•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഓട്ടിസം മനസ്സിനെ തളര്‍ത്തുമോ?

ണ്ണിക്കുട്ടന്‍ ആ വീട്ടിലെ ആദ്യത്തെ കണ്‍മണിയാണ്. ഒത്തിരി സ്‌നേഹിച്ചും ലാളിച്ചും തങ്ങളുടെ ഓമനപ്പുത്രന് ആവശ്യമായതെല്ലാം നല്കാന്‍ മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും ശ്രമിച്ചു. അവന്റെ കിളിക്കൊഞ്ചല്‍ ആ വീടിനെ സ്വര്‍ഗതുല്യം ആനന്ദപൂരിതമാക്കിയിരുന്നു. എന്നാല്‍, മൂന്നു വയസ്സായപ്പോഴേക്കും ''വാ'' നിറയെ സംസാരിച്ചിരുന്ന ഉണ്ണിക്കുട്ടന്‍ എല്ലാവരോടും അമിതമായി ദേഷ്യപ്പെടാനും എല്ലാ സാധനങ്ങളും നശിപ്പിക്കാനും മറ്റുള്ളവരെ ഉപദ്രവിക്കാനും തനിച്ചായിരിക്കാനുമൊക്കെ തുടങ്ങിയപ്പോള്‍ മാതാപിതാക്കള്‍ അവനുമായി ഒരു സൈക്കോളജിസ്റ്റിനെ കണ്ടു. ആ നിമിഷമാണ് അവരറിയുന്നത്, തങ്ങളുടെ കുട്ടി ''ഓട്ടിസം'' വിഭാഗത്തില്‍പ്പെടുന്ന ഒരു കുട്ടിയാണെന്ന്. പിന്നീടങ്ങോട്ട് ഇതിനുവേണ്ടിയുള്ള ചികിത്സകളായിരുന്നു. ഒന്നിനൊന്നു വഷളാകുന്നതല്ലാതെ ഒട്ടും കുറയുന്നില്ല. അങ്ങനെ ഇവര്‍ ~ഒരു ഡോക്ടറിന്റെ നിര്‍ദേശപ്രകാരം ഒരു സ്‌പെഷല്‍ സ്‌കൂളിനെ ഉണ്ണിക്കുട്ടനുമായി സമീപിച്ചു. വ്യത്യസ്തവൈകല്യങ്ങളുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതിനോടൊപ്പം അവിടെ ഉണ്ണിക്കുട്ടനെ പരിശീലിപ്പിച്ചു. അവനില്‍ പ്രകടമായ മാറ്റങ്ങള്‍ കാണാന്‍ സാധിച്ചത് അവര്‍ക്കു സന്തോഷവും സമാധാനവും നല്കി.

എന്താണ് ഓട്ടിസം?
ഓട്ടിസമെന്നത് ഒരു രോഗമല്ല; അതൊരു അവസ്ഥയാണ്. തലച്ചോറുസംബന്ധമായ വ്യത്യസ്തതയാണ്. ഈ അവസ്ഥയെക്കുറിച്ച് സമൂഹത്തില്‍ വളരെ ചെറിയ വിഭാഗത്തിനെ അറിവുള്ളൂ. പലര്‍ക്കും തെറ്റായ ധാരണയുമുണ്ട്. 1943 ല്‍ 'ലിയോ കറാര്‍' എന്ന മനോരോഗവിദഗ്ധനാണ് ഈ അവസ്ഥയെ ഓട്ടിസം എന്ന് ആദ്യമായി വിളിച്ചത്. ആശയവിനിമയം, ആശയഗ്രഹണം, സാമൂഹീകരണം എന്നീ മേഖലകളില്‍ സമപ്രായക്കാരില്‍നിന്നു  വളരെ പ്രകടമായ വ്യതിയാനത്തില്‍ ജീവിക്കുന്ന കുട്ടി യഥാര്‍ഥലോകത്തില്‍നിന്നു പിന്‍വാങ്ങി  അവരുടേതായ സ്വപ്നലോകത്തായിരിക്കുന്ന അവസ്ഥയെയാണ് 'ഓട്ടിസം' എന്ന വാക്കുകൊണ്ട് അര്‍ഥമാക്കുന്നത്. ഓട്ടിസം എന്നാല്‍ ബുദ്ധിപരിമിതിയല്ല. എന്നാല്‍, ഓട്ടിസം ബാധിച്ചവരില്‍ 70 ശതമാനം പേരും ബുദ്ധിപരിമിതിയിലുള്ളവരാണ്. ലോകത്ത് പതിനായിരം കുട്ടികള്‍ ജനിക്കുമ്പോള്‍ പത്തു പേര്‍ ഓട്ടിസമുള്ള അവസ്ഥയില്‍ കാണപ്പെടുന്നു. ഇതില്‍ നല്ല ശതമാനവും ആണ്‍കുട്ടികളാണ്.
