•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

അവള്‍ യാചിച്ചു; അവന്‍ ഉത്തരമരുളി

കാനായിലെ വിവാഹവിരുന്നുസമയത്തു വീഞ്ഞുതീര്‍ന്നപ്പോള്‍ അമ്മ മേരി  മകനോടു പറഞ്ഞു,  ആ കുടുംബത്തെ മാനഹാനിയില്‍നിന്നു  രക്ഷിക്കാന്‍. അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങാന്‍ ഇനിയും സമയമായിട്ടില്ലെന്നാണ് യേശു കരുതിയത്. എന്തിനാണ് എന്നെ ഇതില്‍ ഇടപെടുത്തുന്നത് എന്നാണ് അവിടുന്നു ചോദിച്ചത്. ഒടുവില്‍ അമ്മ മേരി തന്റെ മകന്റെ മനസ്സു മാറ്റിയെടുക്കുന്നു. ആചാരത്തിന്റെ ഭാഗമായി ശരീരശുദ്ധിക്കായി വച്ചിരുന്ന ആറു കല്‍ഭരണികള്‍ അവിടെ ഉണ്ടായിരുന്നു. അതിലൊക്കെ വെള്ളം നിറച്ചു കൊണ്ടുവരാന്‍ അവിടുന്ന് ആജ്ഞാപിക്കുന്നു. അത് കലവറക്കാരനെ ഏല്പിക്കുന്നു. കലവറക്കാരനെ അദ്ഭുതപ്പെടുത്തിയകാര്യം  വെള്ളം ഒന്നാംതരം വീഞ്ഞായി രൂപാന്തരം പ്രാപിച്ചു എന്നതായിരുന്നു. സാധാരണ അതിഥികള്‍ക്ക് എല്ലാവരും നല്ല വീഞ്ഞ് ആദ്യം വിളമ്പും. ലഹരി പിടിച്ചുകഴിയുമ്പോള്‍ മോശം വീഞ്ഞും. ഇവിടെയാകട്ടെ ഒന്നാംതരം വീഞ്ഞാണ് അവസാനം വരെ വിളമ്പുന്നത്. അങ്ങനെ മനുഷ്യപുത്രന്റെ ആദ്യത്തെ അദ്ഭുതം നടന്നു. അതിനു  കാരണമായത് അമ്മ മേരിയുടെ നിര്‍ബന്ധപൂര്‍വമായ ഇടപെടലാണെന്നു നമുക്കറിയാം.
ഏലിയാപ്രവാചകനും വിധവയും 
പഴയനിയമത്തില്‍ പട്ടിണിപ്പാവമായ ഒരു പാവം വിധവയുടെ കഥയുണ്ട്. സറേഫാത്  എന്നൊരു സ്ഥലത്താണു സംഭവം. നല്ല വേനലില്‍ അവിടത്തെ അരുവി ഉണങ്ങിവരണ്ടു. പര്‍വതനിരകളില്‍ മഴ പെയ്യാതിരുന്നതാണു പ്രശ്‌നമായത്. അങ്ങനെയിരിക്കുമ്പോഴാണ് ഏലിയായോട് ദൈവം അവിടേക്കു പോകാന്‍ കല്പിക്കുന്നത്. അവിടെയുള്ള ഒരു പാവപ്പെട്ട വിധവയോട്  ഏലിയായ്ക്കുവേണ്ട ഭക്ഷണം നല്കാന്‍ ഏര്‍പ്പാടുചെയ്തിരുന്നു. ഗ്രാമത്തില്‍ ചെല്ലുമ്പോള്‍  അവിടെ വിറകുചില്ലകള്‍ ശേഖരിക്കുന്ന  ഒരു വിധവയെ ഏലിയാ കണ്ടു. കുടിക്കാന്‍ കുറെ വെള്ളവും ഭക്ഷിക്കാന്‍ റൊട്ടിയും ചോദിച്ചു. ഇതുകേട്ട വിധവ പറഞ്ഞു: റൊട്ടി തരാന്‍  യാതൊരു നിര്‍വാഹവുമില്ല. ഭരണിയുടെ മൂട്ടില്‍ ഒരല്പം ധാന്യമാണു ബാക്കി. പാത്രത്തില്‍ കുറച്ചുമാത്രം എണ്ണയും. ഈ വിറകുകൊണ്ട് ഞാന്‍ പോയി ഭക്ഷണം പാചകം ചെയ്യട്ടെ. ഞാനും എന്റെ മകനും ഞങ്ങളുടെ അവസാനത്തെ ഭക്ഷണം കഴിച്ചു മരിക്കാന്‍ ഒരുങ്ങുകയാണ്.
