•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മരുഭൂമിയില്‍ ഈശോയോടൊപ്പം

കര്‍ദിനാള്‍ റോബര്‍ട്ട് സറാ രചിച്ച  ''ആദ്ധ്യാത്മികജീവിതത്തിന്റെ മതബോധനം'' എന്ന ഗ്രന്ഥത്തെക്കുറിച്ച് ഒരു പഠനം.

ഈശോ മരുഭൂമിയില്‍
ഈശോ ജോര്‍ദാനിലെ മാമ്മോദീസായ്ക്കുശേഷം, ഉടന്‍തന്നെ ദൈവരാജ്യം പ്രഘോഷിച്ചുതുടങ്ങിയില്ല. അവിടുന്ന് നാല്പതുദിനരാത്രങ്ങള്‍ മരുഭൂമിയില്‍ ചെലവഴിച്ചു. മരുഭൂമിയുടെ ഏകാന്തതയും നിശ്ശബ്ദതയും ആന്തരികാനുസ്മരണങ്ങള്‍ക്കും ധ്യാനത്തിനും അപരിത്യാജ്യമായ ബാഹ്യവ്യവസ്ഥകളാണ്. അതോടൊപ്പം, ഉപവാസത്തിനും ശാരീരികസംയമനത്തിനും മരുഭൂമിയിലെ വാസം വേദിയായി.
പ്രാരംഭകൂദാശകള്‍വഴി (മാമ്മോദീസാ, തൈലാഭിഷേകം, വിശുദ്ധകുര്‍ബാന) നമുക്കു ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ചു ധ്യാനിക്കാന്‍ ശബ്ദകോലാഹലങ്ങളില്‍നിന്നകന്നു വ്യാപരിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈശോ നമ്മെ പഠിപ്പിക്കുന്നത്. മരുഭൂമിയില്‍, ദൈവത്തിന്റെ നിശ്ശബ്ദതയില്‍ പ്രവേശിച്ച് ദൈവവചനമാകുന്ന ഈശോമിശിഹായെ ശ്രവിക്കാന്‍ കഴിവുള്ളവരാകണം.
ഇസ്രായേല്‍ജനം നാല്പതുവര്‍ഷം മരുഭൂമിയില്‍ ജീവിച്ചത് ഒരു പുതിയ ജീവിതത്തിനൊരുക്കമായിട്ടാണ്. ഈശോ നാല്പതുദിവസം മരുഭൂമിയില്‍ കഴിച്ചത്  ഒരു പുതിയ ദൈവജനത്തെ ഒരുക്കാനായി പിതാവായ ദൈവത്തോടു പ്രാര്‍ഥിച്ചുകൊണ്ടാണ്. ഈജിപ്തിലെ അടിമത്തത്തില്‍നിന്ന് ഒരു ജനത്തെ സ്വതന്ത്രരാക്കിയത് നാല്പതുവര്‍ഷത്തെ മരുഭൂമിയാത്രയാണ്. പുതിയ ദൈവജനത്തെ അവരുടെ അടിമത്തങ്ങളില്‍നിന്നും തെറ്റായ തഴക്കങ്ങളില്‍നിന്നും വിമോചിപ്പിക്കുകയായിരുന്നു ഈശോയുടെ ദൗത്യം.
ആന്തരികമായ നിശ്ശബ്ദതയിലും ഏകാന്തതയിലും മനുഷ്യഹൃദയം ശുദ്ധീകരിക്കപ്പെടുകയും ദൈവവചനമാകുന്ന ഈശോയെ സ്വീകരിക്കാന്‍ സജ്ജമാക്കപ്പെടുകയും ചെയ്യുന്നു. 
ആത്യന്തികമായി നോക്കുമ്പോള്‍, ആത്മീയജീവിതത്തിന് പ്രാര്‍ഥന എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് നമ്മള്‍ തിരിച്ചറിയുന്നത് ഈ മരുഭൂമിയനുഭവത്തിലൂടെയാണ്. വാക്കുകള്‍കൊണ്ടെന്നതിലധികമായി കണ്ണീരുകൊണ്ടും നെടുവീര്‍പ്പുകൊണ്ടുമാണ് നമ്മള്‍ പ്രാര്‍ഥിക്കേണ്ടതെന്ന് വിശുദ്ധ ആഗസ്തീനോസിനെ ഉദ്ധരിച്ച് കര്‍ദിനാള്‍ സറാ പഠിപ്പിക്കുന്നു. 