ആശയവിനിമയം
തന്റെ ആവശ്യങ്ങളും ഇഷ്ടങ്ങളും ബുദ്ധിമുട്ടുകളും മാതാപിതാക്കളെ, പ്രധാനമായും അമ്മയെപ്പോലും അറിയിക്കാന്‍ കുട്ടികള്‍ പ്രയാസപ്പെടുന്നു. ഇങ്ങനെയുള്ള കുട്ടികള്‍ക്ക് ആംഗ്യമുപയോഗിച്ചോ സംസാരിച്ചോ ആശയവിനിമയം നടത്താന്‍ പ്രയാസമാണ്. ഒരു കാര്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച് എഴുതുന്നതും കണ്ണില്‍നോക്കി സംസാരിക്കാന്‍ സാധിക്കാത്തതും വിളിച്ചാലോ പുഞ്ചിരിച്ചാലോ അതിനോടു പ്രതികരിക്കാനുള്ള കഴിവില്ലായ്മയും ഇവരുടെ പ്രത്യേകതയാണ്.
സാമൂഹിക ഇടപെടല്‍ 
ഓട്ടിസം കുട്ടികള്‍ക്ക് സമൂഹത്തില്‍ ഇടപെടാന്‍ പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നുണ്ട്. ഇത്തരം കുട്ടികള്‍ക്ക് സ്വന്തം മാതാപിതാക്കളെയോ സഹോദരങ്ങളെയോ വികാരങ്ങളെയോ പരിഗണിക്കുകയോ മാനിക്കുകയോ ചെയ്യുന്നതിനും സ്വന്തം വൈകാരികാവശ്യം പ്രകടിപ്പിക്കുന്നതിനും പരിമിതികളുണ്ട്. സമപ്രായക്കാരുമായി സൗഹൃദത്തിലാകാനും വളരെ പ്രയാസമാണ്.
വൈകാരിക  വ്യവഹാരപരിമിതികള്‍
മാതാപിതാക്കള്‍ ചുംബിക്കുകയോ ആശ്ലേഷിക്കുകയോ ചെയ്യുമ്പോള്‍ അതിനോടു പ്രതികരിക്കാന്‍ പലപ്പോഴും സാധിക്കുന്നില്ല. ഈ കുട്ടികള്‍ അമിതഭയം, ഉത്കണ്ഠ എന്നിവ പ്രകടിപ്പിക്കുന്നതായി കണ്ടുവരുന്നു. ദിനചര്യ മാറുന്നതോ സ്ഥലം മാറുന്നതോ ആയ ചെറിയ മാറ്റംപോലും വലിയ ബുദ്ധിമുട്ടിനു കാരണമാകും.
വിവിധതരം ഓട്ടിസം
1. ചൈല്‍ഡ്ഹുഡ് ഓട്ടിസം
2.ആസ്‌പെര്‍യേസ് സിന്‍ഡ്രോം.
3. റെറ്റ്‌സ് സിന്‍ഡ്രോം
4. ചൈല്‍ഡ് ഹുഡ് ഡിസിന്റഗ്രേറ്റീവ് ഡിസോഡര്‍
കാരണങ്ങള്‍
ഓട്ടിസം എന്തുകൊണ്ട്, എങ്ങനെയുണ്ടാകുന്നു എന്ന  ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കാന്‍ വൈദ്യശാസ്ത്രത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് മാതാവു കഴിക്കുന്ന ചിലയിനം മരുന്നുകള്‍, ആഹാരവസ്തുക്കള്‍, മെര്‍ക്കുറിയുടെ അംശം എന്നിവ ഓട്ടിസത്തിനു കാരണമാകാമെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
കടല്‍വിഭവങ്ങളില്‍നിന്നാണ് പ്രധാനമായും മെര്‍ക്കുറിയുടെ അംശം ശരീരത്തില്‍ കലരുന്നത്. ആന്റിബയോട്ടിക് ഔഷധങ്ങളുടെ ശരിയല്ലാത്ത ഉപയോഗവും ഓട്ടിസത്തിനു കാരണമാകുന്നു. അപസ്മാരം, ഉറക്കത്തകരാറുകള്‍, ബലമില്ലാത്ത പേശികള്‍, മാനസികവളര്‍ച്ചക്കുറവ് എന്നിവയും കുട്ടികളില്‍ ഓട്ടിസത്തിനു കാരണമാകുന്നുണ്ട്.