ഇതുകേട്ട് ഏലിയാ അവളെ സാന്ത്വനപ്പെടുത്തി: നീ ഒരു കാര്യം ചെയ്യുക. നീ ആദ്യം എനിക്കൊരു കൊച്ചുറൊട്ടി ചുട്ടെടുക്കുക. ബാക്കിയുള്ളതുകൊണ്ട് നിങ്ങള്‍ക്കുള്ളതു തയ്യാറാക്കുക. ഇസ്രായേലിന്റെ ദൈവം കല്പിച്ചരുളിയിരിക്കുന്നു, ഇനി ഒരു മഴ പെയ്യുന്നതുവരെ ഈ ഭരണിയിലെ ധാന്യവും പാത്രത്തിലെ എണ്ണയും തീരുകയില്ല. വിധവ ഏലിയാ പറഞ്ഞതുപോലെതന്നെ ചെയ്തു, അദ്ഭുതം! എത്രയോ പ്രാവശ്യം  റൊട്ടി ഉണ്ടാക്കിയിട്ടും ധാന്യവും  എണ്ണയും തീര്‍ന്നില്ല. വിധവയ്ക്കും മകനും ഏലിയായ്ക്കും അങ്ങനെ ആ ക്ഷാമകാലത്തും സുഭിക്ഷമായി ഭക്ഷിക്കാന്‍  സാധിച്ചു. 
വയലുകള്‍ ഉണങ്ങിവരണ്ടു ഭക്ഷിക്കാന്‍ ഒന്നുമില്ലാത്ത അവസ്ഥയില്‍ പാവം വിധവ നിരാശയിലായിരുന്നെങ്കിലും പിന്നീടവള്‍ ദൈവവചനത്തില്‍ പൂര്‍ണമായി വിശ്വസിക്കുന്നു. പുണ്യയോഗ്യതകള്‍ നിറഞ്ഞ അത്തരം ധാരാളം വനിതകളെ നാം ബൈബിളില്‍ കണ്ടെത്തുന്നുണ്ട്,
ഹന്നായുടെ പ്രാര്‍ത്ഥന 
അതീവദുഖത്തിലായിരുന്നു ഹന്നാ. അവള്‍ ദൈവത്തോട് അപേക്ഷിക്കുമ്പോഴൊക്കെ കണ്ണുകള്‍ നിറഞ്ഞൊഴുകുമായിരുന്നു. ദൈവത്തിങ്കലേക്കു മനസ്സിനെ ഉയര്‍ത്തി അവള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. ''ദൈവമേ, എന്റെ ദുഃഖം കാണണമേ. എന്റെ പ്രാര്‍ഥന കേള്‍ക്കണമേ. എനിക്കു നീയൊരു പുത്രനെ തരൂ. പ്രായപൂര്‍ത്തിയാകുമ്പോള്‍ ഞാന്‍ അവനെ നിനക്കുതന്നെ തിരിച്ചുതരാം. അവന്‍ ജീവിതകാലം മുഴുവന്‍ നിന്റെ പാദസേവ ചെയ്യും. സമര്‍പ്പിതന്‍ എന്നറിയിക്കുവാന്‍ അവന്‍ മുടി വളര്‍ത്തും.''
ഇതു കണ്ടുനിന്ന പുരോഹിതന്‍ തെറ്റിദ്ധരിച്ചു. ചുണ്ടുകള്‍ അനങ്ങുന്നുണ്ടെങ്കിലും ശബ്ദമൊന്നും കേള്‍ക്കാനില്ല. അവള്‍ മദ്യപിച്ചുവന്നതായിരിക്കും. 