ദൈവവചനം, നമ്മുടെ അസ്തിത്വത്തിന്റെ ആധാരം
മരുഭൂമിയില്‍ ഈശോ ഉച്ചരിച്ചതായി സുവിശേഷങ്ങള്‍ രേഖപ്പെടുത്തുന്ന വാക്യങ്ങള്‍ തിരുലിഖിതങ്ങളില്‍നിന്നുള്ള ഉദ്ധരണികളാണ്. ഈശോയുടെ അധരങ്ങളില്‍ ഈ വാക്കുകള്‍ പുതിയ ഒരു ശക്തി പ്രകടമാക്കുന്നു. ഈശോയെ നമ്മള്‍ അറിയുന്നത് തിരുവചനങ്ങളിലൂടെയാണ്. അതുകൊണ്ടാണ് 'തിരുലിഖിതങ്ങളുടെ അജ്ഞത ഈശോയെ സംബന്ധിച്ച അജ്ഞതയാണെ'ന്ന് വി. ജെറോം പറഞ്ഞിട്ടുള്ളത്.
വിശുദ്ധ ലിഖിതങ്ങളിലാണ്, സ്വര്‍ഗസ്ഥനായ പിതാവ് തന്റെ മക്കളെ അത്യന്തസ്‌നേഹത്തോടെ നിരന്തരം കണ്ടുമുട്ടുന്നതും അവരോട് സംഭാഷിക്കുന്നതു മെന്ന് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ ദൈവാവിഷ്‌കരണത്തെപ്പറ്റിയുള്ള പ്രമാണരേഖ ഉദ്‌ബോധിപ്പിക്കുന്നു.
ഈ ദൈവവചനം ഇന്നത്തെ മനുഷ്യനോട് അവന്റെ എല്ലാ സങ്കീര്‍ണതയിലും സംവദിക്കുന്നു എന്ന ബോധ്യമുണ്ടായിരിക്കേണ്ടതാണ്. ആത്മീയഗ്രന്ഥങ്ങള്‍ ധാരാളം വായിക്കുകയും വിശുദ്ധഗ്രന്ഥം കുറച്ചുമാത്രം വായിക്കുകയും ചെയ്യുന്ന തെറ്റായ ഒരു പ്രവണതയെക്കുറിച്ച് ഹാന്‍സ് ഊര്‍സ് വോണ്‍ ബല്‍ത്താസര്‍ എന്ന ദൈവശാസ്ത്രജ്ഞന്റെ നിരീക്ഷണം ഇവിടെ ഗ്രന്ഥകാരന്‍ പരാമര്‍ശിക്കുന്നുണ്ട്.
പഴയതും പുതിയതുമായ തിരുലിഖിതങ്ങളുടെ ഐക്യം
പഴയനിയമവും പുതിയനിയമവും ഒരേപോലെ ദൈവാവിഷ്‌കൃതമാണ്. അവ പരിശുദ്ധാത്മാവിനാല്‍ നിവേശിതമാണെന്നാണ് രണ്ടാംവത്തിക്കാന്‍ സൂനഹദോസ് പഠിപ്പിക്കുന്നത്. പഴയനിയമത്തില്‍ മറഞ്ഞിരിക്കുന്ന മിശിഹാരഹസ്യം പുതിയ നിയമത്തില്‍ അനാവരണം ചെയ്യപ്പെടുന്നു. 'മോശ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു' എന്ന് ഈശോ തന്നെ പറയുന്നുണ്ട് (യോഹ. 5, 46).
ദൈവവചനവ്യാഖ്യാനങ്ങളിലും പ്രഘോഷണങ്ങളിലും വിശുദ്ധഗ്രന്ഥത്തോടുള്ള വിശ്വസ്തതയും ആദരവും പാലിക്കേണ്ടതാണെന്നും കര്‍ദിനാള്‍ സറാ നിരീക്ഷിക്കുന്നുണ്ട്. 
ദൈവവചനം: തിന്മയ്‌ക്കെതിരെ കോട്ടയും പോരാട്ടത്തില്‍ പടവാളും
പരീക്ഷിക്കപ്പെട്ടപ്പോള്‍ ഓരോ പ്രലോഭനത്തിനും ദൈവവചനംകൊണ്ട് പ്രതിരോധം തീര്‍ക്കുന്ന ഈശോയെയാണ് നാം കാണുന്നത്. സാത്താന്‍ പരാജിതനാകുന്നതാണ് നാം കാണുന്നത്. (മത്തായി. 4, 1-11).
