍നിന്നാണ് ഇത്തരം മതിലുകള്‍ ഉയരുന്നത്. സ്വാര്‍ഥതയുടെ ഒരു വലിയ സമൂഹത്തില്‍ നിന്നുകൊണ്ടാണ് നിസ്വാര്‍ഥതയുടെ ചില്ലുകൊട്ടാരം നിര്‍മിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്. വരുംതലമുറയുടെ കൈകളില്‍ സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ നുറുങ്ങുവെട്ടം തെളിഞ്ഞുനില്‍ക്കുന്നതു കാണാന്‍ ഏറെ ആഗ്രഹിക്കുന്നു. നേട്ടങ്ങളെക്കുറിച്ചു മാത്രം സംസാരിക്കുമ്പോള്‍ കോട്ടമെന്നത് അനിവാര്യമാണെന്ന് പലപ്പോഴും നാം മറക്കുന്നു. എനിക്കു നേടേണ്ടതല്ല, അന്യന് ഉപയുക്തമായതുകൂടി എനിക്കുവേണം എന്ന ചിന്താഗതിയാണ് പലയിടത്തും ഉയര്‍ന്നുവരുന്നത്. അവനെപ്പോലെ, അവളെപ്പോലെ ആവണം എന്നു പറയുന്നവര്‍, സ്വന്തം യശസ്സുയര്‍ത്താന്‍ യന്ത്രത്തെപ്പോലെ പ്രവര്‍ത്തിക്കുന്ന ബാല്യത്തെ തീര്‍ക്കുന്ന മറ്റു ചിലര്‍...
സത്യം, സ്വാതന്ത്ര്യം എന്നിവ ഹനിക്കപ്പെടുമ്പോള്‍ ഇല്ലാതാവുന്നത് സമത്വസുന്ദരഭൂമിയാണ്. തോറ്റുകൊടുക്കാന്‍, ഇല്ലാത്തവനുമായി പങ്കുവയ്ക്കാന്‍, അപരന്റെ കണ്ണീരൊപ്പാന്‍, മുഖത്തുനോക്കി പുഞ്ചിരിക്കാന്‍ നമ്മുടെ കുട്ടികള്‍ പലപ്പോഴും മറന്നുപോകുന്നില്ലേ? കണ്ണൊന്നടച്ച് ഒരു നിമിഷം ഈശ്വരനെ ധ്യാനിക്കാന്‍ ഇവര്‍ക്കാവുന്നില്ല. ശാസ്ത്രസത്യങ്ങള്‍ക്കൊപ്പംതന്നെ മാനുഷികമൂല്യങ്ങള്‍ക്കു വില നല്‍കുന്നില്ല. ഇങ്ങനെ ശങ്കിക്കുമ്പോള്‍ത്തന്നെ പ്രത്യാശ നല്‍കുന്ന ചിത്രങ്ങളും ഏറെയുണ്ട്. കാണിച്ചുകൂട്ടലുകള്‍ക്കല്ല, കണ്ടറിഞ്ഞു ചെയ്യുന്ന രഹസ്യങ്ങള്‍ക്കാണ് പത്തരമാറ്റ് ഉണ്ടാവുക യെന്ന ബോധ്യം മനസ്സിന്റെ ഏതെങ്കിലും കോണില്‍ ഉണ്ടാവണം. ഉണ്ണാത്തവനെ ഊട്ടാനും ഇല്ലാത്തവനെ രാജാവാക്കാനും നമുക്കാവണം. ഒരു പ്രളയദൂരത്തിനപ്പുറത്തേക്കു ഞാനില്ല, പക്ഷേ, നാമുണ്ട് എന്ന സത്യം എന്നും മുന്നിലുണ്ടാവണം. മനുഷ്യനുവേണ്ടിയാണ് വിദ്യയും വിദ്യാഭ്യാസവും. ഉള്ളിലെ നന്മയെ പുറത്തുകൊണ്ടുവരാനും അതു ലോകത്തിന് ഉപയുക്തമായിത്തീരാനും പഠിതാവിനെ പ്രാപ്തമാക്കാനുതകുന്നതാവണം ഓരോ വിദ്യാഭ്യാസതത്ത്വശാസ്ത്രവും. അറിവുകള്‍ വെറും പൊള്ളയാണെന്നു നാള്‍ക്കുനാള്‍ വ്യക്തമായിക്കൊണ്ടിരിക്കുന്ന ഈ കാലയളവില്‍ ശാശ്വതമായ തിരിച്ചറിവുകള്‍ എല്ലാവര്‍ക്കുമുണ്ടാകണം. അപരനെ നോക്കി പുഞ്ചിരിക്കാനും ഹൃദയസംവാദം നടത്താനും ഉചിതമായി പങ്കുവയ്ക്കാനും അവന്റെ വേദനയില്‍ക്കൂടി കരഞ്ഞു കൈപിടിച്ച് സന്തോഷത്തിലേക്കു നടത്താനും എവിടെ കഴിയുന്നുവോ അവിടെ മാത്രമാണ് വിദ്യ ധനമാകുന്നത്. എല്ലാം നേടുന്നതിലല്ല; മറിച്ച്, നേടിയത് ഔചിത്യപൂര്‍വം പ്രായോഗികമാക്കുന്നിടത്താണ് വിദ്യാഭ്യാസം പൂര്‍ണമാകുന്നത്.
യന്ത്രങ്ങളല്ല ഹൃദയങ്ങളാണ് ഇന്നാവശ്യം. മറന്നുപോകാന്‍ പാടില്ലാത്ത ബന്ധങ്ങളും ചെയ്തുതീര്‍ക്കേണ്ട ഉത്തരവാദിത്വങ്ങളും ഏറെയുണ്ട്. കടമകള്‍ മറക്കുന്നവരാണ് യഥാര്‍ഥ രാജ്യദ്രോഹികള്‍ എന്നു രാഷ്ട്രപിതാവ് ഓര്‍മിപ്പിക്കുന്നു. സത്യസന്ധമായി കര്‍മം ചെയ്യാനാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്. അലസതയല്ല, കര്‍മനിരതമായ മണിക്കൂറുകളാണ് ആവശ്യം. പൂര്‍ണതയില്‍നിന്നല്ല, ശൂന്യതയില്‍നിന്നു വിജയം നേടുമ്പോഴാണ് അതൊരു വിപ്ലവമാകുന്നത്. കുറവുകളിലേക്കല്ല, നിറവുകളിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ തീരാവുന്ന അപകര്‍ഷതാബോധങ്ങളേ ലോകത്തെല്ലായിടത്തുമുള്ളൂ. ശരിയായ വിദ്യ തേടുന്നവരോട് പറയുവാന്‍ ഒന്നുമാത്രം: സ്‌നേഹിക്കുക... പുഞ്ചിരിക്കുക... സത്യസന്ധമായ കര്‍മം ചെയ്യുക.