''അയ്യോ! എന്നെ തെറ്റുദ്ധരിക്കല്ലേ. ഞാന്‍ ഏറെ വിഷമത്തിലാണ്. ദുഃഖാര്‍ത്തയായ ഞാന്‍ ഉള്ളുരുകി പ്രാര്‍ഥിക്കുകയായിരുന്നു. ഒരു കുഞ്ഞിനുവേണ്ടി അപേക്ഷിക്കുകയായിരുന്നു.'' അപ്പോള്‍ ആ പുരോഹിതന്‍ മൊഴിഞ്ഞു: ''എങ്കില്‍ നീ സമാധാനത്തോടെ പോകുവിന്‍. ദൈവം നിന്റെ പ്രാര്‍ഥന  ശ്രവിച്ചിരിക്കുന്നു.''
മുട്ടിപ്പായി പ്രാര്‍ഥിച്ചതിനൊടുവില്‍ ഫലമുണ്ടായി. അവള്‍ക്കു ദൈവം ഒരു ഓമനക്കുഞ്ഞിനെ നല്‍കി അനുഗ്രഹിച്ചു. അക്ഷീണം, അവിരാമം വീണ്ടും വീണ്ടും പ്രാര്‍ഥിച്ചപ്പോഴാണ്, ദൈവത്തില്‍ നിരന്തരം  ശരണം പ്രാപിച്ചപ്പോഴാണ് സ്വര്‍ഗം തുറന്നത്. തോല്‍ക്കാന്‍ അവള്‍ക്കു മനസ്സുണ്ടായിരുന്നില്ല.
നെയ്നിലെ വിധവ 
കഫര്‍ണാമില്‍നിന്ന് 25 മൈല്‍ അകലെയുള്ള നൈന്‍ എന്ന ഗ്രാമത്തിലേക്കാണ് യേശുവും ശിഷ്യന്മാരും പോയത്. ലൂക്കാ 7:12 ല്‍ നാം ഈ  സംഭവം വായിക്കുന്നുണ്ട്. പ്രധാനകവാടത്തില്‍ എത്തിയപ്പോഴേക്കും ശബ്ദമുഖരിതമായി അന്തരീക്ഷം. വലിയ ഒച്ചപ്പാടും ബഹളവുമായിരുന്നു. പെട്ടെന്നാണ് ഒരു മൃതദേഹവുംപേറി ഒരു സംഘമാളുകള്‍ വരുന്നതു കണ്ടത്. അതോടെ ഒച്ചപ്പാടും അവസാനിച്ചു. ജനം നിശ്ശബ്ദരായി ആ കാഴ്ച കണ്ടുനിന്നു. മരിച്ച യുവാവിന്റെ അമ്മ കരഞ്ഞുകൊണ്ട് ശവമഞ്ചത്തിനുപിന്നാലെയുണ്ടായിരുന്നു. മരിച്ചത് ആ വിധവയുടെ ഏക ആശ്രയമായിരുന്ന പുത്രനായിരുന്നു. ഇനി  അവള്‍ക്കു താങ്ങും തണലുമായി ആരുമില്ല.
അവളുടെ ദുഃഖം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ യേശുവിനു കഴിഞ്ഞു. അവിടുന്ന് അവളെ നോക്കി. എന്നിട്ടു പറഞ്ഞു: ''നീ കരയേണ്ട.'' വലിയ അനുകമ്പയോടും ഹൃദയാര്‍ദ്രതയോടുംകൂടി  അവന്‍ അവളുടെ അടുത്തേക്കു ചെന്നു. അപ്പോഴേക്കും  എല്ലാവരും നിശ്ശബ്ദരായി. ഒരു യഹൂദപുരോഹിതനും  ഒരു ശവശരീരത്തില്‍ തൊടാറില്ല. ഇവിടെ  ഇതാ യേശു അവനെ സ്പര്‍ശിക്കുന്നു. എന്നിട്ട് അവനോട് എഴുന്നേല്‍ക്കുവാന്‍ കല്പിക്കുന്നു. മരിച്ചവന്‍ അവന്റെ സ്വരം കേട്ടു. അവന്‍ അനുസരിച്ചു. എന്നിട്ട് എഴുന്നേറ്റിരുന്നു സംസാരിക്കാന്‍ തുടങ്ങി.  നിരാലംബയായ ആ വിധവയുടെ ദുഃഖരോദനം അവന്‍ കേട്ടു. അവളുടെ തേങ്ങലുകളില്‍ ആശ്വാസമേകാന്‍  ഈശോ വന്നു.