കര്‍ദിനാള്‍  സറാ എഴുതുന്നു: ''ധനാര്‍ത്തിയാകുന്ന വിഗ്രഹാരാധനയും അധികാരമോഹവും ലൈംഗികതൃഷ്ണയും കൊടികുത്തിവാഴുന്ന ലോകത്തില്‍, ധാര്‍മികമലിനീകരണവും, വ്യാപകമായ അസത്യവും മനുഷ്യവ്യക്തിയെ നാശത്തിലേക്കു നയിക്കുന്ന നാനാവിധ ദുഷ്ടശക്തികളുടെ സ്വാധീനത്തെയും യുദ്ധവും മറ്റ് അക്രമപ്രവൃത്തികളും ഒഴുക്കുന്ന രക്തപ്പുഴയെയും തടയാന്‍ ബലവത്തായ ഒരണക്കെട്ടു തീര്‍ക്കേണ്ടത് ഇന്നിന്റെ ഏറ്റവും വലിയ അടിയന്തരാവശ്യമാണ്. ദൈവവചനത്തില്‍ അടിസ്ഥാനമിടുന്ന ഒരു കോട്ടയ്ക്കു മാത്രമേ തിന്മയെ തടുത്തുനിറുത്താന്‍ സാധിക്കുകയുള്ളൂ.
തിന്മയ്‌ക്കെതിരെയുള്ള മനുഷ്യന്റെ പോരാട്ടത്തില്‍ ദൈവവചനം 'ഇരുമുനവാളിനെക്കാള്‍ മൂര്‍ച്ചയേറിയതാണ്.' (ഹെബ്രാ. 4, 12). 
ദൈവവചനം നമ്മുടെ ആധ്യാത്മികജീവിതത്തിന്റെ പോഷണമാണ്. തുടര്‍ച്ചയായ വിശുദ്ധഗ്രന്ഥപാരായണം ആത്മാവിനെ പരിപോഷിപ്പിക്കുകയും പ്രാര്‍ഥനാജീവിതത്തെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു.
മഹാനായ വിശുദ്ധ ഗ്രിഗറി പറയുന്നതുപോലെ, സര്‍വ്വശക്തനായ ദൈവം മനുഷ്യരായ നമുക്കു സ്‌നേഹപൂര്‍വം എഴുതിയ കത്തുകളാണെന്ന ചിന്തയോടെ വിശുദ്ധഗ്രന്ഥം പാരായണം ചെയ്യണം.
പ്രാര്‍ഥന
ഈശോയ്ക്കു മരുഭൂമിയിലെ വാസം ദീര്‍ഘമായ പ്രാര്‍ഥനയുടെ അവസരമായിരുന്നു. നമുക്ക് പ്രാര്‍ഥന എപ്പോഴും എളുപ്പമുള്ള കാര്യമല്ല. ലൗകികവ്യഗ്രതകള്‍ കാരണം നമുക്കു പ്രാര്‍ഥിക്കാന്‍ സമയം കണ്ടെത്താനാവുന്നില്ല. ദൈവസ്‌നേഹത്തിന്റെ അഭാവംമൂലമാണ്  പ്രാര്‍ഥനയിലൂടെ ദൈവത്തോടൊപ്പം ആയിരിക്കാന്‍ നമുക്കു സാധിക്കാത്തതെന്ന് ആദ്ധ്യാത്മികപിതാക്കന്മാര്‍ പഠിപ്പിക്കുന്നു.
പ്രാര്‍ഥിക്കുന്ന സഭ
വ്യക്തിപരമായ കാര്യങ്ങള്‍ക്കുവേണ്ടിമാത്രം പ്രാര്‍ഥിച്ചാല്‍ പോരാ, സഭയൊന്നാകെ ലോകത്തിനുവേണ്ടി പ്രാര്‍ഥിക്കണം.
പ്രാര്‍ഥനവഴിമാത്രമേ ക്രൈസ്തവസഭയ്ക്ക് ദൈവത്തിനുവേണ്ടി ലോകത്തെ നേടാന്‍ സാധിക്കുകയുള്ളൂ. പ്രാര്‍ഥനയുടെ ശക്തി അടങ്ങിയിരിക്കുന്നത് പ്രാര്‍ഥനയിലൂടെ ദൈവം മനുഷ്യനില്‍ പ്രവര്‍ത്തിക്കുന്നു എന്നതിനാലാണ്.