കുട്ടികളില്ലാത്തവര്‍ അതിനുവേണ്ടി ചെയ്യുന്ന ഹോര്‍മോണ്‍ ചികിത്സയും മെര്‍ക്കുറികള്‍ കലര്‍ന്നിട്ടുള്ള മിശ്രിതംകൊണ്ട് പല്ലിന്റെ ദ്വാരമടയ്ക്കുന്നതും ഓട്ടിസത്തിലേക്കു നയിക്കാം.
ഓട്ടിസം ബാധിച്ച ഓരോ കുട്ടിയും വ്യത്യസ്തരാണ്.  ഇവരുടെ ബുദ്ധിനിലവാരം നിര്‍ണയിക്കുന്നത് മൈല്‍ഡ്, മോഡറേറ്റ്, സിവിയര്‍ എന്നീ തലങ്ങളിലാണ്. ചിത്രരചന, സംഗീതം, പേരുകള്‍ ഓര്‍ത്തിരിക്കുക, വര്‍ഷങ്ങള്‍ ഓര്‍ത്തിരിക്കുക, ലേഖനങ്ങള്‍ എഴുതുക തുടങ്ങിയ വ്യത്യസ്തങ്ങളായ  കഴിവുകളാണ് ഈ കുട്ടികളില്‍ ഒളിഞ്ഞുകിടക്കുന്നത്. ഈ കുട്ടികള്‍ ഒരു ഭാരമല്ല, അനുഗ്രഹമാണ് എന്നു പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. ഇവര്‍ നാലു ചുവരുകള്‍ക്കുള്ളില്‍ അടഞ്ഞുകിടക്കേണ്ടവരല്ല;  മറിച്ച്, സമൂഹത്തിന്റെ ഭാഗമായിത്തീരേണ്ടവരാണ്. ഈ കുട്ടികളെ എന്തിനു പഠിപ്പിക്കുന്നു അതുകൊണ്ട് എന്തു നേട്ടം എന്നു ചോദിക്കുന്നവരുണ്ട്. അതിനുള്ള ഉത്തരം ഈ കുട്ടികള്‍ അവരുടെ ലോകത്തു വ്യത്യസ്തരാണെന്നതാണ്.
എത്ര വലിയ  പ്രശ്‌നം ജീവിതത്തിലുണ്ടായാലും ലളിതമായി നേരിടാന്‍ ഈ കുട്ടികളുടെ നിഷ്‌കളങ്കമായ പുഞ്ചിരി നമ്മെ സഹായിക്കും. നമ്മുടെയിടയില്‍ ഈ അവസ്ഥയിലുള്ള ഒരു കുട്ടി ഉണ്ടെന്നിരിക്കട്ടെ. അവനെ/അവളെ മറ്റുള്ളവര്‍ക്കു കളിയാക്കാനുള്ള ഒരു കളിപ്പാവയായി കാണരുത്; മറിച്ച്, അവരിലും ഒരു വ്യക്തിത്വമുണ്ട്. വ്യത്യസ്തങ്ങളായ കഴിവുകളുണ്ട്. ഇങ്ങനെയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക നമ്മുടെ കടമയാണ്; ഉത്തരവാദിത്വമാണ്.
ഈ ലക്ഷ്യത്തോടയാണ് സ്‌പെഷല്‍ സ്‌കൂളുകള്‍ നിലകൊള്ളുന്നത്. ഓരോ സ്‌പെഷല്‍ ടീച്ചറിന്റെയും ഉത്തരവാദിത്വമെന്നത്  ഒരു കുട്ടിക്കു ടീച്ചറായും ആയയായും അമ്മയായും നിലകൊള്ളാന്‍ സാധിക്കുകയെന്നതാണ്. ഇവരുടെ വ്യത്യസ്തങ്ങളായ കഴിവുകളെ കണ്ടെത്തുന്ന നല്ല അധ്യാപികയായും അവരുടെ ദൈനംദിനാവശ്യങ്ങള്‍ അറിഞ്ഞു സാധിക്കുന്ന നല്ല ആയയായും ചെറിയ കുസൃതിത്തരങ്ങള്‍ ക്ഷമിക്കുന്ന, പിടിവാശികള്‍ സാധിക്കുന്ന ഒരു അമ്മയായും ഒരു സ്‌പെഷല്‍ സ്‌കൂള്‍ അധ്യാപിക മാറണം. സാധാരണ അധ്യാപകരെ അപേക്ഷിച്ച് ഇവരെടുക്കുന്ന പ്രയത്‌നത്തെ എത്രമാത്രം അഭിനന്ദിച്ചാലും ആദരിച്ചാലും മതിവരില്ല.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)