രക്തസ്രാവക്കാരി 
ലൂക്കാ 8:43 ല്‍ നാം പന്ത്രണ്ടുവര്‍ഷമായി  കഷ്ടപ്പെടുന്ന ഒരു രക്തസ്രാവക്കാരിയെപ്പറ്റി വായിക്കുന്നു. ഒട്ടേറെ പണം ചെലവഴിച്ച് അവള്‍ പലയിടങ്ങളിലും ചികിത്സ തേടിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുചെന്ന് അവള്‍ യേശുവിന്റെ വസ്ത്രാഞ്ചലത്തില്‍  സ്പര്‍ശിച്ചു. തത്ക്ഷണം അവളുടെ രക്തസ്രാവം നിലച്ചു അവള്‍ സുഖപ്പെട്ടു. യേശു ചോദിച്ചു: ''ആരാണെന്നെ സ്പര്‍ശിച്ചത്?'' അപ്പോള്‍ പത്രോസ് പറഞ്ഞു: ''ഈ തിക്കിലും തിരക്കിലും ആരു തൊട്ടു എന്നെങ്ങനെ പറയാനാകും?'' ''ആരോ എന്നെ സ്പര്‍ശിച്ചിരിക്കുന്നു. എന്നില്‍നിന്നു ശക്തി പ്രവഹിച്ചു എന്നു ഞാന്‍ അറിയുന്നു.'' സ്വയം മറയ്ക്കാന്‍ ആവില്ലെന്നു മനസ്സിലാക്കി അവള്‍ വേപഥുപൂണ്ട് യേശുവിന്റെ മുമ്പിലേക്കു വന്ന് അവന്റെ കാല്‍പാദങ്ങളിലേക്കു വീണു. താന്‍ എന്തിനാണു സ്പര്‍ശിച്ചതെന്നും പൂര്‍ണമായി സൗഖ്യംപ്രാപിച്ച കാര്യവും  അവള്‍ പറഞ്ഞു. 'മകളേ, നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു; നീ സമാധാനത്തോടെ പോകുവിന്‍' എന്നു പറഞ്ഞ് യേശു അവളെ പറഞ്ഞയച്ചു.
യേശുവിന്റെ വസ്ത്രങ്ങളില്‍ തൊടാന്‍പോലും ഭയപ്പെട്ടിരുന്ന അവള്‍ക്കു പക്ഷേ, വിശ്വാസമുണ്ടായിരുന്നു. ദൈവത്തിന് അസാധ്യമായത് ഒന്നുമില്ല. അങ്ങനെയാണവള്‍ ആ വലിയ സാഹസത്തിനൊരുങ്ങിയത്. ആ അടിയുറച്ച വിശ്വാസം അവളെ രക്ഷിക്കുകയും ചെയ്തു.
നീതിരഹിതനായ ന്യായാധിപന്‍ 
ഒരിക്കല്‍ ഒരിടത്ത് ഒരു ന്യായാധിപനുണ്ടായിരുന്നു. അയാള്‍ക്കു ദൈവഭയമോ നീതിബോധമോ ഉണ്ടായിരുന്നില്ല. ആ നാട്ടിലെ ഒരു പാവം വിധവ ഏറെക്കാലമായി ന്യായത്തിനായി അപേക്ഷിച്ചുകൊണ്ടിരുന്നു. പക്ഷേ, ഇതൊന്നും ഈ ന്യായാധിപന്‍ തെല്ലും ശ്രദ്ധിച്ചതേയില്ല. വിധവ വീണ്ടും വീണ്ടും തന്റെ ആവശ്യമുണര്‍ത്തിച്ചുകൊണ്ടിരുന്നു. ഒടുവില്‍, ഈ വിധവയുടെ നിരന്തരമായ ശല്യം ഒഴിവാക്കാനായി അയാള്‍ നീതി നടപ്പാക്കിക്കൊടുക്കുന്നു. ഒരുപക്ഷേ, ഈ ന്യായാധിപന്റെ മനസ്സൊന്നു മാറ്റിയെടുക്കാന്‍ അവള്‍ ദൈവത്തോടു പ്രാര്‍ഥിച്ചിരുന്നിരിക്കും. നീതിബോധം തൊട്ടുതീണ്ടാത്ത ഒരു ജഡ്ജിക്കുപോലും വിധവയുടെ യാചന കേള്‍ക്കേണ്ടിവന്നു. അപ്പോള്‍ നീതിമാനായ ദൈവം നമ്മുടെ പ്രാര്‍ഥനകള്‍ കേള്‍ക്കാതെ വരുമോ?