കര്‍ദിനാള്‍ സറാ തുടര്‍ന്ന് എഴുതുന്നു: ആദിപാപംവഴി മനുഷ്യനില്‍ ബാധിച്ചിരിക്കുന്ന അനൈക്യത്തിന്റെ വൈറസിനെ നിരന്തരമായ പ്രാര്‍ഥനവഴി മാത്രമേ നിര്‍വീര്യമാക്കുവാന്‍ സാധിക്കുകയുള്ളൂ. ''പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന്, നീ എനിക്കുതന്ന നിന്റെ നാമത്തില്‍ അവരെ കാത്തുകൊള്ളണമേ.'' (യോഹ. 17, 11). ഈശോയുടെ പ്രാര്‍ഥന ഐക്യത്തിനായുള്ളതായിരുന്നു.
പ്രാര്‍ഥനയുടെ കാര്യത്തില്‍ ഈശോതന്നെയാണ് നമുക്കു മാതൃക. എത്ര തിരക്കുനിറഞ്ഞ ദിവസമായാലും രാത്രിയാകുമ്പോള്‍ ഏകാന്തമായ സ്ഥലത്ത് പ്രാര്‍ഥനയില്‍ ചെലവഴിച്ച ഈശോയെയാണ് സുവിശേഷങ്ങള്‍ വരച്ചുകാണിക്കുന്നത്. 
പ്രാര്‍ഥന ഹൃദയത്തിന്റെ നിശ്ശബ്ദമായ നിലവിളിയാണ്. പാപങ്ങളില്‍നിന്നു മോചിപ്പിക്കണമേ യെന്നു പ്രാര്‍ഥിക്കുന്ന നമ്മള്‍ ജഡമോഹങ്ങളെ ഉന്മൂലനം ചെയ്യാന്‍ തയ്യാറാകണം. ഹൃദയശുദ്ധി പ്രാര്‍ഥനയ്ക്ക് അനിവാര്യമാണ്. ''ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ദൈവത്തെ കാണും'' (മത്താ. 5,8). പ്രാര്‍ഥനയില്‍ നമ്മുടെ വാക്കുകളെക്കാള്‍ പ്രാധാന്യം ദൈവത്തിന്റെ സ്വരത്തിനാണ്. അതുകൊണ്ടാണ് സോളമന്‍ 'ശ്രവിക്കുന്ന ഹൃദയ'ത്തിനായി ദൈവത്തോടു യാചിക്കുന്നത് (1 രാജാ. 3,9).
മരുഭൂമിയിലെ കഷ്ടപ്പാടുകള്‍ വര്‍ദ്ധിച്ചുവന്നപ്പോള്‍ ഇസ്രായേല്‍ ജനം മോശയ്‌ക്കെതിരെ തിരിയുകയും ഈജിപ്തിലേക്കു തിരികെപ്പോകാന്‍ ആഗ്രഹിക്കുകയും ചെയ്തു. അതുപോലെതന്നെ ആദ്ധ്യാത്മികപോരാട്ടം ഉപേക്ഷിച്ച് ലൗകികസുഖങ്ങളിലേക്കു തിരിയാനുള്ള പ്രലോഭനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. 
പ്രായശ്ചിത്തത്തിന്റെയും പരിഹാരപ്രവൃത്തികളുടെയും പ്രാധാന്യം ഇത്തരുണത്തില്‍ ഗ്രന്ഥകാരന്‍ എടുത്തുപറയുന്നുണ്ട്. വിശുദ്ധജീവിതം നയിക്കണമെന്നുള്ള ഒരു ക്രൈസ്തവന്റെ തീരുമാനം ഉറപ്പുള്ളതാകണമെങ്കില്‍ പ്രാര്‍ഥനയിലൂടെ ദൈവഹിതം തിരിച്ചറിയാന്‍ ശ്രമിക്കണം.
ഈ അധ്യായത്തിന് ഒരു ഉപസംഹാരം എന്നപോലെ കര്‍ദിനാള്‍ സറാ എഴുതുന്നു: ''ലോകത്തിന്റെ കോലാഹലങ്ങളില്‍നിന്നകന്ന് ദൈവത്തിന്റെ കണ്‍മുമ്പാകെ നമുക്കു വ്യാപരിക്കാം. വിശുദ്ധഗ്രന്ഥവായനയില്‍ തീക്ഷ്ണത ഉണ്ടായിരിക്കുകയും പ്രാര്‍ഥനയില്‍ സ്ഥിരത ഉള്ളവരായിരിക്കുകയും ചെയ്യാം. ഈശോയുടെ അനുഗ്രഹവും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യസഹായവും നമ്മോടുകൂടി ഉണ്ടാവട്ടെ എന്നു പ്രാര്‍ത്ഥിക്കാം.''

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)