മര്‍ക്കോസ് 24:7 ല്‍ പിശാചു ബാധിച്ച മകളെ രക്ഷിക്കാനായി ഒരു കാനാന്‍കാരി യേശുവിനെ സമീപിക്കുന്നു. ഇസ്രായേല്‍മക്കള്‍ക്കുള്ള അപ്പങ്ങള്‍ നായകള്‍ക്കു മുമ്പില്‍ എറിഞ്ഞുകളയാനാവില്ലെന്നു പറഞ്ഞിട്ടും അവള്‍ നിരാശപ്പെടുന്നില്ല. മേശപ്പുറത്തുനിന്നു വീഴുന്ന അപ്പക്കഷണങ്ങള്‍കൊണ്ടും നായകള്‍ ജീവിക്കുന്നില്ലേ എന്നാണവള്‍ ചോദിച്ചത്. ഒടുവില്‍ യേശു പറയുന്നു, നിന്റെ ആഗ്രഹം നിറവേറട്ടെ എന്ന്.
ആ സ്ത്രീയുടെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍  യേശുവിനു സമ്മതംമൂളേണ്ടിവന്നു. ഒടുവില്‍ പുറം ജാതിക്കാരെ മുഴുവന്‍ രക്ഷയുടെ മാര്‍ഗത്തിലെത്തിക്കാനും  യേശു സമ്മതിക്കുന്നു.
സന്തതസഹചാരിയായിരുന്ന മറിയം മഗ്ദലേന  യേശുവിന്റെ കുരിശിന്റെ വഴിയില്‍ അവനെ അനുഗമിക്കുന്നുണ്ട്. ക്രൂരന്മാരായ റോമാക്കാരുടെ മുമ്പില്‍ യേശുവിനോട് എന്തെങ്കിലും സഹതാപം കാണിക്കുന്നത് അപകടമാണെന്ന് അറിയാമായിരുന്നിട്ടും  അവള്‍ തന്റെ കടമകള്‍ ചെയ്യുന്നു. മൂന്നാംനാള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നതും അവള്‍ക്കുമുമ്പിലാണ്. യേശു ഉയിര്‍ത്തെണീറ്റുവെന്നു ലോകത്തോടാദ്യമായി പ്രഖ്യാപിക്കാന്‍ അവള്‍ക്കു ഭാഗ്യം ലഭിച്ചതും അങ്ങനെയാണ്.
സ്ത്രീ ശക്തിമതിയാണ് 
നിശ്ചയദാര്‍ഢ്യമുള്ള, മനോബലമുള്ള  കുടുംബിനികള്‍ കുടുംബത്തിന്റെ കെടാവിളക്കാണ്. സത്യവിശ്വാസത്തിന്റെ അടിത്തറയിട്ടുകൊണ്ട് മക്കളെ നല്ല വഴിക്കു തിരിക്കുന്ന  അമ്മമാരാണ്  കുടുംബങ്ങളുടെ അനുഗ്രഹമാകുന്നത്. മോനിക്കാപ്പുണ്യവതിയുടെ നിരന്തരമായ പ്രാര്‍ഥനകളായിരുന്നു സെന്റ് അഗസ്റ്റിനെ നല്ല വഴി തേടാന്‍ സഹായിച്ചത്. നല്ല അമ്മമാര്‍ ധാരാളമായി കുടുംബങ്ങളില്‍ ഉണ്ടാവാന്‍ നമുക്കു പ്രാര്‍ഥിക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)